Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരം കോച്ചുന്ന തണുപ്പിലൊരു മനം മയക്കുന്ന സിനിമ

rams-movie

മഞ്ഞുപോലെ നരച്ച താടിയുള്ള രണ്ട് സഹോദരങ്ങള്‍. അടുത്തടുത്ത വീടുകളിലാണ് ഇരുവരുടെയും താമസം, പക്ഷേ 40 വര്‍ഷമായിരണ്ടു പേരുമൊന്ന് പരസ്പരം മിണ്ടിയിട്ട്. ഇരുവരും തമ്മിലുള്ള ശത്രുത ആ പര്‍വതപ്രദേശത്തെ ഓരോരുത്തരുടെയും നേരമ്പോക്കുകളിലെ സ്ഥിരം സംസാരവിഷയങ്ങളിലൊന്നാണ്. എന്താണു പക്ഷേ ആ ശത്രുതയ്ക്ക് കാരണമെന്ന് ആര്‍ക്കും അറിഞ്ഞുകൂടാ. അവരിലൊരാള്‍, ഗുമ്മി, തന്നെക്കാളും തന്റെ ആട്ടിന്‍പറ്റത്തെ സ്‌നേഹിക്കുന്ന കര്‍ഷകന്‍.

മറ്റൊരുവന്‍ കിഡി, മുഴുക്കുടിയനാണ്, പക്ഷേ സഹോദരനെപ്പോലെത്തന്നെ ചെമ്മരിയാടുകള്‍ അയാളുടെയും ജീവനാണ്. പരസ്പരം സ്‌നേഹിക്കുന്നതിനെക്കാള്‍ ആ പ്രദേശത്തുള്ള മനുഷ്യര്‍ക്ക് ഇഷ്ടക്കൂടുതല്‍ തങ്ങളുടെ അത്താണിയായ ചെമ്മരിയാടുകളോടാണ്. അത്രമാത്രം ആ ജീവിവര്‍ഗത്തോടു ചേര്‍ന്നു ജീവിക്കുന്ന കുറേ മനുഷ്യര്‍. അതിനിടെയാണ് ആടുകളുടെ തലച്ചോറിനെ കാര്‍ന്നു തിന്നുന്ന മാരകരോഗം പ്രദേശത്താകെ പരക്കുന്നത്. അതിനു കാരണക്കാരനാകുന്നത് കിഡിയുടെ മുട്ടനാടും. അക്കാര്യം മൃഗസംരക്ഷണവിഭാഗത്തെ അറിയിക്കുന്നത് ഗുമ്മിയും.

RAMS Trailer (2016)

പക്ഷേ സഹോദരനോട് പ്രതികാരം ചെയ്യാമെന്ന ഗുമ്മിയുടെ കണക്കുകൂട്ടലെല്ലാം തെറ്റി. രോഗം പ്രദേശത്തെ ഫാമുകളെ ഒന്നാകെ ബാധിച്ചിരുന്നു. അതോടെ, തങ്ങളെുടെ ജീവനോപാധിയായ ആട്ടിന്‍പറ്റത്തെ കൂട്ടേെത്താടെ കൊന്നൊടുക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. ഇനി രണ്ടു വര്‍ഷം കഴിയണം അവര്‍ക്ക് ആടുവളര്‍ത്തല്‍ വീണ്ടും തുടങ്ങാന്‍. തന്റെ നാശത്തിനു കാരണക്കാരനായ ഗുമ്മിയെ ചീത്ത വിളിക്കുകയാണ് കിഡിയുടെ ഇപ്പോഴത്തെ ജോലി. അതിനിടയിലും ആരുമറിയാതെ ഗുമ്മി ആടുകളെ വളര്‍ത്തുന്നുണ്ട്. അധികാരികളുടെ കണ്ണില്‍പ്പെടാതെ അവയെ വളര്‍ത്തുകയാണ് ഗുമ്മിയുടെ മുന്നില്‍ ഇപ്പോഴുള്ള പ്രധാന വെല്ലുവിളി. അതിന് അയാള്‍ക്ക് ശത്രുവായ സഹോദരന്റെ സഹായം അത്യാവശ്യമായിരുന്നു.

rams

ഐസ് ലന്‍ഡില്‍ നിന്ന് ഓസ്‌കറിലേക്കുള്ള ഔദ്യോഗിക എന്‍ട്രിയായ റേംസ് എന്ന ഈ ചിത്രം നേര്‍ത്തൊരു മഞ്ഞുതണുപ്പോടെ മാത്രമേ പ്രേക്ഷകനു ഹൃദയത്തിലേറ്റു വാങ്ങാനാകൂ. കാന്‍ ചലച്ചിത്രമേളയിലും മികവിന്റെ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു Grimur Hakonarsonന്റെ റേംസ്. ചിത്രം നടക്കുന്ന പ്രദേശം പോലെത്തന്നെ സുന്ദരമാണ് ഇതിന്റെ കഥയും. രണ്ടു കാലങ്ങളിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം. ഒന്ന് വസന്തകാലമാണ്. വെയിലും നേര്‍ത്ത കാറ്റുമുളള ആ നല്ലകാലത്തിലാണ് പക്ഷേ അന്നാട്ടുകാരുടെ ദുരിതത്തിനു തുടക്കമാകുന്നത്. ഇനി വരുന്നത് മഞ്ഞുകാലമാണ്. ജീവിതോപാധിയായ ആടുകളെ കൂട്ടത്തോടെ കൊന്നതോടെ ഇനിയെന്ത് എന്ന ചിന്തയിലാണവര്‍. മഞ്ഞുകാലത്തില്‍ കൊടുംദുരിതമായിരിക്കുമെന്നതുറപ്പ്. കിഡിയെ സംബന്ധിച്ചിടത്തോളം ഒരുഘട്ടത്തില്‍ ജീവന്‍ പോലും നഷ്ടപ്പെടുമായിരുന്നു. പക്ഷേ അയാളെ അങ്ങനെയങ്ങ് മരണത്തിനു വിട്ടുകൊടുക്കാന്‍ ഗുമ്മി ഒരുക്കമായിരുന്നില്ല.

പ്രകൃതിയില്‍ മഞ്ഞുരുകണമെങ്കില്‍ കാലാവസഥ മാറണം. പക്ഷേ ബന്ധങ്ങളിലെ മഞ്ഞുരുകലിന് കാലത്തിന്റെ കൈത്തലോടല്‍ ആവശ്യമില്ലല്ലോ. കിഡിയും ഗുമ്മിയും തമ്മിലുള്ള ശത്രുതയും ഉരുകിത്തീര്‍ന്നേ മതിയാകൂ. ശത്രുക്കളാണെങ്കിലും ഇരുവര്‍ക്കും ചെമ്മരിയാടുകളെന്നാല്‍ ജീവനാണ്. പ്രത്യേകിച്ച് ആണ്‍ചെമ്മരിയാട്. മിടുക്കന്മാരായ മുട്ടനാടുകളെ സ്വന്തമാക്കുന്നതിനു വേണ്ടിയാണോ അവര്‍ ജീവിച്ചിരിക്കുന്നതെന്നു പോലും ചില ഘട്ടത്തില്‍ തോന്നിപ്പോകും.

അവയെയും നഷ്ടപ്പെടുമെന്നു കണ്ടാല്‍ ഇരുവര്‍ക്കു ഒന്നിച്ചു നിന്നേ മതിയാകൂ. അതുതന്നെയാണ് റേംസില്‍ സംഭവിച്ചതും. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം പറയുന്ന എത്രയോ ചിത്രങ്ങളുണ്ട്. കഴിഞ്ഞ വര്‍ഷം തന്നെ കോണ്‍ ഐലന്റ് പോലുള്ള സിനിമകള്‍ മനസ്സുനിറച്ചതുമാണ്. ഇത്തവണ കിഡിയും ഗുമ്മിയുമാണ് ഐഎഫ്എഫ്‌കെ ഹൃദയങ്ങളെ നിറയ്ക്കാനെത്തുന്നത്. ചിലതെല്ലാം സംഭവിക്കുമ്പോള്‍ അറിയാതെയെങ്കിലും നമ്മള്‍ ദൈവത്തെ പഴിക്കാറുണ്ട്, അല്ലെങ്കില്‍ വിധിയെ. എന്നാല്‍ വിധിയുടെ ചില മോശം തീരുമാനങ്ങള്‍ക്കുണ്ടാകുന്ന അന്ത്യം ശ്രദ്ധിച്ചിട്ടുണ്ടോ...?അതൊരുപക്ഷേ നമ്മുടെ മനസ്സുനിറയ്ക്കാന്‍ പ്രാപ്തമാകും വിധം നന്മ നിറഞ്ഞതായിരിക്കും. എണ്‍പതുകളിലെത്തിയ രണ്ട് വൃദ്ധന്മാര്‍ മഞ്ഞുപുതപ്പിന്നടിയില്‍ കെട്ടിപ്പിടിച്ചു കിടക്കുന്ന ഒരുനിമിഷമുണ്ട് റേംസില്‍... കാണുമ്പോള്‍ കണ്ണുനിറയാതിരിക്കാന്‍ ശ്രമിക്കുക. കാരണം ഹൃദയത്തില്‍ നന്മയുളള ചില കാഴ്ചകള്‍ കാണുമ്പോള്‍ ചങ്കുപിടയ്ക്കുക സ്വാഭാവികം, കണ്ണുകരയാനും...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.