Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടീച്ചര്‍, നിങ്ങള്‍ കരയരുത്, നിങ്ങളാണു ശരി...

the-lesson

എന്തൊക്കെ വഴികള്‍ നോക്കി, ഒരു രക്ഷയുമില്ല. എത്രയൊക്കെ ശ്രമിച്ചിട്ടും നാദെയ്ക്ക് ആ മോഷ്ടാവിനെ പിടികൂടാനാകുന്നില്ല. ഒടുവില്‍ ആ മോഷ്ടാവ് നാദെയുടെ വരെ പഴ്‌സില്‍ നിന്ന് പണമെടുത്തു. ക്ലാസിലെ ഒരാള്‍ തന്നെയാണ് മോഷ്ടാവെന്നത് ഉറപ്പ്. താനാണ് അവരുടെ അധ്യാപിക. കള്ളനെ പിടികൂടിയേ മതിയാകൂ. അതുപക്ഷേ അവനെ ശിക്ഷിക്കാനല്ല, നേര്‍വഴിയിലേക്ക് കൊണ്ടുവരാന്‍ കൂടിയാണ്. എത്രയൊക്കെ തടയാന്‍ ശ്രമിച്ചിട്ടും ക്ലാസിലെ കള്ളന്‍ തന്റെ മോഷണം തുടര്‍ന്നു കൊണ്ടേയിരുന്നു. അതിനിടെയാണ് തന്റെത്തന്നെ വീട്ടില്‍ നടന്ന ഒരു കള്ളത്തരവും അവളറിയുന്നത്. വായ്പ തിരിച്ചടയ്ക്കാന്‍ ഭര്‍ത്താവിനു കൊടുത്ത പണം അയാള്‍ ബാങ്കിലടച്ചിരുന്നില്ല.

വീട് ജപ്തിയാകാന്‍ പോകുന്നു. പണം തിരിച്ചടച്ചില്ലെങ്കില്‍ വീടു പോകും. പല വഴികള്‍ നോക്കി. ഒടുവില്‍ ഒരു കഴുത്തറപ്പന്‍ പലിശക്കാരന്റെ കയ്യില്‍ നിന്നു വാങ്ങേണ്ടി വന്നു. ബാങ്കിലെത്തിയപ്പോഴാണറിയുന്നത് ഇനിയും രണ്ട് ലെവ് കൂടി വേണം, അതും ബാങ്ക് പൂട്ടുന്നതിനു മുന്‍പ്. ഒറ്റപ്പൈസയില്ല കയ്യില്‍. കാശെല്ലാം ക്ലാസിലെ മോഷ്ടാവ് അടിച്ചെടുത്തിരിക്കുന്നു. ബസിന് വന്നതു പോലും കടംവാങ്ങിയാണ്. തിരികെ പോകാനും കടം വാങ്ങണം. ഇപ്പോള്‍ വരാമെന്നു പറഞ്ഞ് നാദെ പുറത്തിറങ്ങി. വഴിയില്‍ കാണുന്നവരോട് ഒരു ഭിക്ഷക്കാരിയെപ്പോലെ കെഞ്ചി. ഒടുവില്‍ പാര്‍ക്കിലെ ഫൗണ്ടനില്‍ ആരൊക്കെയോ വലിച്ചെറിഞ്ഞ നാണയത്തുട്ടുകള്‍ പെറുക്കിയെടുക്കുകയായിരുന്നു അവള്‍.

കുട്ടികള്‍ ഉള്‍പ്പെടെ അവളെ അദ്ഭുതത്തോടെ, ചിലരൊക്കെ അവജ്ഞയോടെ നോക്കി. പക്ഷേ ആ മുഖങ്ങളിലേക്കു നോക്കാനുള്ള സമയമൊന്നുമില്ല നാദെയുടെ കയ്യില്‍. ബാങ്കില്‍ പണമടച്ച് തിരിച്ചവള്‍ കിലോമീറ്ററുകളോളം നടന്നാണു വീട്ടിലെത്തിയത്. കാലിനു വല്ലാത്ത വേദന, മനസ്സിനും. പക്ഷേ പരാതിയൊന്നുമില്ല. ഭര്‍ത്താവിനോട് അവളൊന്നേ പറഞ്ഞുള്ളൂ-കാലൊന്നു തിരുമ്മിത്തരൂ, എനിക്ക് ഉറങ്ങാനാകുന്നില്ല...

the-lesson-movie

അതായിരുന്നു നാദെ. ഒന്നും ആരോടും പറയാതെ എല്ലാം നെഞ്ചിലൊതുക്കി നടക്കുന്ന ഒരു സാധാരണ ടീച്ചര്‍. തിരിച്ചടയ്ക്കാനുള്ള പണം തേടി പല വഴികളിലൂടെ പോകുന്നുണ്ട് അവള്‍. ജീവിതത്തിലാദ്യമായിട്ടാകണം തന്റെ അധ്യാപനവൃത്തിയില്‍ പോലും അവള്‍ക്ക് കള്ളത്തരം കാണിക്കേണ്ടി വന്നു. അച്ഛന്റെ പുതിയ ഭാര്യയെ അപമാനിച്ചെന്നു പറഞ്ഞ് അവളോട് മാപ്പു പറയേണ്ടി വന്നു. ഒടുവില്‍ പണം തിരിച്ചടയ്ക്കാന്‍ കുറച്ചു സമയം കൂടി നല്‍കണമെന്നാവശ്യപ്പെട്ട് പലിശക്കാരന്റെ അടുത്തു ചെന്നപ്പോള്‍ അയാള്‍ പറഞ്ഞതു കേട്ട് ചെരിപ്പൂരി തല്ലാനാണു തോന്നിയത്. പക്ഷേ നിസ്സഹായതയോടെ മിണ്ടാതിരിക്കാനേ പറ്റിയുള്ളൂ. പണം തിരിച്ചടയ്‌ക്കേണ്ട സമയമായിരിക്കുന്നു. തെറ്റുകളുടെ കയത്തിലേക്ക് നാദെ കാല്‍തെറ്റി വീണു എന്നു പോലും പ്രേക്ഷകന്‍ കരുതിയതാണ്. പക്ഷേ അവള്‍ തിരിച്ചു നടന്നു. പലിശക്കാരന് പണം തിരികെക്കൊടുക്കാന്‍ അവള്‍ക്കു മുന്നിലൊരു വഴിയുണ്ട്. ഒരു കളിത്തോക്കുമായി ആ വഴിയിലേക്കവള്‍ നീങ്ങുമ്പോള്‍ എന്തുകൊണ്ടോ തിയേറ്ററാകെ കയ്യടി. അതുവരെ പ്രേക്ഷകന്‍ കണ്ട നാദെ ആയിരുന്നില്ല അത്. അതുവരെ പ്രേക്ഷകനറിഞ്ഞ നാദെ അങ്ങനെ ചെയ്യില്ല. അത്തരം തെറ്റുകളിലേക്ക് നീങ്ങരുതെന്ന് കുട്ടികളെ നിരന്തരം ഉപദശിക്കുന്ന നാദെയെ ആണ് അതുവരെ കണ്ടത്. എന്നിട്ടും നാദെയുടെ പുതിയൊരു മുഖം കാണുമ്പോള്‍ പ്രേക്ഷകന്‍ ആഹ്ലാദിച്ചതെന്തിനാണ്? ഒരുപക്ഷേ തങ്ങളുമായി എളുപ്പത്തില്‍ താദാത്മ്യം പ്രാപിക്കാവുന്ന നാദെയെ കണ്ടതിന്റെ പ്രതികരണമായിരിക്കാം. അത് സത്യമാണെന്നും തോന്നിപ്പോയി.

തെറ്റുകളിലേക്ക് ഒരാളെ നയിക്കുന്നതെന്താണ്?സാഹചര്യങ്ങളാണെന്നാണ് ഇതുവരെ കേട്ടതും അറിഞ്ഞതും. സാഹചര്യത്തിന്റെ ഇരകളാണ് ഓരോ മനുഷ്യനും. കാലം അവന് അല്ലെങ്കില്‍ അവള്‍ക്കു മുന്നില്‍ കാത്തുവച്ചിരിക്കുന്നതെന്താണെന്ന് ആര്‍ക്കുമറിയില്ല. അത്തരം ഘട്ടത്തില്‍ ഓരോരുത്തരുടെയും നിലപാടുകളില്‍ പോലും മാറ്റം വരും. എത്രയോ മനുഷ്യന്‍ മറഞ്ഞു നിന്നും അല്ലാതെയും തങ്ങളുടെ പ്രഖ്യാപിത നിലപാടുകളില്‍ നിന്ന് വഴിമാറി നടന്നിരിക്കുന്നു. നാദെ ചെയ്തതും അതുതന്നെയാണ്. തെറ്റെന്ന് മറ്റുള്ളവര്‍ കരുതുന്ന വഴിയിലേക്കാണ് അവള്‍ മാറുന്നത്. അതുപക്ഷേ നാദെയുടെ കാഴ്ചയില്‍ ശരിയായിരുന്നു. ക്ലാസില്‍ തേടിക്കൊണ്ടിരുന്ന കള്ളനെയും ഇനിയവള്‍ ശിക്ഷിക്കുമെന്നു തോന്നുന്നില്ല. അതിന് സ്വന്തം ജീവിതം സമ്മാനിച്ച ഉത്തരം തന്നെ അവളുടെ മുന്നിലുണ്ടല്ലോ...

ദ് ലെസണ്‍ (ബള്‍ഗേറിയ, ഗ്രീസ്-2014) സംവിധാനം-ക്രിസ്റ്റീന ഗ്രോസിവ, പേറ്റര്‍ വാള്‍ക്കനോവ്

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.