Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരിച്ചറിവുകളുടെ അറുന്നൂറ് മൈൽ

600

അറുന്നൂറ് മൈൽ നീളുന്ന യാത്രയിലൂടെ അരാജകത്വം വാഴുന്ന മെക്സിക്കോയെ കുറിച്ച്, ഭീകരതയിലേക്ക് വീഴേണ്ടി വന്ന യുവാവിന്റെ നിസഹായതയെ കുറിച്ച് സംവദിക്കുന്ന ചിത്രം. എൺപത്തിയഞ്ച് മിനുട്ടിൽ ഗബ്രിയേൽ റിപ്സ്റ്റീനൊരുക്കിയ 600 മൈൽസ് എന്ന ചിത്രത്തെ ചുരുക്കം വാക്കുകളിലൂടെ ഇങ്ങനെ പറയാം. മിക്ക മേളകളിലുമുണ്ടാകും ഇത്തരമൊരു മെക്സിക്കൻ ചിത്രം. കള്ളക്കടത്തും മയക്കുമരുന്നും കൊലപാതകങ്ങളും മെക്സിക്കോയുടെ കുറേ ജീവിതങ്ങളെ എങ്ങനെയാണ് കാലഘട്ടത്തിന്റെ ശാപമാക്കി മാറ്റുന്നത് എന്നതിനെ കുറിച്ചുള്ള ചിത്രം. ഇത്തവണത്തെ മേളയിലെ വ്യത്യസ്തമായ ചിത്രങ്ങളിലൊന്നും ഇതുതന്നെയാണ്. യാത്ര പോലെ കണ്ടിരിക്കുന്നവനേയും ഒപ്പം കൊണ്ടുപോകുന്ന ചിത്രം.

അർണുൾഫോ ഒരായുധ കടത്ത് സംഘത്തിലെ കണ്ണിയാണ്. എറ്റിഫ് ഉദ്യോഗസ്ഥനായ ഹാങ്ക് ഹാരിസ് അവനെ പിന്തുടരുകയായിരുന്നു. അർണുൾഫോ പിടിക്കപ്പെട്ടുവെന്നുറപ്പാക്കുന്ന നിമിഷം സംഘത്തിലെ മറ്റൊരു യുവാവ് ഹാങ്ക് ഹാരിസിനെ ഇടിച്ചു വീഴ്ത്തുന്നു. അവശനായ ഹാങ്ക് ഹാരിസ് തങ്ങളുടെ കള്ളക്കടത്തുകൾക്കുള്ള നിർണായക വിവരം തരുമെന്ന അർണുൾഫോയുടെ ചിന്താഗതിയാണ് യാത്രക്ക് പ്രേരിപ്പിക്കുന്നത്. തന്റെ ബോസുമാരുടെ അടുത്തേക്ക് ഹാരിസിനേയും കൊണ്ടുള്ള യാത്ര.

യാത്രയ്ക്കിടയിൽ കുട്ടി ഭീകരന്റെ അപക്വമായ പ്രവൃത്തികള്‍ക്ക് എറ്റിഎഫ് ഉദ്യോഗസ്ഥന്‍ നിന്നുകൊടുക്കുന്നുവോ‌യെന്ന് നമുക്ക് സംശയം തോന്നാം. തന്റെ തലപ്പത്തുള്ളവരിലേക്ക് ചെന്നെത്തുന്ന ഓരോ അവസരങ്ങളും താനെത്രത്തോളം വലിയ ഗർത്തത്തിലാണ് കുടുങ്ങിയിരിക്കുന്നതെന്ന് അവനെ ഓർമിപ്പിക്കുന്നു. ഭീകരതയ്ക്കു മുന്നിൽ സ്വന്തം അമ്മയുടെ സമീപനം പോലും എങ്ങനെയായിരിക്കുമെന്ന് അവൻ തിരിച്ചറിയുന്നു. തോക്കിൻ മുനയിൽ രക്ഷപ്പെട്ടും രക്ഷപ്പെടുത്തിയും അർണുൾഫോയും ഹാരിസും നടത്തുന്ന യാത്രകളൊരിക്കലും ഒരു ത്രില്ലർ ചിത്രത്തിന്റെ പകിട്ടുകൾ തരുന്നില്ല.

60-miles

അറുന്നൂറ് മൈൽ എന്ന വലിയ ദൂരത്തിലൂടെ ആയുധക്കടത്തിന്റെ കണ്ണികളിലേക്ക് കടന്നു ചെല്ലുന്ന എറ്റിഎഫ് ഉദ്യോഗസ്ഥൻ ഹാങ്ക് ഹാരിസിനെ ടിം റോത്ത് അനായാസ അഭിനയ മികവിലൂടെ ജീവസ്സുറ്റതാക്കി മാറ്റി. താനൊരു ദുഷിച്ചതും വലുതുമായ ശൃംഖലയുടെ ഭാഗമാണെന്ന് പലപ്പോഴും മറന്നു പോകുന്ന അർണുൾഫോ റൂബിയോയെ ലോകത്ത് പലയിടത്തും കാണാം, എത്ര തടഞ്ഞിട്ടും അണപൊട്ടിയൊഴുകുന്ന അവന്റെ കണ്ണുനീരും ഇടയ്ക്കിടെ താനാരാണെന്ന് സ്വയം മനസ് ഓർമപ്പെടുത്തുമ്പോഴുള്ള ക്ഷോഭവും പച്ചയായ മനുഷ്യജീവിതത്തെയാണ് കാണിച്ചു തരുന്നത്. ഭീകരൻ കരയുന്നുവെന്നു വേണമെങ്കിൽ പറഞ്ഞ് നമുക്ക് ചിരിക്കാം അല്ലെങ്കിൽ അവനെയിങ്ങനെയാക്കിയ ജീവിത പാതകളിലേക്കൊരു എത്തിനോട്ടം നടത്താം.

അതുമല്ലെങ്കിൽ വിദഗ്ധമായി അവന്റെ മനസിനെ ഉപയോഗപ്പെടുത്തിയ എറ്റിഫ് ബുദ്ധിയെ വാനോളം പുകഴ്ത്താം. കൃത്യമായൊരിടത്ത് അവസാന ഫ്രെയിം ചെന്നെത്തുന്നുവെങ്കിലും അർണുൾഫോ ഇനി എന്തുചെയ്യും എന്ന ചോദ്യം കുറേ മനസുകളിലെങ്കിലും ഉയർന്നു വന്നേക്കാം. അങ്ങനെ ഒരുപാട് ചോദ്യങ്ങളുമായി ആരൊക്കെയോ തുന്നിക്കൂട്ടിയ വലയിൽ കുരുങ്ങിപ്പോയ കുറേ മനസുകളുടെ നിഷ്കളങ്കതയെ കുറിച്ച് പറയുന്ന ചിത്രമാണ് 600 മൈൽസ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.