Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യാഥാർഥ്യത്തിന്റെ ആലിംഗനം

rela-life-movie

സത്യമായ കഥ അടിസ്ഥാനമാക്കിയ സിനിമ എന്നൊരു വിഭാഗം ഇത്തവണ ചലച്ചിത്രോൽസവത്തിൽ ഉണ്ടായിരുന്നു. സിനിമ സങ്കൽപത്തിലുള്ളതും കൽപിച്ചുകൂട്ടുന്നതുമാണല്ലോ. എന്നുവെച്ചാൽ, സിനിമാക്കഥ എപ്പോഴും യഥാർഥ ജീവിതത്തിൽ നിന്ന് അകലെയായിരിക്കും. ഇതാണു നാം സിനിമ കാണുമ്പോൾ പൊതുവെ വിചാരിക്കാറുള്ളത്. അതുകൊണ്ടാണ് ഒരു സിനിമ കാണുമ്പോൾ, അതിലെ കഥ യഥാർഥത്തിൽ ഉണ്ടായതാണെന്നറിയുമ്പോൾ നാം ആ സിനിമയ്ക്കു ഒരു പ്രത്യേക മതിപ്പു നൽകുന്നത്. യഥാർഥ സംഭവത്തെ ആശ്രയിച്ചാണ് ഒരു സിനിമ എന്നു കേൾക്കുമ്പോൾ ആ സിനിമയ്ക്ക് മറ്റൊന്നിനും കിട്ടാത്ത വിശ്വസനീയത വരുന്നു. ഇക്കഥ ഭാവനയല്ല യഥാർഥത്തിൽ നടന്നതാണെന്നറിയുമ്പോൾ ഉണ്ടാകുന്ന ഉൽസാഹം. യഥാർഥകഥയും കൽപിതകഥയും തമ്മിലുള്ള വ്യത്യാസങ്ങൾ സിനിമാസ്വാദനത്തെ എങ്ങനെ ബാധിക്കുന്നുവെന്നതും നോക്കേണ്ടതാണ്.

സിനിമയിൽ എവിടെയാണ് ഭാവന ആരംഭിക്കുന്നത്. എവിടെയാണത് അവസാനിക്കുന്നത്. ഇത് അങ്ങനെ കൃത്യമായി പറയാനാവില്ല. മെമ്മറീസ് ഓൺ സ്റ്റോൺ എന്ന സിനിമ യഥാർഥ സംഭവത്തെ ആധാരമാക്കി നിർമിച്ചതാണ്. സദ്ദാമിന്റെ ഭരണത്തിന് കീഴിൽ നടന്ന കുർദ് കൂട്ടക്കൊലയെപ്പറ്റി സിനിമയെടുക്കാൻ പോകുന്ന സിനിമാസംഘം അതേ കുർദുഗ്രാമത്തിൽ നേരിടുന്ന വെല്ലുവിളികളും തടസ്സങ്ങളുമാണ് ആ സിനിമ. ഈ സിനിമയിൽ വിവരിക്കുന്ന കുർദ് കൂട്ടക്കൊല യഥാർഥത്തിൽ നടന്നതാണ്. കൂട്ടക്കൊല നടന്ന കോട്ട ഇപ്പോഴും അവിടെയുണ്ട്.

സദ്ദാം യുഗം അവസാനിച്ചു. കരിങ്കലിൽ നിർമിച്ച കോട്ടയാകട്ടെ വംശഹത്യയുടെ പ്രതീകമായി ഇപ്പോഴും നിലനിൽക്കുന്നു. അതാണ് കല്ലിലെ സ്മരണകൾ. അവിടെയാണ് ചിത്രീകരണം നടക്കുന്നത്. ഈ ചരിത്രവുമായി എന്തെങ്കിലും രീതിയിൽ ബന്ധങ്ങളുള്ളവരാണ് സിനിമയെടുക്കുന്നവരും അതിൽ അഭിനയിക്കുന്നവരും. എവിടെയാണു ചരിത്രം തുടങ്ങുന്നത്, അവസാനിക്കുന്നത് എന്നു കൃത്യമായി പറയാൻ കഴിയാത്തവിധം സിനിമയ്ക്കുള്ളിലെ സിനിമയായിട്ടാണു മെമ്മറീസ് ഓൺ സ്റ്റോൺ എടുത്തിരിക്കുന്നത്.

തക് ലബ് (ട്രാപേ) എന്ന സിനിമ ഫിലിപ്പീൻസിൽ വൻചുഴലിക്കാറ്റ് ഹൈയാൻ ഉണ്ടാക്കിയ വൻ നാശത്തെക്കുറിച്ചുള്ള ഒരു സിനിമയാണ്. ഹയ്യാൻ ചുഴലിക്കാറ്റ് ലോകത്തിലെ ഏറ്റവും അപകടകാരിയായ ചുഴലിക്കാറ്റാണ്. അത് വന്മലയിടിച്ചിലിനും സൂനാമിക്കും വരെ കാരണമാകുന്നു. 2013ൽ ഫിലിപ്പീൻസിൽ നാശം വിതച്ച ഹൈയ്യാൻ മണിക്കൂറിൽ 300 കിലോമീറ്റർ വേഗമുണ്ടായിരുന്നു. ഏഴായിരത്തിലേറെപ്പേരാണ് അന്നു മരിച്ചത്. ആയിരങ്ങളെ കാണാതായി. 2014ൽ ദുരന്തത്തിന്റെ ഒന്നാം വാർഷികത്തിൽ പ്രമുഖ ഫിലിപ്പിനോ സംവിധായകനായ ബ്രില്ല‍്യന്റ് മെൻഡോസ ആ ചുഴലിക്കാറ്റിനെ അതിജീവിച്ച മൂന്നുപേരുടെ ജീവിതത്തെയാണ് ആവിഷ്കരിക്കുന്നത്. ഇതിൽ ഡോക്യൂമെന്ററിയുടെ സ്വഭാവങ്ങളുണ്ടെങ്കിലും കഥാപാത്രങ്ങളും കഥയുമുള്ള ഒരു സിനിമ തന്നെയാണിത്. യഥാർഥ സംഭവമായാലും ചരിത്രമായാലും അതിനൊരു കഥയുണ്ടാക്കുകയാണു സിനിമ ചെയ്യുന്നത്.

യഥാർഥ സംഭവം കാഴ്ചക്കാരനെ സ്പർശിക്കണമെങ്കിൽ അതിൽ ഭാവനാപൂര്വം ആവിഷ്കരിക്കുകയാണു വേണ്ടത്. സോവിയറ്റ് യൂണിയനുമായി സഹകരിച്ചു ക്യൂബയിൽ നിർമിക്കാനിരുന്ന ആണവ റിയാക്ടറുകളുടെ നിർമാണം സോവിയറ്റ് യൂണിയന്റെ പതനത്തോടെ ഉപേക്ഷിച്ചു. ചെർണോബിൽ ദുരന്തവും ഇതിനിടെ ഉണ്ടായി. ആണവ റിയാക്ടർ വരുന്നതിനു മുന്നോടിയായി ഒരു ദ്വീപിൽ ക്യൂബ പണിതീർന്ന ടൗൺഷിപ്പും അതിലെ മനുഷ്യരും ആണവപദ്ധതി ഉപേക്ഷിച്ചെങ്കിലും അവിടെ ജീവിതം തുടർന്നു. ഈ ചരിത്രസംഭവത്തെ ഒരു സാങ്കൽപിക കഥയുടെ വഴിയിൽ ആവിഷ്കരിക്കുകയാണു പ്രൊജക്ട് ഓഫ് ദ് സെഞ്ച്വറി എന്ന സിനിമ ചെയ്തത്. മേളയിൽ പ്രേക്ഷകരുടെ മതിപ്പു നേടിയ പല ചിത്രങ്ങളും യഥാർഥസംഭവത്തെ ആധാരമാക്കിയതായിരുന്നു. എംബ്രേസ് ഓഫ് ദ് സെർപന്റ്, പൗളീന, ഐഡൽ, ടന്നാ, ബ്രിജെന്റ്, ദ് ട്രൂത്ത്, ദ് വൂൾഫ്പാക്ക്, തുടങ്ങിയവ സിനിമകൾ ഉദാഹരണം. ചരിത്രസംഭവങ്ങളെയോ ഏതെങ്കിലും സാമൂഹിക യാഥാർഥ്യത്തെയോ രാഷ്ട്രീയമാറ്റങ്ങളെയോ മുൻ നിർത്തിയല്ലാതെ, അതു വിശകലനം ചെയ്തുകൊണ്ടല്ലാതെ ആർക്കും സിനിമയെടുക്കാനാവില്ല. കാനിൽ അംഗീകാരം നേടിയ ദീപൻ എന്ന ഫ്രഞ്ച് പടം ലങ്കൻ തമിഴരായ കുടിയേറ്റക്കാരുടെ പ്രശ്നമാണു കൈകാര്യം ചെയ്യുന്നത്.

ശ്രീലങ്കയുടെ വംശീയകലാപമാണ് ഈ സിനിമയുടെ സ്രോതസ്. കോളനിവാഴ്ച ആദിവാസികളോട് എന്താണു ചെയ്തതെന്ന് എംബ്രേസ് ഒാഫ് സർപന്റ് എത്ര ശക്തമായിട്ടാണ് ആവിഷ്കരിക്കുന്നത്. ആകാശത്തുനിന്നു കിട്ടുന്നതല്ല, മണ്ണിൽനിന്ന്, യാഥാർഥ്യത്തിൽനിന്ന് ഊറ്റിയെടുക്കുന്ന ഭാവനയാണു സിനിമയുടെ ശരിയായ ബലം. യഥാർഥ ജീവിതത്തിലെ സംഭവങ്ങൾ ഇല്ലെങ്കിൽ ഒരാൾക്കും ഒന്നും ഭാവന ചെയ്യാനാവില്ല. യഥാർഥകഥയാണു കൽപിതകഥയെ ഉണ്ടാക്കുന്നത്. സിനിമാപ്രേമികൾ ആഗ്രഹിക്കുന്നതു യാഥാർഥ്യത്തെ മാറ്റിമറിക്കുന്ന ഭാവനാവിലാസങ്ങളാണെന്ന കാര്യത്തിൽ സംശയം വേണ്ടാ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.