Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടലിന്നടിയില്‍ ചില മനുഷ്യര്‍ നിലവിളിക്കുന്നുണ്ട്...

pearl-button-review

ഞാനാദ്യമായിട്ടാണ് എന്റെ രാജ്യത്തെ ഇങ്ങനെ കണ്‍നിറയെ കാണുന്നത്... പേൾ ബട്ടൻ എന്ന ഡോക്യുമെന്ററിയില്‍ ചിലെയുടെ ഒരു നെടുനീളന്‍ ഭൂപടം കാണുമ്പോള്‍ സംവിധായകന്‍ അദ്ഭുതം കൂറുന്നത് ഇങ്ങനെയാണ്. മരത്തൊലിയില്‍ തീര്‍ത്ത ആ ഭൂപടം ഒരു ആര്‍ടിസ്റ്റിന്റെ കരവിരുതായിരുന്നു. പലയിടത്തും കാലം തീര്‍ത്തതുപോലുള്ള മുറിവുകളും കോറലുകളുമൊക്കെയായി ഒന്ന്. 2760 മൈല്‍ നീളത്തില്‍ കടല്‍ത്തീരമുണ്ടെന്നു പറയുമ്പോള്‍ തന്നെ ഊഹിക്കാമല്ലോ ചിലെയുടെ വലിപ്പം. അഗ്നിപര്‍വതങ്ങളും കടലും കൊടുമുടികളും മരുഭൂമിയുമെല്ലാം നിറഞ്ഞ ഒരിടം.

ഭൂപ്രകൃതിയുടെ കാര്യത്തില്‍ അതിന്റെ എല്ലാത്തരം അനുഗ്രഹങ്ങളും ദ്രോഹങ്ങളും ചിലിക്ക് സ്വന്തമാണ്. ഭൂമിയിലേക്ക് വെള്ളം ആദ്യമായെത്തിയത് വാല്‍നക്ഷത്രത്തിലൂടെയാണെന്നും അത് വന്നുപതിച്ചത് മരുഭൂമിയിലാണെന്നും വിശ്വസിക്കുന്നവരുണ്ട് അവിടെ. അവര്‍ക്ക് പ്രകൃതിയാണ് ദൈവം. അതിനോട് മല്ലിട്ടാണ് അവരുടെ ജീവിതം. ഇത്തരത്തില്‍ ചിലെയ്ക്കു മാത്രം സ്വന്തമായ ഗോത്രവിഭാഗക്കാരും ജനവിഭാഗങ്ങളുമുണ്ടായിരുന്നു. അവര്‍ക്ക് സ്വന്തമായൊരു ഭാഷയും. എന്നാല്‍ കൊളോണിയല്‍ അധിനിവേശം അതിനെയെല്ലാം തച്ചുതകര്‍ക്കുകയായിരുന്നു. ഓര്‍മക്കടലില്‍ മുക്കിക്കൊന്ന ചിലെയുടെ ചരിത്രത്തെയാണ് സംവിധായകന്‍ പട്രീഷ്യോ ഗുസ്‌മേന്‍ പേൾ ബട്ടനിലൂടെ ഉയര്‍ത്തിക്കൊണ്ടു വന്നത്. ഇതൊരു ഡോക്യുമെന്റിയാണ്. എന്നാല്‍ ചലച്ചിത്രസ്വഭാവമുള്ള ഡോക്യു എന്നു വിശേഷിപ്പിക്കുന്നതായിരിക്കും എളുപ്പം. സിനിമയുടേതായ എല്ലാ ഭംഗിയും ലാളിത്യവും കാത്തുസൂക്ഷിക്കുന്നുണ്ട് പേൾ ബട്ടൻ‍.

പറയാനേറെയുണ്ട് ചിലെയ്ക്ക്. അത് പേൾ ബട്ടനിലെയെന്ന പോലെ ഒന്നര മണിക്കൂര്‍ കൊണ്ട് തീര്‍ക്കാനാകില്ല. എന്നാല്‍പ്പോലും പ്രപഞ്ചത്തിന്റെ ആരംഭം മുതല്‍ ഇന്നത്തെ കാലം വരെയുള്ള ചിലെയുടെ യാത്ര ഗുസ്‌മേന്‍ പ്രേക്ഷകനു മുന്നിലെത്തിച്ചിരിക്കുന്നതിലെ കാഴ്ചാനുഭവം ആഹ്ലാദം പകരുന്നതാണ്. സാങ്കേതികതയുടെ ഏറ്റവും പുതിയ സാധ്യതയും ഉപയോഗിച്ചാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രകൃതിയുടെ സൗന്ദര്യക്കാഴ്ചകള്‍ക്ക് ഒരു ക്ഷാമവുമില്ല ചിലെയില്‍. അത് പകര്‍ത്തുകയെന്നതാണ് വിഷമകരം. ഈ കാഴ്ച അതിന്റെ പൂര്‍ണതയോടെ പ്രേക്ഷകനു മുന്നിലെത്തിക്കാനാകുമോയെന്ന് ക്യാമറ പോലും ചിന്തിച്ചിട്ടുണ്ടാകും വിധമാണ് ചിത്രത്തിലെ പല ഷോട്ടുകളും.

pearl-button-movie

ഭൂമിയില്‍ ആദ്യമായി ജീവനുണ്ടാകുന്നതും അതിന് കടലുമായുള്ള ബന്ധവുമെല്ലാം അന്വേഷിച്ചാണ് ചിത്രത്തിന്റെ തുടക്കം. ബാഹ്യാകാശം ഭൂമിയുമായി ആശയവിനിമയം നടത്തുന്നതു പോലും കടലിലൂടെയാണത്രേ. കണ്ട കാഴ്ചകളെല്ലാം കടല്‍ ഓര്‍ത്തിരിക്കുന്നുവെന്ന് വിശ്വസിക്കുന്നവരുമുണ്ട് ചിലെയില്‍. വേരറ്റുപോയതെന്നു കരുതുന്ന ആ വിഭാഗം മനുഷ്യരെയും പേൾ ബട്ടനില്‍ കാണാം. അവര്‍ സംസാരിച്ചിരുന്ന ഭാഷ പോലും ഇതുവരെ മറന്നിട്ടില്ല. പ്രകൃതിയുടെ ഭാഷയാണത്. ഒരു ഘട്ടത്തില്‍ സംവിധായകന്‍ ചോദിക്കുന്നുണ്ട്-ദൈവം എന്ന വാക്കിനെ നിങ്ങളുടെ ഭാഷയില്‍ എങ്ങനെ പറയുമെന്ന്. ദൈവമോ അതെന്താണ് എന്നാണ് അവരുടെ മറുചോദ്യം. അതുപോലെത്തന്നെ പൊലീസ് എന്ന വാക്കിനും അവരുടെ പദാവലിയില്‍ ഇടമില്ല. തെറ്റുചെയ്യുന്നവരെ ശിക്ഷിക്കുന്നത് ദൈവവും പൊലീസുമല്ല പ്രകൃതിയാണെന്നാണ് അവര്‍ വിശ്വസിച്ചത്. എന്നാല്‍ പാശ്ചാത്യശക്തികളുടെ അധിനിവേശം എല്ലാം തകിടം മറിച്ചു.

ചിലെയുടെ തനതുസംസ്‌കാരത്തെ വേരോടെ പിഴുതെടുക്കാനാണ് അവര്‍ ശ്രമിച്ചത്. ഏതാനും പവിഴ ബട്ടനുകള്‍ നല്‍കി ചിലെയിലെ ആദിമനിവാസികളില്‍ ചിലരെ ബ്രിട്ടിഷുകാര്‍ വാങ്ങി ഇംഗ്ലണ്ടിലേക്കു കൊണ്ടുപോയ കഥയും ചിത്രത്തില്‍ കേള്‍ക്കാം. അവരെ ഒരു വര്‍ഷത്തിനകം നാഗരികരാക്കി മടക്കിക്കൊണ്ടുവരുമെന്നായിരുന്നു വാദം. ഉടുപ്പും നീളന്‍ മുടിയുമെല്ലാം മാറ്റി തിരികെ കൊണ്ടുവന്നിട്ടും അവര്‍ പഴയകാലത്തെ മറന്നില്ല. പക്ഷേ ഇംഗ്ലിഷിന്റെ ആക്രമണത്തില്‍ അവരുടെ ഭാഷയില്‍ ഭൂരിഭാഗവും ഓര്‍മയില്‍ നിന്ന് ചിതറിപ്പോയിരുന്നു. പൂര്‍ണതയില്ലാത്തവരായി, ഇന്നും വാള്‍ത്തലപ്പിലൂടെ നീങ്ങുന്ന ഒച്ചുകളെപ്പോലെയാണവരുടെ ജീവിതം. ഒന്നുകില്‍ ആധുനികതയുടെ വശത്തേക്ക് വീഴണം, അല്ലെങ്കില്‍ ഓര്‍മകളുടെ ലോകത്തേക്ക്... പിന്നിടുന്ന ഓരോ ദിവസവും വേദനയുടേതാണ്. ഒരു സംസ്‌കാരത്തെ പിഴുതു മാറ്റാനായില്ലെങ്കിലും അധിനിവേശവുമായെത്തിയവര്‍ക്ക് അതിനെ വികൃതമാക്കാനായെന്നതു സത്യം.

മറ്റു രാജ്യങ്ങളില്‍ നിന്നു മാത്രമല്ല സ്വന്തം രാജ്യത്തെ സ്വേഛാധിപതിയില്‍ നിന്നും ചിലെയിലുള്ളവര്‍ക്ക് ഓടി രക്ഷപ്പെടേണ്ടി വന്നു. ഒപ്പം നിന്നവരെയും അല്ലാത്തവരെയും കൊന്നൊടുക്കിയ അഗസ്‌ത്യോ പിനോചെ യുഗാര്‍ടിന്റെ ആ ഭരണഭീകരതയ്ക്കും കടല്‍ സാക്ഷിയാണ്. ഇരുമ്പിന്റെ റയിലുകള്‍ നെഞ്ചത്ത് കെട്ടി പിനോചെയുടെ ഭരണകൂടം കടലിലേക്കു തള്ളിയെറിഞ്ഞത് ആയിരങ്ങളെയാണ്. വര്‍ഷങ്ങള്‍ക്കു ശേഷം അതിനെക്കുറിച്ച് അന്വേഷിക്കാന്‍ കോടതി ഉത്തരവുണ്ടായി. കടലില്‍ പരിശോധന ആരംഭിച്ചു. പറഞ്ഞുകേട്ടതെല്ലാം സത്യമാണെന്നു വിശ്വസിപ്പിക്കും വിധം അടിത്തട്ടില്‍ നിറയെ ഇരുമ്പു റയിലുകള്‍. പക്ഷേ അപ്പോഴേക്കും അതില്‍ കെട്ടിയിട്ടിരുന്ന ജീവനുകളെല്ലാം നഖം പോലും ബാക്കിയില്ലാതെ കടലില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു. പക്ഷേ ഒരു റയിലില്‍ മാത്രം ഏതോ ഒരാളുടെ ഷര്‍ട്ടിന്റെ ബട്ടന്‍ ഒട്ടിയിരിപ്പുണ്ടായിരുന്നു.

ഒരു കാലഘട്ടത്തിന്റെ ക്രൂരത പുറംലോകത്തെ അറിയിക്കാന്‍ കടൽ കാത്തുവച്ചതുപോലെ. കടല്‍ ഒന്നും മറക്കില്ലെന്നായിരുന്നു അതുവരെ എല്ലാവരും ധരിച്ചിരുന്നത്. അതിന്റെ ആഴങ്ങള്‍ക്ക് അപാരമായ ഓര്‍മശക്തിയാണത്രേ. പക്ഷേ ഓര്‍മ മാത്രമല്ല, കടലിന് ശബ്ദവുമുണ്ട്. അത് അടിത്തട്ടിലൊളിപ്പിച്ച സത്യങ്ങള്‍ വിളിച്ചു പറയുന്നുമുണ്ട്. ഒന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാം. അത്തരത്തില്‍ കേട്ട തന്റെ രാജ്യത്തിന്റെ കഥയാണ് ഗുസ്‌മേന്‍ പേൾ ബട്ടനില്‍ ആവിഷ്‌കരിച്ചത്. കടല്‍ കണ്ട, കടലറിഞ്ഞ, കടലൊളിപ്പിച്ച ചിലെയുടെ കഥ...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.