Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവൻ എന്നും അനാഥൻ

jalals-story

എന്നും വിടാതെ പിന്തുടരുന്ന അനാഥത്വം.അതിൽ നിന്ന് ജലാലിന് മോചനമില്ല. അനാഥത്വത്തിൽ നിന്ന് അനാഥത്വത്തിലേക്കുള്ള ജലാലിന്റെ യാത്രയാണ് ബംഗ്ലദേശ് ചിത്രം ജലാൽസ് സ്റ്റോറി. പക്ഷേ, ഇത് ജലാലിന്റെ മാത്രം കഥയല്ല. ബംഗ്ലദേശിലെ അനേകം ജലാൽമാരുടെ കഥയാണ്. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ബലിയാടുകളായി അനാഥരാക്കപ്പെടുന്നവർ.ജന്മികളുടെയും പണക്കാരുടെയും ചൂഷണത്തിന് വിധേയരായി എന്നും ദരിദ്രരായിരിക്കുന്നവർ.അന്ധവിശ്വാസികളെ ചൂഷണം ചെയ്ത് പണം സമ്പാദിക്കുന്നവർ. എല്ലാറ്റിന്റെയും ഫലമോ. ബംഗ്ലദേശിൽ അനാഥരുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കുന്നു.

പുഴയാണ് ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രം. ചിത്രത്തിന്റെ ആദ്യം മുതൽ അവസാനം വരെ പുഴയുണ്ട്. പുഴയിലൂടെയാണ് ജലാലിന്റെ അനാഥയാത്രകൾ. പുഴയുടെ കരയിലാണ് അനാഥത്വത്തിന്റെ ഇs വേളകളിലെ അവന്റെ ജീവിതം. അവനെപ്പോലെ അനാഥരും ചൂഷണം ചെയ്യപ്പെടുന്നവരുമായ ഒട്ടേറെപ്പേരുള്ളത് ആ പുഴയുടെ കരയിലാണ്.

ജനിച്ചയുടനെ മാതാപിതാക്കളോ മറ്റോ ഒരു പാത്രത്തിലാക്കി പുഴയിലൊഴുക്കിയതാണ് ആ കുഞ്ഞിനെ. തീരത്തെ നാട്ടുകാർ കണ്ടെടുത്ത കുഞ്ഞിനെ മിറാജും ഭാര്യയും ദത്തെടുത്തു വളർത്തുന്നു. ജലാൽ എന്നു പേരിട്ട കുഞ്ഞ് അവിടെയെത്തി ദിവസങ്ങൾക്കകം പുഴയിൽ നിന്ന് മീൻ ചാകര കിട്ടിത്തുടങ്ങി. അത് ജലാൽ കൊണ്ടുവന്ന ഭാഗ്യമാണെന്ന് നാട്ടുകാർ വിശ്വസിച്ചു.ഇത് അവസരമായി കണ്ട മിറാജ് ജലാലിന്റെ കാൽ കഴുകിയ വെള്ളം പുണ്യ ജലമാണെന്നും സകലരോഗ സംഹാരിയാണെന്നും അവകാശപ്പെട്ട് പണമുണ്ടാക്കാൻ തുടങ്ങി.

jalals-story-movie

പക്ഷേ, ജലാലിനെ പുഴയിൽ നിന്നെടുത്ത് മിറാജിനു കൈമാറിയ ആൾക്ക് ഇത് അസൂയയുണ്ടാക്കുന്നു. നാട്ടിൽ ആയിടെയുണ്ടായ പകർച്ചവ്യാധി അടക്കം പലദോഷങ്ങളും ജലാൽ കാരണമാണെന്ന് അയാൾ പറഞ്ഞു പരത്തി. പരാതിഗ്രാമുഖ്യന്റെ അടുത്തുമെത്തി. കിട്ടിയ അതേ പാത്രത്തിൽ തന്നെ കിടത്തി ജലാലിനെ പുഴയിലൊഴുക്കാനായി ഒന്നു മുഖ്യന്റെ കൽപന. അങ്ങനെ വീണ്ടും ജലാൽ അനാഥത്വത്തിലേക്ക്. പുഴയിലൊഴുകിയ ജലാൽ എത്തിപ്പെട്ടത് കരിമിന്റെ കയ്യിലാണ്. സ്ഥലത്തെ ജൻമിയും രാഷ്ട്രീയ നേതാവും.

ഒന്നിലധികം ഭാര്യമാരുണ്ടെങ്കിലും മക്കളില്ല. കുറെ കൊല്ലം ജലാലിനെ അയാൾ വളർത്തി. മക്കളുണ്ടാകാനായി കരിം വീണ്ടുമൊരു കല്യാണം കഴിച്ചു. എന്നിട്ടും ഫലമില്ലാതായതോടെ ഒരു മന്ത്രവാദിയെ വരുത്തി. തട്ടിപ്പുകാരനായ അയാൾ കണ്ടെത്തിയത് ജലാലാണ് ദോഷ കാരണം എന്നാണ്.അങ്ങനെ മന്ത്രവാദിയുടെ നിർദ്ദേശപ്രകാരം ജലാലിനെ ചാക്കിൽ കെട്ടി ചെറു ചങ്ങാടത്തിൽ പുഴയിലൊഴുകി.

ഒപ്പം ആ പഴയ പാത്രവും.പിന്നെ ജലാൽ എത്തിയത് സാജിബിനും സംഘത്തിനുമൊപ്പം. ഇഷ്ടിക ചൂളയുടമയായ സാജിബ് സ്ഥലത്തെ ഗുണ്ടാത്തലവൻ കൂടിയാണ്. ജലാൽ അവർക്കൊപ്പമായി; സാജി ബിന്റെ ഏറ്റവും പ്രിയപ്പെട്ട അനുയായിയായി. സാജി ബിനു വേണ്ടി ജലാൽ ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുവന്നു. നിവൃത്തിയില്ലാതെ അയാൾക്കൊലം താമസിച്ച പെൺകുട്ടി ഗർഭിണിയായി.പ്രസവത്തിനായി അവളെ ഒരു ക്ലിനിക്കിൽ പ്രവേശിപ്പിച്ചു. ജലാലിനെ പരിചരണത്തിന് നിയോഗിച്ചു. തിരഞ്ഞെടുപ്പിന് മൽസരിക്കുന്ന സാജിബിന് ഈ നിയമവിധേയമല്ലാത്ത ബന്ധം ദോഷകരമാകുമെന്ന് ഉപദേശം ലഭിക്കുന്നു. കുഞ്ഞ് ജനിച്ചതോടെ അതും പ്രശ്നമാകുമെന്ന് ഭയന്ന സാജിബ് അനുയായികളെ വിട്ട് കുഞ്ഞിനെ ഒരു പാത്രത്തിലാക്കി പുഴയിലൊഴുക്കി. പിന്നാലെ ഓടിയെത്തി കുഞ്ഞിനെ രക്ഷിക്കാൻ ജലാൽ ശ്രമിച്ചെങ്കിലും നീന്തൽ അറിയാത്തതിനാൽ കഴിഞ്ഞില്ല. ജലാലിന്റെ കൈകൾക്ക് രക്ഷിക്കാനാകാതെ മറ്റൊരു ജലാൽ അനാഥനായി ആ പുഴയിലൊഴുകി.

ഇതിനിടെ ഒരു നിശ്ശബ്ദ പ്രണയവും കാണാം പ്രേക്ഷകർക്ക്. ജലാലും ആ പെൺകുട്ടിയും തമ്മിൽ. ആദ്യം മുതലേ അതിന്റെ അനുരണനങ്ങൾ കാണുന്നുണ്ടെങ്കിലും പ്രസവത്തിനായി ക്ലിനിക്കിൽ താമസിച്ച സമയത്താണ് അത് കൂടുതൽ തളിർത്തത്.

അബു ഷഹാദ് എമൻ സംവിധാനം ചെയ്ത സിനിമ ഇക്കൊല്ലത്തെ ഓസ്കർ അവാർഡ് വിദേശഭാഷാ വിഭാഗത്തിൽ ബംഗ്ലദേശിൽ നിന്നുള്ള ഔദ്യോഗിക എൻട്രിയായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.