Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതീക്ഷകളുടെ പാട്ടുകാരൻ; സ്വപ്നങ്ങളുടെയും...

idol

പോരാട്ടം തന്നെയായിരുന്നു മുഹമ്മദ് അസ്സഫിന്റെ ജീവിതം. ഏറെക്കാലം നീണ്ട പോരാട്ടം. ചുറ്റുമുള്ളവരുടെ പ്രതീക്ഷ നൽകിയ ഭാരവും സമ്മർദ്ദവും മൂലം ‌ഇടയ്ക്ക് ഒന്നിടറിയെങ്കിലും സ്വപ്നങ്ങളുടെ വർണനൂലിഴകളിൽ പിടിച്ചുകയറി ലക്ഷ്യത്തിലെത്തിയ അസ്സഫ്. ആ പോരാട്ടത്തിന്റെ കഥ പറയുകയാണ് പലസ്തീനിൽ നിന്നുള്ള ചിത്രം ദ് ഐഡൽ.

യഥാർഥ ജീവിതത്തിൽ നിന്നുള്ള കഥയാണിത്. ഗാസയിൽ വിവാഹവീടുകളിൽ പാട്ടുപാടിയിരുന്ന മുഹമ്മദ് അസ്സഫ് 2013ലെ അറബ് ഐഡൽ സംഗീത റിയൽറ്റി ഷോയിൽ ജേതാവായ കഥ. ചിത്രത്തിന്റെ അവസാനം അസ്സഫിന് എസ്എംഎസ് അയയ്ക്കാനുള്ള പ്രചാരണത്തിന്റെയും ഫൈനൽ വിധിപ്രഖ്യാപനത്തിന്റെയും ആഹ്ലാദാവേശത്തിന്റെയുമൊക്കെ യഥാർഥ വിഡിയോ തന്നെയാണ് കാണിക്കുന്നത്.

നന്നായി പാടും മുഹമ്മദ് അസ്സഫ് എന്ന ബാലൻ. കയ്റോ ഓപ്പറ ഹൗസിൽ പാടണമെന്നും തന്റെ ശബ്ദം ലോകം മുഴുവൻ കേൾക്കണമെന്നുമാണ് അവന്റെ ആഗ്രഹം. പക്ഷേ, ഗാസയിലെ ദുരിതജീവിതത്തിനിടയിൽ ആ ആഗ്രഹങ്ങൾ എങ്ങനെ നടക്കാൻ. അവന്റെ ആഗ്രഹം സാധിക്കണമെന്ന് ഒരുപക്ഷേ, അവനെക്കാൾ കൊതിക്കുന്ന മറ്റൊരാളുണ്ട്. അവന്റെ സഹോദരി. ഒപ്പം രണ്ടു സുഹൃത്തുക്കൾ കൂടിയുള്ള നാൽവർസംഘത്തിന്റെ പ്രകടനമാണ് പിന്നെ. സംഗീതോപകരണങ്ങൾ വാങ്ങാൻ പലതരത്തിൽ ജോലിചെയ്തു പണമുണ്ടാക്കുന്നു അവർ. അതുപയോഗിച്ചു വിവാഹസൽക്കാരങ്ങളിൽ പാട്ടുപാടുന്നു. സംഗീതം പഠിപ്പിക്കാനും പ്രോൽസാഹിപ്പിക്കാനുമായി ബാൻഡ് പരിശീലകനായ ഒരു നല്ല മനുഷ്യനെയും അവർക്കു കിട്ടി.

പക്ഷേ, ജീവിതം തകിടംമറിയാൻ അധികസമയം വേ​ണ്ടല്ലോ. അസ്സഫിന്റെ സഹോദരിക്കു വൃക്കരോഗം ബാധിച്ചതോടെ ചികിൽസയ്ക്കു പണമുണ്ടാക്കാനായി ഓട്ടം. പക്ഷേ, സഹോദരി മരിച്ചതോടെ ഉള്ളിൽ മാത്രമായി അസ്സഫിന്റെ സംഗീതം. കൗമാരം കടന്നതോടെ ടാക്സി ഡ്രൈവറായി അസ്സഫ്. സഹോദരിയോടൊപ്പം വൃക്കരോഗത്തിനു ഡയാലിസിസ് ചെയ്തിരുന്ന പഴയ കൂട്ടുകാരിയെ കണ്ടുമു‌ട്ടിയതോടെ സംഗീതം വീണ്ടും ശ്രുതിമീട്ടാൻ തുടങ്ങി.

the-idol-movie

അറബ് ഐഡൽ റിയൽറ്റി ഷോയുടെ മൽസരാർഥികളെ തിരഞ്ഞെടുക്കുന്നതറിഞ്ഞ അസ്സഫ് അവിടെയെത്തുന്നു. ഏറെ പ്രയാസപ്പെട്ടാണ് എത്തിയതു തന്നെ. വ്യാജവീസയും അതിർത്തിവഴി ഒളിച്ചുക‌ടക്കലും എല്ലാമായാണ് ഈജിപ്തിൽ നടക്കുന്ന പരിപാടിക്കെത്തിയത്. പക്ഷേ, തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ കഴിയാതെ അതിനകത്തേക്കും മേൽക്കൂര വഴി ഒളിച്ചുകടക്കേണ്ട ഗതിയായിരുന്നു. പ്രതിബന്ധങ്ങൾ പലതും തരണം ചെയ്ത് അസ്സഫ് പാടി, തിരഞ്ഞെടുക്കപ്പെട്ടു. പിന്നെ ആഴ്ചകൾ നീണ്ട റിയൽറ്റി ഷോ. ഫൈനലിൽ എത്തിയപ്പോഴേയ്ക്ക് മുഹമ്മദ് അസഫ് പലസ്തീനിന്റെ മാത്രമല്ല, അറബ് മേഖലയുടെ തന്ന‌െ ഓമനയായി മാറിയിരുന്നു.

പലസ്തീൻ ഐക്യത്തിന്റെയും ദേശീയതയുടെയും പ്രതീകമായും മേഖലയിൽ സമാധാനം കൊണ്ടുവരുന്ന ദൂതനായും ഇസ്രയേൽ - പലസ്തീൻ യുദ്ധം അവസാനിപ്പിക്കും എന്നു കരുതുന്ന ഭാഗ്യബിംബമായും വരെ അസ്സഫ് വാഴ്ത്തപ്പെട്ടു. പക്ഷേ, ഇതെല്ലാംകൂടി അസ്സഫിനെ സമ്മർദ്ദത്തിലാക്കുന്നു. ചെറിയ ഹൃദയാഘാതം വന്ന് ആശുപത്രിയിലാകുന്നു അസ്സഫ്. എന്നാൽ, മുൻപെന്നത്തെയും പോലെ അതും മറികടന്ന അസ്സഫ് മൽസരത്തിൽ വിജയിയായി.

idol-movie

ഏറെ മനോഹരമായെടുത്തിരിക്കുന്ന ചിത്രത്തിൽ എല്ലാ കഥാപാത്രങ്ങളെയും മികച്ച രീതിയിൽ അവതരിപ്പിക്കുകയും ചെയ്തു നടീനടൻമാർ. പതിറ്റാണ്ടുകൾക്കു ശേഷം ഗാസയിൽ തന്നെ ഒരു സിനിമയുടെ ചിത്രീകരണം നടക്കുകയും ചെയ്തു. ഹനി അബു അസ്സദ് ആണ് സംവിധായകൻ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.