Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഗ്നിപര്‍വതം പോലെ പുകയുന്ന രണ്ടു പേര്‍...

tanna

പ്രണയവും ജീവിതവും തമ്മില്‍ മൂന്നക്ഷരത്തിന്റെ അടുപ്പമുണ്ട്. പക്ഷേ അകല്‍ച്ചയോ...പ്രണയത്തില്‍ നിന്ന് ജീവിതത്തിലേക്ക് എത്രയൊന്നലഞ്ഞാലാണ് എത്തിച്ചേരാനാവുക. അതിനിടയില്‍ മറികടക്കേണ്ട പ്രതിബന്ധങ്ങള്‍ എത്രയോ്. കടലിനാല്‍ ചുറ്റിക്കിടക്കുന്ന ഒരു ദ്വീപ്. അതിന്നപ്പുറത്തെ ജീവിതത്തെപ്പറ്റി അധികമാര്‍ക്കും അറിയില്ല. അവിടെ രണ്ടു പേര്‍ തമ്മില്‍ പ്രണയത്തിലാണ്-വാവയും ഡെയ്‌നും. പക്ഷേ മറ്റൊരു ഗോത്രവിഭാഗത്തിന്റെ തലവന്റെ മകന് പറഞ്ഞുവച്ച പെണ്ണാണ് വാവ.

ഇരുഗോത്രങ്ങളും തമ്മിലുള്ള വഴക്കു തീര്‍ക്കാന്‍ ആ വിവാഹം നടക്കേണ്ടത് അത്യാവശ്യം. കാടു മാത്രമായിരുന്നു ഇത്രയും നാള്‍ ഡെയ്‌നിന്റെയും വാവയുടെയും പ്രണയത്തിനു സാക്ഷിയായിരുന്നത്. ഇനിയങ്ങനെ ആയാല്‍ പറ്റില്ല. എല്ലാം ഏറ്റുപറഞ്ഞില്ലെങ്കില്‍ ഇരുവര്‍ക്കും സ്വന്തം പ്രണയമാണ് എന്നന്നേക്കുമായി നഷ്ടപ്പെടുക. പക്ഷേ കാട്ടുനിയമമാണ്, മാറ്റാനാകില്ല. മാറ്റിയാല്‍ ഗോത്രങ്ങള്‍ തമ്മില്‍ തെറ്റും, അവിടെ ചോരപ്പുഴയൊഴുകും. ആ പുഴയില്‍ ഒഴുകിപ്പോകാതെ തങ്ങളുടെ വേണ്ടപ്പെട്ടവരെ സംരക്ഷിക്കേണ്ടത് ഇപ്പോള്‍ ഡെയ്‌നിന്റെയും വാവയുടെയും ചുമതലയാണ്. പക്ഷേ മറ്റുളളവര്‍ക്കു വേണ്ടി നിന്നാല്‍ തങ്ങളുടെ കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചു പോകുമെന്നത് അവര്‍ക്കുറപ്പായിരുന്നു. ഇരുവരും ഒരു പകലില്‍ നാടുവിട്ടു. വമ്പനൊരു അഗ്നിപര്‍വതവും കടലും കാവല്‍ നില്‍ക്കുന്ന വന്വാട്ടു ദ്വീപിലാണ് ടാന്ന എന്ന ചിത്രത്തിന്റെ കഥ നടക്കുന്നത്. ഈ ദ്വീപില്‍ ചിത്രീകരിച്ച ആദ്യത്തെ ചിത്രമാണിത്. അവിടത്തെ ആദിമഗോത്രവിഭാഗക്കാര്‍ തന്നെയാണ് ചിത്രത്തിലെ അഭിനേതാക്കളും. എന്നാല്‍ പുതുമുഖങ്ങളെന്ന പകപ്പ് ഒട്ടുമില്ലാതെയുളള ഗോത്രവിഭാഗക്കാരുടെ അഭിനയം ഞെട്ടിപ്പിച്ചു കളയും.

tanna

ബെന്റ്‌ലി ഡീനും മാര്‍ട്ടിന്‍ ബട്‌ലറും സംവിധായകരായ ടാന്ന ഒട്ടേറെ രാജ്യാന്തര പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. അപോകാലിപ്‌റ്റോ പോലുള്ള ചിത്രങ്ങള്‍ ഇന്‍ഡിജീനസ് ജനവിഭാഗത്തിന്റെ കഥ ഹോളിവുഡ് പരുവത്തിലാക്കി പ്രേക്ഷകനു മുന്നിലെത്തിച്ചിട്ടുണ്ട്. അടുത്തിടെ മലയാളത്തില്‍ പുറത്തിറങ്ങിയ ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി എന്ന ചിത്രവും വെറുതെ ഓര്‍ത്തു ടാന്നയുടെ കാഴ്ചക്കിടെ. പക്ഷേ ഈ ചിത്രങ്ങളെല്ലാം ഭാവനയുടെ പരമാവധി സാധ്യതയും ഉപയോഗപ്പെടുത്തിയുള്ളതായിരുന്നു. ടാന്ന വ്യത്യസ്തമാകുന്നതും വിഷയത്തോട് അത് അത്രമാത്രം ചേര്‍ന്നുനില്‍ക്കുന്നതു കൊണ്ടാണ്. കൃത്യമായിപ്പറഞ്ഞാല്‍ ഒരു യഥാര്‍ഥ സംഭവമാണ് ഇവിടെ സിനിമയായത്. 1980കളില്‍ വന്വാട്ടു ദ്വീപില്‍ നടന്ന ഒരു പ്രണയം.

അവിടെ രണ്ടു പേര്‍ പ്രണയിച്ചപ്പോള്‍ ഗോത്രങ്ങള്‍ക്കിടയിലെ നിയമങ്ങള്‍ പോലും മാഞ്ഞുപോയ സംഭവം. ഗോത്രചരിത്രത്തിന്റെ ഓര്‍മത്തകിടില്‍ രണ്ട് പ്രണയിതാക്കളുടെ ചിത്രം പതിച്ചു ചേര്‍ത്ത സംഭവം. അതാണ് ടാന്ന എന്ന സിനിമയായത്. ഡെയ്‌നിനെയും വാവയെയും ദ്വീപ് മുഴുവന്‍ അരിച്ചു പെറുക്കുകയാണ് ഇരു ഗോത്രവിഭാഗക്കാരും. തേടുന്നവര്‍ക്കറിയാം ഇരുവരും പരമാവധി എവിടെ വരെ പോകുമെന്ന്. ദ്വീപിനു ചുറ്റും കടലാണ്. അതില്‍ നീന്തിക്കുളിച്ചുല്ലസിക്കാനേ പറ്റൂ, നീന്തിക്കടക്കാനാകില്ല. അഭയസ്ഥാനം തേടി ഡെയ്‌നിയും വാവയും ദ്വീപു മുഴുവന്‍ ചുറ്റി. അതിനിടെ ഒരു ക്രിസ്ത്യന്‍ മിഷനറി ഗ്രാമത്തിലെത്തി.പക്ഷേ അവിടെയുള്ളവരെ സഹിക്കാനാകില്ല എന്നാണ് ഡെയ്‌നിന്റെ പക്ഷം. കാടിലൂടെ നടക്കവെ ഒരു കാര്യം ഉറപ്പായി, രക്ഷ ഏറെ ദൂരത്തിലാണ്.

tana-movie

കീഴടങ്ങുന്നതിനെപ്പറ്റി ചിന്തിക്കാനേ വയ്യ. അഗ്നിപര്‍വതം പോലെ പുകയുകയാണ് മനസ്സ്. അവിടെ വച്ച് ഡെയ്‌നിയും വാവയും പരസ്പരം കൈകള്‍ കോര്‍ത്തുനിന്നു. കെട്ടിപ്പിടിച്ചു, ചുംബിച്ചു. വിലക്കുകളാണ് ചുറ്റിലും എന്നിരുന്നാലും അവര്‍ക്കു പരസ്പരം ഒന്നിച്ചേ മതിയാകൂ. പ്രണയത്തിന്റെ സൗന്ദര്യവും ആസുരതയുടെ നിറവുമുള്ള ആ ആലിംഗനത്തിന്റെ പശ്ചാത്തലത്തില്‍ അഗ്നിപര്‍വതത്തില്‍ നിന്നു കുതിച്ചു പൊങ്ങിയ ലാവയും ചാരവുമൊക്കെയായിരുന്നു എത്തിയത്. പുകഞ്ഞുതുള്ളുന്ന ഒരു അഗ്നിപര്‍വതത്തിനു മുന്നില്‍ ഒരു ആലിംഗനം. അതും പരസ്പരം വിലക്കപ്പെട്ട രണ്ടു ശരീരങ്ങള്‍. ഭാവി എന്ത് എന്നാലോചിച്ച നീറുകയാണ് ഡെയ്‌നും വാവയും. അത്തരമൊരു നിമിഷത്തിലെ ആലിംഗനത്തിനിടെ പശ്ചാത്തലത്തില്‍ ഒരു അഗ്നിപര്‍വതമല്ലാതെ മറ്റെന്താണ് ചേരുക? സ്വര്‍ണവര്‍ണമുളള ലാവയ്കു മുന്നിലെ ഡെയ്‌നിന്റെയും വാവയുടെയും പ്രണയാലിംഗനത്തെ കയ്യടികളോടെയാണ് ചലച്ചിത്ര മേളയുടെ ആസ്വദകര്‍ സ്വീകരിച്ചതും.

Tanna 2015 Movie Trailer

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.