Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തീവ്രമായി പ്രേമിക്കാൻ ഈ തീരം

journey-to-the-shore

സമകാലിക ജാപ്പനീസ് സിനിമാലോകത്തു പേടിപ്പടങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ കിയോഷി കുറസോവയുടെ ജേണി ടു ദ് ഷോർ എന്ന സിനിമയിലും പരേതാത്മാക്കളാണു കഥാപാത്രങ്ങൾ. എന്നാൽ ഇതു പേടിപ്പടമല്ല. പ്രേമപ്പടമാണ്. എത്ര പ്രേമിച്ചാലും വേണ്ടത്ര പ്രേമിച്ചില്ലല്ലോ എന്നു നാം ഒരിക്കൽ വിചാരിച്ചുപോകുമെന്ന് നമ്മെ ഓര്‍മിപ്പിക്കുന്ന പടം. ഒരു മരം മുറിച്ചാൽ ആ മുറിപ്പാടില്‍നിന്നു പുതിയ മുള വരുന്നതുപോലെ മരണത്തിനുശേഷവും ജീവിതത്തിനു പുതിയ നാമ്പുകൾ വന്നുകൊണ്ടിരിക്കുമെന്നാണ് ഈ സിനിമയിൽ നാം കാണുന്നത്. മരിച്ചവർ മരണശേഷം എവിടെപ്പോയാലും ജീവിക്കുന്നവര്‍ക്കിടയിലേക്കു തന്നെ മടങ്ങിവരുന്നു. മരണത്തിനും ജീവിതത്തിനുമിടയിൽ ഒരു ശൂന്യത ഒരിക്കലുമില്ല.

ജീവിതത്തിനും മരണത്തിനുമിടയിൽ ഒരു പാലം നിര്‍മിക്കുക ജാപ്പനീസ് പാരമ്പര്യത്തിലുള്ളതാണ്. മരിച്ചവരുമായുള്ള വിനിമയം ജീവിതത്തിലെ അനിവാര്യമായ ഒരു പ്രവൃത്തിയും. അതിലൂടെയാണു പൂര്‍ത്തീകരിക്കാതെ പോയ അഭിലാഷങ്ങളുടെയും ഉള്ളിൽ നീറുന്ന കുറ്റബോധങ്ങളുടെയും ഭാരം ഒഴിയുന്നത്. 2010ലിറങ്ങിയ കസുമി യുമോത്തോയുടെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണിത്. ദുരൂഹസാഹചര്യത്തിൽ തന്റെ ഭര്‍ത്താവിനെ കാണാതായതിനെത്തുടര്‍ന്നു വൈകാരികത്തകര്‍ച്ചയിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന പിയാനോ അധ്യാപികയാണു മിസുകി. ഒരുദിവസം കാണാതായ ഭര്‍ത്താവ് യുസുകെ തിരിച്ചെത്തുന്നു. താൻ കടലിൽ മുങ്ങിമരിച്ചതായും തന്റെ ശരീരം ഞണ്ടുകൾ പൂര്‍ണമായും തിന്നുതീര്‍ത്തതായും അയാൾ ഭാര്യയോടു പറയുന്നു. ഭര്‍ത്താവിനെ പൊടുന്നനെ വീടിനകം കണ്ടപ്പോൾ അവള്‍ക്ക് അമ്പരപ്പൊന്നും തോന്നുന്നില്ല.

journey

പകരം ഷൂവിട്ടു വീടിനകത്തു കയറിയതിനു ഭര്‍ത്താവിനെ ശാസിക്കുകയാണു ചെയ്യുന്നത്. മിസുകിയുടെ ഭര്‍ത്താവിന്റെ തിരോധാനത്തിൽ ഒരുപാടു ദുരൂഹതകളുണ്ടെന്നു നാം തുടര്‍ന്നു സിനിമ കാണുമ്പോൾ മനസിലാക്കുന്നു. അയാൾ ആത്മഹത്യ ചെയ്തതാണെന്നതിന്റെ സൂചനകൾ നമുക്കു ലഭിക്കുന്നു. അവരുടെ ദാമ്പത്യജീവിതത്തിലും പൊരുത്തക്കേടുകളുണ്ടായിരുന്നു. ഡോക്ടറായ അയാൾ ഒരു സഹപ്രവര്‍ത്തകയുമായി അടുപ്പത്തിലായിരുന്നു. എന്നാലതു ഭാര്യയില്‍നിന്നു മറച്ചുവയ്ക്കുകയും ചെയ്യുന്നു. മരിച്ച ലോകത്തുനിന്നു തിരിച്ചു വരുന്ന യുസുകെ ഭാര്യയുമായി ഒരു യാത്രയ്ക്കു പുറപ്പെടുകയാണ്. ട്രെയിനിലും ബസിലുമായി അവർ യാത്ര ചെയ്യുന്നതാകട്ടെ കിഴക്കൻ ജപ്പാനിലേക്കും. ഇതൊരു ഹണിമൂൺ പോലെയാണ്. അവരുടെ ദാമ്പത്യത്തിൽ മുന്‍പൊരിക്കലും അവർ ഒരുമിച്ചു യാത്ര പോയിട്ടുണ്ടായിരുന്നില്ല. ഇതു വരെ ജാപ്പനീസ് സിനിമകളിൽപ്രത്യക്ഷപ്പെടാത്ത ഭൂപ്രദേശങ്ങളിലൂടെയാണു ഇരുവരുടെയും സഞ്ചാരം.

JOURNEY TO THE SHORE

മരിച്ചശേഷം യുസുകെക്കു ലഭിച്ച സുഹൃത്തുക്കളെയാണ് ഇരുവരും വീണ്ടും സന്ദര്‍ശിക്കുന്നത്. ഈ സ്‌നേഹിതരെല്ലാം മരിച്ചവരാണെന്നു വേണം കരുതാൻ. കാര്യമായി വരുമാനമൊന്നുമില്ലെങ്കിലും ഒരു ദിനപത്രം അച്ചടിച്ചു കൃത്യമായി വിതരണം പ്രായം ചെന്ന ഒരാളുടെ വീട്ടിലേക്കാണ് അവർ ആദ്യം പോകുന്നത്. ഇരുവരും അവിടെ താമസിക്കുന്നു. പ്രസും വീടുമെല്ലാം ഒരുമിച്ചാണ്. പത്രമിറക്കാനുള്ള വിചാരത്തിൽ മറ്റെല്ലാം മറന്നു നടന്ന അയാളെ ഭാര്യ ഉപേക്ഷിച്ചുപോയതാണ്. തുടര്‍ന്നു ജാപ്പനീസിലെ വിദൂരമായ ഗ്രാമപ്രദേശങ്ങളിലൂടെയാണു യാത്ര. തിരിച്ചെത്തിയ യുസുകെയെ കുട്ടികളടക്കം ആഹ്ലാദത്തോടെയാണു സ്വീകരിക്കുന്നത്. അയാൾ ആ ഗ്രാമത്തിൽ അധ്യാപകനായിരുന്നുവെന്നാണു നാം മനസിലാക്കുന്നത്.

മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും അയാൾ ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തം ലളിതമായി വിവരിച്ചുകൊടുക്കുന്നു. പ്രപഞ്ചോല്‍പത്തിയെയും പ്രപഞ്ചനിഗൂഢതകളെയും പ്രകാശവര്‍ഷത്തെയും ലളിതമായി വിവരിക്കുന്ന ആ ക്ലാസ്മുറി രംഗങ്ങൾ മനോഹരമാണ്. ഒരു സന്ധ്യയിലെ ക്ലാസ് അവസാനിപ്പിക്കാറാകുമ്പോൾ മുറിയിലെ വിളക്കുകളോരോന്നായി തെളിയുന്ന രംഗം മനോഹരമാണ്. ജീവിതമെന്നത് അപരിമേയമായ അദ്ഭുതവും നിത്യാനന്ദവുമാണെന്നാണ് യുസുകെ പറയുന്നത്. ഈ ബൗദ്ധദര്‍ശനം സിനിമയുടെ കേന്ദ്ര ആശയമാണ്. കുറ്റബോധവും വിരഹവും ഏകാന്തതയുമാണു മരിച്ചവരെ അലട്ടുന്നത്.

ജീവിച്ചിരിക്കുന്നവരുടെയും ഭാരം അതുതന്നെയാണല്ലോ. പരസ്പരം പൊറുത്തുനല്‍കുന്നതിലൂടെയും അപരന്റെ വേദനകളെ അറിയുന്നതിലൂടെയും ജീവിതം മരണത്തിനപ്പുറത്തേക്കും സഞ്ചരിക്കുന്നു. തീരമെന്നത് എപ്പോഴും അന്വേഷണത്തിന്റെ ആരംഭവും അവസാനവുമാണ്. ഒരു തീരത്തുനിന്നു യാത്ര തുടങ്ങിയാൽ മറ്റൊരു തീരത്തു നാം ചെന്നിറങ്ങുന്നത്. തീരങ്ങളില്‍തീരങ്ങളിലേക്കുള്ള യാത്ര. മരണത്തെ ഒരു കടല്‍യാത്രയായി സങ്കല്‍പ്പിക്കുന്നതുകൊണ്ടാകാം താൻ കടലിൽ മരിച്ചു എന്ന് യുസുകെ ഭാര്യയോടു പറയുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.