Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കായേനും ആബേലും, ഇടയിൽ ഒരു സ്ത്രീയും

dolanma

തുർക്കി എഴുത്തുകാരനും ചലച്ചിത്രകാരനുമായ ടുൻ ദാവുദിന്റെ ആദ്യസിനിമ ‘എന്റാംഗിൾമെന്റ് ’ മൽസരവിഭാഗത്തിൽ പ്രദർശിപ്പിക്കുന്നു. ഒരു സ്ത്രീയുടെയും രണ്ടു സഹോദരൻമാരുടെയും കഥ. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സങ്കീർണമായ ബന്ധത്തിന്റെ കഥ കൂടിയാണ്. കരിങ്കടലിനുസമീപം അനാട്ടോലിയ പർവതനിരകളിലെ വനപ്രദേശത്തിന്റെ പശ്ചാത്തലത്തിലാണു സിനിമ. പ്രകൃതിയിലേതുപോലെ മന്ദഗതിയാണു ദൃശ്യാഖ്യാനത്തിനും.

മരംവെട്ടുകാരായ രണ്ടു സഹോദരൻമാർ: കെമലും സെമലും. കെമൽ നാൽപതോടടുക്കുന്നു. സെമൽ ഇരുപതുകളിലും. സെമലിനു പിതൃതുല്യനാണു കെമൽ. വനപ്രദേശത്തോടു ചേർന്ന ഒരു വീട്ടിലാണു ഇരുവരുടെയും താമസം. അമ്മ ചെറുപ്പത്തിലേ മരിച്ചു. കെമൽ ഏതോ കുറ്റത്തിന് 11വർഷം ജയിൽശിക്ഷ അനുഭവിച്ചയാളാണ്. പരുക്കൻ സ്വഭാവക്കാരൻ. ഒരുദിവസം അയാൾ പട്ടണത്തിൽനിന്ന് മടങ്ങിയെത്തുന്നത് ഒരു സ്ത്രീയുമായാണ്. നലാൻ എന്നാണ് അവളുടെ പേര്. അവളും അവർക്കൊപ്പം ആ വീട്ടിൽ താമസമാക്കുന്നു. സഹോദരൻമാർക്ക് കോഴിവളർത്തലുണ്ട്. ഒരു ഭീമൻ നായയും കൂട്ടായുണ്ട്. കഥ തുടങ്ങും മുൻപേ വീടു വിട്ടുപോകുന്ന ഈ നായ ഇടയ്ക്കു തിരിച്ചെത്തുന്നുണ്ട്. സ്ത്രീയോടു ഒട്ടും ഇണങ്ങാത്ത പ്രകൃതമായിരുന്നു ആദ്യം നായയുടേത്. ഒരിക്കൽ കെമൽ നായയെ തലയ്ക്കടിച്ചു പരുക്കേൽപ്പിക്കുന്നു. മുറിവേറ്റ നായയെ ശ്രുശ്രൂഷിക്കുന്നതു നലാനാണ്. അതിനുശേഷം ഇരുവരും ചങ്ങാത്തത്തിലാകുന്നു.

കെമാൽ വീട്ടിൽ ഇല്ലാത്ത സമയം നലാനും സെമാലും തമ്മിൽ അടുപ്പങ്ങളുണ്ടാകുന്നു. അവർക്കിടയിൽ എന്തോ ചിലതു സംഭവിച്ചതായുള്ള സൂചനകളേയുള്ളു. അമ്മയുടെ അകാലമരണം കെമാലിനെ വല്ലാതെ അലട്ടിയിരുന്നു. കാൽപനികമോ ചിലപ്പോൾ ലൈംഗികമോ ആയ അടുപ്പമാകണം അവർക്കിടയിൽ. അല്ലെങ്കിൽ തന്നേക്കാൾ മുതിർന്ന ഒരു സ്ത്രീയിൽനിന്ന് അവന് അമ്മയോടെന്ന പോലെ ഒരാകർഷണവും തോന്നിയിരിക്കാം. നായയുടെ മുറിവേറ്റ തല അവൾ തന്റെ മടിയിലെടുത്തുവച്ചാണു ശുശ്രൂഷിക്കുന്നത്. അതോടെ നായ ശാന്തനാകുന്നു. ഇതേപോലെ ഒരു ആർദ്രത അവളിൽ അവൻ കണ്ടെത്തിയിട്ടുണ്ടാകണം.

മന്ദഗതിയിലുള്ള ആഖ്യാനമാണു സംവിധായകന്റേത്. ചെറിയ ചെറിയ സംസാരങ്ങളേ കഥാപാത്രങ്ങൾ തമ്മിലുണ്ടാകുന്നുള്ളു. നോട്ടങ്ങൾ കൊണ്ടും അന്തരീഷം കൊണ്ടുമാണു ബന്ധങ്ങൾ ഇതൾ വിരിയുന്നതും സങ്കീർണമാകുന്നതും നാമറിയുന്നത്. പഴയനിയമത്തിലെ ആബേലിന്റെയും കായേന്റെയും കഥയിൽനിന്നാണു താൻ ഈ സിനിമയ്ക്കുള്ള പ്രചോദനം സ്വീകരിച്ചതെന്നു സംവിധായകൻ പറഞ്ഞിട്ടുണ്ട്. മുഖ്യധാരയിൽനിന്ന് ഒറ്റപ്പെട്ടു കഴിയുന്ന മനുഷ്യരുടെ വ്യഥകൾ കൂടിയാണിത്. അവരെ നൈരാശ്യം ബാധിച്ചിരിക്കുന്നു. അവരുടെ ജീവിതം വിധിക്കു കീഴടങ്ങിയാണ്. അതേസമയം ഇതു രണ്ടു സഹോദരൻമാർ തമ്മിലുള്ള അസാധാരണമായ ബന്ധത്തിന്റെ കഥ കൂടിയാണ്.

ഇരുപതു വർഷമായി തുർക്കി ചലച്ചിത്രരംഗത്തു സജീവമായ ടുൻ ദാവുദ് ഒട്ടേറെ ഹൃസ്വചിത്രങ്ങളെടുത്തിട്ടുണ്ട്. സരായെവോ ചലച്ചിത്രോൽസവത്തിൽ ആദ്യ പ്രദർശനം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.