Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടുവിലാ ദൈവത്തെ അയാള്‍ കുഴിച്ചുമൂടി...

taklub

'നിങ്ങളിപ്പോഴും ജീവനോടെയുണ്ടോ..?' തമാശയ്ക്ക് പലരും ചോദിച്ചുകേട്ടിട്ടുണ്ടിങ്ങനെ. പക്ഷേ റെനാറ്റോയോട് സുഹൃത്ത് അങ്ങനെ ചോദിച്ചപ്പോള്‍ കേട്ടിരുന്ന പ്രേക്ഷകന്റെ നെഞ്ചൊന്നു പിടച്ചിരുന്നിരിക്കണം. കാരണം ആ സംഭാഷണം നടക്കുന്നത് ഫിലിപ്പീന്‍സിലെ തക്‌ലോബാനിലാണ്. രണ്ടു വര്‍ഷം മുന്‍പത്തെ നവംബറില്‍ ഫിലിപ്പീന്‍സിലെയാകെ പിടിച്ചുകുലുക്കി ഹൈയാന്‍ ചുഴലിക്കാറ്റ് സംഹാരതാണ്ഡവമാടിയപ്പോള്‍ ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായ സ്ഥലങ്ങളിലൊന്ന് തക്‌ലോബാനായിരുന്നു.

ആറായിരത്തിലേറെ പേരുടെ ജീവനുമെടുത്താണ് അന്ന് ഹൈയാന്‍ പറന്നകന്നത്. പക്ഷേ ഇന്നും ആ കൊടുങ്കാറ്റിന്റെ ഹുങ്കാരവും നെഞ്ചില്‍ പേറി ജീവിക്കുന്ന ഒട്ടേറെ പേരുണ്ടവിടെ. അവരുടെ കഥയാണ് ബ്രിയാന്റ് മെന്റോസയുടെ തക്‌ലുബ് അഥവാ ട്രാപ് പറഞ്ഞത്. ചുഴലിക്കാറ്റിനെക്കുറിച്ചല്ല ഈ ചിത്രം, മറിച്ച് ആ കാറ്റില്‍ കടപുഴകിയവരുടെ ജീവിതങ്ങളെപ്പറ്റിയാണ്. അസ്വസ്ഥമാക്കുന്ന കാഴ്ചകള്‍ കണ്മുന്നില്‍ നിറയുമ്പോഴും സിനിമയല്ലേ എന്നു കരുതി സമാധാനം കൊള്ളാന്‍ പോലും സാധിക്കില്ല. കാരണം ഹൈയാന്‍ ചുഴലിക്കാറ്റിന് ഇരയായി വീടും വേണ്ടപ്പെട്ടവരും നഷ്ടപ്പെട്ടവരുടെ യഥാര്‍ഥ ജീവിതാവസ്ഥയാണ് പ്രഫഷണല്‍ നടീനടന്മാരെ വച്ച് മെന്റോസ ഒരുക്കിയത്.

ഹൈയാന്‍ ദുരന്തത്തിന് ഒരു വര്‍ഷമപ്പുറമാണ് കഥ(അല്ല ഈ യാഥാര്‍ഥ്യം) നടക്കുന്നത്. മൂന്നുകുടുംബങ്ങള്‍. അതിലൊരമ്മയ്ക്ക് മൂന്നുകുഞ്ഞു മക്കളെയാണ് നഷ്ടപ്പെട്ടത്. മറ്റൊരാള്‍ക്ക് കുടുംബം മുഴുവനും നഷ്ടമായി. മാതാപിതാക്കളെ നഷ്ടപ്പെട്ട മൂന്നു പേരും കൂടിയാകുന്നതോടെ കഥയുടെ ത്രികോണചിത്രം ഒരുങ്ങി. എന്നാല്‍ ഈ മൂന്നു പേരിലൂടെ ഒട്ടേറെ പേരുടെ ജീവിതാവസ്ഥകളാണ് തിരശീലയിലെത്തുന്നത്. സിനിമ പകരുന്ന ദുരന്താനുഭവങ്ങള്‍ ആരംഭത്തില്‍ നിന്നു തന്നെ തുടങ്ങുന്നു. ഹൈയാന്‍ ചുഴലിക്കാറ്റില്‍ നിന്നു രക്ഷപ്പെടുന്ന ഒരു കുടുംബം ഇപ്പോള്‍ മറ്റനേകരോടൊപ്പം അഭയാര്‍ഥി ക്യാംപിലാണ്. പക്ഷേ ഒരു രാത്രിയില്‍ അവര്‍ താമസിച്ചിരുന്ന ടെന്റിനു തീപിടിച്ചു.

കുടുംബത്തിലെ ഒരാളൊഴികെ ബാക്കിയെല്ലാവരും കത്തിയമര്‍ന്നു. അമ്മയുടെ മാറോട് ചേര്‍ന്ന് പൊളളിയൊട്ടിയിരുന്ന കുരുന്നിന്റെ ദൃശ്യത്തിനു മുന്നില്‍ കണ്ണടയ്ക്കാന്‍ പോലുമാകാതെ പ്രേക്ഷകനിരുന്നു പോകുംവിധമാണ് സിനിമാഅനുഭവം സംവിധായകന്‍ സാധ്യമാക്കിയിരിക്കുന്നത്. ആ കുടൂംബത്തിന്റെ ദുരവസ്ഥയില്‍ പരിസരവാസികള്‍ മാത്രമേ നൊമ്പരപ്പെട്ടുള്ളൂ. അധികൃതരാകട്ടെ തീപിടിത്തത്തിന്റെ കാരണക്കാരനായ മണ്ണെണ്ണ വിളക്കിനെയാണ് കുറ്റം പറയുന്നത്. മേലാല്‍ ഒരു ടെന്റിലും മണ്ണെണ്ണ വിളക്ക് കത്തിക്കരുതെന്ന അവരുടെ നിര്‍ദേശം പ്രദേശത്താകെ മുഴങ്ങുമ്പോള്‍ മറ്റ് അഭയാര്‍ഥികള്‍ ആ തീപിടിത്തത്തില്‍ ജീവനോടെ ബാക്കിയായ ഒരേയൊരാള്‍ക്ക് നല്‍കാനുള്ള പണം ശേഖരിക്കുന്ന തിരക്കിലായിരുന്നു. ചുഴലിക്കാറ്റിനു ശേഷം സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ജനങ്ങള്‍ക്കെന്തു ലഭിച്ചെന്നും ഇത്തരം ചില കാഴ്ചകളിലൂടെ സംവിധായകന്‍ വ്യക്തമാക്കുന്നു.

പക്ഷേ ഇതിലെ വിരോധാഭാസം സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് മെന്റോസ ഇത്തരമൊരു സിനിമ ഒരുക്കിയതെന്നതാണ്. ചിത്രത്തിലാകെ ദുരിതത്തിന്റെയും ദാരിദ്ര്യത്തിന്റെയും കാഴ്ചകളാണ്. അതിനിടെ മനസ്സില്‍ അല്‍പമെങ്കിലും നന്മ ബാക്കിയുണ്ടായിരുന്നവര്‍ക്കു പോലും തിരിച്ചടികള്‍ മാത്രമേ ലഭിക്കുന്നുള്ളൂ. ഭരണകൂടം, മതം, ദൈവം എല്ലാറ്റിനെയും ചോദ്യം ചെയ്യുന്നുണ്ട് തക്‌ലുബ്്. പലതും പ്രതീകാത്മകമായിട്ടാണ്. ചിലപ്പോഴൊക്കെ ബസിനു പിറകെ ഭ്രാന്തു പിടിച്ച് ഓടി വരുന്നവരെ കാണാം. മറ്റൊരാള്‍ ഉറക്കമില്ലാതെ പിച്ചുംപേയും പറഞ്ഞ് രാത്രിയില്‍ കടല്‍ത്തീരത്തു കൂടെ അലയുന്നു. കടലൊന്ന് ക്ഷോഭം പൂണ്ടപ്പോള്‍ സൂനാമി വരുന്നേയെന്ന് അലറി വീട്ടില്‍ നിന്നിറങ്ങിയോടുന്നവരുമുണ്ട്. അതിനിടയില്‍ എങ്ങനെയെങ്കിലും ജീവിതം മുന്നോട്ടു പോയാല്‍മതിയെന്ന് ആഗ്രഹിക്കുന്നവരും നിലകൊള്ളുന്നു. ഹൈയാന്‍ ആഞ്ഞടിച്ച് ഒരു വര്‍ഷമായിട്ടും ഒന്നും ചെയ്യാത്ത സര്‍ക്കാരിനെതിരെ സമരനീക്കം നടത്തുന്ന കാഴ്ച പോലുമുണ്ട്.

taklub-movie

ഭരണകൂടത്തോട് സമരം ചെയ്ത് പ്രതികരിക്കാം പക്ഷേ തങ്ങളെ ഈ അവസ്ഥയിലാക്കിയ ദൈവത്തോട് എന്തു പറയാനാകും? അതും ദൈവത്തില്‍ ഇത്രമാത്രം വിശ്വസിക്കുന്ന ഒരു ജനത. ചുഴലിക്കാറ്റിനിടെ കൈയ്യകലത്തില്‍ നിന്ന് ഭാര്യയെ നഷ്ടപ്പെട്ട റെനാറ്റോയാണ് തക്‌ലോബാനില്‍ യേശുവിന്റെ വേഷം ധരിച്ച് പ്രദക്ഷിണത്തിനിറങ്ങാറുള്ളത്. പക്ഷേ ജീവിതം മടുപ്പിന്റെയും നിരാശയുടെയും ആഴക്കടലില്‍ മുങ്ങിയതോടെ അയാളിപ്പോള്‍ ചില മുട്ടുന്യായങ്ങള്‍ പറഞ്ഞ് അതില്‍ നിന്നൊഴിവാകുന്നു. മാത്രവുമല്ല ഓരോ ദിവസവും ഇനിയെന്തിനാണ് ജീവിക്കുന്നത് എന്നു സ്വയം ചോദിപ്പിക്കും വിധം ഭീതിദങ്ങളായ അവസ്ഥകളിലൂടെയാണ് കടന്നു പോകുന്നത്. ഒടുവില്‍ ഒരുനാള് വീട്ടുമുറ്റത്തൊരു കുഴിയെടുത്തു അയാള്‍. താന്‍ ഏറെ ആരാധിക്കുന്ന, ജീവനായിക്കരുതുന്ന ക്രൂശിതരൂപത്തെ അതിലേക്കിറക്കി വച്ചു, പതിയെ മണ്ണിട്ടു മൂടി. റെനാറ്റോ ദൈവത്തെ കുഴിച്ചിട്ടത് വെറുത്തതു കൊണ്ടാകില്ല. ദൈവത്തിനു പോലും കണ്ണടയ്‌ക്കേണ്ടി വരുന്ന വിധത്തിലുള്ള കാഴ്ചകള്‍ കാണാതിരിക്കട്ടെ എന്നു കരുതിയാകും.

മതത്തിന്റെ പേരില്‍ സിനിമയെയും സിനിമാക്കാരെയും വരെ വേട്ടയാടുന്ന നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഇവിടെ എത്രപേര്‍ക്കുണ്ടാകും ഇങ്ങനെയൊരു രംഗം എടുക്കാനുള്ള ധൈര്യം?

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.