Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വഴി മാറുക കാലമേ...വരവായി ജിയാ ഷാങ്കേ !

mountains-may-depart

കടന്നുപോകുന്ന കാലത്തെ പകർത്തിവയ്ക്കുന്ന ചലച്ചിത്രകാരൻമാർ ശ്രദ്ധിക്കുക: ജിയാ ഷാങ്കേ എന്ന ചൈനീസ് സംവിധായകന്റെ പുതിയ ചിത്രം കാലത്തിലൂടെ മുന്നോട്ടു സഞ്ചരിക്കുന്നു. ഒന്നും രണ്ടും വർഷം മുന്നോട്ടല്ല; പത്തുവർഷത്തിനപ്പുറം 2025 – ലെ ഓസ്ട്രേലിയയിലേക്ക്. മൗണ്ടേൻസ് മേ ഡിപാർട്. ചിത്രത്തിനു മൂന്നു ഭാഗങ്ങൾ. തുടക്കം 1999– ൽ. ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കു പ്രവേശിക്കുന്ന ലോകം. രണ്ടാം ഭാഗം നാം ജീവിക്കുന്ന സമകാലികലോകം: 2014–2015. മൂന്നാം ഭാഗത്തിൽ പ്രേക്ഷകരെ അത്ഭുതസ്തബ്ധരാക്കി സംവിധായകൻ 2025– ലേക്കു കുതിക്കുന്നു. ചൈനയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക്. ഭാഷ ചൈനീസിൽനിന്ന് ഇംഗ്ലീഷിലേക്കും.

ദ് വേൾഡ് ( 2004 ) ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ ലോകമെങ്ങും ആരാധകരെ നേടിയ സംവിധായകനാണു ജിയാ ഷാങ്കേ. എട്ടാമത്തെ ചിത്രമാണ് മൗണ്ടേൻസ് മേ ഡിപാർട്.അദ്ദേഹത്തിന്റെ ചിത്രങ്ങൾ ലോകമെങ്ങുമുള്ള മൽസരവേദികളിലെ സ്ഥിരം സാന്നിധ്യവും. മാറുന്ന കാലത്തിനൊത്തു സഞ്ചരിക്കുന്ന ജൻമരാജ്യമായ ചൈനയുടെ കഥയാണു സങ്കീർണമായ കഥനരീതിയിലൂടെ, ദുരൂഹതയുള്ള കഥാപാത്രങ്ങളിലൂടെ ജിയാ ഷാങ്കേ അവതരിപ്പിക്കുന്നത്.കാനിൽ പാം ഡി ഓർ പുരസ്കാരത്തിന് അവസാന നിമിഷംവരെ പരിഗണിക്കപ്പെട്ട ചിത്രം ടൊറന്റോ രാജ്യാന്തര ചലച്ചിത്രോൽസവത്തിൽ പ്രത്യേക പ്രദർശനത്തിനു തിരഞ്ഞെടുക്കപ്പെട്ടു. ചൈനയിൽ ഒക്ടോബർ 30 നു റിലീസ് ചെയ്ത ചിത്രത്തിന്റെ ദൈർഘ്യം 131 മിനിറ്റ്.

Mountains May Depart

ഒരുസംഘഗാനത്തോടെയാണു ചിത്രത്തിന്റെ തുടക്കം. ഷെൻ താവോ എന്ന ഇരുപതു വയസ്സുള്ള യുവതി. നൃത്താധ്യാപിക.ചൈനയുടെ വടക്കൻ ഖനി പ്രദേശമായ ഫെന്യാങ്. സ്റ്റുഡിയോ ഹാളി‍ൽ കുട്ടികളെ എയ്റോബിക്സ് നൃത്തം പരിശീലിപ്പിക്കുന്ന ഷെൻ സിനിമയുടെ കേന്ദ്രകഥാപാത്രം. മൂന്നു കാലഘട്ടങ്ങളിലും ഷെൻ നിറഞ്ഞുനിൽക്കുന്നു. ഫെന്യാങ്ങിൽനിന്നു യൗവ്വനത്തിൽ യാത്ര തുടങ്ങുന്ന ഷെൻ ഇരുപത്തഞ്ചുവർഷത്തിനുശേഷം യാത്ര തുടങ്ങിയ സ്ഥലത്തേക്കു തിരിച്ചെത്തുന്നു. അപ്പോഴേക്കും കാലം മാറി. സ്ഥലം മാറി. കഥാപാത്രങ്ങൾ മാറി. ചിത്രത്തിനു വേറെയും പ്രത്യേകതകളുണ്ട്. ആദ്യരംഗത്തിലെ ഷെന്നിന്റെ നൃത്തക്ലാസിൽ ഉയരുന്ന ഗാനം അവസാനരംഗത്തിലും സംവിധായകൻ കേൾപ്പിക്കുന്നു.

mountains-may-depart-image

ഒന്നായി നീങ്ങാം. കയ്യോടു കൈ ചേർത്തു നീങ്ങാം. നമുക്കു സ്വപ്നങ്ങൾ സാധ്യമാക്കാം....

ഇരുപതാം വയസ്സിൽ രണ്ടു പുരുഷൻമാരുടെ പ്രേമഭാജനമാണു ഷെൻ. ആദ്യരംഗത്തിൽ ഗാനം ആലപിക്കുമ്പോൾ പ്രതീക്ഷകളുടെ വലിയൊരു ലോകം അവളെ കാത്തിരിക്കുന്നു. ലിയാങ്സി എന്ന സത്യസന്ധനായ തൊഴിലാളി ഒരു കാമുകൻ. അയാൾക്ക് അസാധാരണമായ ആഗ്രഹങ്ങളോ വലിയ പ്രതീക്ഷകളോ ഇല്ല. കഷ്ടപ്പെട്ടു പണിയെടുത്തു ജീവിക്കുക, കുടുംബം പുലർത്തുക. അതിനപ്പുറമൊന്നും അയാൾ ആഗ്രഹിക്കുന്നില്ല. ഫെന്യാങിലെ ഖനിയിൽ അയാൾ പണിയെടുത്തു സമാധാനമായി ജീവിക്കുന്നു. രണ്ടാമത്തെ കാമുകൻ ഷാങ്. അയാളെ മുന്നോട്ടു നയിക്കുന്നതുതന്നെ ആഗ്രഹങ്ങളാണ്. പ്രദേശത്തെ ഒരു ഖനിയിൽ തന്റെ സമ്പത്തു മുഴുവൻ നിക്ഷേപിക്കുന്ന ഷാങ് ഒരിക്കൽ താൻ ഉയരങ്ങൾ കീഴടക്കുമെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നു; അതിനായി ആഗ്രഹങ്ങൾ നെയ്യുന്നു.

ഷെൻ ഇവരിൽ ആരെ സ്വീകരിക്കും ?

ആരെ തിരഞ്ഞെടുക്കുമെന്ന് ആശങ്കപ്പെടുന്ന ഷെൻ ചൈനയുടെ പ്രതീകമാണ്. അനുദിനം മാറിക്കൊണ്ടിരിക്കുന്ന മുതലാളിത്ത ലോകങ്ങളുടെ ആഡംബരത്തിന്റെയും സമ്പദ്സമൃദ്ധിയുടെയും വഴി ഒരുവശത്ത്. സ്വന്തം നിലനിൽപ് ഉറപ്പാക്കി പാരമ്പര്യത്തിലും പൈതൃകത്തിലും അടിയുറച്ചു നിൽക്കുകയെന്നതു രണ്ടാമത്തെ മാർഗം. ചൈന തിരഞ്ഞെടുക്കുന്നത് സമൃദ്ധിയുടെ പുതുലോകം. അവിടെ അപ്രതീക്ഷിതമായ വെല്ലുവിളികളുണ്ട്. ആത്മാവിനെ നഷ്ടപ്പെടുത്തുന്ന പ്രലോഭനങ്ങളുണ്ട്.

സമയക്രമത്തെ മറികടന്നു ജിയാ ഷാങ്കേ ചൈനയിൽ നിന്ന് ഓസ്ട്രേലിയക്കു കുതിക്കുന്നു: ചിത്രത്തിന്റെ മൂന്നാം ഭാഗത്തിൽ ഷെന്നിന്റെ ജീവിതാവസ്ഥ ചിത്രീകരിച്ചുകൊണ്ട്. അപ്പോൾ പശ്ഛാത്തലത്തിൽ ആദ്യരംഗത്തിലെ ഗാനം വീണ്ടും ഉയരുന്നു:

ഒന്നായി നീങ്ങാം. കയ്യോടു കൈ ചേർത്തു നീങ്ങാം. നമുക്കു സ്വപ്നങ്ങൾ സാധ്യമാക്കാം....

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.