Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രതിയുടെ രീതികള്‍ മാറുകയാണ്, സിനിമയുടെയും...

videofilia

ശരീരം ശരീരത്തോടു ചേരാതെ തന്നെ രതി സാധ്യമാകുന്ന ഒരിടം, ഇതുള്‍പ്പെടെ സൈബര്‍ സ്‌പെയ്‌സ് മുന്നോട്ടു വയ്ക്കുന്ന പുതിയ സാധ്യതകള്‍ ഒട്ടേറെയാണ്. എല്ലാം തന്നെ പരമ്പരാഗത ചിന്തകളെ അട്ടിമറിക്കുന്നവ. അത്തരമൊരു കാലത്തിലൂടെയാണ് നാം നടക്കുന്നതും, മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നതും. സ്വാഭാവികമായും ആ പുതിയ ഇടം മുന്നോട്ടുവയ്ക്കുന്ന വെല്ലുവിളികളെ നേരിട്ടേ മതിയാകൂ.

കാഴ്ചകളിലും കൗതുകങ്ങളിലും കടലു പോലെയാണ് സൈബറിടം. പര്യവേക്ഷണം നടത്തി കണ്ടെത്താന്‍ ഒട്ടേറെ ഭൂമികകളുണ്ടവിടെ. അതില്‍ അഭിരമിക്കുന്ന ഒരു തലമുറയുടെ കഥയാണ് വിഡിയോഫീലിയ. കഥയെന്നു പറയാനാവില്ല, ഇതുവരെ കാണാത്ത ചില ജീവിതരീതികളുടെ അവതരണം. മനുഷ്യരെക്കാള്‍ കംപ്യൂട്ടര്‍ വൈറസുകളും ഫെയ്‌സ്ബുക്കും പോണ്‍സൈറ്റുകളുമെല്ലാമാണ് ഇവിടെ അഭിനേതാക്കള്‍.

വെര്‍ച്വല്‍ റിയാലിറ്റിയുടെ കാലത്ത് സിനിമ എങ്ങനെയായിരിക്കുമെന്നതിന്റെ തെളിവാണ് പെറുവില്‍ നിന്നുള്ള ഈ ചിത്രം. സൈബര്‍ ലോകത്ത് പെറുവെന്നോ ഇന്ത്യയെന്നോ ഇല്ലല്ലോ. അതുകൊണ്ടുതന്നെ വാട്ട്‌സാപ്പ് കൈമാറ്റങ്ങളുടെ ഈ കാലത്തില്‍ മലയാളികള്‍ക്കും പെട്ടെന്നു പരിചിതമാകും വിഡിയോഫീലിയ. പരമ്പരാഗത രീതിയിലുള്ള അധികം സിനിമാക്കാഴ്ചകളൊന്നും കാണാനാകില്ല ഇതില്‍. സ്ഥിരം ചലച്ചിത്രരീതികളില്‍ നിന്നുള്ള വഴിമാറി നടക്കല്‍ വിഡിയോഫീലിയ എന്ന പേരില്‍ നിന്നു തന്നെ തുടങ്ങുന്നു.

Videofilia (Y Otros Síndromes Virales) (Trailer)

വിഡിയോകളുടെ ലോകത്ത് അല്ലെങ്കില്‍ വെര്‍ച്വല്‍ ലോകത്ത് അഭിരമിക്കുന്ന ഒരു തലമുറയെയാണ് ഇവിടെ കാണാനാവുക. എന്നാല്‍ വെര്‍ച്വല്‍ റിയാലിറ്റി എന്ന ഒന്നുണ്ടോയെന്ന് സംവിധായകന്‍ ജുവാന്‍ ഡാനിയേല്‍ എഫ്.മൊലേറോ അന്വേഷിക്കുന്നുണ്ട്. അതിനുള്ള ഉത്തരവും കാണാം. വെര്‍ച്വല്‍ റിയാലിറ്റിയേക്കാള്‍ പിക്‌സലേറ്റ് ചെയ്ത റിയാലിറ്റി എന്നാണ് സംവിധായകന്‍ ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. അവിടത്തെ കാഴ്്ചകള്‍ ഒന്നും വ്യക്തമല്ല, എന്താണ് നടക്കുന്നതെന്ന് പോലും ആര്‍ക്കും അറിയാത്ത വിധം മങ്ങിയ, പിക്‌സലേറ്റ് ചെയ്ത കാഴ്ചകള്‍. വിഡിയോഫീലിയ ആരംഭിക്കുമ്പോള്‍ തന്നെ അങ്ങനെയാണ്. ഭംഗിയുള്ള, തെളിമയുള്ള വിഷ്വലുകള്‍ കണ്ടുപരിചയിച്ച പ്രേക്ഷകനു മുന്നിലേക്ക് ചിതറിത്തെറിക്കുന്ന കാഴ്ചകളാണെത്തുന്നത്. പല പല പിക്‌സലുകള്‍. ചിത്രം കണ്ടുകൊണ്ടിരിക്കെ പ്രേക്ഷകരില്‍ ചിലര്‍ അസ്വസ്ഥതയുടെ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു-എന്താണിത് പ്രൊജക്ടറിന് എന്തോ പ്രശ്‌നം പറ്റിയിട്ടുണ്ടല്ലോ എന്നൊക്കെ. കാഴ്ചയുടെ ആ അസ്വസ്ഥത വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. സിനിമയുടെ പതിവുരീതികളില്‍ നിന്നുള്ള മാറ്റങ്ങളായിരുന്നു പിന്നീടങ്ങോട്ട്.

സൈബറിടത്തില്‍ ആനന്ദം തേടുന്നവരാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍. അതിലൊരാള്‍ പോണ്‍ വിഡിയോകള്‍ നിര്‍മിക്കാനുളള സാധ്യതയായിട്ടാണ് സൈബര്‍ ലോകത്തെ കാണുന്നത്. ഒളിക്യാമറകളുടെ വൈവിധ്യലോകത്തിലാണ് അയാളുടെ ജീവിതം. അയാളുടെ ഇരയായി വീഴുന്ന ഒരു പെണ്‍കുട്ടിയാകട്ടെ തന്റെ എല്ലാത്തരം ആഗ്രഹങ്ങളുടെയും പൂര്‍ത്തീകരണത്തിന് സൈബറിടത്തെ ആശ്രയിക്കുന്നവളാണ്. അവള്‍ അവനോട് ഒരു പോണ്‍വിഡിയോ തയാറാക്കി നല്‍കാന്‍ വരെ ആവശ്യപ്പെടുന്നുണ്ട്. അതിനു പിന്നില്‍ അവള്‍ക്കൊരു ലക്ഷ്യവുമുണ്ടായിരുന്നു. എന്നാല്‍ ഇങ്ങനെ എഴുതി വയ്ക്കുന്നതുപോലെ എളുപ്പമായിരുന്നില്ല സിനിമയിലെ കഥയുടെ അവതരണം. കഥയായി പറയുകയാണെങ്കില്‍ വിഡിയോഫീലിയ നമ്മളെ ഗോണ്‍ഗേള്‍ പോലുള്ള ചില പ്രതികാര സിനിമകളെ ഓര്‍മിപ്പിക്കും. എന്നാല്‍ മാറുന്ന കാലത്തിനും ലോകത്തിനും അനുസരിച്ചാണ് ജുവാന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്.

രണ്ടുപേര്‍ തമ്മിലുള്ള സംഭാഷണത്തിനിടയില്‍ ഒട്ടേറെ പേര്‍ അദൃശ്യരായി അവരെ ഒളിഞ്ഞു നോക്കുന്നുണ്ടെന്നും കാണിച്ചുതരുന്നു ചിത്രം. അതുകൊണ്ടുതന്നെ സ്വാഭാവികമായ ഇന്റര്‍നെറ്റ് സംഭാഷണങ്ങള്‍ക്കിടെ പലപ്പോഴും കംപ്യൂട്ടര്‍ വൈറസുകളുടെ സാന്നിധ്യം കാണാം. അല്ലെങ്കില്‍ പിക്‌സലേറ്റ് ചെയ്തു പോകുന്ന കാഴ്ചകള്‍. നിങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നു എന്നതിന്റെ സൂചന പോലുമായിരിക്കും അത്. പക്ഷേ അത് തിരിച്ചറിയാന്‍ വഴികളൊന്നുമില്ല. ആ അറിവില്ലായ്മയുടെ ചതിക്കുഴികളും വിഡിയോഫീലിയയിലൂടെ പ്രേക്ഷകനു മുന്നിലെത്തും.

movie

അധികമാരും കൈവയ്ക്കാത്ത ഒരു വിഷയം, സ്വാഭാവികമായും അതിനെപ്പറ്റി സംശയങ്ങളേറെയുണ്ടാകും. സിനിമാ എലമെന്റുകള്‍ക്കൊപ്പം ഇതുവരെ ഡോക്യുമെന്ററികളില്‍ മാത്രം കണ്ടിട്ടുള്ള പരിചരണരീതികള്‍ കൂടിയാകുന്നതോടെ വിഡിയോഫീലിയ ആദ്യക്കാഴ്ചയില്‍ അസ്വസ്ഥതകളുണ്ടാക്കും. എന്നാല്‍ ആലോചനകളിലൂടെ വികസിക്കുമ്പോള്‍ ചിത്രം നമ്മെ വിസ്മയിപ്പിക്കും. മാത്രവുമല്ല, വരാനിരിക്കുന്ന, വഴിമാറാനിരിക്കുന്ന ചലച്ചിത്രകാഴ്ചകളുടെ തുടക്കമാണിതെന്ന സൂചന കൂടിയാണ് വിഡിയോഫീലിയ മുന്നോട്ടു വയ്ക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.