Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവരാണ് മേളയിലെ യഥാര്‍ഥ 'യൂത്ത്'

uth

ആരാണ് യുവത്വം? എന്താണ് യുവാവ്? പ്രായമാണോ യുവത്വത്തെ തീരുമാനിക്കുന്നത്. ആണെന്നാണ് പൊതുധാരണ. പക്ഷേ ഇരുപതാമത് ഐഎഫ്എഫ്‌കെയിലെ സിനിമകള്‍ കണ്ട പ്രേക്ഷകര്‍ പറയും-വാര്‍ധക്യമാണ് യഥാര്‍ഥ യുവത്വം. കാരണം മേളയില്‍ ഇത്തവണ കാഴ്ചയുടെ യുവത്വം തീര്‍ത്തത് വാര്‍ധക്യത്തിലെത്തിയ അഭിനേതാക്കളായിരുന്നു. വയോജനങ്ങള്‍പ്രധാന കഥാപാത്രങ്ങളായ ഒട്ടേറെ ചിത്രങ്ങളാണ് മേളയില്‍ ഇത്തവണ വസന്തം തീര്‍ത്തത്.

പൗലോ സൊറെന്റിനോയുടെ യൂത്ത് എന്ന സിനിമയില്‍ നിന്നു തന്നെ തുടങ്ങാം. ചിത്രത്തില്‍ രണ്ടു നായകന്മാരാണ്-ഇരുവരും എണ്‍പതു വയസിനോടടുത്തവര്‍, ഫ്രെഡും മൈക്കും. ഒരാള്‍ സംഗീത സംവിധായകന്‍. എല്ലാം ഉപേക്ഷിച്ച് വിശ്രമജീവിതം നയിക്കാനായി ഹോട്ടലിലെത്തിയതാണ്. പക്ഷേ മൈക്ക് തന്റെ പുതിയ സിനിമ തയാറാക്കാനുളള ഒരുക്കത്തിലും. വയസ്സായവരാണ് ചിത്രത്തിലേറെയും. എന്നിട്ടുമെന്താണ് ചിത്രത്തിന് യൂത്ത് എന്നു പേരിട്ടതെന്ന സംശയം സ്വാഭാവികം. പക്ഷേ ചിത്രം കണ്ടാലറിയാം, യുവാക്കളെയും വെല്ലുന്ന കുസൃതികളും കാര്യങ്ങളുമായിട്ടാണ് മൈക്കിന്റെയും ഫ്രെഡിന്റെയും പ്രകടനം. യുവത്വമെന്നത് പ്രായത്തിലല്ല, പ്രവൃത്തിയിലാണെന്നു തെളിയിക്കും ഇവര്‍.

we

തുര്‍ക്കിയില്‍ നിന്നുള്ള സലിം എവ്‌സിയുടെ സീക്രട്ട് എന്ന ചിത്രത്തിലും നായകന്മാര്‍ വാര്‍ധക്യത്തിലെത്തിയരാണ്. എന്നാലും യുവത്വത്തിലെന്ന പോലെയാണ് രണ്ടു പേരുടെയും ജീവിതം. സങ്കീര്‍ണമായ അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ കടന്നു പോകുന്ന സീക്രട്ടിലെ മാഹിറും അലിയും പ്രേക്ഷകരുടെ കൈയ്യടികള്‍ ഏറെ ഏറ്റുവാങ്ങിയിരുന്നു. വാര്‍ധക്യത്തിലെത്തിയിരിക്കെത്തന്നെ ഒരേ സമയം മാതൃകാഗൃഹനാഥന്മാരായും ഒപ്പം ചെറുപ്പത്തിന്റെ ചുറുചുറുക്കുള്ള കാമുകന്മാരായും ഇരുവരുടെയും പ്രകടനം മികവുറ്റതായിരുന്നു. ചിത്രത്തിലെ മാഹിറിന്റേതിനു സമാനമായി മലയാളത്തില്‍ ആരെങ്കിലും ഉണ്ടാകുമോ എന്ന അന്വേഷണം പോലും പ്രേക്ഷകര്‍ക്കിടയില്‍ നിന്നു കേട്ടു.

uika

മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഇറാനില്‍ നിന്നുള്ള ഇമ്മോര്‍ട്ടല്‍ എന്ന ചിത്രത്തിലെ നായകന്‍ അയാസ് എന്ന അറുപതുകാരനാണ്. താന്‍ കാരണമാണ് കുടുംബാംഗങ്ങള്‍ മരിച്ചതെന്ന കുറ്റബോധത്തില്‍ ജീവിക്കുന്ന അയാസിന്റെ അഭിനയം പ്രേക്ഷകന്റെ മനസ്സിലെ നീറുന്ന ഓര്‍മയാകുമെന്നുറപ്പ്. കൊളംബിയയില്‍ നിന്നുള്ള ലാന്‍ഡ് ആന്‍ഡ് ഷേഡ് എന്ന ചിത്രത്തിലും പ്രധാന കഥാപാത്രങ്ങള്‍ വാര്‍ധക്യത്തിലെത്തിയവരാണ്. 17 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അല്‍ഫോണ്‍സോ ഭാര്യയ്ക്കും മകനുമരികിലേക്ക് എത്തുന്നത്. മകന്‍ മാരകരോഗത്തിന്റെ പിടിയിലാണ്. ഭാര്യ കരിമ്പിന്‍തോട്ടത്തില്‍ ജോലിക്കു പോകുമ്പോള്‍ മകനെ നോക്കുന്നത് അല്‍ഫോണ്‍സോയാണ്. മകന്റെ മകനുമുണ്ട് ഒപ്പം. അപ്പൂപ്പനാണെങ്കിലും യുവാവിന്റെ മനസ്സുമായാണ് അല്‍ഫോണ്‍സോയുടെ ജീവിതം. ആ കാഴ്ചകള്‍ കാണാം ലാന്‍ഡ് ആന്‍ഡ് ഷേഡില്‍.

ഐസ്‌ലന്‍ഡില്‍ നിന്നുള്ള റേംസ് എന്ന ചിത്രത്തിലെ നായകന്മാര്‍ രണ്ട് സഹോദരങ്ങളാണ്-ഗുമ്മിയും കിഡിയും. 40 വര്‍ഷമായി ഇരുവരുമൊന്ന് സംസാരിച്ചിട്ട്. പക്ഷേ പരസ്പരം പാരവയ്പ്പിനു യാതൊരു കുറവുമില്ല. ഒടുവില്‍ നിര്‍ണായകമായൊരു നിമിഷത്തില്‍ ഇരുവര്‍ക്കും ശത്രുത വെടിയേണ്ടി വന്നു. പരസ്പരം കെട്ടിപ്പിടിച്ച് മഞ്ഞുകാറ്റിനിടയില്‍ കിടക്കുന്ന ഗുമ്മിയും കിഡിയും ചിത്രത്തിന്റെ അവസാന നിമിഷത്തില്‍ പ്രേക്ഷകന്റെ കണ്ണുനിറയിക്കുമെന്നുറപ്പ്. ക്രിസ്മസ് അപ്പൂപ്പന്മാരെപ്പോലെ താടിയും മുഖഭാവവുമുള്ള രണ്ടു പേരാണ് ഗുമ്മിയും കിഡിയുമെന്നു കൂടിയോര്‍ക്കണം.

ഫിലിപ്പീന്‍സില്‍ നിന്നുള്ള തക്‌ലുബ് എന്ന ചിത്രത്തിലും പ്രധാന കഥാപാത്രങ്ങള്‍ വാര്‍ധക്യത്തോടടുത്തവരാണ്. മനു പി.എസിന്റെ മണ്‍റോ തുരുത്തിലെ പ്രധാനകഥാപാത്രമായെത്തിയത് മലയാളത്തിന്റെ സ്വന്തം ഇന്ദ്രന്‍സാണ്. ബോബ് ആന്‍ഡ് ദ് ട്രീസ് എന്ന ഇംഗ്ലിഷ് ചിത്രത്തില്‍ 50 വയസ്സുള്ള തടിവെട്ടുകാരനായ ബോബ് ആണ് പ്രധാനകഥാപാത്രം. ചിലെയില്‍ നിന്നുള്ള ദ് ക്ലബ് എന്ന ചിത്രത്തില്‍ ഒരു കൂട്ടം പുരോഹിതരാണ് കഥാപാത്രങ്ങള്‍. വിരമിച്ചതിനു ശേഷം വിശ്രമജീവിതം നയിക്കുന്ന ഇവര്‍ക്കിടയിലേക്ക് പുതിയൊരാള്‍ കടന്നുവരുന്നതിനെത്തുടര്‍ന്നുള്ള സംഭവ വിവികാസങ്ങളാണ് ചിത്രം പറഞ്ഞത്.

എംബ്രെയ്‌സ് ഓഫ് സെര്‍പന്റ് എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രം കാരമകറ്റേ എന്ന ആമസോണിലെ ഗോത്രവിഭാഗക്കാരനാണ്. യാക്കുരാനോ ചെടി അന്വേഷിച്ച് ഇദ്ദേഹത്തോടൊപ്പമാണ് പാശ്ചാത്യ പര്യവേക്ഷകര്‍ യാത്ര ചെയ്യുന്നത്. ഫാത്തിമ(ഇറാഖ്), ദ് ഫൈനല്‍ ലെസണ്‍(ഫ്രാന്‍സ്), ഫ്രം എഫാര്‍(വെനസ്വേല), എ വെരി ഓര്‍ഡിനറി സിറ്റിസന്‍(ഇറാന്‍), നഹീദ(ഇറാന്‍), ദ് സെക്കന്‍ഡ് മദര്‍(ബ്രസീല്‍), ദ് കൗ(ഇറാന്‍) ഇങ്ങനെ വയോജനങ്ങള്‍ വിജയിപ്പിച്ച ചിത്രങ്ങളേറെ. ഒരുപക്ഷേ ഇരുപതാം രാജ്യാന്തര ചലച്ചിത്രമേളയിലെ താരങ്ങളും ഈ 'വയോജയ'ങ്ങളായരിക്കണം. എന്തൊക്കെയാണെങ്കിലും ഇത്തവണ ഇവര്‍ വാങ്ങിക്കൂട്ടിയ കൈയ്യടികള്‍ കണക്കില്ലാത്തതാണെന്നുറപ്പ്...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.