Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരിമഴ പെയ്യുന്ന ഗ്രാമത്തിൽ അയാൾ

land-and-shade

കരിമ്പുപാടങ്ങൾ കത്തിച്ചതിന്റെ കരി നിരന്തരം പെയ്തുകൊണ്ടിരിക്കുന്ന ഒരു ലാറ്റിനമേരിക്കൻ വിദൂരഗ്രാമം. ഒരിക്കൽ സമൃദ്ധമായ കൃഷിഭൂമിയായിരുന്നിടം ഒറ്റവിളയിലേക്കു തിരിഞ്ഞതോടെ പ്രദേശത്തിന്റെ മുഴുവൻ പരിസ്ഥിതിയും തകിടം മറിഞ്ഞു. പരിസ്ഥിതി മലിനീകരണവും വിഭവചൂഷണവും പ്രമേയമായി വരുന്നതാണു കൊളംബിയൻ സംവിധായകൻ സെസാർ അസവേദോയുടെ ആദ്യ സിനിമ ലാൻഡ് ആൻഡ് ഷെയ്ഡ്.

കാനിൽ അടക്കം ചലച്ചിത്രമേളകളിൽ പ്രശംസ നേടിയ ഈ ചിത്രം ചെറുകിട കർഷകരുടെയും കാർഷികവൃത്തിയുടെയും അന്ത്യം കൂടിയാണു ചിത്രീകരിക്കുന്നത്. പതിനാറുവർഷം മുൻപ് മകനെയും ഭാര്യയെയും ഉപേക്ഷിച്ചു നാടുവിട്ടുപോയ അൽഫോൻസോ തന്റെ ജന്മഗ്രാമത്തിലേക്കു മടങ്ങിയെത്തുന്നു. അവിടെ അയാൾ പക്ഷേ സമൃദ്ധമായ തന്റെ പഴയ ഗ്രാമമല്ല കാണുന്നത്. പലതരം കൃഷികൾ ചെയ്തു ജീവിച്ചിരുന്ന ഗ്രാമീണർക്കു ഭൂമിയെല്ലാം നഷ്ടമായി. പകരം അവരെല്ലാം ദിവസക്കൂലിക്കാരായ വെറും തോട്ടം തൊഴിലാളികളായി. കരിമ്പുതോട്ടങ്ങളും കനത്ത പൊടിയും കരിയും നിറഞ്ഞ അവിടം അൽഫോൻസയ്ക്കു തിരിച്ചറിയാൻ കഴിയാത്തവിധം മാറിപ്പോയി.

LAND AND SHADE directed by César Acevedo

പക്ഷികളും മരങ്ങളും ഓറഞ്ചുതോട്ടങ്ങളും നിറഞ്ഞിരുന്ന ആ കാലം വളരെ വിദൂരമായ ഭൂതകാലത്തിലാണെന്നും അയാൾ തിരിച്ചറിയുന്നു. ഒരിക്കലും മടങ്ങിവരരുതെന്നു കരുതി നാടുവിട്ട അയാൾ ഇപ്പോൾ മടങ്ങിയെത്തുന്നതു രോഗബാധിതനായി മരണത്തോടടുത്ത മകനെ കാണാനും അവനെ ശുശ്രൂഷിക്കാനുമാണ്. കരിമ്പുപാടത്തെ ജോലിക്ക് അയാളുടെ ഭാര്യയും മരുമകളും അതിരാവിലെ പോകും. രാത്രിയായാൽ ക്ഷീണിച്ചുതളർന്നും കരിപുരണ്ടും അവർ തിരിച്ചെത്തും. അൽഫോൻസോയുടെ പേരക്കുട്ടിക്ക്് ആറോ ഏഴോ വയസുണ്ട്. കിടപ്പിലായിപ്പോയ അയാളുടെ മകൻ ഒരു കാലത്തു കരിമ്പുതോട്ടത്തിലെ ജോലിക്കാരനായിരുന്നു.

land

പ്രദേശത്തെ മുഴുവൻ സ്ഥലവും കരിമ്പുതോട്ടങ്ങൾകയ്യടക്കിയെങ്കിലും തന്റെ വീടും ഇത്തിരി സ്ഥലവും വിട്ടുകൊടുക്കാതെ അവിടെ തുടരുകയായിരുന്നു അൽഫോൻസോയുടെ ഭാര്യ. കരിയും പൊടിയും കയറാതിരിക്കാൻ സദാസമയം അടച്ചുപൂട്ടിയ വാതിലും ജനാലകളുകളുമാണ് ആ വീടിനുള്ളിലുള്ളത്. നട്ടുച്ചയ്ക്കും ഇരുട്ടുള്ള ആ വീട് ജീവിതപരാജയങ്ങളുടെ മാത്രമല്ല സാമൂഹികദുരന്തങ്ങളുടെ കൂടി സൂചകമാണ്.പ്രസന്നമായ ഒന്നുമില്ലാത്ത അന്തരീഷത്തിൽ ഭാവിപ്രതീക്ഷയുടെ ശുദ്ധവായു നിറയുന്നതു പേരക്കുട്ടിക്കൊപ്പം അൽഫോൻസോ ചെലവഴിക്കുന്ന സമയമാണ്. അയാൾ കുട്ടിയെ പട്ടം പറത്താൻ പഠിപ്പിക്കുന്നു. പക്ഷികളെ വിളിച്ചുവരുത്താനും അവയ്ക്കു തീറ്റ കൊടുക്കാനും പഠിപ്പിക്കുന്നു.

അത് ആ വീടിന്റെ മുറ്റത്തുള്ള ഒരു ഒറ്റമരത്തിനു തണലിലാണ്. തന്റെ മകനെയും പക്ഷികളെ വിളിച്ചുവരുത്താനുള്ള സൂത്രം താൻപഠിപ്പിച്ചതായി അയാൾ പറയുന്നുണ്ട്. കരിമ്പുതോട്ടങ്ങളിൽ തൊഴിലാളികൾ ചൂഷണം ചെയ്യപ്പെടുന്നതെങ്ങനെയെന്നും ഈ സിനിമ കാട്ടിത്തരുന്നു. സ്വന്തം കൃഷിയിടങ്ങൾ അവർക്ക് നഷ്ടമായി. അവരിൽനിന്ന് അവസാന അവകാശം വരെ തോട്ടമുടമകൾകവർന്നെടുക്കുന്നു. കരിമഴ പെയ്യുന്ന നശിച്ച ഗ്രാമത്തിൽ നിന്ന് ഒടുവിൽ ആ കുടുംബം അൽഫോൻസോക്കൊപ്പം മടങ്ങുകയാണ്, അയാളുടെ ഭാര്യ ഒഴികെ. കരിമ്പുതോട്ടത്തിനു നടുവിൽ താൻ വിട്ടുകൊടുക്കാതെ നിലനിർത്തിയ ആ വീടും സ്ഥലവും വിട്ട് എങ്ങോട്ടുമില്ലെന്ന നിലപാടാണ് ആ സ്ത്രീയെടുക്കുന്നത്. സ്വന്തം മകന്റെ മരണം അവർ കാണുന്നു. ഭർത്താവും പേരക്കുട്ടിയുംമരുമകളും യാത്രയാകുന്നതും കാണുന്നു. എല്ലാറ്റിനുംശേഷം നിശ്ശൂന്യമായ വീടിനു മുന്നിലെ മരച്ചുവട്ടിലെ ഇത്തിരി തണലിൽ അവർ ഒറ്റയ്ക്കാകുകയാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.