Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതവനല്ല, അവൾ; അവന്റെ സ്വന്തം അവൾ

naanu-avanalla-avalu

പാതിയിൽ പറഞ്ഞുനിർത്തിയ കഥയാണു റിതുപർണഘോഷ്; ഇന്ത്യൻ സിനിമയുടെ അഭിമാനമായ ബംഗാളി ചലച്ചിത്രകാരൻ. അവസാന ചിത്രങ്ങളിലൊന്നായ ചിത്രാംഗദയിൽ അദ്ദേഹത്തിന്റെതന്നെ സ്വഭാവത്തിലെ ഇരട്ടവ്യക്തിത്വത്തിന്റെ ആത്മവേദനകളാണു ഘോഷ് ചിത്രീകരിച്ചത്. സംവിധാനം ചെയ്യുന്നതിനുപുറമെ പ്രധാന വേഷത്തിൽ രംഗത്തുവന്നതും ഘോഷ് തന്നെ.

ആൺകുട്ടിയായി ജനിച്ചു, വളർന്നു, പുരുഷനായി ജീവിക്കുമ്പോഴും ഉള്ളിൽ ഉണർന്നിരുന്ന സ്ത്രീയുടെ നിശ്ശബ്ദ മോഹങ്ങളും സാക്ഷാത്കരിക്കാത്ത പ്രതീക്ഷകളും ഒരു നാടക റിഹേഴ്സൽ ക്യാംപിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ച ചിത്രമായിരുന്നു ചിത്രാംഗദ. ഘോഷ് ചിത്രീകരിക്കാൻ ശ്രമിച്ച ഇരട്ട വ്യക്തിത്വം അനുഭവിക്കുന്ന സംഘർഷങ്ങളുടെ മറ്റൊരധ്യായമാണ് ഇന്ത്യൻ സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന കന്നഡ ചിത്രം ‘ഞാനു അവനല്ല അവളു’. വിവാദമുയർത്തിയ വിദ്യയുടെ ആത്മകഥ ഞാൻ വിദ്യ ( അയാം വിദ്യ )യുടെ ചലച്ചിത്രാവിഷ്കാരം. കഥയും തിരക്കഥയും സംവിധാനവും ബി.എസ്. ലിംഗദേവരു.

Nanu Avanalla Avalu movie Exclusive Trailer || sanchari vijay

സമൂഹത്തിൽ വ്യക്തിത്വം സ്ഥാപിച്ചുകിട്ടാനായി പോരാടുന്ന എല്ലാവർക്കും സമർപ്പിരിക്കുന്നു ‍ഞാനു അവനല്ല അവളു. മുഖ്യവേഷത്തിൽ അഭിനയിക്കുന്നതു സഞ്ചാരി വിജയ്.സുമിത്ര, കുനാൽ പുനേക്കർ എന്നിവർ സഹനടീനടൻമാരുടെ വേഷവും ഉജ്ജ്വലമാക്കി. മെൽബൺ രാജ്യാന്തര ചലച്ചിത്രോൽസവത്തിലും 62–ാമതു ദേശീയ ചലച്ചിത്രോൽസത്തിലും പ്രദർശിപ്പിച്ച ചിത്രം ഇതിനോടകം രണ്ടു പുരസ്കാരങ്ങളും സ്വന്തമാക്കി. സങ്കീർണമായ നായക–നായികാ വേഷം അവിസ്മരണീയമാക്കിയതിനു സഞ്ചാരി വിജയ് മികച്ച നടനും വസ്ത്രാലങ്കാരത്തിനു രാജു നഗരാജും.

ബെംഗളൂരു നഗരത്തിലെ ഒരു രാത്രിയിൽ ചിത്രം തുടങ്ങുന്നു. പൊലീസിന്റെ പതിവു രാത്രി പട്രോളിങ്. സംശയകരമായ സാഹചര്യത്തിൽ അന്നു പിടിയിലായത് ഒരു കൂട്ടം ഭിന്നലിംഗക്കാർ. മാംസകച്ചവടത്തിൽ ഏർപ്പെട്ടുവെന്നു കുറ്റം. പൊലീസ് വേട്ടയിൽ ഒരു നിരപരാധിയും കുടുങ്ങി. ജോലി കഴിഞ്ഞു വീട്ടിലേക്കു പോകുകയായിരുന്ന വിദ്യ. അറസ്റ്റ് ചെയ്യപ്പെട്ടു സ്റ്റേഷനിൽ എത്തിച്ചെങ്കിലും വിദ്യയുടെ നിരപരാധിത്വം പോലീസിനു ബോധ്യപ്പെട്ടു. സഹതാപം തോന്നിയ ഇൻസ്പെക്ടറുടെ ചോദ്യങ്ങൾക്കുമുമ്പിൽ വിദ്യ കഥ പറഞ്ഞു. കഥയല്ല, ജീവിതം. അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിലും വ്യക്തിത്വത്തിലെ വിചിത്രചേരുവകളാൽ ജീവിതം മുഴുവൻ വേട്ടയാടപ്പെടേണ്ടിവന്നതിന്റെ കഥ. അവഗണനയുടെയും ഒറ്റപ്പെടുത്തലിന്റെയും കണ്ണീർ നിറഞ്ഞ കഥ. അതാണു ഞാനു അവനല്ല അവളുടെ പ്രമേയം.

naanu-avanalla-avalu-movie

കർണാടകത്തിലെ ഒരു കൊച്ചുഗ്രാമത്തിൽ വളരുന്ന പത്തുവയസ്സുകാരനായ ആൺകുട്ടി. ജനിച്ചതും വളർന്നതും ആൺകുട്ടിയായിട്ടാണെങ്കിലും അവന്റെ സ്വഭാവത്തിലും ചേഷ്ടകളിലും ഭാവപ്രകടനങ്ങളിലും നിറഞ്ഞുനിന്നതു സ്ത്രീത്വം. സ്കൂളിൽ അവൻ ഒറ്റപ്പെടുത്തപ്പെട്ടു. കൂട്ടുകാരുടെ കളിയാക്കലുകൾ. ഭീഷണികൾ. മർദനങ്ങൾ. വീട്ടിൽ അച്ഛനും മൂത്ത സഹോദരിയും അവന്റെ ഭാഗത്താണ്. അവൻ വളർന്നു വലുതായി നല്ല ജോലി നേടി ഗ്രാമത്തിന്റെ അഭിമാനമാകുന്നത് അവർ സ്വപ്നം കാണുന്നു. അവന്റെ മനസ്സിലാകട്ടെ ആരോടും പറയാനാകാത്ത വീർപ്പുമുട്ടൽ. മദേശ എന്നു വിളിക്കപ്പെടുന്ന താൻ ശരിക്കും ആരാണെന്ന് അവനു മനസ്സിലാകുന്നില്ല. സമപ്രായത്തിലുള്ള പെൺകുട്ടികളെപ്പോലെ അണിഞ്ഞൊരുങ്ങാൻ ആഗ്രഹം.

വർണശബളമായ വസ്ത്രങ്ങൾ അണിയാൻ. മാലയിടാൻ. വളയിട്ട കൈകൾ കിലുക്കിയോടാൻ. പാദസരം അണിഞ്ഞ കാലുകൾ അമർത്തിച്ചവിട്ടി ശബ്ദമുണ്ടാക്കാൻ. തരളമായ ശബ്ദത്തിൽ ഒരീണം മൂളാൻ. ലാസ്യഭാവങ്ങൾക്കുവേണ്ടി അവന്റെ കൈകാലുകൾ വിറപൂണ്ടു. ഒരു ദിവസം അപ്രതീക്ഷിതമായി അവസരം കിട്ടിയപ്പോൾ മദേശ മൂത്ത സഹോദരിയുടെ വസ്ത്രങ്ങൾ ധരിച്ച് അണിഞ്ഞൊരുങ്ങി. ഇതുകണ്ടു വീട്ടിലെല്ലാവരും ശകാരിച്ചു. ഒരിക്കലും പെണ്ണായി നടക്കരുതെന്ന് അച്ഛൻ ഉപദേശിച്ചു. നാടകത്തിൽപ്പോലും പെണ്ണിന്റെ വേഷം കെട്ടുന്നതിൽനിന്നു വിലക്കപ്പെട്ടു. മദേശയ്ക്ക് അതു സഹിക്കാവുന്നതിലപ്പുറമായിരുന്നു. യഥാർഥ വ്യക്തിത്വം മറച്ചുവച്ചുകൊണ്ട്, സ്വകാര്യ മോഹങ്ങളെ അടിച്ചമർത്തി എത്രനാൾ ജീവിക്കുമെന്ന ചോദ്യം അവനെ വേട്ടയാടി. ആ ചോദ്യത്തിന് അവൻ ഉത്തരം കണ്ടെത്തണം: സ്വന്തം ജീവിതം കൊണ്ട് .

sanchari-vijay സഞ്ചാരി വിജയ്

മദേശയുടെ സഹോദരി വിവാഹിതയായി. ബെംഗളൂരുവിൽ സ്ഥിരതാമസം. ഒരു ആൺകുട്ടി എന്ന സാധാരണ അവസ്ഥയിൽനിന്ന് ദിവസങ്ങൾ കഴിയുന്തോറും മദേശ സ്ത്രീത്വത്തിലേക്ക് അടുത്തുകൊണ്ടിരുന്നു. അയൽക്കാരും ബന്ധുക്കളും പ്രശ്നത്തിൽ ഇടപെട്ടു. മദേശയെ ഡോക്ടറെ കാണിക്കാൻ പിതാവിനെ ഉപദേശിച്ചു. ഇല്ലെങ്കിൽ ഒരു പുരോഹിതനെ കാണിക്കുക. അതു മദേശയ്ക്ക് അംഗീകരിക്കാനായില്ല. അവൻ ജനിച്ചുവളർന്ന വീടിനോടും നാടിനോടും യാത്ര പറഞ്ഞു.

ബെംഗളൂരുവിലേക്ക് കുടുമാറ്റം. അവിടെ അവനെ(ളെ) കാത്തിരുന്ന വിചിത്രസംഭവങ്ങൾ. ഭിന്നലിംഗക്കാർ എന്നു വിശേഷിപ്പിച്ചു സമൂഹം മാറ്റിനിർത്തുന്നവരുടെ ആരും പറയാത്ത കഥകൾ. ആണിനും പെണ്ണിനുമിടയിലൂടെ ജീവിക്കാനായി ഒരു വ്യക്തി നടത്തിയ പോരാട്ടങ്ങൾ. 2015 ൽ ഇന്ത്യൻ സിനിമ ലോകത്തിനു കാഴ്ചവയ്ക്കുന്ന മികച്ച ചിത്രങ്ങളിലൊന്നാണ് ഞാനു അവനല്ല അവളു. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുമെത്തുന്ന ചിത്രങ്ങൾ മൽസരിക്കുന്ന മേളയിൽ ഒട്ടും പിന്നിലല്ലെന്നു തെളിയിക്കാൻ ഇന്ത്യയ്ക്കു കിട്ടിയ അഭിമാനചിത്രം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.