Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവര്‍ നനയുകയാണ്, നല്ല സിനിമയുടെ മഴ...

memories-on-stone

മുറിവേറ്റ ഒരു ഓര്‍മയാണ് ഹുസൈന് സിനിമ. കുട്ടിക്കാലത്ത് അനധികൃതമായി സിനിമാപ്രദര്‍ശനം നടത്തിയതിന് തിയേറ്റര്‍ ഓപറേറ്ററായ അച്ഛനെ സൈന്യം പിടികൂടുന്നത് അവന്റെ കണ്മുന്നില്‍ വച്ചാണ്. പിന്നീട് അച്ഛന് എന്തു സംഭവിച്ചുവെന്നറിയില്ല. പക്ഷേ വര്‍ഷങ്ങള്‍ക്കപ്പുറം സംവിധായകനായി കുര്‍ദിസ്ഥാനില്‍ തിരിച്ചെത്തുന്ന ഹുസൈനെയാണു പിന്നീട് േ്രപക്ഷകനു കാണാനാവുക. കുര്‍ദുകളുടെ നെഞ്ചിലെ മുറിപ്പാടാണ് അന്‍ഫല്‍ കൂട്ടക്കൊല. ആയിരങ്ങളെയാണ് അതിലൂടെ സദ്ദാം ഹുസൈനും ബന്ധു കെമിക്കല്‍ അലിയും കൊന്നൊടുത്തിയത്.

സ്വാതന്ത്ര്യം നേടിയിട്ടും കുര്‍ദുകളില്‍ പലരില്‍ നിന്നും ആ ദ്രോഹത്തിന്റെ അലയൊലികള്‍ ഒടുങ്ങിയിട്ടില്ല. അതിനിടെയാണ് ഹുസൈന്റെ വരവും. അന്‍ഫല്‍ കൂട്ടക്കൊലയെക്കുറിച്ച് സിനിമ പിടിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അഭിനേതാക്കളില്‍ പലരെയും ലഭിച്ചു. പക്ഷേ നായികയെ മാത്രം കിട്ടാനില്ല. സിനിമയില്‍ മുഖം കാണിക്കുന്നതിനെക്കാള്‍ മരണമായിരിക്കും നല്ലതെന്നു വിശ്വസിക്കുന്നവരാണ് പല സ്ത്രീകളും. അഥവാ ആരെങ്കിലും താല്‍പര്യം കാണിച്ചാല്‍ത്തന്നെ അവരുടെ കുടുംബത്തിലെ കാരണവര്‍ ആ താല്‍പര്യത്തിനു തടയിടും. വീടുവരെ പണയത്തില്‍ വച്ചാണ് അലന്‍ ഈ ചിത്രം നിര്‍മിക്കുന്നത്. ചിത്രം എങ്ങനെയെങ്കിലും മാര്‍ക്കറ്റ് ചെയ്യാനായി റോഷ് എന്ന ഗായകനെയാണ് നായകനായി നിശ്ചയിച്ചത്. ഏറെ അലച്ചിലുകള്‍ക്കൊടുവില്‍ അവര്‍ക്കൊരു നായികയെ ലഭിക്കുന്നു. പക്ഷേ അവളെ അഭിനയിപ്പിക്കുന്നതിന് ഒട്ടേറെ കടമ്പകള്‍ കടക്കേണ്ടി വരുന്നുണ്ട്.

MEMORIES ON STONE Official Trailer English SUB HD

അവളെ വിവാഹം കഴിക്കാന്‍ പോകുന്നയാള്‍ തന്നെയായിരുന്നു ഏറ്റവും പ്രശ്‌നം. അഭിനയത്തിനിടെ തൊടലും പിടിക്കലുമൊന്നും വേണ്ടെന്നാണ് അയാളുടെ പക്ഷം. ഇത്തരത്തിലുള്ള പല ഇടപെടലുകളും സിനിമയെ നശിപ്പിക്കുന്ന അവസ്ഥയിലേക്കു വരെ എത്തുന്നു. അതിനിടെ റോഷിന്റെ തല്ലിപ്പൊളി അഭിനയവും ഉത്തരവാദിത്തമില്ലായ്മയും കൂടിയാകുമ്പോള്‍ ദുരന്തം പൂര്‍ണം. അന്‍ഫാല്‍ കൂട്ടക്കൊലയെക്കുറിച്ചാണ് സിനിമയെന്നു പറയുമ്പോള്‍ പലരും സഹകരിക്കുന്നതു പോലുമില്ല. കാരണം കുര്‍ദുകള്‍ മറക്കാനാഗ്രഹിക്കുന്ന കാലം കൂടിയായിരുന്നു അതെന്നതു തന്നെ. പക്ഷേ സിനുര്‍ എനന പെണ്‍കുട്ടിക്ക് അതൊന്നും അത്ര പെട്ടെന്ന് മറക്കാനാകില്ല. ഹുസൈനെപ്പോലെ സിനുറിനെയും സദ്ദാമിന്റെ ഭരണകാലം വേട്ടയാടുന്നുണ്ട്. ചിത്രത്തില്‍ മറ്റാരും അഭിനയിച്ചില്ലെങ്കിലും അവള്‍ നായികയാകാന്‍ സന്നദ്ധയാണ്. അതിനു പക്ഷേ ചില പ്രതിബന്ധങ്ങള്‍ തരണം ചെയ്യാനുണ്ടായിരുന്നു. ഒടുവില്‍ സ്വന്തം ജീവിതം പോലും മറ്റൊരാള്‍ക്ക് തീറെഴുതിക്കൊടുത്തിട്ടാണ് സിനുര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. അതിനു പക്ഷേ വലിയവില നല്‍കേണ്ടി വന്നത് ഹുസൈനായിരുന്നു.

stone

സിനിമയ്ക്കുള്ളിലെ സിനിമകള്‍ ഒട്ടേറെ കണ്ടിട്ടുണ്ട് നാം. അതില്‍ത്തന്നെ വേറിട്ട കാഴ്ചയാണ് മെമ്മറീസ് ഓണ്‍ സ്‌റ്റോണ്‍ സമ്മാനിക്കുന്നത്. അഭിനയം എന്താണെന്നു പോലുമറിയാത്ത നായകന്‍, അഭിനയത്തോട് അടങ്ങാത്ത അഭിനിവേശമുള്ള നായിക, സിനിമയെ ജീവനെപ്പോലെ സ്‌നേഹിക്കുന്ന സംവിധായകന്‍, സിനിമയ്ക്കു വേണ്ടി രാവും പകലുമില്ലാതെ പ്രയത്‌നിക്കുന്ന അണിയറ പ്രവര്‍ത്തകര്‍...ഈ കഥ മലയാളത്തിലുള്‍പ്പെടെ നാം കണ്ടതാണ്. പക്ഷേ കുര്‍ദിസ്ഥാനിലെ സാഹചര്യങ്ങളിലൊരുക്കുമ്പോള്‍ ചിത്രത്തിന് രാഷ്ട്രീയമാനം കൂടി കൈവരുന്നു. അവിടെ പലര്‍ക്കും ഇന്നും സിനിമ വിലക്കപ്പെട്ടാണ്. പ്രദേശത്തെ ആകെയുള്ള ഒരേയൊരു തിയേറ്റര്‍ പോലും പൂട്ടാനൊരുങ്ങുകയാണ്. കാരണം, കച്ചവടം ആകെ നഷ്ടത്തിലാണ്. അന്‍ഫാല്‍ എന്ന ചിത്രം പുറത്തിറങ്ങിയാല്‍ ആദ്യപ്രദര്‍ശനത്തിനു പോലും സ്ഥലമുണ്ടാകില്ലെന്നു ചുരുക്കം.

സ്വന്തം കുടുംബത്തെപ്പോലും മറന്നാണ് ഹുസൈന്‍ സിനിമയ്ക്കു വേണ്ടി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. പക്ഷേ തുടക്കം മുതല്‍ ഒടുക്കം വരെ തിരിച്ചടികള്‍ മാത്രം. സ്വന്തം ജീവന്റെ വിലയാണ് ഒടുവില്‍ സിനിമാപൂര്‍ത്തീകരണത്തിനു വേണ്ടി ഹുസൈന്‍ ഉപയോഗിച്ചത്. എല്ലാ പ്രതിബന്ധങ്ങളും കടന്നിട്ടും അവസാന നിമിഷത്തിലും ദുരിതം ആ സിനിമാസംഘത്തെ വെറുതെവിടുന്നില്ല. പക്ഷേ അതൊന്നും അവര്‍ക്ക് പ്രശ്‌നമല്ല. സ്വപ്‌നസിനിമ അവര്‍ കാണുക തന്നെ ചെയ്യും. സിനിമയെ ജീവനെപ്പോലെ സ്‌നേഹിക്കുന്നവരുടെ കഥയാണ് ഷൗക്കത്ത് അമിന്‍ കോര്‍ക്കിയുടെ മെമ്മറീസ ഓണ്‍ സ്‌റ്റോണ്‍ എന്ന കുര്‍ദിഷ് ചിത്രം. ആ സ്‌നേഹത്തിനു പിന്നില്‍ പക്ഷേ ഒരു വിനാശകാലത്തിന്റെ ഓര്‍മയുണ്ട്. ഓര്‍മയാണ് റീലുകളായി പ്രേക്ഷകനു മുന്നിലൂടെ നീങ്ങുന്നതും...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.