Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാരിത്ര്യം ജെന്നിഫറിന് അലങ്കാരമല്ല; ചവച്ചുതുപ്പാനുള്ള അവശിഷ്ടം !

mureder-at-pacot

ആൻഡ്രമീസെ പേരു മാറ്റി. 17 വയസ്സേയുള്ളുവെങ്കിലും പുരുഷൻമാരെ ആകർഷിക്കുന്ന സമൃദ്ധശരീരമുള്ള പെൺകുട്ടി. പുതിയ പേര് ജെന്നിഫർ. യൂറോപ്യൻമാരായ പുരുഷൻമാരെ ആകർഷിക്കുകയാണു ലക്ഷ്യം. മരിച്ച നാടിന്റെ പ്രജയാണവൾ. മരവിച്ച ദേശത്തിന്റെ മകൾ. ഭൂകമ്പം തകർത്തിറഞ്ഞ ഹെയ്ത്തിയിലെ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട പ്രജ.

അവൾ സമ്പന്നനായ അലക്സിന്റെ കൂടെക്കൂടി. സന്നദ്ധ സംഘടനയിലെ അംഗമാണയാൾ. ഇരുവരും കൂടി ഒരു വീട് വീടയ്ക്കെടുത്തു. മധ്യവർഗ കുടുംബത്തിൽപ്പെട്ട ദമ്പതിമാരുടെ തകർന്നുവീഴാറായ വലിയ വീട്. ദമ്പതികൾക്കു നഷ്ടപ്പെട്ടതു മകൾ. അവരുടെ വീട് താമസയോഗ്യമല്ലെന്നു സർക്കാർ ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തി അടയാളമിട്ടുകഴിഞ്ഞു. വേലക്കാർ താമസിച്ചിരുന്ന താൽക്കാലിക വസതിയിലേക്കു മാറി അവർ വലിയ വീട് അലക്സിനും ആൻഡ്രമീസെ എന്ന ജെന്നിഫറിനുമായി വാടയ്ക്കു കൊടുത്തു.

mureder

ഭൂകമ്പം താണ്ഡവമാടിയ ഹെയ്ത്തിയിൽ ഭീതി ഒഴിഞ്ഞി‍ട്ടില്ല. തു‌ർചലനങ്ങൾ തുടരുന്നു. എപ്പോഴെന്നറിയില്ല എല്ലാം ഇനിയുമൊരിക്കൽക്കൂടി തകർന്നുവീഴുന്നത്. ഭൂമിയെ നാശാവശിഷ്ടമാക്കിയ ഭൂകമ്പത്തേക്കാളേറെ വലിയ ചലനങ്ങൾ ഹൃദയങ്ങളെ വേട്ടയാടുന്നുണ്ട്. അതിന്റെ ചിത്രീകരണമാണ് മർഡർ ഇൻ പാഗട് എന്ന ഫ്രാൻസ് - നോർവേ സംയുക്ത സംരംഭ ചിത്രം. സംവിധാനം റൗൾ പെക്ക്. മൽസര വിഭാഗത്തിലെ ശ്രദ്ധേയ സിനിമ.

വാ‌ടകവീട്ടിലെത്തിയ ജെന്നിഫറും അലക്സും ആദ്യദിവസങ്ങളിൽ അനുരാഗികളായി പ്രത്യക്ഷപ്പെടുന്നു. മുറിയിലും ബാൽക്കണിയിലും പുറത്തും കാറിലുമെല്ലാം അതിഗാഢമായി അനുരാഗത്തിലേർപ്പെട്ട കമിതാക്കൾ. ദമ്പതികളെ അവരുടെ പ്രകടമായ കാമചാപല്യങ്ങൾ അലോസരപ്പെടുത്തുന്നുണ്ട്. സഹിച്ചല്ലേ പറ്റൂ. അവർ തരുന്ന വാടക മാത്രമാണ് ഒരേയൊരു ആശ്രയം. അലക്സിനെ പ്രേമിക്കുന്നെങ്കിലും അലക്സ് തന്നെ പറ്റിക്കുന്നുണ്ടെന്ന് ജെന്നിഫറിന് അറിയാം. അതവളെ അസ്വസ്ഥയാക്കുന്നു. പ്രതികാരം അവളിൽ വളർന്നുതുടങ്ങുന്നു. അലക്സ് വീടുവിട്ടുപോകുന്ന ദിവസങ്ങളിൽ അവൾ വീട് വിരുന്നുശാലയാക്കുന്നു. മദ്യം.നൃത്തം. ആഘോഷം. അവിടെയെത്തുന്ന ചെ‌റുപ്പക്കാരുടെ ഇഷ്ടക്കാരിയാകുന്നു ജെന്നിഫർ. വിവാഹാഭ്യർത്ഥന നടത്തുന്നു പലരും. അവൾ ഒഴി‌ഞ്ഞുമാറുന്നില്ല പലപ്പോഴും.

MURDER IN PACOT

ഭൂകമ്പം തകർത്തെറിഞ്ഞ നാടിന്റെ ധാർമികാധപതനം റൗൾ പെക്ക് ചിത്രീകരിക്കുന്നതു ജെന്നിഫറിലൂടെയാണ്. അവൾ യഥാർഥത്തിൽ ഇഷ്‌ടപ്പെടുന്നത് ആരെയാണ്. ദമ്പതികളിലെ ഭാര്യ പോലും അവളിൽ അനുരക്തയാകുന്നു. ദേഹം ശുചിയാക്കുമ്പോൾ അവർ പരസ്പരം സഹായിക്കുന്നു. സഹകരിക്കുന്നു. ശാരീരിക ബന്ധത്തിന്റെ അതിർത്തിയോളം അതെത്തുന്നു. അതിലും ഭീകരമാണ് ദമ്പതികളിലെ ഭർത്താവ് മധ്യവയസ്കൻ ജെന്നിഫറിൽ അനുരക്തനാകുന്ന രംഗങ്ങൾ. ഭാര്യ മുറിയിലെ ജനാലയിലൂടെ നോക്കുമ്പോൾ ഇരുട്ടിന്റെ മറപറ്റി അയാൾ ജെന്നിഫറിനെ ചുംബിക്കുന്നു. കാത്തിരിക്കുന്ന ഭാര്യയുടെ അടുത്തേക്ക് പോകാൻ ആവശ്യപ്പെടുന്ന ജെന്നിഫറിനോട് അയാൾ പറയുന്നത് മരിച്ചുപോയ കുട്ടി അയാളുടെയല്ലെന്നാണ്!

ജെന്നിഫറിന്റെ വഴിപിഴച്ച യാത്രകൾ അലക്സ് മനസ്സിലാക്കുന്നു. ഒരു രാത്രി അയാൾ തിരനിറച്ച പിസ്റ്റളുമായി കാത്തിരിക്കുന്നു. ആലസ്യത്തോടെയെത്തുന്ന ജെന്നിഫറിനെ വകവരുത്താൻ. പക്ഷേ ജെന്നിഫറിന്റെ കൊലപാതകത്തിന്റെ ഉത്തരവാദി അലക്സ് അല്ല. ദമ്പതികളിലെ ഭർത്താവ് മഴ കോരിച്ചൊരിയുന്ന രാത്രിയിൽ ജെന്നിഫറിനെ വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ പാർക് ചെയ്തിരിക്കുന്ന കാറിലേക്ക് ക്ഷണിക്കുന്നു. സംസാരിക്കാൻ. അതുവരെ കണ്ട ശാന്തനായ മനുഷ്യനല്ല അപ്പോഴയാൾ. ജെന്നിഫർ അയാളുടെ ക്രൂരതയുടെ ഇരയാകുന്നു. അയാൾക്കും പരുക്കേൽക്കുന്നു; എങ്കിലും രക്ഷപ്പെടുന്നു.

ദിവസത്തെ പകലെന്നും ഇരുട്ടിന്റെ യാമങ്ങളെ രാത്രിയെന്നും വിളിച്ചതു ദൈവം. ലോകാരംഭം മുതലുള്ള ഒമ്പതു ദിവസങ്ങളുടെ മാതൃകയിൽ ഭൂകമ്പം നശിപ്പിച്ച ഹെയ്ത്തിയുടെ ഒമ്പതു ദിവസങ്ങളാണു റൗൾപെക്ക് മർഡറിൽ ചിത്രീകരിക്കുന്നത്.

അധ്വാനിച്ചു സമ്പാദിച്ച വിലയേറിയ വസ്തുക്കളുടെ ബലഹീനത. ദുരന്തമുഖത്ത് അർത്ഥം നഷ്ടപ്പെടുന്ന വിശ്വാസ്യത. ചാരിത്രമെന്ന വാക്കിന്റെ നിഗൂഢത. പരിഷ്കൃത സമൂഹത്തിന്റെ പൊങ്ങച്ചങ്ങളൊക്കെ ചീട്ടുകൊട്ടാരം പോലെ തകർന്നുവീഴുന്ന കാഴ്ച റൗൾ പെക്കിന് പുരസ്കാരം നേടിക്കൊടുക്കുമേയെന്നേ ഇനി അറിയാനുള്ളൂ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.