Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബംഗാളിന്റെ ക്യാമറക്കണ്ണിൽ ഇന്ത്യയുടെ നവസിനിമകൾ

natoker-moto

ബംഗാളിൽനിന്നുള്ള ശ്രദ്ധേയ ചിത്രങ്ങളാൽ സമ്പന്നമാണ് ചലച്ചിത്രമേളകൾ. പരിചയസമ്പന്നരായ പ്രതിഭകൾക്കൊപ്പം പുതുമുഖസംവിധായകരുടെ ചിത്രങ്ങളും ബംഗാളിന്റെ സമ്പന്നമായ ചലച്ചിത്രപാരമ്പര്യത്തിന്റെ കണ്ണിമുറിയാതെ കാക്കുന്നു. പ്രമേയത്തിലും സമീപനത്തിലും പുതുമ പുലർത്തി ലോകസിനിമയുടെ മാറ്റങ്ങൾക്കൊപ്പമുള്ള സഞ്ചാരം. ഇത്തവണത്തെ ചലച്ചിത്രമേളയുടെ ഇന്ത്യൻ സിനിമാ വിഭാഗത്തിലും മേധാവിത്വം ബംഗാളിൽനിന്നുള്ള ചിത്രങ്ങൾക്കുതന്നെ. ഏഴ് ഇന്ത്യൻ ചിത്രങ്ങളിൽ മൂന്നെണ്ണം ബംഗാളിൽനിന്ന്. തമിഴ്, കന്നഡ, ഒഡിയ, ആസ്സാമീസ് ചിത്രങ്ങളും കൂടി ഉൾപ്പെട്ടതാണ് പട്ടിക.

പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്തുണ്ട് ബംഗാളി സിനിമയുടെ പുതിയ മുഖമായ കൗശിക് ഗാംഗുലിയുടെ ‘സിനിമാവാല’ . പശ്ഛാത്തലം സിനിമ തന്നെ. സിനിമാ വാലയെന്നു സ്വയം വിശേഷിപ്പിക്കുന്ന പ്രണബ്. മകൻ പ്രകാശ് സിനിമയുമായി ജനങ്ങൾക്കിടിയിലേക്കു സഞ്ചരിക്കുന്നയാൾ. സെല്ലുലോയ്ഡിൽനിന്നു ഡിജിറ്റൽ സിനിമയിലേക്കുള്ള മാറ്റത്തെ ഈ രണ്ടു രംഗത്തുപ്രവർത്തിക്കുന്ന കഥാപാത്രങ്ങളിലൂടെ അടയാളപ്പെടുത്താൻ ഗാംഗുലി ശ്രമിക്കുന്നു. അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിലെ സങ്കീർണതകൾ ഇഴപിരിച്ചെടുക്കാനുള്ള ശ്രമവും സിനിമാവാലയിലുണ്ട്.

Trailer | Natoker Moto | Bengali Movie | 2015 | Paoli Dam | Saswata Chatterjee

സംവിധായകൻ എന്ന നിലയിൽ പ്രതിഭയുടെ മുദ്രപതിപ്പിച്ച ചിത്രങ്ങൾ ഒരുക്കിയ കൗശിക് ഗാംഗുലി പ്രഗൽഭനായ തിരക്കഥാകൃത്തുകൂടിയാണ്. ബംഗാളി സാഹിത്യത്തിൽ ബിരുദം നേടിയ അദ്ദേഹം സർവകലാശാലയിൽ പഠിച്ചികൊണ്ടിരിക്കുമ്പോൾ തിയറ്റർ ഗ്രൂപ്പ് തുടങ്ങി ദൃശ്യങ്ങളുടെ മായികലോകത്തെത്തി. അന്ന് അദ്ദേഹത്തിന്റെ സഹപ്രവർത്തകയായിരുന്ന ചൂർണി ഗാംഗുലിയെ പിന്നീടു വിവാഹം കഴിച്ചു. ടെലിഫിലിമുകൾക്കു തിരക്കഥ രചിച്ചുകൊണ്ടാണ് കൗശിക്കിന്റെ തുടക്കം. ഗൃഹസദസ്സുകൾക്ക് അന്യമായിരുന്ന വിഷയങ്ങൾ ധീരതയോടെ അദ്ദേഹം ചിത്രങ്ങളുടെ പ്രമേയമാക്കി. സ്ത്രീകളുടെ സ്വവർഗ്ഗാനുരാഗം, ലിംഗവിവേചനം എന്നീ വിഷയങ്ങൾ സ്ഥിരം പ്രമേയം. 2004 ൽ വാരിഷ് എന്ന കൊമേഴ്സ്യൽച്ചിത്രം സംവിധാനംചെയ്തുകൊണ്ടു മുഖ്യധാര ചലച്ചിത്രമേഖലയിൽ കടന്ന കൗശിക് ശൂന്യോ ഈ ബ്യൂക്ക്, ബ്രേക്ക് ഫെയ്ൽ, കോൾ മല്ലിക് എന്നീ ചിത്രങ്ങളിലൂടെ പ്രതിഭ തെളിയിച്ചു. ദേശീയ, രാജ്യാന്തര തലങ്ങളിൽ അംഗീകാരങ്ങൾ നേടി. പ്രശസ്ത സംവിധായകനും നടനുമായ റിതുപർണഘോഷിനെ നായകനാക്കി സ്വവർഗ്ഗാനുരാഗിയായ ഡോക്യുമെന്ററി ഫിലിം മേക്കറുടെ ജീവിതം പറയുന്ന സിനിമയും ( ജസ്റ്റ് അനദർ ലവ്സ്റ്റോറി ) കൗശിക്കിനെ ശ്രദ്ധേയനാക്കി. 2013 ൽ പുറത്തിറങ്ങിയ അപൂർ പാഞ്ചലി എന്ന ചിത്രത്തിലൂടെ ഇന്ത്യൻ ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള പുരസ്കാരവും കൗശിക് കരസ്ഥമാക്കി.

Nanu Avanalla Avalu movie Exclusive Trailer

കൊൽക്കത്തയിലെ തിയറ്റർ കലാകാരിയുടെ ജീവിതം പ്രമേയമാക്കുന്ന ചിത്രമാണ് നടോകർ മോടോ ( ലൈക് എ പ്ലേ ). സംവിധാനം ദെബേഷ് ചാറ്റർജി. 1950 – 70 കാലത്തു ജീവിച്ചിരുന്ന കലാകാരിയുടെ ജീവിതം പോലെതന്നെ ദുരൂഹതകൾ നിറഞ്ഞതായിരുന്നു മരണവും. കാലം എത്ര പുരോഗമിച്ചാലും സ്ത്രീജീവിതം കടന്നുപോകുന്ന സാമൂഹിക അവസ്ഥകൾക്കു വലിയ മാറ്റമൊന്നുമില്ലെന്നു ചിത്രം വരച്ചുകാണിക്കുന്നു. ഒരു സ്ത്രീയെന്ന നിലയിലുള്ള സവിശേഷ അനുഭവങ്ങൾക്കൊപ്പം കലാകാരിയായതിന്റെ പേരിൽ അനുഭവിക്കേണ്ടിവന്ന ദുരിതങ്ങളും ഒരു വ്യക്തിയെ ശ്വാസം മുട്ടിക്കുന്ന കഥയ്ക്ക് എല്ലാക്കാലത്തും പ്രസക്തിയുണ്ട്. 121 മിനിറ്റ് ദൈർഘ്യമുണ്ട് ഈ ബംഗാളി ചിത്രത്തിന്.

മൂന്നാമത്തെ ബംഗാളി ചിത്രം ഒന്യോ ഒപലാ അഥവാ ഒരു സ്ത്രയുടെ യാത്ര.സംവിധാനം ശതരൂപ സന്യാൽ. ദൈർഘ്യം 111 മിനിറ്റ്. നടോകർ മോടോ എന്ന ചിത്രത്തെപ്പോലെ സ്ത്രീകേന്ദ്രീകൃതമായ ചിത്രം. പുരുഷൻമാരാൽ നിയന്ത്രിക്കപ്പെടുന്ന സമൂഹത്തിലെ സ്ത്രീയുടെ നിസ്സഹായാവസ്ഥ. ചെറുപ്പം മുതലേ മാറ്റിനിർത്തപ്പെടുന്ന, ഒറ്റപ്പെടുന്നത്തുന്ന, വിലങ്ങണിഞ്ഞ കൈകളുമായി ജീവിക്കുന്നവൾ. അവളുടെ മനസ്സിൽ ചോദ്യങ്ങളുണ്ട്. ആരോട് ചോദിക്കണമെന്നറിയാത്തവ. എവിടെനിന്ന് ഉത്തരം കിട്ടുമെന്ന് ധാരണയില്ലാത്തവ. അനുസരണ എന്ന സൽസ്വഭാവത്തിന്റെ മറയ്ക്കുള്ളിൽ ചോദ്യങ്ങളുടെ ശ്വാസംമുട്ടിയുള്ള ജീവിതം. വിവാഹം എന്ന വഴിത്തിരിവു വരെ പുറമെയുള്ള ശാന്തതയോടെ ജീവിച്ചെങ്കിലും പിന്നീടവളുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുന്നു.വിവാഹശേഷം വീട്ടിൽവന്ന ഒരു അപരിചിതൻ ചോദ്യങ്ങൾ ചോദിക്കാനും ഉത്തരങ്ങൾ കണ്ടെത്താനും സഹായിക്കുന്നതോടെ നാടകീയ സംഭവങ്ങൾ ഒന്നൊന്നായി വരുന്നു.

dau-huduni-methai

മാനഭംഗത്തിന് ഇരയായ യുവതിയുടെ കാഴ്ചപ്പാടിലൂടെ പ്രത്യേകസായുധനിയമത്തിന്റെ പ്രത്യാഘാതങ്ങൾ അനാവരണം ചെയ്യുന്ന ചിത്രമാണ് ആസ്സാമിൽനിന്നു ബോഡോ ഭാഷ സംസാരിക്കുന്ന സോങ്ങ് ഓഫ് ദ ഹോൺഡ് ഔൾ ( ദാവു ഹുഡുനി മെതായ് ). മുറിവുകൾ ഏറ്റുവാങ്ങിയ ശരീരവുമായി ഉപേക്ഷിക്കപ്പെട്ട വീട്ടിലെ ഇരുട്ടു നിറഞ്ഞ മുറിയിൽകിടന്ന് ആത്മപരിശോധന നടത്തുന്ന യുവതിയാണു ചിത്രത്തിലെ നായിക. ദൈർഘ്യം 78 മിനിറ്റ്. സംവിധാനം മഞ്ജു ബോറ.

തമിഴിൽനിന്നുള്ള ചിത്രം കുറ്റ്രമൈ ടണ്ഡണൈ ( ക്രൈം ഈസ് പണിഷ്മെന്റ് ). സംവിധാനം മണികണ്ഠൻ മതിലകൻ. കണ്ണു മാറ്റിവയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കു സാമ്പത്തിക സഹായം ആവശ്യമുള്ള ചെറുപ്പക്കാരനായ കളക്‌ഷൻ ഏജന്റിന്റെ ജീവിതം പറയുന്ന സിനിമ. ഒരു വ്യക്തിയുടെ മനസ്സിൽ നടക്കുന്ന ധർമവും അധർമവും തമ്മിലുള്ള പോരാട്ടമാണു ചിത്രത്തിന്റെ യഥാർഥ പ്രമേയം. അയൽക്കാരിയുടെ മൃതദേഹത്തിന്റെ ഏകസാക്ഷിയായ യുവാവ് ധാർമ്മിക പ്രതിസന്ധിയെ നേരിടുന്നു. നിശ്ശബ്ദനായിരുന്നുകൊണ്ടു സമാധാനം നിറഞ്ഞ ജീവിതം നയിക്കണോ എല്ലാം ഏറ്റുപറഞ്ഞു സത്യത്തിന്റെ വഴി സ്വീകരിക്കണോ എന്ന ചോദ്യങ്ങൾ വേട്ടയാടുന്ന മനുഷ്യന്റെ ദുരന്തം.

Dau Huduni Methai - Trailer

കന്നഡയിൽ നിന്നുള്ള ‘ഞാനു അവനല്ല അവളു’ ജീവിതത്തിൽനിന്നു വലിച്ചുചീന്തിയ ഒരേടാണ്. വിദ്യ എന്ന ഭിന്നലിംഗക്കാരിയുടെ ‘ഞാൻ വിദ്യ’ എന്ന ആത്മകഥയുടെ ചലച്ചിത്രാവിഷ്ക്കാരം. സംവിധാനം ബി.എസ്. ലിംഗദേവരു

ഒറീസ്സയിൽനിന്നുള്ള ചിത്രത്തിന്റെ സംവിധാനം അമർത്യ ഭട്ടാചാര്യ – ക്യാപിറ്റൽ 1. യാഥാർഥ്യവും ഭാവനയും തമ്മിലുള്ള ഏറ്റുമുട്ടലാണ് പ്രമേയം. സ്വപ്നങ്ങൾ ദൈനംദിന ജീവിതത്തോട് എതിരിട്ടു തകരുന്നതിന്റെ ഹൃദയസ്പർശിയായ ആവിഷ്കരണം. ഒരു പെൺകുട്ടിയുടെ കണ്ണിലൂടെ 86 മിനിറ്റുള്ള ചിത്രത്തിന്റെ കഥ വികസിക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.