Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി നീ വരില്ലേ, വിളിക്കില്ലേ....

immortal

ഇറാനിയൻ സംവിധായകൻ ഹാദി മൊഹജെഹിന്റെ പുതിയ പടം ഇമ്മോർട്ടൽ, അറുപതുവയസുകാരനായ അയാസിന്റെ മരണത്തിനുവേണ്ടിയുള്ള കാത്തിരിപ്പാണ്. ജീവിതം വെറുത്ത ഒരാൾ, സ്വന്തം ജീവിതത്തോടു ചെയ്യുന്നതു അമ്പരപ്പോടെയും ഞെട്ടലോടെയും കാണുന്നു. താനോടിച്ച ബസ് മറിഞ്ഞ് ഭാര്യയും ബന്ധുക്കളുമടക്കം യാത്രക്കാരെല്ലാം മരിച്ചതാണ് അയാളെ ജീവിതവിരക്തനാക്കുന്നത്. തന്റെ കുറ്റം കൊണ്ടാണ് അവര്‍ മരിച്ചതെന്ന വിചാരം അയാളിൽ കുറ്റബോധത്തിന്റെ വലിയ നെരിപ്പോടായിമാറുന്നു. ജീവിതവിരക്തി മരണാഭിനിവേശമായിത്തീരുന്നു.

ഒരാള്‍ ആത്മാവു കൊണ്ടും ശരീരം കൊണ്ടും നിരന്തരമായി മരണം ആഗ്രഹിച്ചുതുടങ്ങുമ്പോള്‍ സംഭവിക്കുന്നതൊന്നും രസകരമാകില്ല. എപ്പോഴും ഇതു വളരെ അണ്‍പ്ലസന്റ് ആയ ഒന്നാണ്. കുറ്റബോധത്താല്‍ നീറിപ്പുകഞ്ഞും നഷ്ടബോധത്താല്‍ നരകത്തോളം ശരീരം കൊണ്ടു സഹിച്ചുമാണ് അയാസ് തന്റെ ജീവിതാവസാന കാലത്തെ വര്‍ഷങ്ങള്‍ തികയ്ക്കുന്നത്. ആത്മഹത്യാപ്രവണത ശക്തമായ പിതാവിനെ വിട്ടു മകനും മകളുടെ ഭര്‍ത്താവും തൊട്ടടുത്ത പട്ടണത്തിലേക്കു താമസം മാറുമ്പോള്‍ മരിച്ചുപോയ മകളുടെ പതിനാലുകാരനായ മകനാണ് അയാളെസംരക്ഷിക്കാനെത്തുന്നത്. മരണാസക്തിയാല്‍ ഭ്രാന്തന് പ്രകൃതമായ മുത്തച്ഛനെ സംരക്ഷിക്കുക ക്ലേശകരമായ ജോലിയായിരുന്നു.

Immortal

ഒറ്റയ്ക്കായിരിക്കുമ്പോള്‍ വീടു വിട്ടുപോകുകയും ആത്മാഹൂതിക്കുള്ള മാര്‍ഗങ്ങള്‍ തിരയുകയും ചെയ്യും അയാസ്. കുതിരയുടെ കടിഞ്ഞാണില്‍ നിന്ന് കഴുത്തില്‍ കെട്ടിയിട്ട് അതിനെ ഓടിച്ചുവിട്ടു മരണം വരിക്കുക എന്ന വിചിത്രമാര്‍ഗം വരെ അയാള്‍ പരീക്ഷിക്കുന്നു. എന്നാല്‍ കുതിര നിന്നിടത്തുനിന്ന് അനങ്ങാതെ അയാളെ ധിക്കരിച്ചു. നിഴല്‍ പോലെ കൂടെയുള്ള നായ അയാളുടെ കയ്യിലുള്ള കത്തി കടിച്ചെടുത്തുകൊണ്ടുപോയി മണ്ണില്‍ കുഴി മാന്തി മൂടുന്നുണ്ട്. അങ്ങനെ ഒരുദിവസം അയാള്‍ പെരുവഴിയില്‍ കുഴഞ്ഞുവീഴുന്നു. പകല്‍ മുഴുവനും വെയിലേറ്റു റോഡില്‍ കിടന്ന അയാള്‍ക്കു കാവലായി വളര്‍ത്തുനായയും. ജോലി കഴിഞ്ഞു വൈകിട്ടു തിരിച്ചെത്തുന്ന പേരമകനാണു അയാള്‍ വീണുകിടക്കുന്നതു കണ്ടത്. അവന്‍ ഒറ്റയ്ക്ക് അയാളെ ആശുപത്രിയിലെത്തിക്കുന്നു.

immortal-image

അരയ്ക്കുതാഴെ തളര്‍ന്ന നിലയിലാണു നാം പിന്നീട് അയാസിനെ കാണുന്നത്. ഇതോടെ മരണവാസന അയാളില്‍ ഇടതടവില്ലാത്ത ആര്‍ത്തനാദമായി മുഴങ്ങുകയാണ്. ഭയങ്കരവും ക്രൂരവുമായിട്ടാണ് സ്വന്തം ശരീരത്തോടു പെരുമാറുന്നത്. എന്നാല്‍ കുറ്റബോധത്താല്‍ നീറുന്ന പ്രാണന്‍ അയാളെ വിട്ടുപോകുന്നില്ല. നിങ്ങള്‍ മരണം അതിയായി ആഗ്രഹിക്കും. എന്നാല്‍ അത് ആഗ്രഹിക്കുമ്പോഴൊന്നും അരികിലേക്കു വരില്ലെന്ന പ്രമാണവാക്യം പോലെയാണീ ജീവിതം. ശപിക്കപ്പെട്ടിരിക്കുന്നു അയാളുടെ ജന്മം എന്ന് ബന്ധുവായ സ്ത്രീ കൂടെക്കൂടെ പറയുന്നു. ഗ്രാമജീവിതത്തിലെ വേറിട്ട ജീവിതസാഹചര്യങ്ങള്‍ക്കൊപ്പം പേര്‍ഷ്യന്‍ ആചാരനുഷ്ഠാനങ്ങളുടെയും സജീവ സാന്നിധ്യം സിനിമയെ സവിശേഷമാക്കുന്നു.

immortal-movie

അയാസില്‍ ബാധ കൂടിയിരിക്കുന്ന എന്ന വിചാരത്താല്‍ അയാള്‍ക്ക് ഉച്ചാടനം നടത്തുന്ന രംഗം സിനിമയിലെ ഏറ്റവും ശക്തമായ സന്ദര്‍ഭങ്ങളിലൊന്നാണ്. ഒരു വശത്ത് ബാധയൊഴിപ്പിക്കല്‍ പോലെയുള്ള പ്രവൃത്തികളുടെ അര്‍ത്ഥശൂന്യത വെളിപ്പെടുത്തുന്നതിനൊപ്പം ആചാരങ്ങളുടെ സാംസ്‌കാരികഭാവന എത്ര ശ്ക്തമാണെന്നും സിനിമ വെളിപ്പെടുത്തുന്നു. നാം കാണുന്നതു വിജനത വീര്‍പ്പുമുട്ടുന്ന ഒരു ഗ്രാമപ്രദേശമാണ്. ടാറിട്ട റോഡോ ഫോണോ ഒന്നുമില്ലാതെ. ഒരു വൈദ്യുതി വിളക്കു മെല്ലെ കത്തുന്നതു പോലും കഥയുടെ അന്ത്യഭാഗത്താണ്.

ഇമ്മോര്‍ട്ടലിന്റെ ഛായാഗ്രഹണം അസാധാരണമായ ദൃശ്യാനുഭവം നല്‍കുന്നു. വരണ്ടതും പൊടിനിറഞ്ഞതുമായ സമതലങ്ങള്‍, മനുഷ്യരേക്കാള്‍ പ്രകൃതിയുടെ വിജനതയാണു നാം അനുഭവിക്കുന്നത്. രാത്രികളില്‍ ഇരുളില്‍നിന്നും വിചിത്രമായ സ്വരങ്ങള്‍ മുത്തച്ഛനെ ശുശ്രൂഷിക്കുന്നതിനിടെ പേരമകന്‍ കേള്‍ക്കുന്നുണ്ട്. ആരുടേതാണ് ആ ഒച്ചകള്‍... മരിച്ചവരുടേതോ ഒരിക്കലും മരിക്കാത്തവരുടേതോ..

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.