Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതു കളിയല്ല;കാര്യം; മലയാളിക്കളി

ozhivu-divasathe-kali-movie

നമ്മൾ പണ്ടു സ്കൂളിലൊക്കെ കളിച്ചിട്ടില്ലേ ആ കളിയാണിത്. നമ്മളഞ്ചുപേർ. അഞ്ചുപേർക്കും കളിക്കാം. ഒരാൾ സുപ്രീം കോടതി ജഡ്ജി, ന്യായാധിപൻ, നാലു പേപ്പർ എടുക്കാം. ഓരോ പേപ്പറിലും എഴുതണം. രാജാവ്, മന്ത്രി, പൊലീസുകാരൻ, കള്ളൻ. നാലു പേപ്പറും ചുരുട്ടി താഴേക്കിടണം. നാലുപേരും ഓരോ പേപ്പർ എടുക്കണം . എന്തുപേപ്പറാ കിട്ടയേന്ന് ആരും പറയരുത്. ഒരാളു മാത്രം പറയണം പൊലീസുകാരൻ. പിന്നെയാണ് കളി പൊലീസ് കള്ളനെ കണ്ടുപിടിക്കണം. ശരിയായി കണ്ടുപിടിച്ചാൽ ശിക്ഷ.എന്തു ശിക്ഷയാ കൊടുക്കേണ്ടത്. അടി. മുഖത്ത് അടിക്കണോ വേണ്ട ഒരു കമ്പെടുത്ത് അതുകൊണ്ട് അടിക്കാം. അതാണു ശിക്ഷ.

ഇതു കളി,.ഒഴിവുദിവസത്തെ കളി. കഴിഞ്ഞ വർഷത്തെ മേളയിൽ ഒരാൾപ്പൊക്കം എന്ന ചിത്രത്തിലൂടെ പ്രേക്ഷക പ്രീതിയുള്ള ചിത്രത്തിന്റെ പുരസ്കാരം നേടിയ സനൽകുമാർ ശശിധരന്റെ പുതിയ ചിത്രം ഒഴിവു ദിവസത്തെ കളി.

വിദേശ പത്രങ്ങൾ മാറ്റുരയ്ക്കുന്ന മേള കാനിൽ പാം ഡി ഓർ കിട്ടിയ ചിത്രങ്ങൾ വരെയുണ്ട്. അവിടെ മലയാളിക്കെന്തുകാര്യം എന്നാണ് ചോദ്യമെങ്കിൽ തല താഴ്ത്തി നിൽക്കേണ്ട. ഇതു നമ്മുടെ ചിത്രമാണ്. അഭിമാന ചിത്രം. ഏതു മേളയിലും നെഞ്ചുവിരിച്ചു നിന്ന് നമുക്ക് പറയാം; മലയാളിക്കും നല്ല ചിത്രങ്ങൾ എടുക്കാൻ അറിയാം. തെളിവിതാ ഹാജരാക്കുന്നു. ഇതു കാണൂ.... ആസ്വദിക്കൂ... കയ്യടിക്കൂ....

അഞ്ചുപേർ സുഹൃത്തുക്കൾ അവരൊത്തു ചേരുന്നു. പിറ്റേന്ന് തിരഞ്ഞെടുപ്പ്. ഒരു യാത്ര പോയാലോ. എല്ലാവർക്കും സമ്മാനം. അങ്ങനെ തിരഞ്ഞെടുപ്പ് ദിവസം അവർ കാടു കയറുന്നു. കുപ്പിയുമായി കപ്പയുണ്ട് കോഴിയും. ഒരു പ്രദേശ വാസിയെ ഒരുക്കങ്ങൾക്കായി ചുമതലപ്പെടുത്തിയിട്ടുണ്ട് അയാളും അടുത്തുള്ള സ്ത്രീയും കൂടി ഭക്ഷണം പാകം ചെയ്യും. സുഹൃത്തുകൾക്കു മതി വരുവോളം ആടാം, പാടാം കുടിക്കാം, ആടിയുലയാം.

ozhivu-divasathe-kali

കാട്ടിലെത്തി കുടി തുടങ്ങുന്നതോടെ അഞ്ചുപേരുടേയും യഥാർഥ സ്വഭാവം പുറത്തുവരുന്നു. ആദ്യരംഗം മുതൽ സ്വഭാവികമായാണ് ചിത്രം മുന്നേറുന്നത്. മികച്ച അഭിനേതാക്കൾ. കൃത്രിമത്വമില്ലാത്ത അഭിനയം. കേട്ടു ചിരിക്കാവുന്ന സംഭാഷണങ്ങൾ. ഒരു ഉഗ്രൻ ചിത്രമെന്ന് ഒരു സംശയവുമില്ലാതെ വിശേഷിപ്പിക്കാം.

അരുവിക്കരയിലെ ഉപതിരഞ്ഞെടുപ്പിനെ പശ്ചാത്തലത്തിലാണ് ചിത്രം പുരോഗമിക്കുന്നത്. സുഹൃത്തുക്കളുടെ ആട്ടവും പാട്ടും കുടിയും നടക്കുന്ന മുറിയിൽ ഒരു ടെലിവിഷനുണ്ട്. അതിലൂടെ തിരഞ്ഞെടുപ്പിന്റെ വാർത്തകൾ എത്തുന്നു.ആദ്യാവസാനം ടെലിവിഷൻ വാർത്തകളിലൂടെ ചിത്രത്തിലെ പ്രധാന കഥാപാത്രമാകുന്നു.

sanal-kumar സനൽകുമാർ ശശിധരൻ

മലയാളിയുടെ കപടനാട്യത്തിനു നേരെ കടന്നാക്രമണം നടത്തുകയാണു സിനിമ. മദ്യപാനം, രാഷ്ട്രീയം, ലൈംഗികത, ധാർമിക പ്രതിബദ്ധത. ഇവയൊക്കെ ചോദ്യം ചെയ്യപ്പെടുന്നു. സുഹൃത്തുക്കളായി വന്നവർക്കിടയിൽ വഴക്ക് രൂപപ്പെടുന്നു. കെട്ടിപ്പിടിച്ചു വന്നവർ പരസ്പരം കയ്യോങ്ങുന്നു. തെറിവിളിക്കുന്നു. സംഘർഷത്തിന്റെ വക്കുവരെയെങ്കിലും വീണ്ടും അവർ കൂടിച്ചേരുന്നു. കൊണ്ടുവന്ന കുപ്പികളൊക്കെ തീർന്നപ്പോൾ ഒരാൾ ടൗണിൽ പോയി പുതിയ കുപ്പി സംഘടിപ്പിച്ചു. പാചകം ചെയ്യാനെത്തിയ സ്ത്രീ ഗീത. ചിത്രത്തിലെ ഒരേയൊരു സ്ത്രീ കഥാപാത്രം. ലഹരി തലയ്ക്കു പിടിക്കുമ്പോൾ ചിലരുടെ കണ്ണ് സ്ത്രീയിലേക്കു നീണ്ടുപോകുന്നു. അവരെ വശത്താക്കാനുള്ള ശ്രമങ്ങൾ ഒടുവിൽ നേരം കളയാൻ അവർ ഒരു കുളി കുളിക്കാൻ തീരുമാനിച്ചു. രാജാവും മന്ത്രിയും കള്ളനും പൊലീസുകാരനും ന്യായാധിപനുമുള്ള കളി. ആ കളി കാര്യമാകുന്നതാണു സിനിമയുടെ പ്രമേയം. ആർത്തു ചിരിച്ചു, രസിപ്പിച്ചു മുന്നേറുന്ന ചിത്രം ദുരന്തത്തിൽ കലാശിക്കുന്നു. അപ്പോഴേക്കും ടെലിവിഷനിൽ ചർച്ച ചൂടുപിടിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടികൾ പിന്നോട്ടു പോകുന്നതിനെക്കുറിച്ച്.

ഒഴിവുദിവസത്തെ കളി രാഷ്ട്രീയ സിനിമയാണ്. ഒപ്പം സദാചാര സിനിമയും കണ്ണാടിയിലെന്നപോലെ മലയാളി മുഖം നോക്കുന്ന ചിത്രം. സ്വന്തം രൂപം എത്ര വിചിത്രമാണെന്ന തിരിച്ചറിവു തരുന്ന കാര്യങ്ങൾ. ഉറക്കെ പറയുന്ന ബുദ്ധി ജീവി വർത്തമാനങ്ങൾക്കുള്ളിൽ എത്ര തൽപരനാണ് നമ്മൾ എന്ന നമ്മെ ബോധ്യപ്പെടുത്തുന്നു സനൽകുമാർ ശശിധരനും കൂട്ടുകാരും. അരുൺകുമാർ, ഗിരീഷ് നായർ, നിസ്താർ അഹമ്മദ്, ബൈജു നെട്ടോ, പ്രദീപ് കുമാർ, റെജു പിള്ള, അഭിജ എന്നിവരാണ് അഭിനേതാക്കൾ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.