Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതൊരു ലെസ്ബിയൻ ചിത്രം മാത്രമല്ല

summer-of-sangile

ഉയരങ്ങളെ പേടിച്ച കുട്ടിയായിരുന്നു സാങ്കൈൽ. എങ്കിലുമവൾ യുദ്ധവിമാനങ്ങളെ കൗതുകത്തോടെ കണ്ടു. വ്യോമാഭ്യാസ പ്രദർശനത്തിൽ ആഹ്ലാദം കണ്ടെത്തി. ഹെലികോപ്റ്ററുകളെ സ്വപ്നം കാണുകയും അരാധിക്കുകയും ചെയ്തെങ്കിലും ഹെലികോപ്റ്ററിന്റെ അടുത്തുപോകാൻപോലും ഭയപ്പെട്ടു. സാങ്കൈൽ എന്ന വാക്കിനർത്ഥം ശക്തിയെന്നാണെങ്കിലും ദുർബലയായി കാറ്റിലുലയുന്ന പൂക്കൈത പോലെ ജീവിതത്തിലൂടെ ലക്ഷ്യമില്ലാതെ അലഞ്ഞു. അപകടകരമായ സന്ധികളിലൂടെ കടന്ന് സാങ്കൈൽ ഉയരങ്ങളിലെത്തുന്നതിന്റെ ആവേശകഥയാണ് ദ് സമ്മർ ഓഫ് സാങ്കൈൽ. സ്ത്രീശക്തി വിഭാഗത്തിൽ പ്രദർശിപ്പിച്ച ലിത്വേനിയൻ ചിത്രം. സംവിധാനം അലാന്റെ കവൈറ്റേ.

2013 - ൽ മേളയിലെത്തിയ ബ്ലൂ ഇസ് ദ് വാമസ്റ്റ് കളർ എന്ന ചിത്രത്തെ അനുസ്മരിപ്പിക്കുന്നുണ്ട് സാങ്കൈൽ. ബ്ലൂ വിവാദരംഗങ്ങളുടെ പേരിൽ പ്രശസ്തി നേടിയെങ്കിലും മികച്ച ചിത്രമെന്ന അഭിപ്രായമുണ്ടാക്കുന്നതിൽ പരാജയമായി. സാങ്കൈൽ മികച്ചൊരു ചിത്രമാണ്. മറക്കാനാവാത്ത കുറച്ചധികം രംഗങ്ങൾ മനസ്സിൽ അവശേഷിപ്പിക്കുന്ന, പോസിറ്റീവായി ജീവിതത്തെ കാണുന്ന, സൈക്കോളജിക്കൽ മൂവി.

summer-of-sangile-movie

ആദ്യകാഴ്ചയിൽ പെൺകുട്ടികളുടെ ശരീരത്തിന്റെ അനാവൃത കാഴ്ചകളിലേക്കും ലെസ്ബിയൻ ബന്ധത്തിന്റെ തീവ്രത ആവിഷ്കരിക്കുന്ന ചിത്രമെന്ന പ്രതീതി ജനിപ്പിക്കുമെങ്കിലും ആഴത്തിൽ അറിയുകയും ഉൾക്കൊള്ളുകയും ചെയ്യേണ്ട അപൂർവ ചിത്രങ്ങളിലൊന്ന്. ഉയരങ്ങളെ പേടിയുള്ള സാങ്കൈൽ ഒരു വേനൽക്കാലത്ത് തന്റെ രക്ഷിതാക്കളുടെ നദീതീരത്തിനടുത്തുള്ള വില്ലയിൽ എത്തുന്നു. വ്യോമാഭ്യാസം കാണുകയായിരുന്നു ലക്ഷ്യം. അവിടെ അവൾ ഒരു കുട്ടുകാരിയെ പരിചയപ്പെടുന്നു. ഓസ്ടി.

The Summer of Sangaile Official Trailer #1 (2015) Romance - Julija Steponaityte

ധൈര്യവതിയായ പെൺകുട്ടി. അവർ അനുരക്തരാകുന്നു. സാങ്കൈലിന്റെ കുടുംബാംന്തരീക്ഷത്തിലെ ചില പ്രശ്നങ്ങളാണു പ്രധാനമായും അവളെ വിലക്കപ്പെട്ട ബന്ധത്തിലേക്കു കൊണ്ടുപോകുന്നത്. അമ്മയോടുള്ള എതിർപ്പ്. അമ്മ കൂടി ഉൾപ്പെട്ട ബന്ധുക്കളുടെ ഒരു സദസ്സിൽ ഒരിക്കൽ ഒരു സ്ത്രീ സാങ്കൈലിനോടു ചോദിക്കുന്നുണ്ട്: വലുതാകുമ്പോൾ ആരാകാനാണ് ഇഷ്ടമെന്ന്. ഭാവഭേദങ്ങളൊന്നുമില്ലാതെ അവൾ പറയുന്നു: ഒരു വേശ്യ.

ഒരായിരം വാക്കുകളിലും ആവിഷ്ക്കരിക്കാനാകാത്ത ഭാവമാണ് ഒരൊറ്റവാക്കിലൂടെ സാങ്കൈൽ പറയുന്നത്. സാങ്കൈലും ഓസ്ടിയും അടുക്കുന്നതോടെ ലെസ്ബിയൻ ബന്ധത്തിന്റെ തീവ്രതയും തീക്ഷ്ണതയും മറകളില്ലാതെ സംവിധായക അവതരിപ്പിക്കുന്നു. തിരശ്ശീലയ്ക്കു തീ പിടിപ്പിക്കുന്ന രംഗങ്ങൾ. പ്രേക്ഷകരുടെ ഹൃദയമിടിപ്പിനു വേഗം കൂട്ടുന്ന രംഗങ്ങൾ. രണ്ടു പെൺകുട്ടികളുടെ നഗ്നശരീരങ്ങൾ അവയുടെ പൂർണതയിൽ രംഗത്തെത്തുന്നു. പക്ഷേ, സംവിധായക തികഞ്ഞ അച്ചടക്കത്തോടെ, മനഃശാസ്ത്രപരമായി സെൻസിറ്റീവായ രംഗങ്ങളെ കൈകാര്യം ചെയ്യുന്നു.

sangile-movie

സമ്മർ ഓഫ് സാങ്കൈൽ ഒരു ലെസ്ബിയൻ സിനിമയല്ല. ചില സ്ത്രീകളുടെയെങ്കിലും ജീവിതത്തിലെ ഒരു ഘട്ടത്തിൽ സ്വാധീനം ചെലുത്തുന്ന ബന്ധത്തിന്റെ തീവ്രത അവതരിപ്പിക്കുന്നുവെന്നേയുള്ളൂ. ജീവിതത്തിലെ ഏണിപ്പടികൾ കയറുമ്പോ‌ഴുള്ള ഒരു ചവിട്ടുപടിമാത്രമാണു സാങ്കൈലിൽ ലെസ്ബിയൻ ബന്ധം. അരുതാത്തൊരു ബന്ധം അനിവാര്യമാകുന്നുവെങ്കിലും അതിനെ അതിജീവിക്കാനുള്ള ശേഷി ആർജിക്കുന്ന സാങ്കൈലിന്റെയും ഓസ്റ്റിയുടെയും സ്വഭാവത്തിന്റെ ദൃഢത ചിത്രത്തെ വേറിട്ട അനുഭവമാക്കുന്നു.ലെസ്ബിയൻ ബന്ധത്തിൽനിന്ന് അവർ അകുന്നുപോകുന്നെങ്കിലും പിന്നെയും അവർ സുഹ‍ത്തുക്കളായി തുടരുന്നു.

ഉയരങ്ങളെ പേടിച്ച സാങ്കൈൽ ഹെലികോപ്റ്ററിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥയാകുന്നു. സ്ത്രീശരീരത്തിൽ ആസക്തികളുടെ അഭയം കണ്ടെത്തിയ ഓസ്ററിയാകട്ടെ വിവാഹം കഴിച്ച് അമ്മയാകുന്നു. അവസാന രംഗങ്ങളിൽ ഹെലികോപ്റ്ററിൽ ഡ്രൈവിങ് സീറ്റിലിരുന്ന് സാങ്കൈൽ വിജയചിഹ്നം കാണിക്കുമ്പോൾ പ്രേക്ഷകരും അറിയാതെ കൈ ഉയർത്തും. വിജയാശംസകൾ നേരും. അതാണു സാങ്കൈലിന്റെ സാമൂഹിക പ്രസക്തി; ചലച്ചിത്രത്തിന്റെ അതിജീവനശേഷിയുടെ അനശ്വര അടയാളം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.