Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എങ്ങനെ കട്ട് പറയും, വിക്ടോറിയയ്ക്ക് ?

victoria

ഒരാളുടെ, അല്ലെങ്കിൽ ഒന്നിലധികം പേരുടെ ജീവിതത്തിൽ രണ്ടു മണിക്കൂർ 18 മിനിറ്റ് സമയം കൊണ്ട് എന്തു സംഭവിക്കും. എന്തും സംഭവിക്കാം, ചുരുങ്ങിയ ആ സമയം കൊണ്ടു ജീവിതം, അല്ലെങ്കിൽ ജീവിതങ്ങൾ മാറിമറിയാം എന്നു കാട്ടിത്തരുന്നു വിക്ടോറിയ.

ഒറ്റ ഷോട്ടാണു ചിത്രം. എഡിറ്റിങ്ങില്ല. തുടക്കത്തിൽ ഓൺ ചെയ്യുന്ന ക്യാമറ ഓഫ് ചെയ്യുന്നതു സിനിമ തീരുമ്പോൾ. ഇടയിൽ ഒരിടത്തും കട്ട് ചെയ്യാത്ത ക്യാമറ കഥാപാത്രങ്ങൾക്കു പിന്നാലെ ചാഞ്ഞും ചെരിഞ്ഞും മറഞ്ഞും നേരെയുമായി സഞ്ചരിക്കുന്നു.

victoria-german

മാഡ്രിഡുകാരിയായ വിക്ടോറിയ ബർലിൻ നഗരത്തിലെ ഒരു കഫേയിലാണ് ജോലി ചെയ്യുന്നത്. രാത്രി ഏറെ വൈകി നിശാക്ലബിലെ പാർട്ടിയിൽ നിന്നു പുറത്തുവരുന്ന വിക്ടോറിയ ക്ലബിനു പുറത്തു നാലു ചെറുപ്പക്കാരെ പരിചയപ്പെടുന്നു. ബർലിൻകാരായ ആത്മസുഹൃത്തുക്കൾ സോനെ, ബോക്സർ, ബ്ലിങ്കർ, ഫുസെ. ക്ലബിൽ കയറാനുള്ള പണമില്ലാതെ ചുറ്റിപ്പറ്റി നിൽക്കുന്നവർ. ബ്ലിങ്കറുടെ പിറന്നാൾ ആഘോഷിക്കുകയാണ് അന്നവർ. വിക്ടോറിയയ്ക്ക് ജർമൻ ഭാഷ അറിയില്ലെങ്കിലും വളരെ വേഗം ഇവരുമായി സൗഹൃദത്തിലാകുന്നു. സോനെയ്ക്ക് വിക്ടോറിയയുടെ സ്പാനിഷ് ഭാഷ അത്യാവശ്യം അറിയാം. അതുകൊണ്ട് അവർ തമ്മിലുള്ള സൗഹൃദം കൂടുതൽ ശക്തമാകുന്നു.

രാത്രി വൈകിയ സമയത്ത് വിക്ടോറിയ സോനെയ്ക്കും സംഘത്തിനുമൊപ്പം നഗരത്തിൽ കറങ്ങി, ബീയർ കഴിച്ചു, ആഹ്ലാദിച്ചു, ആഘോഷിച്ചു. നാൽവർ സംഘത്തിന്റെ ഏറ്റവും പ്രിയപ്പെട്ട, ചെറുപ്പം മുതൽ ഒരുമിച്ചു സമയം ചെലവിടുന്ന കെട്ടിടത്തിന്റെ ടെറസിലേക്ക് അവർ വിക്ടോറിയയെയും കൊണ്ടുപോകുന്നു. സംഘത്തിലെ അഞ്ചാമത്തെയാളായി അവളെ അവർ അംഗീകരിച്ചു എന്നർഥം. രാവിലെ കഫേ തുറക്കാനായി തിരികെപ്പോകുന്ന വിക്ടോറിയയെ കൊണ്ടുവിടാനായി സോനെയും ഒപ്പം പോകുന്നു. അവർ കൂടുതൽ കൂടുതൽ അടുക്കുന്നു.

VICTORIA Movie Trailer (Single Take Thriller - 2015)

അവർക്കു പിന്നാലെയെത്തുന്ന ബോക്സറും ഫുസെയും മദ്യപിച്ചു ഛർദിച്ച് അവശനായ ബ്ലിങ്കറെയും താങ്ങിയാണ് കഫെയ്ക്കുള്ളിൽ കയറുന്നത്. അവിട അവരുടെ സംഭാഷണം പൂർണമായി മനസ്സിലായില്ലെങ്കിലും ഒരു കാര്യം വിക്ടോറിയയ്ക്കു വ്യക്തമായി. അവർ കാര്യമായ കുഴപ്പത്തിൽ പെട്ടിരിക്കുന്നു.

അവരുടെ ആവശ്യപ്രകാരമാണെങ്കിലും പൂർണമനസ്സോടെ സഹായിക്കാൻ സന്നദ്ധയാകുന്ന വിക്ടോറിയ അവർക്കൊപ്പം പോകുന്നു. മോഷ്ടിച്ച കാറിൽ പോകുന്നത് ഒരു ക്രിമിനൽ സംഘത്തിന്റെയടുത്തേക്കാണ്. ബോക്സർ മുൻപു ജയിലിലായിരുന്നപ്പോൾ സംരക്ഷകനായിരുന്നയാളാണ് സംഘത്തലവൻ. അന്നത്തെ സംരക്ഷണത്തിനു പകരമായി അയാൾ ആവശ്യപ്പെടുന്നതു സാധിച്ചുകൊടുക്കണം.

ബാങ്ക് ലോക്കറിൽ നിന്നു പണം കൊള്ളയടിക്കുക എന്ന അയാളുടെ ആവശ്യം ഗത്യന്തരമില്ലാതെ അവർക്ക് അനുസരിക്കേണ്ടിവരുന്നു. എന്നാൽ അതിലും അപ്രതീക്ഷിത വഴിത്തിരിവുകളാണ് ജീവിതത്തിൽ അവരെ കാത്തിരുന്നത്. ബാങ്ക് ലോക്കർ കൊള്ളയടിച്ചു രക്ഷപ്പെടുന്നതിനിടെ പൊലീസ് അവരെ പിന്തുടരുന്നു. ഫുസെ വെടിയേറ്റു വീണു. കാലിനു വെടിയേറ്റ ബോക്സറെ പൊലീസ് പിടികൂടി. സോനെയും വിക്ടോറിയയും പണവുമായി രക്ഷപ്പെടുന്നു. പക്ഷേ, വിക്ടോറിയ അറിയുന്നില്ല, വയറ്റിൽ വെടിയേറ്റ മുറിവുമായാണ് സോനെ തനിക്കൊപ്പമുള്ളതെന്ന്.

തങ്ങളെയന്വേഷിച്ചു പരക്കംപായുന്ന പൊലീസിന്റെ കയ്യിൽ നിന്നു പല മാർഗങ്ങളുമുപയോഗിച്ചു രക്ഷപ്പെടുന്ന അവർ ഹോട്ടൽമുറിയിലെത്തുന്നു. അവിടെ സോനെ മരണത്തിനു കീഴടങ്ങുന്നതോടെ വിക്ടോറിയ ഒറ്റയ്ക്കാവുന്നു. ആർത്തലച്ചുള്ള ഒരു കരച്ചിലിനൊടുവിൽ കയ്യിൽ ചുരുട്ടിപ്പിടിച്ച പണക്കവറുമായി തെരുവിലിറങ്ങി നടക്കുന്ന വിക്ടോറിയയിൽ ചിത്രത്തിനു തിരശ്ശീല. അപ്പോഴേയ്ക്കു നേരം വെളുത്തു വെളിച്ചം പരന്നിരുന്നു. രാത്രിയുടെ അന്ത്യയാമത്തിൽ നല്ല സ്വപ്നത്തിൽ തുടങ്ങി ദുഃസ്വപ്നത്തിൽ അവസാനിച്ച മണിക്കൂറുകൾക്കൊടുവിൽ അവളുടെ ജീവിതത്തിൽ തന്നെയാണോ ആ വെളിച്ചം പരന്നത്?

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.