Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലവിനും മേലെ മറ്റൊരു ലവ് ; ഹൈ സൺ തരംഗമാകുന്നു

high-sun-review

ചൂടൻ ചിത്രങ്ങളു‌ടെ മൽസരത്തിൽ ഒട്ടും പിന്നിലല്ലെന്നു തെളിയിച്ച ദ് ഹൈ സൺ പ്രേക്ഷകപങ്കാളിത്തത്തിലും പ്രീതിയിലും മുന്നിലെത്തി. ക്രൊയേഷ്യയിൽ നിന്നുള്ള രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ചിത്രം പ്രദർശിപ്പിച്ചതു ശ്രീകുമാറിൽ; ഒരു മണിക്കൂറിനു മുമ്പുതന്നെ ക്യൂ രുപപ്പെട്ടിരുന്നു. നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ച ചിത്രത്തിനു മൂന്നു ഭാഗങ്ങൾ. മൂന്നും പ്രണയ കഥകൾ. അഭിനയിച്ചിരിക്കുന്നത് ഒരേ കഥാപാത്രങ്ങൾ. ചില പ്രേക്ഷകർക്കെങ്കിലും മൂന്നു കഥകളും കൂടിക്കുഴഞ്ഞുപോകാമെങ്കിലും മൂന്നു വ്യത്യസ്ത കഥകളാണു സംവിധായകൻ ദാലിബർ മറ്റാനിക് പറയുന്നത്.

കാൻ ഫിലിം ഫെസ്റ്റിവലിൽ അംഗീകാരം നേടിയ ചിത്രത്തിന്റെ കാതൽ വംശീയ വിദ്വേഷവും വെറുപ്പും യുദ്ധവും അതു ജീവിതങ്ങളിലുണ്ടാക്കുന്ന തു‌ർചലനങ്ങളും. തിഹാന ലാസോവിക്കും ഗോരാൻ മർകോവിക്കും പ്രധാന വേഷങ്ങളിൽ എത്തുന്നു. മികച്ച നടീനടൻമാരെന്നു തെളിയിച്ചിട്ടുള്ള ഇരുവരും അവസ്മരണീയ അഭിനയമുഹൂർത്തങ്ങൾ കാഴ്ചവയ്ക്കുന്നു. ആദ്യകഥയാണു കൂട്ടത്തിൽ ലളിതം. തികഞ്ഞ ദുരന്ത പ്രണയ കഥ ഷേക്സ്പിയറിന്റെ റോമിയോ ആൻഡ് ജൂലിയറ്റിനെ ഓർമിപ്പിക്കും. റോമിയോയിൽ കുടുംബങ്ങളുടെ ശത്രുതയായിരുന്നെങ്കിൽ ഇവിടെ വ്യത്യസ്തവും സങ്കീർ‌ണവും അപകടകരവുമായ വംശീയ വിവേചനം മനോഹരമായ പ്രേമത്തെ തെരുവിൽ വെടിവെച്ചിടുന്നു. ആ വെടിയൊച്ച പ്രേക്ഷകരെ ഞെട്ടിക്കും. ഈറനണിയിപ്പിക്കും. മനുഷ്യർ നിസ്സാര കാരണങ്ങളുടെ പേരിൽ വേലികൾ സൃഷ്ടിച്ചു പരസ്പരം ശത്രുക്കളായി മാറരുതേ എന്നു പ്രാർഥിക്കാൻ പ്രേരിപ്പിക്കും.

the-high-sun

ഇവാനും യെലേനയും ഒളിച്ചോടുകയാണ്. കാമുകൻ ഇവാൻ മറ്റൊരു വം‌ശത്തിൽ പെട്ടതായതിനാൽ യെലേനയുടെ സഹോദരൻ ബന്ധത്തെ ശക്തമായി എതിർക്കുന്നു. അയാളുടെ ഏറ്റവും വലിയ ശത്രു സഹോദരി. ഭക്ഷണം കഴിക്കാനിരിക്കുമ്പോൾപ്പോലും സഹോദരിയെ അയാൾ അക്ഷേപിക്കുന്നു. പുശ്ഛിക്കുന്നു. ശാരീരികമായി ആക്രമിക്കുന്നു. യെലേനയ്ക്ക് ഇവാനില്ലാത്ത ജീവിതം സങ്കൽപിക്കാനേ ആവില്ല. അത്രമാത്രം അവർ അടുത്തിരിക്കുന്നു. അവരുടെ പ്രേമത്തിന്റെ തീക്ഷ്ണത വെളിപ്പെടുത്തുന്നു ആദ്യരംഗം. അത്യന്തം മനോഹരമായ രംഗം അത്രപെട്ടെന്നൊന്നും മറക്കാനാവില്ല. വിദ്വേഷം പ്രചരിപ്പിക്കുന്നവരിൽനിന്നുമകലെ മറ്റൊരു പ്രദേശത്തേക്ക് രക്ഷപ്പെടാൻ യെലേന ഒരുങ്ങിയിറങ്ങുന്നു. അപ്പോൾ പാട്ടുകാരനായ ഇവാൻ ഒരു സംഗീതപരിപാടിയിൽ പങ്കെടുക്കുകയാണ്. അവിടെയടുത്തുള്ള ഇവാന്റെ സുഹൃത്തിന്റെ കടയിൽ യെലേന തന്റെ പ്രിയപ്പെട്ടവന്റെ പാട്ടു കേട്ടുനിൽക്കുമ്പോൾ സഹോദരൻ കാറിൽ എത്തുന്നു.

high-sun-movie

എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാകുന്നതിനുമുമ്പുതന്നെ അയാൾ യെലേനയെ കടന്നാക്രമിച്ചു കിഴ്പ്പെടുത്തി കാറിലേക്കു വലിച്ചെറിഞ്ഞു. ഇവാന് അനങ്ങാൻ ആകുന്നതിനുമുമ്പുതന്നെ യെലേനയുമായി അയാൾ കാറോടിച്ചുപോയി. ഒന്നു നടുങ്ങിയെങ്കിലും നിയന്ത്രണം വീണ്ടെടുത്ത ഇവാൻ തന്റെ സംഗീതോപകരണവുമായി പിറകെ പാഞ്ഞു. ഒരു കാറിന്റെ സ്പീഡിനും മുന്നിലെത്താനുള്ള കുതിപ്പ്. പ്രേമം പുരുഷനു കൊടുക്കുന്ന കരുത്തും കുതിപ്പും. കാർ പാഞ്ഞുപോകുകുന്നു. മുൻസിറ്റിൽ സഹോദരനൊപ്പം യെലേന. അവളുടെ ഓരോ ചലനവും നോക്കി സഹോദരൻ. പെട്ടെന്നായിരുന്നു. താൻ ഇരിക്കുന്ന വശത്തെ ഡോർ തുറന്നു യെലേന താഴേക്ക്. കാർ നിർത്തി സഹോദരൻ എത്തി. യേലേന മുഖം മുഴുവൻ ചോരയൊലിപ്പിച്ചു കിടക്കുന്നു.

The High Sun - trailer

അയാൾ അവളെ എടുത്തു കാറിലിട്ടു. വീട്ടിലേക്കു പായുന്നു. അപ്പോഴേക്കും ഇവാൻ അവിടെയെത്തി. അയാളെ തടഞ്ഞു പട്ടാളക്കാർ നിരന്നു. ഒരു ചെക്പോസ്റ്റ് ആണത്. തന്നെ ത‌ടഞ്ഞ പട്ടാളക്കാർക്കുമുമ്പിൽ നിസ്സഹായനായി നിന്ന ഇവാൻ ഒരു പ്രേമഗീതം പാടി. യെലേനയ്ക്കു കേൾക്കാവുന്നത്ര ശബ്ദത്തിൽ. യലേനയുടെ സഹോദരൻ അവിടെയെത്തി. അയാൾ ഇവാനെ തള്ളിമാറ്റി. സംഘർഷം രൂക്ഷമായപ്പോൾ സുരക്ഷഭടൻമാരുടെ തോക്കിൽ നിന്നു വെടിയുണ്ട പാഞ്ഞു. അത് ഇവാന്റെ ഹ‍ദയം തകർത്തു!

രണ്ടാമത്തെയും മൂന്നാമത്തെയും കഥകളിൽ ചുടൻ രംഗങ്ങൾ നിറഞ്ഞിരിക്കുന്നു. വംശീയ വിദ്വേഷം തന്നെയാണു പ്രമേയം. പ്രേമം പോലും പകതീർക്കാനുള്ള ഉപാധിയാകുന്ന രംഗങ്ങൾ രണ്ടാം കഥയെ കൂടുതൽ തീക്ഷ്ണമാക്കുന്നു. യുദ്ധം തകർത്തെറിഞ്ഞ വീട്ടിലെത്തിയ മരപ്പണിക്കാരനുമായി സഹോദരൻ നഷ്ടപ്പെട്ട .യുവതി അടുക്കുന്നു. പ്രേമം തേടിയല്ല; പക തീർക്കാനായി. ശാരീരിക ബന്ധം പ്രതികാരത്തിന്റെ അരങ്ങാകുന്നു. ആക്രേശങ്ങളും അലർച്ചകളും. അവരുടെ ബന്ധം എങ്ങുമല്ലാതെ അവസാനിക്കുന്നു.

മൂന്നാമത്തേത് ഒരു കാമുകന്റെ തിരിച്ചുവരവിന്റെ കഥ പറയുന്നു. വർഷങ്ങൾക്കുശേഷം കാമുകിയുടെ വീട്ടിലെത്തുന്നയാൾ തന്റെ മകളെകണ്ടു പശ്ചാത്തപിക്കുന്നു. കുറ്റബോധത്തോടെ മാപ്പു ചോദിക്കുന്നെങ്കിലും യുവതി അയാളെ പുറത്താക്കുന്നു. സുഹൃത്തുക്കൾക്കൊപ്പം രാത്രി ആഘോഷത്തിനു കാമുകൻ ലൂക്കാ പോകുന്നുവെങ്കിലും അവിടെ അയാളുടെ മനസ്സിനെ നിയന്ത്രിക്കാനാകുന്നില്ല. അയാൾക്കൊപ്പം ആഘോഷരാവ് തീർക്കാനെത്തിയ യുവതിയെ തള്ളിമാറ്റി ലൂക്കാ വീണ്ടും കാമുകിയുടെയും മകളുടെയും വീട്ടിലെത്തുന്നു. ആദ്യം വാതിൽ അയാൾക്കുമുന്നിൽ തുറക്കുന്നില്ലെങ്കിലും കാമുകിയുടെ ഹൃദയം അലിയുന്ന രംഗത്തിൽ കഥ തീരുന്നു. കയ്യടിയോടെ പ്രേക്ഷകർ തിയറ്റർ പുറത്തേക്ക്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.