Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിൽക്കണം; നിവർന്നുതന്നെ

standing-tall-movie

ആദ്യം മലോനിയെക്കാണുമ്പോൾ അവൻ ഒരു കൈക്കുഞ്ഞാണ്. അച്ഛൻ നഷ്ടപ്പെട്ട കുട്ടി. അമ്മയ്ക്കു സ്ഥിരമായൊരു ബന്ധമില്ല. അവനു താഴെയുള്ള കുട്ടികളെ അവർക്കു നോക്കണം. അനാഥത്വത്തിന്റെ വേദന മലോനിയെ ശല്യക്കാരനായ കുട്ടിയാക്കി. തുടരുന്ന അവഗണന അവനെ വീട്ടിൽ വളർത്താനാവാത്ത വികൃതിയാക്കി. അതായിരുന്നു തു‌ടക്കം. ആറാം വയസ്സിൽ അമ്മയും അവനെ നടതള്ളി. കുട്ടികളുടെ സംരക്ഷണത്തിനുള്ള കോടതിയുടെ വരാന്തയിൽ അലക്ഷ്യമായി എങ്ങോനോക്കിയിരുന്ന അവന്റെ കണ്ണിൽ ഉപേക്ഷിക്കപ്പെട്ട ബാല്യത്തിന്റെ വേദന. അതു രോഷമാവാൻ, ലോകത്തോടുള്ള പ്രതികാരമാവാൻ അധികനേരം വേണ്ടിവന്നില്ല. വലിയൊരു കുറ്റവാളിയിലേക്ക് അവൻ വളരുകയായിരുന്നു ; കോടതിയിലെ വനിതാ മസിസ്ട്രേട്ട് കൃത്യ സമയത്ത് ഇടപെട്ടില്ലായിരുന്നെങ്കിൽ.

രണ്ടു കൈകളും പാന്റ്സിന്റെ ഇരുപോക്കറ്റുകളിലും തിരുകി, അലക്ഷ്യമായി വസ്ത്രം ധരിച്ച്, തല കുനിച്ച് താഴേക്കു നോക്കിനിൽക്കുന്ന മലോനി. കോടതി വരാന്തയിലും മുറികളിലുമായി അവന്റെ ജീവിതം മുന്നോട്ടുപോകുമ്പോഴൊന്നും അവൻ നിവർന്നു നിന്നിട്ടില്ല. ലോകത്തിനു നേരേ നോക്കിയി‌ട്ടില്ല. ജീവിതത്തെ നേരിട്ടിട്ടില്ല. ഒളിച്ചോട്ടമായിരുന്നു ജീവിതം. സ്നേഹം പകർന്നുകിട്ടിയിട്ടില്ലാത്ത വീട്ടിൽ നിന്നും, പരിഗണന നൽകാൻ അറിയാത്ത അമ്മയിൽനിന്നും തന്റെതല്ലാത്ത കാരണങ്ങളാൽ ലോകത്തോടു യാത്ര പറഞ്ഞ അച്ഛനിൽനിന്നുമുള്ള ഒളിച്ചോട്ടം. ലോകസിനിമാവിഭാഗത്തിൽ ധന്യയിൽ പ്രദർശിപ്പിച്ച ഫ്രഞ്ച് സിനിമ ‘സ്റ്റാൻഡിങ് ടോൾ’ സാധാരണ വിഷയത്തെ ഹൃദയസ്പർശിയായി അനുഭവിപ്പിച്ചു കാണികളുടെ പ്രിയം നേടി. സംവിധാനം ഇമ്മാനുവൽ ബെർകോട്ട്. അനാഥരായ കൗമാരക്കാരെ പാർപ്പിക്കുന്ന വീട്ടിലും കുറ്റകൃത്യങ്ങളുടെ വിചാരണ നടക്കുന്ന കോടതിയിലുമായി ജീവിതം മുന്നോട്ടുപോകുന്നതിനിടെ മലോനി യാദൃച്ഛികമായി ടെസയെ പരിചയപ്പെടുന്നു.

കൗമാരക്കാരായ ഒരു ആണിന്റെയും പെണ്ണിന്റെയും ആദ്യകണ്ടുമുട്ടൽ പോലെയായിരുന്നില്ല അത്. ഒരു നിമയങ്ങൾക്കും നിയന്ത്രിക്കാനാവാത്ത, അച്ചടക്കത്തിന്റെ ആദ്യപാഠങ്ങൾ പോലും അടുത്തുകൂടെ പോയിട്ടില്ലാത്ത മലോനിയുടെ ടെസയോടുള്ള പെരുമാറ്റം ക്രൂരമെന്നേ വിശേഷിപ്പിക്കാനാകൂ. ആദ്യചുംബനം പകരേണ്ട കവിളിൽ അവൻ തന്റെ പരുക്കൻ കൈകളാൽ മർദിച്ചു. അവളെ കീഴ്പ്പെടുത്തി. ടെസയുടെ വിതുമ്പലുകൾക്കു മീതെ ആക്രോശങ്ങളാൽ അവൻ ആധിപത്യമുറപ്പിച്ചു. ദിവസങ്ങൾക്കുശേഷം മലോനിയുടെ മൊബൈലിൽ കോൾ വന്നപ്പോൾ അതു ടെസയായിരിക്കുമെന്ന് അവൻ പ്രതീക്ഷിച്ചതേയില്ല. അവൻ നമ്പർ കൈമാറിയിരുന്നില്ല. പരസ്പരം വിളിക്കുന്നതിനെക്കുറിച്ചു സംസാരിച്ചതേയില്ല. ടെസ വിളിച്ചപ്പോൾ മലേനി ചോദിച്ചു: നീയെന്തിന് എന്നെ വിളിച്ചു.

ഞാൻ എപ്പോ‌ഴും നിന്നെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുന്നു എന്നായിരുന്നു ടെസയുടെ മറുപടി. അതു മലോനിയുടെ ജീവിതത്തിൽ ആദ്യമായിരുന്നു. അവനെക്കുറിച്ചു ചിന്തിക്കാൻ മറ്റൊരാൾ. അതു മലോനിയുടെ മനസ്സിൽ തരംഗങ്ങൾ സൃഷ്ടിച്ചു. മാറ്റത്തിന്റെ തു‌ടക്കം.

standing-tall

മലോനിയുടെ വേഷം അവിസ്മരണീയമാക്കിയത് കാതറിൻ ഡോനോവ്. ടെസയ്ക്കൊപ്പം കോടതിയിലെ മജിസ്ട്രേറ്റും മലോനിയുടെ ജീവിതത്തെ സ്വാധീനിച്ചു. വിധി പറയുന്നതോടെ തന്റെ ഉത്തരവാദിത്തം തീർന്നുവെന്നു കരുതുന്ന ജഡ്ജിമാർക്കിടയിൽ അവർ വ്യത്യസ്തയായിരുന്നു. വിചാരണ നടക്കുന്നതിനിടെ അവരുടെ കണ്ണുകൾ ഈറനണിഞ്ഞു. ഇങ്ങനേയും ജീവിതങ്ങളുണ്ടെന്നറിഞ്ഞപ്പോൾ സംഭീതയായി. കണ്ണീരിനും സമ്മർദങ്ങൾക്കും പകരം അവർക്കു കിട്ടിയത് ഒരു ഗ്രീ​റ്റിങ് കാർഡ്. മലോനിയാണ് അത് അയച്ചത്. അത് അവരെ കരച്ചിലിന്റെ വക്കത്തുവരെയെത്തിച്ചു.

ജീവിതത്തിന്റെ നേർവഴിയിലേക്കു തിരിഞ്ഞെങ്കിലും മലോനിയുടെ ജീവിതത്തിൽനിന്നു സമാധാനം അകന്നുനിന്നു. വാഹനാപകടത്തിൽ നേരിയ പരുക്കുകളോടെ രക്ഷപ്പെട്ടു. അമ്മ ഇടയ്ക്കിടെ അവനെ കാണാനെത്തി. ടെസ മാത്രമായിരുന്നു അഭയം. ഇരുപതു വയസ്സുപോലുമെത്തുന്നതിനുമുമ്പു മലോനി അച്ഛനായി. കുഞ്ഞിനെ കൈകളിലേറ്റി നിൽക്കുമ്പോൾ മലോനിയുടെ മുഖത്ത് ക്രൗര്യമില്ലായിരുന്നു. വെറുപ്പോ വൈരാഗ്യമോ ഇല്ലായിരുന്നു. വാൽസല്യത്തിന്റെ പാൽനിലാവ് അവന്റെ മുഖത്ത് ഉദിച്ചുനിന്നു. അവനപ്പോൾ അതുവരെ പ്രാർഥിച്ചിട്ടില്ലാത്ത ദൈവങ്ങളോടു നന്ദി പറഞ്ഞു. അപ്പോഴാദ്യമായി അവൻ ലോകത്തിന്റെ മുഖത്തേക്ക് ആശങ്കകളില്ലാതെ നോക്കി. സ്നേഹത്തോടെ പുഞ്ചിരിച്ചു. അവൻ കാൽ അമർത്തിച്ചവിട്ടി നിന്നു; നിവർന്നുതന്നെ നിന്നു. ധന്യ തിയറ്ററിൽ അപ്പോൾ കയ്യടികൾ ഉയർന്നു. അതു മലോനിക്കുള്ളതാണ്; ഒപ്പം സംവിധായകൻ ഇമ്മാനുവൽ ബെർകോട്ടിനും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.