Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കല്ലുവച്ച നുണകളാണ് കല്ലു പോലെ പ്രേമം

nahid-movie

വിവാഹമോചനത്തിന്റെയും പുനര്‍വിവാഹത്തിന്റെയും നിയമപരവും ആചാരപരവുമായ കുരുക്കുകൾ പ്രമേയമാക്കിയ എ സെപറേഷൻ എന്ന ഇറാനിയൻ സിനിമയ്ക്ക് പോയവര്‍ഷം ഓസ്‌കറിൽ മികച്ച വിദേശചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. ഇതേ പ്രമേയമാണു ഇറാനില്‍നിന്നുള്ള സംവിധായികയായ ഇദാ പനാഹന്ദെയുടെ നഹീദും.

എന്നാൽ ഇത് എല്ലാ ഇറാനിയൻ സ്ത്രീയുടെ അവസ്ഥ സംബന്ധിച്ച സിനിമയല്ല, ഇറാനിലെ പ്രേമത്തിലായ സ്ത്രീയുടെ കഥയാണ് എന്ന് സംവിധായിക വിശദീകരിക്കുന്നുണ്ട്. ഇദയുടെ ആദ്യ സിനിമയാണിതെങ്കിലും ഒരു ദശകത്തോളമായി ഹൃസ്വചിത്രങ്ങളും ഡോക്യൂമെന്ററികളുമായി സിനിമാരംഗത്തു സജീവമാണ് ഇദാ പനാഹന്ദെ. ഇറാനിലെ നവസിനിമയുടെ വക്താക്കളിലൊരാളാണ് ഇദ പനാഹന്ദെ.

സ്ത്രീക്കും പുരുഷനും കുറച്ചുദിവസത്തേക്കു മാത്രം ദമ്പതികളായി ജീവിക്കാൻ നിയമപരമായ പരിരക്ഷ നല്‍കുന്ന ശരീഅത്ത് പ്രകാരമുള്ള തല്‍ക്കാലിക വിവാഹവും സിനിമയിൽ കടന്നുവരുന്നുണ്ട്. താല്‍ക്കാലികവിവാഹം സ്ത്രീയെ ചൂഷണം ചെയ്യാനും ബഹുഭാര്യത്വം നിലനിര്‍ത്താനും സഹായിക്കുന്ന ഒന്നായിട്ടാണു പൊതുവേ വിമര്‍ശിക്കപ്പെടുന്നതെങ്കിലും നഹീദിൽ രണ്ടുപേരുടെ പ്രണയം അഭയം കണ്ടെത്തുന്നത് താല്‍ക്കാലികവിവാഹത്തിലാണ്.

nahid

നഹീദ് നായികയുടെ പേരാണ്. നഹീദിന്റെ പത്തു വര്‍ഷത്തിലേറെ നീണ്ട ദാമ്പത്യം അവസാനിച്ചതു വിവാഹമോചനത്തിലാണ്. ലഹരിമരുന്നിന് അടിമയായ ഒരാളെയിരുന്നു നഹീദിനു ഭര്‍ത്താവായി കിട്ടിയത്. വിവാഹം കഴിഞ്ഞാൽ അയാൾ ലഹരിനിര്‍ത്തുമെന്ന മൂഢവിശ്വാസത്തിലായിരുന്നു വീട്ടുകാര്. നഹീദിന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ, തന്റെ ജീവിതത്തിലെ പത്തുവര്‍ഷം അതോടെ തുലഞ്ഞുപോയി. എന്നാൽ, മകനെ അവള്‍ക്കു ജീവനാണ്. വിവാഹമോചനത്തിനുശേഷം ഇറാനിലെ നിയമപ്രകാരം മക്കളുടെ അവകാശം പുരുഷന്‍മാര്‍ക്കാണെങ്കിലും ഇവിടെ നഹീദ് പുനര്‍വിവാഹം ചെയ്യില്ലെന്ന വ്യവസ്ഥയോടെ മകന്റെ കസ്റ്റഡി അവള്‍ക്കു വിട്ടുനല്‍കുന്നു. ടൈപ്പിസ്റ്റായി ജോലിയെടുക്കുന്ന അവള്‍ക്കു നിസാരശമ്പളമാണു ലഭിക്കുന്നത്.

വീട്ടുവാടകയ്ക്കു പോലും അതു തികയില്ല. കൂട്ടുകാരില്‍നിന്നും മറ്റും കടം വാങ്ങിയാണ് ജീവിതം. മകനാണെങ്കിൽ തെറിച്ച പ്രായവും. അവനു ചൂതുകളിയിലാണു താൽപര്യം, പഠനത്തിനല്ല. ഈ കഷ്ടപ്പാടുകള്‍ക്കിടയിലും നഹീദിന് ആഹ്ലാദം പകരുന്ന ഒരു പ്രണയമുണ്ട്. ഭാര്യ മരിച്ചുപോയ ഒരു ഇടത്തരം ബിസിനസ്‌കാരനാണ് അയാൾ. നഹീദിനെ അയാൾ വല്ലാതെ സ്‌നേഹിക്കുന്നു. അവളുടെ സാമ്പത്തികപ്രയാസങ്ങളെല്ലാം അയാള്‍ക്കു പരിഹരിക്കാനാകും. എന്നാൽ വിവാഹം ചെയ്യാൻ തനിക്കാവില്ലെന്ന് അവൾ പറഞ്ഞു. അങ്ങനെ ചെയ്താൽ അവള്‍ക്കു മകനെ നഷ്ടമാകും. നഹീദിന്റെ ഈ ധര്‍മസങ്കടമാണു സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നത്.

nahid-movie

നാടകീയതയ്ക്കു കുറവില്ലാത്ത കഥയാണിത്. സിനിമയുടെ സൗന്ദര്യത്തിനു കാരണം അതിലെ നായിക തന്നെയാണ്. അവൾ സുന്ദരിയാണ്. ബുദ്ധിമതിയാണ്. സ്‌നേഹവതിയാണ്. ഈ മൂന്നു ഗുണങ്ങളും ചേര്‍ന്നത് നഹീദാണ്. സന്ദര്‍ഭാനുസരണം കല്ലുവച്ച നുണ പറയുന്നത് അവള്‍ക്കു ശീലമായെന്നു പറഞ്ഞുതീര്‍ക്കു. സത്യം പറഞ്ഞാൽ സിനിമയിൽ ഉടനീളം കള്ളം പറയുന്ന ആൾ നഹീദയാണ്. കാരണം അവൾ കടുത്ത പ്രേമത്തിലാണ്. പ്രേമത്തിലായവരാണ് ഏറ്റവുമധികം കള്ളങ്ങൾ പറയുക. ഒരു കുറ്റബോധവുമില്ലാതെ കള്ളത്തരം കാണിക്കുന്ന അവനെയൊര്‍ത്ത് എല്ലാവരുടെയും ഉള്ളിൽഒരു കനലെരിയുന്നുണ്ട്. നുണകൾ അവരെ നെരിപ്പോടു പോലെ എരിച്ചുകൊണ്ടിരിക്കും. നഹീദിനെ നുണകളാണ് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു മാറ്റിക്കൊണ്ടുപോകുന്നത്. ആ നുണകളാണ് സിനിമയുടെ സൗന്ദര്യമേറ്റുന്ന ഘടകവും

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.