Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേമകുടീരമേ വിട, നീയെനിക്കു കണ്ണീർപ്പൂവ്

taj-mahal-french-movie

മുംബൈ ഭീകരാക്രമണത്തെക്കുറിച്ചു സിനിമ – പത്രപ്രവർത്തകനും സംവിധായകനുമായ നിക്കൊളാസ് സദയുടെ ആശയത്തോടു മുഖം തിരിച്ചു ഫ്രാൻസ്. ഭീകരാക്രമണത്തെക്കുറിച്ചുള്ള സിനിമയിൽ ലോകത്തിനെന്തു താൽപര്യമെന്നു ചോദിച്ചു പലരും. പ്രതിസന്ധികൾ തരണംചെയ്തു ചിത്രം പൂർത്തിയാക്കി എഡിറ്റിങ് നടക്കുമ്പോൾ വെടിയൊച്ചകൾ മുഴങ്ങി. ഇന്ത്യയിൽനിന്നല്ല, ഫ്രാൻസിൽനിന്നുതന്നെ. വിനോദസഞ്ചാരികളുടെ കലാകാരൻമാരുടെയും പറുദീസയായ പാരീസിൽ തുടരെ ആക്രമണങ്ങൾ. ഏറ്റവുമൊടുവിലുണ്ടായ ആക്രണത്തിൽനിന്ന് ഇനിയും ഫ്രാൻസ് മോചനം പ്രാപിച്ചിട്ടില്ല. നവംബർ വീണ്ടും ലോകത്തിന്റെ കണ്ണു നനയിക്കുന്നു.

ഭീകരാക്രമണത്തിന്റെ ശപിക്കപ്പെട്ട ഓർമകൾ സജീവമാകുന്ന നവംബറിൽ 2008 നവംബർ 26 ലെ മുംബൈ ഭീകരാക്രമണത്തിന്റെ കഥ പറയുന്ന ചിത്രം –താജ് മഹൽ – ഇന്ത്യയിൽ പ്രദർശിപ്പിക്കുന്നു. ഗോവ ചലച്ചിത്രോൽസവത്തിൽ ഗംഭീര വരവേൽപു ലഭിച്ച ചിത്രം കേരളത്തിലുമെത്തുന്നു– രാജ്യാന്തര ചലച്ചിത്രോൽസവത്തിന്റെ ലോക സിനിമാ വിഭാഗത്തിലെ ശക്തമായ സാന്നിധ്യം.

താജ് മഹലിന്റെ ചിത്രീകരണം പൂർത്തിയാക്കാൻ വേണ്ടിവന്നതു 34 ദിവസങ്ങൾ. ചിത്രീകരണത്തിന്റെ ഒരുപകുതി പാരീസിൽ. മറുപകുതി ഇന്ത്യയിൽ. ഔദ്യോഗികാവശ്യത്തിനായി ഇന്ത്യയിലെത്തുന്ന അച്ഛനും അമ്മയും പതിനെട്ടുവയസ്സുകാരിയായ മകളും കഥാപാത്രങ്ങൾ. ഒരു രാത്രി മകളെ താജ് ഹോട്ടലിലെ ആഡംബര മുറിയിലാക്കി പാർട്ടിക്കു പോകുന്ന അച്ഛനും അമ്മയും കുറച്ചുകഴിയുമ്പോൾ കേൾക്കുന്നതു ഭീകരർ ഹോട്ടൽ വളഞ്ഞ് ആക്രമിക്കുന്ന വാർത്ത. മകളുടെ മുറിയുടെ വാതിലിൽ മുട്ടിവിളിക്കുന്ന ആക്രമണകാരികൾ. ബാത്ത്റൂമിൽ കതകടിച്ചു പേടിച്ചിരിക്കുന്ന മകൾ. മൊബൈൽ ഫോണിൽ മകൾ അറിയിക്കുന്ന വാർത്തകളിലൂടെ ഭീകരതയുടെ ദുരന്തം മാതാപിതാക്കൾ അറിയുന്നു.

Taj Mahal (2015, France) Official Trailer (English Subtitles)

നിക്കോളാസ് സദയുടെ താജ്മഹൽ എന്ന സിനിമ ദൃശ്യങ്ങളേക്കാളേറെ ശബ്ദങ്ങളിലൂടെ കഥ പറയുന്നു. ആക്രമണകാരികളുടെ ദൃശ്യങ്ങൾ സിനിമ കാണിക്കുന്നില്ല. ചലിക്കുന്ന നിഴലുകളായി മാത്രം അവർ അഭിനയിക്കുന്നു. ആക്രോശങ്ങളുടെയും അലമുറകളുടെയും കാതുതുളയ്ക്കുന്ന ശബ്ദങ്ങൾ. നിലയ്ക്കാത്ത വെടിയൊച്ചകൾ. ലൂയിസ് എന്ന പെൺകുട്ടിയാണു പ്രധാന കഥാപാത്രം. സ്റ്റേസി മാർട്ടിൻ ലൂയിസിന്റെ പേടിസ്വപ്നത്തെക്കാൾ മാരകമായ അനുഭവങ്ങളെ, അസാധാരണമായ അഭിനയത്തിലൂടെ അവസ്മരണീയമാക്കുന്നു. ലോകം തൽസമയം ടെലിവിഷനിലൂടെ കണ്ട ഭീകരാക്രമണത്തെ ഒരു പെൺകുട്ടിയുടെ പേടിച്ചരണ്ട കണ്ണുകളിലൂടെ ദൃശ്യവൽക്കരിക്കുക എന്ന വെല്ലുവിളിയാണു ചിത്രത്തിലൂടെ നിക്കൊളാസ് സദ ഏറ്റെടുത്തത്. ഏറെ സഹായകമായത് പീയൂഷ് ഷാ എന്ന ഛായാഗ്രാഹകന്റെ സാന്നിധ്യം. മണി കൗളിന്റെയും അരവിന്ദന്റെയും മറ്റും സിനിമകളിലൂടെ പ്രതിഭ തെളിയിച്ച പീയുഷ് മുബൈയുടെ ശബ്ദവും വെളിച്ചവും നിറഞ്ഞ ജീവിതത്തെ എല്ലാ ഗാംഭീര്യത്തോടുംകൂടി താജ്മഹലിൽ അനശ്വരമാക്കി. പാരീസിലെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിലായിരുന്നു പ്രധാന ചിത്രീകരണം. താജിന്റെ മുറികൾ അവിടെ പുനഃസൃഷ്ടിച്ചു. മുംബൈയിലെ താജ് ഹോട്ടലിന്റെ പുറംഭാഗങ്ങൾ പിന്നീടു ചിത്രീകരിച്ചുചേർത്തപ്പോൾ അനശ്വരമായ കലാസൃഷ്ടിയുടെ പിറവിയായി.

taj-mahal-movie

തന്റെ സിനിമ ഒരു ത്രില്ലറോ ഡോക്യുഡ്രാമയോ അല്ലെന്നു പറയുന്നു സംവിധായകനായ നിക്കൊളാസ് സദ. സമകാലിക ചരിത്രത്തിലെ രക്തമിറ്റുന്ന ഒരു സംഭവത്തെ കഴിയുന്നത്ര സത്യന്ധമായി ചിത്രീകരിക്കാനാണു ശ്രമം. ഹോട്ടലിൽ യഥാർഥത്തിൽ അകപ്പെട്ടുപോയ ഒരു യുവതിയുടെ അനുഭവത്തിൽനിന്നു പ്രചോദനം ഉൾക്കൊണ്ട ചിത്രം. തുടക്കത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഗുനീക് മോങ്ക, അചിൻ ജെയ്ൻ എന്നീ നിർമാതാക്കളുടെ അകമഴിഞ്ഞ സഹായത്താൽ ആഗ്രഹിച്ച രീതിയി‍ത്തന്നെ ചിത്രം പൂർത്തിയാക്കി. ഇന്ത്യയ്ക്കും ഫ്രാൻസിനും മറക്കാനാകാത്ത മാസമാണു നവംബർ. ആക്രമണങ്ങളുടെ മാസം. ദുരന്തത്തിന്റെ ഓർമകളുമായി ഇന്നും ജീവിച്ചിരിക്കുന്നവർക്കുള്ള ലോകത്തിന്റെ കണ്ണീർപ്പൂക്കളാണ് താജ്മഹൽ. ദൃശ്യവിസ്മയമായ പ്രേമകുടീരത്തിന്റെ പേരിൽ ഒരു ചലച്ചിത്രവിസ്മയം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.