Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുഹൃത്തേ, സഖാവേ, എന്റെ ജീവനേ...

exiles-movie

ഇഷ്ടപ്പെട്ടയാളുടെ കയ്യും പിടിച്ച് എങ്ങോട്ടെങ്കിലും ആരോടും പറയാതെ ഒരു യാത്ര. ഇങ്ങനെയൊരു സ്വപ്നം താലോലിക്കുന്നവർക്കൊക്കെ ഏറെയിഷ്ടപ്പെടും ലോക സിനിമാ വിഭാഗത്തിലെ റൊമാന്റിക് എക്സൈൽസ്. സ്നേഹവും സൗഹൃദവും ഒഴിയാബാധയായി മനസ്സിലേറ്റിനടക്കുന്നവരുടെ പ്രകടനപത്രികയാണ് ഈ ഫ്രഞ്ച്- സ്പാനിഷ് ചിത്രം. സ്വപ്നം പോലെ, ഇഷ്ടഗാനം മൂളിനടക്കുമ്പോലെ, ഇഷ്ടകാഴ്ചയിൽ മനസ്സു ലയിച്ചു നിൽക്കുമ്പോലെ ഒരു അനുഭവം. ഒരു സിനിമ എന്നതിനേക്കാളേറെ ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന ഒരു പാട്ട് എന്നു ചിത്രത്തെ വിശേഷിപ്പിക്കുകയാവും നന്ന്. നിള തിയറ്റർ ചിത്രം തുടങ്ങുംമുമ്പുതന്നെ നിറഞ്ഞു. പിന്നെയും പ്രേക്ഷകരുടെ ഒ‌ഴുക്ക്. പടികളിലിരുന്നും വശങ്ങളിൽ നിന്നും ചിത്രം ആസ്വദിച്ച പ്രതിനിധികളിൽ ഒരാൾപോലും വിരസത എന്തെന്നറിയാതെ എ‌ഴുപതു മിനിറ്റ് ലയിച്ചുചേർന്നു റൊമാന്റിക് എക്സൈൽസിൽ.

ചില ജിവിതങ്ങൾ നമ്മെ മോഹിപ്പിക്കാറുണ്ട്. സ്വപ്നങ്ങളുടെ സാക്ഷാത്കാരം പോലെ അസൂയ തോന്നിപ്പിക്കുന്ന ജീവിതങ്ങൾ. ചില സിനിമകളും നമ്മെ മോഹിപ്പിക്കും. റൊമാന്റിക് എക്സൈൽസ് അത്തരമൊരു സിനിമയാണ്. എന്റേതെന്നു നെഞ്ചിൽ കൈവച്ചു പറയാവുന്ന ഒരു സിനിമ. ജോനാ ട്രൂബയുടെ ഈ സ്പാനിഷ് സിനിമ സൗഹൃദത്തിന്റെ കഥ പറയുന്നു. ഒപ്പം പ്രണയവും. പക്ഷേ, ഈ രണ്ടു വികാരങ്ങളേക്കാളും സ്വാതന്ത്ര്യമാണു ചിത്രത്തിന്റെ യഥാർഥ കാതൽ. ഒരിക്കൽ സുലഭമായിരുന്ന സ്വാതന്ത്ര്യത്തിന്റെ സ്വച്ഛവായു നഷ്ടപ്പെട്ടുവെന്ന ദുരന്തസത്യം.

Los exiliados románticos

മൂന്നു സുഹൃത്തുക്കൾ. ലൂയിസ്. വിറ്റോ. ഫ്രാൻ. കൗമാരത്തിൽനിന്നു യൗവ്വനത്തിലേക്കു പ്രവേശിക്കുന്നവർ. അവർ ഒരു യാത്ര പോകുന്നു. കുടുംബസുഹൃത്തിൽനിന്നു കടം വാങ്ങിയ വാനിൽ - പാരീസിലേക്ക്. സ്വാതന്ത്ര്യത്തിന്റെ നഗരത്തിലേക്ക്. കലയുടെ സ്വർഗത്തിലേക്ക്. സ്വപ്നങ്ങളുടെ ഭൂമികയിലേക്കുള്ള യാത്ര. ഒരു ഇടത്താവളത്തിൽ വിശ്രമിക്കവേ ഫ്രാനിന്റെ കൂട്ടുകാരി എത്തി. അവർ കെട്ടിപ്പിടിച്ചു. ഇരുകവിളിലും മാ‌റി മാറി ചുംബിച്ചു. ഒരിക്കലല്ല. പല തവണ. അവർ പരസ്പരം എല്ലാം മറന്നു ചുംബിച്ചുനിൽക്കുമ്പോൾ സുഹൃത്തുക്കൾ തൊട്ടടുത്തുണ്ട്. അവർക്ക് അസ്വസ്ഥതയില്ല. സൗഹൃദം പോലെ മറ്റെന്താണ് സ്വാഭാവികം ? സ്നേഹമല്ലേ പരമമായ സത്യം.

romantic-exiles-movie

സൗഹൃദം പുതുക്കിയ ഫ്രാൻ കൂട്ടുകാരിയെ ലൂയിസിനും വിറ്റോയ്ക്കും പരിചയപ്പെടുത്തി. മൂന്നുപേരായി തുടങ്ങിയ യാത്രയിൽ നാലാമതൊരാൾകൂടി. പുരുഷൻമാർ മാത്രമുണ്ടായിരുന്ന യാത്രയിലെ ആദ്യ സ്ത്രീസാന്നിധ്യം. യാത്ര കുറച്ചുകൂടി പുരോഗമിക്കവേ മറ്റൊരു പെൺകുട്ടി കൂടി എത്തി. വിറ്റോയുടെ കാമുകി.

യാത്രയ്ക്കിടെ ഹോട്ടലിൽ കയറുന്ന സുഹൃത്തുക്കൾ പാട്ടു കേൾക്കുന്നു. അതവരുടെ ജീവിതത്തെക്കുറിച്ചാണ്. ജീവിതത്തിന്റെ മുറിവുകളിൽ സൗഹൃദം സാന്ത്വനമാകുന്നതിനെക്കുറിച്ച്. യാത്ര തുടരുന്നു. വാനിൽ ഇരുന്നവർ പാട്ടു പാടുന്നു. രണ്ടു പെൺകുട്ടികൾ തുടക്കമിട്ട പാട്ട് സുഹൃത്തുക്കൾ ഏറ്റുപാടുന്നു. പാരീസിന്റെ തെരുവുകളിലൂടെ അവർ മുന്നോട്ടുപോകുമ്പോൾ പ്രേക്ഷകർ ആഗ്രഹിക്കും; ഈ യാത്ര തീരാതിരുന്നെങ്കിൽ. എല്ലാവർക്കും ഇതുപോലെ യാത്രചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ. ലോകത്തെ എണ്ണമറ്റ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് ഈ യാത്രയും നിസ്വാർഥമായ സ്നേഹവും നിസ്സീമമായ സൗഹൃദവവും.

ക‌ൽത്തീരത്തെത്തുന്നു അവർ. ആദ്യം മൂന്ന് ആൺസുഹൃത്തുക്കൾ കടലിലേക്ക് എടുത്തുചാടി. അപ്പോഴും അവർ പാടുന്നുണ്ട്. പെൺകുട്ടികൾ കരയിൽ ഇരിക്കുകയാണ്. അധികനേരമൊന്നും അങ്ങനെയിരിക്കാൻ അവർക്കായില്ല. അവരും എഴുന്നേറ്റു. വസ്ത്രങ്ങൾ ഒന്നൊന്നായി ഊരിയെറിഞ്ഞു. സുഹൃത്തുക്കളുടെ കരവലയത്തിലേക്ക്, സൗഹൃദത്തിന്റെ സമുദ്രത്തിലേക്ക് അവരും. നീ ബുദ്ധിമാനാണോ സുന്ദരനാണോ എന്നതൊന്നും എനിക്കു പ്രശ്നമല്ല.

എനിക്കു നിന്നെ ഇഷ്ടമാണ്. അത്ര തന്നെ. ഞാൻ നിന്നെ സ്നേഹിച്ചുകൊണ്ടേയിരിക്കും.....പാട്ടിന്റെ ഈരടികൾ ഏറ്റുപാടുന്ന പ്രേക്ഷകർക്കുമുന്നിൽ ചിത്രം അവസാനിക്കുന്നു. കയ്യടിക്കാതിരിക്കാനാവുമോ........പ്രണയത്തിന്റെ പ്രവാസികളെ നോക്കി !

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.