Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാരത്തിൽ നിന്ന് കനലായി, പിന്നെ തീയായി...

youth-movie

യുവത്വത്തിൽ നിന്നു വാർധക്യത്തിലേക്കുള്ള ദൂരം ഏകദേശം നമുക്കൂഹിക്കാം. എന്നാൽ, വാർധക്യത്തിൽ നിന്നു തിരികെ യുവത്വത്തിലേക്കുള്ള ദൂരമോ? സാധാരണ ഗതിയിൽ അങ്ങനെ സംഭവിക്കില്ലല്ലോ എന്നു വേണമെങ്കിൽ പറയാം. പക്ഷേ, ക്രിയാത്മകതയുടെ പരകോടിയിൽ നിൽക്കുന്നവർക്ക് ആ തിരിച്ചുപോക്കിലേക്ക് അധികദൂരമില്ല. അത്തരമൊരു കഥ പറയുകയാണ് ഇറ്റലിയിൽ നിന്നുള്ള ഇംഗ്ലിഷ് ചിത്രം യൂത്ത്.

സ്വിസ് ആൽപ്‌സിലെ ആഡംബര റിസോർട്ടിൽ അവധിയാഘോഷത്തിനെത്തിയിരിക്കുകകയാണ് ആത്മസുഹൃത്തുക്കളായ എൺപതു വയസ്സുകാർ ഫ്രെഡ് ബാലിങ്കറും മൈക്ക് ബോയ്‌ലെയും. പ്രശസ്തനായ സംഗീതജ്ഞനാണ് ഫ്രെഡ്. പക്ഷേ, ഇപ്പോൾ സംഗീതസംവിധാനത്തിൽ നിന്നു വിരമിച്ചിരിക്കുന്നു. മൈക്ക് സിനിമാസംവിധായകനാണ്. സിനിമയുടെ ആവേശം ഇപ്പോഴും മനസ്സിൽ കൊണ്ടുനടക്കുന്നയാൾ. പുതിയ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നുമുണ്ട് മൈക്ക് അവധിയാഘോഷത്തിനിടെ. അതിനായി മൈക്കിന്റെ എഴുത്തുസംഘവും ഒപ്പമുണ്ട്. മറ്റൊരു ബന്ധം കൂടിയുണ്ട് ഫ്രെഡും മൈക്കും തമ്മിൽ. ഫ്രെഡിന്റെ മകൾ ലെനയെ വിവാഹം കഴിച്ചിരിക്കുന്നത് മൈക്കിന്റെ മകനാണ്. പക്ഷേ, പോപ് താരം പലോമ ഫെയ്ത്തുമായി പ്രണയത്തിലായിരിക്കുകയാണ് ഇപ്പോൾ അയാൾ.

YOUTH - Official International Trailer #2 (2015) Michael Caine Movie HD

അച്ഛനെ പരിചരിക്കാനായി ലെനയും റിസോർട്ടിൽ തന്നെയുണ്ട്. പക്ഷേ, സ്നേഹത്തിനിടയിലും അച്ഛനോട് അവൾ പരിഭവവും പരാതികളും പറയുന്നുണ്ട്. സംഗീതത്തെ മാത്രം സ്നേഹിച്ച്, മക്കൾക്കായി ഒന്നും ചെയ്യാത്ത, അവരെ സ്നേഹിക്കാത്ത അച്ഛനെക്കുറിച്ച്. അച്ഛനെ ശല്യപ്പെടുത്താതിരിക്കാനായി മക്കളോട് എപ്പോഴും മിണ്ടാതിരിക്ക് എന്നു ശാസിക്കുന്ന അമ്മയെപ്പോലും അച്ഛൻ സ്നേഹിച്ചിട്ടില്ല എന്ന് അവൾ കരുതുന്നു. പക്ഷേ, ഭാര്യയോടുള്ള സ്നേഹത്തിന് കൃത്യമായ തെളിവു നൽകുന്നുണ്ട് ഫ്രെഡ്, മനപ്പൂർവമല്ലാതെ തന്നെ.

ഫിലിപ്പ് രാജകുമാരന്റെ പിറന്നാൾ ആഘോഷത്തോടുബന്ധിച്ച് ഒരു സംഗീതപരിപാടി നയിക്കാൻ കൊട്ടാരത്തിൽ നിന്ന് പ്രതിനിധിയെത്തി ഫ്രെഡിനെ ക്ഷണിക്കുന്നു. ഫ്രെഡിന്റെ പ്രശസ്തമായ സിംപിൾ സോങ്‍സ് അവതരിപ്പിക്കാനാണ് എലിസബത്ത് രാജ്ഞിയുടെ നിർദേശം. എന്നാൽ, സംഗീതം നിർത്തിയ ഫ്രെഡ് ക്ഷണം നിരസിക്കുന്നു. കാരണമെന്തെന്ന് ആവർത്തിച്ചു ചോദിച്ച കൊട്ടാരം പ്രതിനിധിയോട് ഫ്രെഡ് പറയുന്നുണ്ട്. എന്റെ ഭാര്യയ്ക്കു വേണ്ടിയാണ് ഞാൻ അതിന്റെ സംഗീതം ചെയ്തത്. അവളാണ് ആ ഗാനം ആലപിച്ചത്. എന്നാൽ, അവൾക്കിപ്പോൾ പാടാൻ കഴിയില്ല. അതുകൊണ്ടു തന്നെ ഇനി അതു ഞാൻ അവതരിപ്പിക്കില്ല.

റിസോർട്ടിൽ വേറെയും പ്രശസ്തരുണ്ട്. പുതിയ സിനിമയിലെ കഥാപാത്രമായി രൂപാന്തരപ്പെടാനായി എത്തിയ നടൻ ജിം ട്രീ, മസാജ് വിദഗ്‌ധ, പൊണ്ണത്തടി കൊണ്ടു പ്രയാസപ്പെടുന്ന മറഡോണ, മിസ് യൂണിവേഴ്‌സ്... അങ്ങനെ പലരും.

youth

ഇതിനിടെ മൈക്ക് തിരക്കഥ പൂർത്തിയാക്കുന്നു. ഇപ്പോൾ പ്രായമായ പഴയ പ്രശസ്തനടി ബ്രെൻഡ മോറലിനു വേണ്ടിയാണ് നായികാകഥാപാത്രത്തെ രൂപപ്പെടത്തിയിരിക്കുന്നത്. മൈക്കിന്റെ പതിനൊന്നു സിനിമകളിൽ നായികയായിരുന്നു അവർ. അപ്രതീക്ഷിതമായി ബ്രെൻഡ മൈക്കിനെ കാണാനെത്തുന്നു. പക്ഷേ, മൈക്കിന്റെ മനസ്സ് മുറിപ്പെടുത്തിയാണ് അവർ മടങ്ങുന്നത്. മൈക്കിന്റെ സിനിമയ്ക്കു പകരമായി ആ സമയത്തേക്ക് അവർ ഒരു ടെലിവിഷൻ സീരിയലിലേക്ക് കരാറൊപ്പിട്ടു. സിനിമയെന്നത് തന്നെ സംബന്ധിച്ചു ഭൂതകാലമാണെന്നും ഏറെ വർഷങ്ങളായി ഒരു നല്ല സിനിമ പോലും മൈക്ക് സംവിധാനം ചെയ്തിട്ടില്ലെന്നും ബ്രെൻഡ പറയുന്നതോടെ മൈക്ക് തകർന്നുപോകുന്നു.

വെനീസിലെ ഒരു കെയർഹോമിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഭാര്യയെ വർഷങ്ങൾക്കു ശേഷം ഫ്രെഡ് പോയിക്കാണുന്നു. ഇതിനിടെ ഫ്രെഡും മൈക്കും തിരിച്ചറിയുന്നുണ്ട്, തങ്ങളുടെ ഓർമകൾ മങ്ങിത്തുടങ്ങുന്നു എന്ന്. ഇനി അധികകാലമില്ല എന്നും ജീവിതത്തിന്റെ സായന്തനത്തിലെത്തിയെന്നുമുള്ള തിരിച്ചറിവു പക്ഷേ, അവരുടെ പുതിയ ജനനമായിരുന്നു. അവർ തിരിച്ചുപോകുകയാണ് യുവത്വത്തിലേക്ക്. ലണ്ടനിൽ ചെന്ന് എലിസബത്ത് രാജ്ഞിയുടെ മുന്നിൽ ഫ്രെഡ് സംഗീതപരിപാടി അവതരിപ്പിക്കുന്നത് അതിന്റെ തുടക്കം മാത്രം...

ചിത്രം കണ്ടിറങ്ങുമ്പോഴും പ്രേക്ഷകന്റെ മനസ്സിൽ കുറെ സംഘർഷങ്ങൾ ബാക്കി നിൽക്കും. വാർധക്യവും യുവത്വവും തമ്മിൽ, ജീവിതവും മരണവും തമ്മിൽ, ഭൂതവും ഭാവിയും തമ്മിൽ, പ്രതിബന്ധതയും വഞ്ചനയും തമ്മിൽ...

പൗലോ സൊറന്റിനോ ആണ് യൂത്തിന്റെ സംവിധായകൻ. ഇക്കൊല്ലത്തെ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ചിത്രം ഏറെ അഭിനന്ദനങ്ങൾ നേടുകയും ചെയ്തു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.