Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അലക്കാതെ വച്ച ആ ഷർട്ടൊരെണ്ണം...’

mammootty

തീരത്തേയ്ക്കലച്ചെത്തിയ തിരമാലകളായിരുന്നു അവർ. പൊന്നുവിളയുന്ന കരയെ സ്നേഹിച്ചവർ, നിവൃത്തികേടുകൊണ്ട് മാത്രം തിരികെ പോകാൻ കഴിയാതിരുന്നവർ. പിന്നീടെപ്പോഴൊക്കെയോ തിരിച്ചുപോകാൻ കൊതിച്ചപ്പോൾ തിരിച്ചെടുക്കപ്പെടാതിരുന്നവർ. മൊയ്തീനും നാരായണനും ഗൾഫിലെത്തി വർഷങ്ങളേറെക്കഴിഞ്ഞിരിക്കുന്നു. ജീവിതസായാഹ്നത്തിന്റെ നാളുകളിലൊന്നിൽ അവർ ഒന്നുകൂടി ആ കരയിൽ വന്നു. ഒരിക്കൽ ഒഴിഞ്ഞ കീശയും സ്വപ്നം നിറച്ച മനസ്സും മാത്രമായി കാലുകുത്തിയ ഖോർഫക്കാനിലെ അതേ കടൽത്തീരത്ത്:‘ആരായിരിക്കും ആദ്യമായി ഈ കടൽത്തീരത്ത് കാലുകുത്തിയ മലയാളി...?’

അതു ചോദിക്കുമ്പോൾ നാരായണന് ഒരു കൊച്ചുകുട്ടിയുടെ കൗതുകം.‘അതാരായാലും നാടുകാണാൻ വന്നവരായിരിക്കില്ല...’എന്ന് മൊയ്തീന്റെ മറുപടി. വീട്ടിലെമ്പാടും പട്ടിണിയും പുരനിറഞ്ഞു നിൽക്കുന്ന പെങ്ങന്മാരുമുള്ള ഒരാളായിരിക്കും അതെന്നും മൊയ്തീന് ഉറപ്പ്. പത്തേമാരിക്കൊപ്പം നാം തുഴഞ്ഞ ഓരോ നിമിഷത്തിലും തോന്നും മൊയ്തീന്റെ ഈ വാക്കുകൾ സത്യമായിരുന്നുവെന്ന്. ആദ്യമായി ഗൾഫിലേക്കെത്തുമ്പോൾ പള്ളിക്കൽ നാരായണനും അങ്ങനെത്തന്നെയായിരുന്നു. പട്ടിണിയും പച്ചവെള്ളവും കൊണ്ട് വിശപ്പടക്കേണ്ടി വന്ന വീട്ടിൽ നിന്ന് നാരായണൻ ഒളിച്ചോടിയത് പക്ഷേ സ്വന്തം ജീവിതം തീരത്തടുപ്പിക്കാനായിരുന്നില്ല. ഗതികിട്ടാതെ ഒരു കടൽക്കാറ്റിനെപ്പോലെ അലയേണ്ടി വരുമായിരുന്ന കൂടപ്പിറപ്പുകളുടെ ജീവിതത്തിന് നേരായ ദിശ കാണിക്കാനായിരുന്നു. പക്ഷേ എല്ലാം വിട്ടെറിഞ്ഞു പോന്ന ആ കാലത്ത് നാടിന്റെ ഒച്ചയൊന്നു കേൾക്കാൻ ഫോണോരത്ത് കൊതിയോടെ നിന്നവരെ തേടിവന്നത് പരിഭവങ്ങളും പരാതികളും മാത്രമായിരുന്നു.

pathemari-movie

സംസാരിക്കുമ്പോൾ അമ്മ പോലും ആദ്യം ചോദിക്കുന്നത് ‘മോനേ നിനക്ക് സുഖമാണോ’ എന്നല്ല ‘നീ വിമലയെ വിളിച്ചിരുന്നോ അവളുടെ കാര്യം കഷ്ടത്തിലാണ്’ എന്നാണ്. ഭാര്യയ്ക്കു പോലും പറയാൻ സങ്കടങ്ങളേയുള്ളൂ. കാശിനെയാണോ അവർ സ്നേഹിക്കുന്നതെന്ന് തോന്നിപ്പോകുന്ന നിമിഷങ്ങൾ. മനസ്സുനിറയ്ക്കാൻ നാട്ടിലേക്കു വിളിക്കുന്ന എത്രയെത്ര പ്രവാസികൾ മരവിച്ച മനസ്സുമായി വിറകൈകളോടെ ഫോൺ തിരികെ വച്ച് ഇങ്ങനെ മടങ്ങിപ്പോയിട്ടുണ്ടാകും...? ആ വിറങ്ങലിപ്പുമായി 50 വർഷത്തോളമാണ് നാരായണൻ ഗൾഫിനോടും ജീവിതത്തോടും മല്ലിട്ടത്. അരനൂറ്റാണ്ട് എന്നത് ഒരു ചെറിയ കാലമല്ല. അതിനിടെ ലോകം മുഴുവൻ മാറി. കത്തുകൾ മാറി ഫോണായി, ഓഡിയോ കാസറ്റുകൾ വിഡിയോയിലേക്ക് മാറി, നാരായണന്റെ ചുറ്റിലുമുള്ളവരിൽ ചിലർ വീണു, ചിലർ പിടിച്ചു നിന്നു, മറ്റുചിലർ പിടിച്ചടക്കി. അതിനിടയിൽ തലമുടിയിഴകളിലെ കറുപ്പ് വെളുപ്പിലേക്കു മാറിയെന്ന മാറ്റം മാത്രമായി നാരായണനും. കടലിനപ്പുറത്തെ കാഴ്ചകളെക്കാളും തിരിച്ചുവരവുകളാണ് പത്തേമാരിയിലേറെയും. ആദ്യം നാരായണനെ കാത്തിരിക്കാൻ ഒട്ടേറെപ്പേരുണ്ടായിരുന്നു.

mammootty-image

അന്ന് അവരുടെയെല്ലാം ജീവിതം നാരായണനെന്ന ഏക ആശ്വാസഗ്രഹത്തെ ചുറ്റിയായിരുന്നു. പിന്നെപ്പിന്നെ അവർക്കൊന്നും തികയാതെയായി, കണക്കുപറഞ്ഞ് വാങ്ങാൻ തുടങ്ങി. എല്ലാം കിട്ടിക്കഴിഞ്ഞപ്പോൾ പിന്നെ അവർക്ക് നാരായണൻ ഇടയ്ക്കിടെ വന്നുപോകുന്ന വെറും വിരുന്നുകാരൻ മാത്രം. ഒന്നു മിണ്ടാൻ ഭാര്യയ്ക്കു പോലും നേരമില്ല. വിവാഹം കഴിഞ്ഞ് ആദ്യമായി ഗൾഫിൽ നിന്നു മടങ്ങി വരുമ്പോൾ ഒരു തൂണിനപ്പുറത്തുനിന്ന് കണ്ണെറിഞ്ഞു കൊതിപ്പിച്ചവളാണ്. പക്ഷേ പിന്നീടെപ്പോഴോ അവൾ മാത്രമാണ് പ്രവാസത്തിനും സ്വപ്നജീവിതത്തിനുമിടയിൽ നാരായണൻ നയിച്ച ആ വിരഹവേദനയെ തിരിച്ചറിയുന്നതും.

pathemari-still1

പത്തേമാരിയെന്ന ചലിക്കുന്ന സിനിമാസത്യം അവസാന നിമിഷങ്ങളിലേക്കു നീങ്ങുന്ന നേരം. നാരായണന്റെ മക്കളെല്ലാം വലുതായി. ആകെയുള്ള ഏതാനും സെന്റ് സ്ഥലത്ത് ഒരു സ്വപ്നഭവനം ഉയരുന്നുണ്ട്. ‘മക്കളെന്താ കഴിച്ചേ...’ എന്നാണ് ആ രാത്രിയിൽ നാരായണൻ ഭാര്യയോടു ചോദിക്കുന്നത്. അന്നേരം അവൾ പറയുന്ന ചോറും മീനും മെഴുക്കുപുരട്ടിയുമെന്നുമൊക്കെയുള്ള മറുപടിയിൽ നാരായണന്റെ നാവൊന്നു നൊട്ടിനുണയുന്ന ശബ്ദം കേൾക്കാം. അന്നേരം തിരശീലയിൽ ആ ശബ്ദം മാത്രമേയുള്ളൂ. അയാളൊരു ബർഗറിൽ വിശപ്പടക്കാനുള്ള ശ്രമത്തിലാണ്. പ്രവാസത്തിന്റെ ആ കൊടുംചൂടിൽ ആരാണാഗ്രഹിക്കാത്തത് നാടിന്റെ മണമുള്ള ഒരു പിടി ചോറ്? പക്ഷേ വർഷങ്ങളായി, നാരായണന് അതൊക്കെ ശീലമാണ്. എന്നത്തേയും പോലെ അന്നും അയാൾ അവളോട് കുശലം ചോദിച്ചു: ‘ഞാൻ നിനക്കെന്താ നാട്ടിലേക്ക് കൊടുത്തുവിടേണ്ടത്...?’

pathemari-poster

ആദ്യമൊരു നിശബ്ദതയായിരുന്നു മറുപടി.‘പറയ്..’–നാരായണന് അവളുടെ ശബ്ദം കേൾക്കാൻ കൊതി തോന്നിയ പോലെ. ‘നിങ്ങള് ഇട്ടിട്ട് അലക്കാതെ വച്ച ഒരു ഷർട്ടുണ്ടെങ്കി അത് കൊടുത്തു വിടാമോ...?’ ചില രംഗങ്ങൾക്കു നേരെ നമ്മൾ കണ്ണടയ്ക്കുന്നത് കണ്ണു നിറയുന്നതു കൊണ്ടു മാത്രമല്ല, നെഞ്ചെരിഞ്ഞിട്ടു കൂടിയാണ്...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.