Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവരുടെ പിന്നാലെയുണ്ട്, ആ ചോരക്കൊതിയന്‍ ക്യാമറ...

victori-movie

കാലത്തിലും കാഴ്ചയിലും മായം കലര്‍ത്തുന്നതാണ് സിനിമ. ആ പ്രക്രിയക്ക് കൂട്ടായി ഒട്ടേറെ എഡിറ്റിങ് ടൂളുകളും ഗ്രാഫിക്‌സും ആനിമേഷനുമെല്ലാം ലഭ്യം. എന്നാല്‍ എഡിറ്റിങ് വേണ്ടാത്ത ഒരു ചിത്രം, ഗ്രാഫിക്‌സോ മറ്റോ ഉപയോഗിച്ച് മാറ്റു കൂട്ടേണ്ടാത്ത ഒരു ചിത്രം. കാലത്തിലോ കാഴ്ചയിലോ കലര്‍പ്പില്ലാതെയുള്ള ആ അവതരാണാദ്ഭുതമായിരുന്നു വിക്ടോറിയ. കേരളത്തിന്റെ രാജ്യാന്തര മേളയില്‍ ഏറ്റവുമധികം ചര്‍ച്ചാവിഷയമാകുന്ന സിനിമാസീനുകളെപ്പറ്റിയുള്ള ഈ കോളത്തിലേക്ക് ആദ്യമായി കയറി വന്നത് ഈ ജര്‍മന്‍ ചിത്രമാണെന്നത് പകരുന്ന സന്തോഷവും പറഞ്ഞറിയിക്കാനാകില്ല. കാരണം ഇത്തരമൊരു കോളം ആരംഭിക്കാന്‍ വിക്ടോറിയയെ പോലെ അനുയോജ്യമായ മറ്റൊരു സിനിമയുണ്ടാകില്ല. സിനിമയും സീനും ഒന്നുതന്നെയാകുന്ന കാഴ്ചാവിശേഷമായിരുന്നു ഈ ചിത്രം. ചിത്രം ആരംഭിക്കുന്നതു മുതല്‍ അവസാനിക്കുന്നത് വരെ ഒരൊറ്റ ഷോട്ടേയുള്ളൂ. ആ യാത്രയ്ക്കിടയിലെ കാഴ്ചകളെയെല്ലാം കൂട്ടിച്ചേര്‍ക്കുമ്പോള്‍ അതിനെ ഷോട്ടെന്നാണോ വിളിക്കേണ്ടത് അതോ സീനെന്നോ, സിനിമയെന്നോ...

ഒറ്റഷോട്ടിലുള്ള സിനിമ ലോകചലച്ചിത്രത്തിന്റെ പരീക്ഷണശാലകളില്‍ ഒട്ടേറെത്തവണ വിരിഞ്ഞിറങ്ങിയിട്ടുണ്ട്. ഇറാനില്‍ നിന്നുള്ള ദ് ഫിഷ് എന്ന ചിത്രം ഈ സാധ്യതയുടെ അങ്ങേയറ്റം കണ്ടതാണ്. ചലച്ചിത്രവേദികളിലെ ചര്‍ച്ചാവിഷയമായിരുന്നു കഴിഞ്ഞ വര്‍ഷം ഈ ചിത്രം. ഒരൊറ്റ ഷോട്ടിലാണ് ചിത്രം. പക്ഷേ അതിനിയ്ക്ക് കഥയും കഥാപാത്രങ്ങളും ഭൂതകാലത്തിലേക്ക് പലതവണ പോകുന്നുണ്ട്. ഇടയ്ക്ക് വര്‍ത്തമാനകാലത്തിലും കഥ നടക്കും. ഇതിനിടെ പക്ഷേ ഒരു കട്ട് പോലുമില്ല. നൂറുകണക്കിനു തവണ റിഹേഴ്‌സലെടുത്തിട്ടായിരുന്നു ചിത്രം തയാറാക്കിയത്. തിരക്കഥയില്‍ ദ് ഫിഷിനോളം ബുദ്ധിമുട്ടേണ്ടി വന്നില്ലെങ്കിലും സാങ്കേതികപരമായി വിക്ടോറിയ മുന്നില്‍ത്തന്നെയാണ്. പ്രത്യേകിച്ച് സംവിധായകന്‍ ഡേവിഡ് ഷിപ്പെറും ഛായാഗ്രാഹകന്‍ സ്റ്റര്‍ല ബ്രാന്‍ഡ്തും ഇതിനു വേണ്ടി ചെലവഴിച്ച നിമിഷങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍.

victoria-scenes

രണ്ട് മണിക്കൂര്‍ 18 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ മുഴുവന്‍ സമയവും ഒരു ക്യാമറ നാലു പേരെ പിന്തുടരുകയാണ്. ഒരാള്‍ക്കു പിഴച്ചാല്‍ മതി എല്ലാം ഒന്നില്‍ നിന്നു തുടങ്ങണം. അതിനിടയ്ക്ക് ഗ്രാഫിക്‌സ് പോലുമില്ല, എന്നിട്ടും പലപ്പോഴും കണ്മുന്നിലെത്തിയത് ത്രസിപ്പിക്കുന്ന കാഴ്ചകള്‍. ഇടവേളയില്ലാതെ ചലിക്കുന്ന കഥയ്ക്കും കഥാപാത്രങ്ങള്‍ക്കുമൊപ്പം ഇടയ്ക്കു കയറിവരുന്നത് പശ്ചാത്തല സംഗീതം മാത്രം. കഥ നടക്കുന്ന കാലത്തില്‍ കൃത്രിമത്വത്തിന്റെ ഒരു തരി പോലുമില്ല. അതിനാല്‍ത്തന്നെ കഥയെ വിശ്വസിച്ചേ പറ്റൂ. ഒപ്പം അതിന്റെ അനന്തര ഫലങ്ങളും. വെറും രണ്ട് മണിക്കൂര്‍ 18 മിനിറ്റ് മതി ചില ജീവിതങ്ങള്‍ ഒന്നുമല്ലാതായിത്തീരാന്‍ എന്നു വ്യക്തമാക്കിത്തരും വികടോറിയ.

ചില ജീവിതങ്ങള്‍ പാടെ മാറിമറിയുന്നതിനും ഇത്രയും സമയം മതി. പുലര്‍ച്ചെ നാലേമുക്കാല്‍ മുതല്‍ ഏഴേകാല്‍ വരെ ജര്‍മനിയിലെ ബെര്‍ലിനില്‍ നടക്കുന്ന സംഭവങ്ങളാണ് വിക്ടോറിയ പറയുന്നത്. അതുവരെ പരിചയമില്ലാത്ത നാലു ചെറുപ്പക്കാരെ കണ്ടുമുട്ടുന്ന വിക്ടോറിയ എന്ന സുന്ദരി അവര്‍ക്കൊപ്പം ചേരുന്നു. മാഡ്രിഡില്‍ നിന്ന് ബെര്‍ലിനിലെത്തിയ അവള്‍ ഒരു കൂട്ടു തേടിക്കൊണ്ടിരിക്കുകയായിരുന്നുവെന്നത് ആദ്യരംഗങ്ങളില്‍ നിന്നുതന്നെ വ്യക്തം. ഒന്നല്ല ബോക്‌സര്‍, ബ്ലിങ്കര്‍, ഫുസെ, സോണെ എന്നിങ്ങനെ നാലുപേരെ കൂട്ടായിക്കിട്ടി അവള്‍ക്ക്. അതിലൊരുവന്‍ സോണെ, അവളാഗ്രഹിച്ചതു പോലെത്തന്നെ പ്രണയിച്ചു പോകുന്ന ഒരു ചെറുപ്പക്കാരനാണ്. പരിചയപ്പെട്ട് നഗരം മുഴുവന്‍ കറങ്ങി തിരിച്ച് അവള്‍ ജോലിയെടുക്കുന്ന കഫെയിലെത്തിയിട്ടും സോണെ വിക്ടോറിയയെ വിട്ടു പോയില്ല. അവരങ്ങിനെ സംസാരിച്ചിരിക്കെ ബോക്‌സറും സംഘവും വീണ്ടും തിരിച്ചെത്തി വാതിലില്‍ ശക്തമായി മുട്ടി. അവര്‍ക്കൊരു ഡ്രൈവറെ വേണം, വിക്ടോറിയ അവര്‍ക്കൊപ്പം വരുമോയെന്നാണ് അറിയേണ്ടത്. അവള്‍ സമ്മതിച്ചു. പിന്നീടങ്ങോട്ട് അവര്‍ അഞ്ചു പേരുടെയും ജീവിതം തന്നെ വഴിമാറ്റിക്കളയുന്നൊരു യാത്രയായിരുന്നു. ഈ യാത്രയില്‍ മുഴുവനും അവരെ ഒരു ക്യാമറ പിന്തുരുകയാണ്. ഓര്‍ക്കണം, അവരുടെ ചോര കുടിക്കുകയാണ് ആ ക്യാമറയുടെ ലക്ഷ്യം...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.