Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇല്ല, വിട്ടുകൊടുക്കില്ല, ഒന്നിനും...

the-wave

ക്ലൈമാക്സ് രംഗങ്ങളിൽ പ്രേക്ഷകർ എണീറ്റുനിന്നു കയ്യടിച്ച, മേളയിലെ ആദ്യചിത്രം. നോർവീജിയൻ ചിത്രമായ ദ് വേവിനെ ഒറ്റവാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം. ശരിക്കും കമേഴ്സ്യലായി എടുത്ത, ബോളിവുഡ് ത്രില്ലറിന്റെ എല്ലാ ചേരുവകളുമുള്ള സിനിമ. ഇക്കൊല്ലത്തെ ഓസ്കർ നാമനിർദേശപ്പട്ടികയിൽ മികച്ച വിദേശഭാഷാചിത്രത്തിനുള്ള അവാർഡിനായി നോർവേയിൽ നിന്നുള്ള ഔദ്യോഗികചിത്രമായിരുന്നു ദ് വേവ്.

മലയിടിച്ചിലിന്റെയും സൂനാമിയുടെയും പശ്ചാത്തലത്തിലാണ് നോർവെയിൽ കഥ നടക്കുന്നത്. നോർവെയിലെ ഗിരാംഗർ പട്ടണം പ്രധാന ടൂറിസം അട്രാക്‌ഷനാണ്. മുൻപു മലയിടിഞ്ഞും സൂനാമിയടിച്ചും നൂറുകണക്കിനു പേർ മരിച്ച സ്ഥലമായതുകൊണ്ടുതന്നെ അവിടെ പ്രത്യേക നിരീക്ഷണകേന്ദ്രങ്ങളും മുന്നറിയിപ്പു സംവിധാനങ്ങളുമുണ്ട്. നിരീക്ഷണകേന്ദ്രത്തിലെ ജിയോളജസിറ്റ് ക്രിസ്ത്യൻ അവിടുത്തെ ജോലി ഉപേക്ഷിച്ചു പോകുകയാണ്. എണ്ണപര്യവേഷണ കേന്ദ്രത്തിലാണു പുതിയ ജോലി. ഭാര്യ ഇദുൻ, കൗമാരക്കാരനായ മകൻ സോൻദ്രേ, ആറോ ഏഴോ വയസ്സുള്ള മകൾ ജൂലിയ എന്നിവർ അടങ്ങുന്നതാണ് ക്രിസ്ത്യന്റെ കുടുംബം. ഗിരാംഗറിലെ പ്രശസ്ത ഹോട്ടലിലെ റിസപ്ഷനിസ്റ്റാണ് ഇദുൻ.

വീട്ടിലെ സാധനങ്ങളെല്ലാം പായ്ക്ക് ചെയ്തു. ക്രിസ്ത്യനും മക്കളും കൂടി ആദ്യം പോകും, പിന്നെ ഇദുൻ വരും എന്നായിരുന്നു തീരുമാനിച്ചിരുന്നത്. ഓഫിസിൽ നിന്നു ക്രിസ്ത്യന് യാത്രയയപ്പും കൊടുത്തു. മലയിടിച്ചിലിനുള്ള ചില സാധ്യതകൾ കണ്ട ക്രിസ്ത്യനു പക്ഷേ, പട്ടണത്തെ ഉപേക്ഷിച്ചു പോകാനാകുമായിരുന്നില്ല. മക്കളോടു കാത്തിരിക്കാൻ പറഞ്ഞ് നിരീക്ഷണകേന്ദ്രത്തിൽ പോയി ഡേറ്റകൾ പരിശോധിച്ചു. മലമടക്കുകളിലേക്ക് ഹെലികോപ്റ്ററിൽ പോയി അവിടുത്തെ സെൻസറുകൾ പരിശോധിച്ചു. ക്രിസ്ത്യന്റെ മുന്നറിയിപ്പുകൾ പക്ഷേ നിരീക്ഷണകേന്ദ്രത്തിലെ സഹപ്രവർത്തകർ മുഖവിലയ്ക്കെടുക്കുന്നില്ല.

THE WAVE - International trailer

എല്ലാം കഴിയുമ്പോഴേയ്ക്ക് ക്രിസ്ത്യന്റെയും കുടുംബത്തിന്റെയും യാത്ര മുടങ്ങിയിരുന്നു. സോൻദ്രേ അന്നു രാത്രി അമ്മയോടൊപ്പം ഹോട്ടലിൽ താമസിക്കുന്നു, പഴയ വീടിനോട് യാത്ര പറയണമെന്ന ജൂലിയയുടെ ആഗ്രഹപ്രകാരം ക്രിസ്ത്യനും ജൂലിയയും വീട്ടിലും.

ക്രിസ്ത്യന്റെ മുന്നറിയിപ്പുകൾ ശരിയായിരുന്നു. മലയിടിച്ചിലിന്റെ ലക്ഷണങ്ങൾ നീരീക്ഷണകേന്ദ്രത്തിലെ മാപിനികളിൽ കാണിച്ചുതുടങ്ങി. കേന്ദ്രത്തിന്റെ മേധാവി അരവിന്ദ് അടക്കം രണ്ടു ശാസ്ത്രജ്ഞർ മലമുകളിലേക്കു പോയി, പരിശോധനയ്ക്ക്. മലയിടുക്കിൽ തൂങ്ങിയിറങ്ങി പരിശോധന നടത്തിയപ്പോൾ അവർക്കു മനസ്സിലായി. അതു സംഭവിക്കാൻ പോകുന്നു. അവർക്കു തിരിച്ചുകയറാൻ പറ്റുന്നതിനു മുൻപുതന്നെ മലയിടിച്ചിൽ തുടങ്ങി. അരവിന്ദ് കൊല്ലപ്പെട്ടു. സഹായി രക്ഷപ്പെട്ടു. മലയിടിച്ചിലിനു പിന്നാലെ സൂനാമി തുടങ്ങി. അപകട അലാറം മുഴങ്ങി. 10 മിനിറ്റ് മാത്രമാണ് രക്ഷപ്പെടാനുള്ളത്. അതിനിടെ സൂനാമിത്തിരയ്ക്ക് എത്തിപ്പിടിക്കാൻ കഴിയാത്തത്ര ഉയരത്തിലേക്ക് പോകണം. അതിന്റെ ബഹളവും പിന്നാലെ സൂനാമിയെത്തുന്നതുമായ രംഗങ്ങളാണ് പിന്നെ പ്രേക്ഷകനു മുന്നിൽ.

ക്രിസ്ത്യനും ജൂലിയയും വീട്ടിൽ, ഇദുനും സോൻദ്രേയും ഹോട്ടലിൽ. സൂനാമിയെത്തി എല്ലാം നക്കിത്തുടച്ചുപോയി. കുറെ പേർ രക്ഷപ്പെട്ടു. കുറേപേർ മരണത്തിനു കീഴടങ്ങി. ജൂലിയയെ സുരക്ഷിതസ്ഥാനത്തെത്തിച്ച ശേഷം ക്രിസ്ത്യൻ പോകുന്നു, ഹോട്ടലിൽ കുടുങ്ങിയ ഇദുനെയും സോൻദ്രെയെയും രക്ഷിക്കാൻ. പ്രകൃതിയുടെ പ്രതിബന്ധങ്ങൾ മറികടന്ന് ഒടുവിൽ ആ കുടുംബം ഒന്നിക്കുക തന്നെ ചെയ്യുന്നു.

wave-movie

ഇതുമായി സാമ്യമുള്ള വിഷയങ്ങൾ പ്രതിപാദിക്കുന്ന ചില ഹോളിവുഡ് ചിത്രങ്ങളുടെ അത്ര തന്നെ പണം ചെലവിട്ടാണ് ദ് വേവ് ഒരുക്കിയിരിക്കുന്നത്. ഗ്രാഫിക്സ് അടക്കമുള്ള ആധുനിക സങ്കേതങ്ങളെല്ലാം തികവോടെ തന്നെ ഉപയോഗിച്ചിരിക്കുന്നു.

ത്രില്ലറിന്റെ പിരിമുറുക്കം ഓരോ സീനിലും അനുഭവിക്കാൻ കഴിയുന്ന തരത്തിൽ മനോഹരമായാണ് ചിത്രമെടുത്തിരിക്കുന്നത്. ഓരോ കഥാപാത്രത്തെയും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു നടീനടൻമാർ. ക്ലൈമാക്സ് രംഗത്തിനു വേണ്ടി മൂന്നു മിനിറ്റ് നേരം വെള്ളത്തിനടിയിൽ ശ്വാസം പിടിച്ചിരിക്കാനുള്ള പരിശീലനം വരെ നേടി നായകൻ ക്രിസ്ത്യൻ ആയി അഭിനയിച്ച ക്രിസ്റ്റഫർ ജോണർ.

പുറത്തേക്കുള്ള ഒഴുക്കിനിടയിലൂടെ നീങ്ങുമ്പോഴും തിയറ്റിൽ കയ്യടിയുടെ മുഴക്കമൊടുങ്ങിയിരുന്നില്ല. കലാമേന്മയും സാങ്കേതികമേന്മയും വിനോദമേന്മയുമടക്കം എല്ലാം ഒത്തിണങ്ങിയ ഒരു ചിത്രം കണ്ടതിന്റെ ആവേശക്കയ്യടി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.