Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിക്ടോറിയാ, നീ വിരലുകളുടെ വിലാപമോ

victoria-image

ചില ശരീരചലനങ്ങൾ ഓർമകളെ നിർമിക്കുന്നു. ബ്ലൂ ഈസ് ദ് വാമസ്റ്റ് കളറിൽ ആദ്യ സീനിൽ ആ പെൺകുട്ടി വീട്ടിൽ നിന്നിറങ്ങി താഴോട്ടുള്ള റോഡിലൂടെ ഓരം ചേർന്നു നടക്കുമ്പോൾ അവൾ തന്റെ അൽപം ലൂസായ പാന്റ്‌സ് മെല്ലെ വലിച്ചുകേറ്റിയിടുന്നുണ്ട്. അതാണ് ആ സിനിമയിൽ നിന്ന് എന്നന്നേക്കുമായി എന്നിൽ വന്നുകൊണ്ടത്. അപ്പോഴെനിക്ക് ഒരു സങ്കടം വന്നു. സിനിമയുടെ ഒടുവിലത്തെ രംഗത്തിലും അവൾ നടന്നുപോകുന്ന ദൃശ്യം കുറച്ചകലെനിന്നാണു കാണിക്കുന്നത്. വർ‌ഷങ്ങൾക്കുശേഷമുള്ള കാര്യമാണ്. അപ്പോഴും ഒരൽപം ഊർ‌ന്നുപോയ പാന്റ്‌സ് അവൾ വലിച്ചുകേറ്റുന്നുണ്ട്. പരാജയപ്പെടുന്നവരുടെ ശരീരഭാഷയായി അതു മാറുന്നു. അവൾ ഉറങ്ങുമ്പോൾ വാ തുറന്നുറങ്ങുന്നു. ഒരൽപം ഓവർ സൈസായ അവളുടെ മുന്നിൽ പല്ലുകൾ തുറന്നുകാണും വിധം.

victoria-scenes

സെബാസ്റ്റിയൻ ഷിപ്പറുടെ വിക്ടോറിയ എന്ന സിനിമയിൽ ഉടനീളം ആവർത്തിക്കുന്നുണ്ട് വിക്ടോറിയ മുടി കെട്ടുന്നത്. ആരംഭത്തിൽ, നൃത്തശാലയിൽ അഴിഞ്ഞ മുടി അവൾ പിന്നിൽ കെട്ടിവയ്ക്കുന്നുണ്ട്, അതു വളരെ കാഷ്വൽ ആയ കെട്ടലാണ്. ഒരൊറ്റ ബാൻഡ് വച്ച്. സിനിമയിലുടനീളം ആ മുടി കെട്ടൽ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. എന്തിനാണത്.. അപ്പോഴായിരിക്കണം നാം അവളെ നന്നായി ശ്രദ്ധിക്കുക.ആ രീതി കാരണം അവളെ പ്രേമിച്ചാലോ എന്നു തോന്നും വിധം.വിക്ടോറിയയില്‍ സംഗീതമുണ്ട്. ആഘോഷമുണ്ട്. നഗരരാത്രിയുടെ സൗന്ദര്യമുണ്ട്. ലഹരിയുണ്ട്. സെബാസ്റ്റ്യന്‍ ഷിപ്പറുടെ വിക്ടോറിയ ഒരു കോഫിഷോപ്പിലെ ജോലിക്കാരിയാണ്. അവള്‍ നന്നായി പിയാനോ വായിക്കുമെന്നു പൊടുന്നനെയാണു നാമറിയുന്നത്. പതിനാറു വര്‍ഷം തുടര്‍ച്ചയായി അവള്‍ പിയാനോ പഠിക്കാന്‍ പോയതാണ്. പഠിക്കാന്‍ പോയതെന്നു പറഞ്ഞാല്‍, കടുത്തപരിശീലനം. ദിവസവും ഏഴു മണിക്കൂര്‍ വീതം തുടര്‍ച്ചയായ പിയാനോ പരിശീലനം. ഒരു ദിവസം അതിലും കൂടുതല്‍ കഴിയില്ല. അപ്പോഴെക്കും കൈകള്‍ മരവിച്ചിട്ടുണ്ടാകും.

പിയാനോ വിരലുകളുടെ കലയാണ്. വിക്ടോറിയയുടെ വിരലുകള്‍ കാണുന്നതിനു തൊട്ടുമുന്‍പ് ഞങ്ങള്‍ സാക്കിര്‍ ഹുസൈന്റെ തബലവാദനം കേള്‍ക്കാന്‍ പോയി. തബലയും വിരലുകളുടെ കലയാണല്ലോ. വിരലുകളിലൂടെ കേള്‍ക്കാം കാലം വിടരുന്നതും കൊഴിയുന്നതും. ആനന്ദക്കണ്ണീരിനാല്‍ പരിസരം മറന്നു നിങ്ങള്‍ വിരലുകളുടെ പടക്കുതിരകൾക്ക് മുന്നിൽ മനം നിറഞ്ഞു നില്‍ക്കും. സാക്കീര്‍ ഹുസൈന്‍ വിജയിച്ച വിരലുകളുടെ ഉടമയാണ്. ആ വിരലുകള്‍ കാറ്റും കൊടുങ്കാറ്റും കൊണ്ടുവരും. കിളിയും മരവും കൊണ്ടുവരും. അമ്പെയ്യുന്നതും മഴ പെയ്യുന്നതും ഇടി മുഴങ്ങുന്നതും വരെ കേള്‍ക്കാനാകും.

victoria-german

നാം സിനിമയിലേക്കു ചെല്ലുമ്പോള്‍, അവിടെ വിക്ടോറിയയ്ക്ക് വിരലുകള്‍ പരാജയത്തിന്റെ കലയാണ്. അവള്‍ ചെലവഴിച്ച വര്‍ഷങ്ങളത്രയും അവള്‍ക്കു നഷ്ടമായി. അവള്‍ പിയാനിസ്റ്റ് ആയില്ല. പരാജയപ്പെട്ട സംഗീതം പോലെ വലിയൊരു പരാജയമില്ലെന്നാണു വിക്ടോറിയ ഓര്‍മിപ്പിക്കുന്നത്. പിയാനോ പഠിക്കാന്‍‍ പോയതിനാല്‍ അവള്‍ക്ക് നല്ല കൂട്ടുകൂടാനോ ചുറ്റിനടക്കാനോ കഴിഞ്ഞില്ല. ഒരു കോഫിഷോപ് ജീവനക്കാരി മാത്രമായി.. പക്ഷേ, നിന്റെ വിരലുകള്‍ മാന്ത്രികവിരലുകളാണെന്ന് വിക്ടോറിയയോട് അവളുടെ കൂട്ടുകാരന്‍ പറയുന്നുണ്ട്. സത്യത്തില്‍ മാന്ത്രികവിരലുകള്‍ എന്നതു നാം സാക്കിര്‍ ഹുസൈനെ മാത്രം വിശേഷിപ്പിച്ചു കേട്ടതാണ്. ഇവിടെ ഒരു കഥാപാത്രം മറ്റൊരു കഥാപാത്രത്തിന്റെ കൈകള്‍ വാരിയെടുത്ത് അതിലേക്കു നോക്കി പറയുന്നു, നിന്റേത് മാന്ത്രികക്കയ്യുകളാണെന്ന്.

victoria

വിക്ടോറിയയിലെ കഥാപാത്രങ്ങളെല്ലാം പരാജിതരാണ്, കുറ്റവാളികളാണ്. പന്ത്രണ്ടാം വയസില്‍ ഒരു ട്രക്ക് മോഷ്ടിച്ച് അതോടിച്ച് പോളണ്ടിലേക്കു പോയവനാണ് ഒരുത്തന്‍. വേറൊരുത്തന്‍ പീസാ ഡെലിവറിക്കുള്ള ഇരുചക്രവാഹനങ്ങള്‍ മോഷ്ടിക്കുന്നവനും. പരാജയപ്പെട്ട ആ കയ്യുകള്‍ കൊണ്ടാണ് അവള്‍ ആ രാത്രി അപ്പോള്‍ കൂട്ടുകൂടിയ ആ നാലുപേര്‍ക്കൊപ്പം സൈക്കിള്‍ ചവിട്ടുന്നതും കാര്‍ ഓടിക്കുന്നതും. സാക്കിര്‍ ഹുസൈന്‍ തബലവാദനത്തിനിടെ പറഞ്ഞു, ശിവന്റെ താണ്ഡവത്തെ കുറിച്ച്. കലയുടെ നാദം സംഹാരനാദം ആയിത്തീരുന്നതിനെക്കുറിച്ച്. അപ്പോള്‍ ആ സംഹാരതീക്ഷ്ണത ശമിക്കാനുള്ള മറുമരുന്നും കലയിലുണ്ട്. വിക്ടോറിയയില്‍ സൗഹൃദത്തിന്റെയും ആനന്ദത്തിന്റെയും ഭാവതീവ്രതകളുടെ അലകള്‍ നാം ശ്രവിക്കുന്നുണ്ട്. സംഹാര തീവ്രത പിന്നാലെയാണു വരുന്നത്. പിയാനോ വായിച്ച കൈകളില്‍ ചോര പുരളുന്നു. ഒടുവില്‍ ചോരപുരണ്ട ആ വിരലുകളിലേക്ക് കാണികള്‍ ഉറ്റു നോക്കുന്ന ഒരു രംഗത്തില്‍ ഒരീണവുമല്ല, കീറിപ്പൊളിയുന്ന കരച്ചില്‍ മാത്രമേയുള്ളു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.