Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ട് തരത്തിലൊരു കൊറിയന്‍ പടം, പ്രേക്ഷകന് ഇഷ്ടമുള്ളതെടുക്കാം

right

ചില സിനിമകള്‍ കാണുമ്പോള്‍ വെറുതെയെങ്കിലും നമ്മളോര്‍ക്കും, ഈ കഥ മറ്റൊരു വിധത്തില്‍ പറഞ്ഞിരുന്നെങ്കില്‍ എന്തു രസകരമായേനേ...അങ്ങനെയൊക്കെ ചിന്തിക്കാനേ പ്രേക്ഷകന് അവകാശമുള്ളൂ. മനസിലിട്ട് നമുക്കു വേണമെങ്കില്‍ അത്തരമൊരു പുതുസിനിമയെ സൃഷ്ടിക്കുകയും ചെയ്യാം. മനസ്സു കൊണ്ടു മാത്രം. എന്നാല്‍ സൗത്ത് കൊറിയന്‍ സംവിധായകന്‍ ഹോങ് സാങ് സൂ വെള്ളിത്തിരയില്‍ത്തന്നെ അത്തരമൊരു സാഹസം കാണിച്ചു, റൈറ്റ് നൗ റോങ് ദെന്‍ എന്ന പേരില്‍. ചിത്രത്തിന് രണ്ടു ഭാഗങ്ങളാണ്, ആദ്യത്തേത് റൈറ്റ് ദെന്‍ റോങ് നൗ, രണ്ടാം പകുതി റൈറ്റ് നൗ റോങ് ദെന്നും. പേരിലെപ്പോലെത്തന്നെ അങ്ങോട്ടുമിങ്ങോട്ടുമുള്ള ഒരു മറിച്ചിലാണ് ചിത്രം.

അതായത് രണ്ട് ഭാഗങ്ങളിലും കാണുന്ന കാഴ്ചകള്‍ ഒന്നുതന്നെ, പക്ഷേ പറയുന്ന ഡയലോഗുകള്‍ വേറെ. അതുവഴി അനുഭവിക്കാനാകുന്നതോ സിനിമാറ്റിക് സൗന്ദര്യത്തിന്റെ പുതിയ ഭാവങ്ങളും. ഇതാദ്യമായല്ല ലോകസിനിമയില്‍ ഇത്തരമൊരു പരീക്ഷണം. 2005ല്‍ പുറത്തിറങ്ങിയ വൂഡി അലന്റെ മെലിന്‍ഡ ആന്‍ഡ് മെലിന്‍ഡ എന്ന ചിത്രവും സമാനമായ രീതിയിലാണ് വിഷയത്തെ കൈകാര്യം ചെയ്തത്. അതില്‍പക്ഷേ മെലിന്‍ഡയുടെ ജീവിതമാണ് പറഞ്ഞത്. വൈകാരികതയോട് കുറച്ചേറെ അടുത്തു നിന്നായിരുന്നു ആ സിനിമ.

RIGHT NOW, WRONG THEN Trailer | Festival 2015

എന്നാല്‍ റൈറ്റ് നൗവിന്റെ ആദ്യപകുതി ഒരുപക്ഷേ പ്രേക്ഷകനെ വിരസതയിലേക്ക് തള്ളിയിട്ടേക്കും. തികച്ചും ഒരു ബോറന്‍ ചുറ്റുപാടില്‍ ഒരിടത്തെത്തുന്ന സംവിധായകന്‍. അദ്ദേഹത്തിന്റെ ചിത്രത്തിന്റെ പ്രദര്‍ശനം നടക്കുകയാണവിടെ. പക്ഷേ ആ ഫിലിം ഫെസ്റ്റിവലിലേക്ക് ഒരു ദിവസം നേരത്തെത്തന്നെ കക്ഷിയെത്തി. ചെലവഴിക്കാന്‍ ഒരു ദിവസം മുഴുവനുമുണ്ട്. അങ്ങനെ ആ പ്രദേശം നടന്നുകാണുകയാണ് അദ്ദേഹം. അതിനിടെ ഒരു ചിത്രകാരിയുമായി പരിചയത്തിലാകുന്നു, ഒരു കോഫി കുടിക്കുന്നു, അവളുടെ സ്റ്റുഡിയോയില്‍ പോയി ചിത്രരചന കാണുന്നു.

എല്ലാറ്റിനുമൊടുവില്‍ വളരെ വിരസമായൊരു യാത്ര പറച്ചിലും. യാത്ര പറഞ്ഞിട്ടും അവരിരുവരും സ്‌ക്രീന്‍ വിട്ടുപോയില്ല. വീണ്ടും ആ സംവിധായകനും ചിത്രകാരിയും അതേ സഥലത്തു തന്നെ കണ്ടുമുട്ടുന്നു. നേരത്തെ പറഞ്ഞതു തന്നെയാണല്ലോ ആവര്‍ത്തിക്കുന്നത് എന്ന മട്ടില്‍ ചില ചോദ്യങ്ങളാണ് ആദ്യം കേള്‍ക്കാനാവുക. പക്ഷേ പിന്നീട് കഥയാകെ മാറുകയാണ്. കാഴ്ചകളെല്ലാം നേരത്തെ കണ്ടതുതന്നെ, പക്ഷേ ഡയലോഗുകളെല്ലാം മാറിമറിഞ്ഞു. വിരസമായ ആദ്യപകുതിയില്‍ മാറ്റം വരുത്തിയിരുന്നെങ്കിലെന്ന് പ്രേക്ഷകന്‍ ആഗ്രഹിച്ച കാര്യങ്ങളാണ് പിന്നീട് കാണാനാവുക. അതാകട്ടെ ഏറെ രസകരവുമാണ്.

right-now-wrong-then

ഒരാള്‍ക്ക് രണ്ടുതരത്തില്‍ ഈ ലോകത്ത് ജീവിക്കാം, മനസ്സു പറയുന്നതു പോലെയും മറ്റുള്ളവര്‍ക്കു വേണ്ടിയും. മറ്റുള്ളവര്‍ക്കു വേണ്ടി ജീവിക്കുമമ്പോള്‍ പലപ്പോഴും മനസ്സു പറയുന്നത് കേള്‍ക്കാനാകില്ല. അത്തരമൊരു അവസ്ഥയിലൂടെയാണ് ചിത്രത്തിന്റെ ആദ്യപകുതിയില്‍ കഥാപാത്രങ്ങള്‍ കടന്നു പോകുന്നത്. അവരുടെ പ്രവൃത്തിയിലും പെരുമാറ്റത്തിലുമെല്ലാം ഒരു തരം കാപട്യം കാണാം. കള്ളുകുടിച്ച് കിറുങ്ങിയാലും ബുദ്ധിജീവി ഡയലോഗടിക്കുന്ന തരത്തിലുള്ള കാപട്യം. പക്ഷേ കുടിച്ചു പൂസായിക്കഴിഞ്ഞാല്‍ ഏതു മാന്യനും എങ്ങനെയായിരിക്കും എന്നു കാണാം രണ്ടാം പകുതിയില്‍. യാഥാര്‍ഥ്യവുമായി പ്രേക്ഷകന് കുറച്ചുകൂടി എളുപ്പത്തില്‍ കണക്ട് ചെയ്യാനാകുന്നതും ആ ഭാഗമായിരിക്കും.

അതുകൊണ്ടുതന്നെ രണ്ടാം ഭാഗത്തിന് സൗന്ദര്യവും ഏറെയുണ്ട്. രാത്രിയുടെ വെറും നിശബ്ദതയിലാണ് ഒന്നാം ഭാഗം അവസാനിക്കുന്നതെങ്കില്‍ രണ്ടാം ഭാഗം തീരുമ്പോള്‍ തിരശീലയിലാകെ മഞ്ഞുപൊഴിയുന്നതു കാണാം, ആ മഞ്ഞില്‍ കുളിച്ചൊരു പ്രണയത്തെയും കാണാം. സിനിമയുടെ ഒരു മെനു കാര്‍ഡാണ് ഹോങ് സാങ്‌സൂ സമ്മാനിക്കുന്നത്. ഏതു ഭാഗം സ്വീകരിക്കണമെന്നു പ്രേക്ഷകനു തീരുമാനിക്കാം. സാധിക്കുമെങ്കില്‍ ആ രണ്ടു ഭാഗവും സ്വീകരിക്കുക, കണ്മുന്നില്‍ പിന്നീട് കാണാനാവുക പുതുരുചിയുള്ള ഒരു ചലച്ചിത്ര വിഭവമായിരിക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.