Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടാക്സിയെത്തുന്നു ചങ്ങലക്കെട്ടു പൊട്ടിച്ച്...

taxi-image

ഏതാനും മാസങ്ങൾക്കു മുൻപാണ് ആരുമറിയാതെ ഇറാനിയൻ സംവിധായകൻ ജാഫർ പനാഹി ബെർലിനിലേക്ക് തന്റെ ‘ടാക്‌സി’ ഓടിച്ചുവിട്ടത്. എന്തായാലും ആ യാത്ര വെറുതെയായില്ല. തിരികെ വന്നപ്പോൾ ‘ടാക്‌സി’ക്കൊപ്പം ചലച്ചിത്രമേളയിലെ ഏറ്റവും മികച്ച സിനിമയ്‌ക്കുള്ള ഗോൾഡൻ ബെയർ പുരസ്‌കാരവുമുണ്ട്. ഒപ്പം മേളയിലെ ജൂറി അധ്യക്ഷനായ ഡാരൻ അർണോവ്‌സ്‌കിയുടെ ശ്രദ്ധേയമായ ഒരു അഭിനന്ദനവും– ‘‘ഇനി സിനിമയെടുക്കരുതെന്ന് ഇറാനിയൻ ഭരണകൂടം വിലക്കിയപ്പോൾ എല്ലാം നഷ്‌ടപ്പെട്ടെന്നു വിലപിച്ച്, തോറ്റുകൊടുക്കാതെ, ദേഷ്യംകൊണ്ട് വിറച്ചുതുള്ളാതെ സംയമനം പാലിച്ച പനാഹി തയാറാക്കിയതു സിനിമയ്‌ക്കൊരു പ്രണയപത്രമാണ്. താൻ ഇഷ്‌ടപ്പെടുന്ന കലയോട്, രാജ്യത്തോട്, തന്റെ നാട്ടുകാരോട്, പ്രേക്ഷകരോട് എല്ലാമുള്ള കലാകാരന്റെ സ്‌നേഹം തെളിഞ്ഞുകാണാം ടാക്‌സിയിൽ...’’

എന്നാൽ, പറയുംപോലെ ഒട്ടും എളുപ്പമായിരുന്നില്ല ടാക്‌സിയുടെയും പനാഹിയുടെയും യാത്രകൾ. സർക്കാരിനെതിരെ പ്രവർത്തിക്കുന്നുവെന്നും ദേശീയ സുരക്ഷയ്‌ക്ക് അപകടകരമാകുന്ന വിധം സിനിമയെടുക്കുന്നുവെന്നും ആരോപിച്ചായിരുന്നു 2010ൽ പനാഹിയെയും ഭാര്യയെയും മകളെയും 15 സുഹൃത്തുക്കളെയും ഇറാനിയൻ പൊലീസ് പിടികൂടുന്നത്. വിചാരണയെല്ലാം കഴിഞ്ഞ് 2010 ഡിസംബറിൽ വിധി വന്നു: പനാഹിക്ക് ആറു വർഷത്തെ ജയിൽശിക്ഷ, 20 വർഷത്തേക്കു സിനിമ സംവിധാനം ചെയ്യാനോ തിരക്കഥയെഴുതാനോ നിർമിക്കാനോ പാടില്ല. മാധ്യമങ്ങൾക്ക് ഇന്റർവ്യൂ നൽകാൻപോലും വിലക്ക്. ചുരുക്കിപ്പറഞ്ഞാൽ പനാഹി വീട്ടുതടങ്കലിലായി. അദ്ദേഹത്തിന്റെ ചലച്ചിത്രജീവിതം അവസാനിച്ചെന്ന് ലോകം കണ്ണീരോടെ വിധിയെഴുതി. എന്നാൽ 2011ൽ കാൻ ഫിലിം ഫെസ്‌റ്റിവൽ തുടങ്ങാൻ 10 ദിവസം മാത്രം ബാക്കിനിൽക്കെ മേളയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളുടെ പട്ടിക വന്നപ്പോൾ അതിൽ പനാഹിയുടെ പേര്! ചലച്ചിത്രലോകത്ത് അവിശ്വാസത്തിന്റെ നെടുവീർപ്പുകൾ.

taxi-01

വീട്ടുതടങ്കലിലായ തന്റെതന്നെ ജീവിതമായിരുന്നു പനാഹി ‘ദിസ് ഈസ് നോട്ട് എ ഫിലിം’ എന്ന ഡോക്യു ഫീച്ചറിലൂടെ പുറംലോകത്തെത്തിച്ചത്. അതും ഒരു കേക്കിനുള്ളിൽ ഒളിപ്പിച്ച പെൻഡ്രൈവ് വഴി. ഫിലിം ക്യാമറ ഉപയോഗിക്കാൻ വിലക്കുള്ളതിനാൽ ഡിജിറ്റൽ ക്യാമറയിലും ഫോണിലുമായിരുന്നു ഷൂട്ടിങ്. എത്രയൊക്കെ വേലിക്കെട്ടുകൾ തീർത്താലും സിനിമ തന്നെയാണു തന്റെ ജീവിതമെന്നുള്ള ഒരു കലാകാരന്റെ പ്രഖ്യാപനവുമായിരുന്നു അത്.

കാനിൽ സിനിമ പ്രദർശിപ്പിച്ചത് എന്തായാലും പനാഹിക്കു ഗുണമായി. അദ്ദേഹത്തിനു വീടിനു പുറത്തേക്കിറങ്ങാനുള്ള അവസരം ലഭിച്ചു. പാസ്‌പോർട്ട് കണ്ടുകെട്ടിയതിനാൽ രാജ്യത്തിനു പുറത്തേക്കു പോകാനാകില്ല. സർക്കാർ പനാഹിയെ രഹസ്യമായി നിരീക്ഷിക്കാനും തുടങ്ങി. എന്നിട്ടും അദ്ദേഹം ആ തടവറ ഭേദിച്ചു. തടവറയെപ്പറ്റിത്തന്നെയുള്ള ഒരു സിനിമയെടുത്തായിരുന്നു അത്. പൊലീസ് നിരീക്ഷണത്തിലിരിക്കുന്ന രണ്ടുപേർ. കടൽത്തീരത്തെ ഒരു വീട്ടിൽ ഒളിച്ചു താമസിക്കുകയാണവർ. പൊലീസിന്റെ കണ്ണിൽപ്പെടാതിരിക്കാൻ വീടിന്റെ വാതിലും ജനലുകളുമെല്ലാം കർട്ടനുകൾകൊണ്ടു മറച്ചിരിക്കുകയാണ്–ക്ലോസ്‌ഡ് കർട്ടൻ എന്ന ആ ചിത്രവും എങ്ങനെയോ അദ്ദേഹം ബെർലിൻ ഫിലിം ഫെസ്‌റ്റിവലിലേക്കെത്തിച്ചു. 2013ൽ മേളയിലെ ഏറ്റവും മികച്ച തിരക്കഥയ്‌ക്കുള്ള പുരസ്‌കാരം ക്ലോസ്‌ഡ് കർട്ടനായിരുന്നു.

JAFAR PANAHI'S TAXI Trailer | Festival 2015

കഴിഞ്ഞവർഷം പക്ഷേ പനാഹി നിശബ്‌ദനായിരുന്നു. എന്നാൽ അതു കൊടുങ്കാറ്റിനു മുൻപുള്ള നിശബ്‌ദതയായിരുന്നെന്ന് പിന്നീടാണു ലോകത്തിനു മനസ്സിലായത്. വീണ്ടും ബെർലിൻതന്നെ വേദി. ഇത്തവണത്തെ മേളയിലെ ചിത്രങ്ങളുടെ പട്ടിക വന്നപ്പോൾ അതിൽ മത്സരവിഭാഗത്തിലതാ പനാഹിയുടെ പുതിയ ചിത്രം–ടാക്‌സി. ആ സിനിമയും എങ്ങനെ ബെർലിനിലെത്തി എന്നത് ഇപ്പോഴും രഹസ്യം. ആധുനിക ഇറാന്റെ നേർക്കാഴ്‌ചയെന്നാണു ‘ടാക്‌സി’യെ നിരൂപകർ വിശേഷിപ്പിച്ചത്. പനാഹിയുടേതു സിനിമാറ്റിക് ആക്‌ടിവിസത്തിന്റെ ഉത്തമോദാഹരണമാണെന്ന് ‘ദ് ഗാർഡിയൻ’ പത്രത്തിലെ നിരൂപകൻ പീറ്റർ ബ്രാഡ്‌ഷാ എഴുതി. പനാഹിയുടെ കരിയർ സെൽഫിയെന്നാണു ‘ടാക്‌സി’ക്ക് അദ്ദേഹം നൽകിയ വിശേഷണം. അതു സത്യവുമായിരുന്നു–ടെഹ്‌റാൻ നഗരത്തിലൂടെ ഒരു ടാക്‌സിയോടിക്കുന്ന പനാഹിയാണു ചിത്രത്തിലെ നായകൻ. കിരസ്‌താമിയുടെ ടെൻ, എ ടേസ്‌റ്റ് ഓഫ് ചെറി എന്നിവപോലെ ടെഹ്‌റാന്റെ പോർട്രെയിറ്റാണ് ഈ ചിത്രവും. ‘ടെൻ’ പോലെ ഡോക്യുമെന്ററി രീതിയിലെടുത്ത സിനിമയും. കാറിൽ യാത്ര ചെയ്യുന്ന പനാഹിയെ ആരും സംശയിച്ചില്ല. കാരണം, മോഷണം തടയുന്നതിനുവേണ്ടി കാറിന്റെ ഡാഷ്‌ബോർഡിൽ അനുവദിച്ചു തന്ന ക്യാമറയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് മുഴുവനും. ഇടയ്‌ക്കു മൊബൈലും ഉപയോഗിച്ചു.

കാറിൽ യാത്ര ചെയ്യുന്നതാകട്ടെ സാധാരണക്കാരും പനാഹിയുടെ പരിചയക്കാരുമെല്ലാമായിരുന്നു. എല്ലാവരും മിസ്‌റ്റർ പനാഹിയെന്നായിരുന്നു അദ്ദേഹത്തെ വിളിച്ചത്. ചിലരെല്ലാം അദ്ദേഹത്തിനു ടാക്‌സിക്കൂലിയും കൊടുത്തു. ചിലരിൽനിന്നദ്ദേഹം വാങ്ങി, ശേഷിച്ചവരെ കൈവീശി പറഞ്ഞയച്ചു. കാരണം ടാക്‌സിക്കൂലിയേക്കാളും വിലയുള്ള വാക്കുകളും കാഴ്‌ചകളുമാണ് അവർ പനാഹിയുടെ ക്യാമറയ്‌ക്കു സമ്മാനിച്ചത്. ടാക്‌സിയിലെ യാത്രക്കാരിൽ ആണും പെണ്ണുമുണ്ട്, ചെറുപ്പക്കാരും വയസ്സായവരുമുണ്ട്, പണക്കാരും പാവപ്പെട്ടവരുമുണ്ട്, പാരമ്പര്യവാദികളും ആധുനികതയുടെ വക്‌താക്കളുമുണ്ട്. ആണുങ്ങളുടെ വോളിബോൾ കാണാൻ പോയതിനു തടവുശിക്ഷ ലഭിച്ച ഇറാനിയൻ പെൺകുട്ടിയെപ്പറ്റിയും ചർച്ച വരുന്നുണ്ട്.

വക്കീൽപ്പണിയിൽനിന്നു സർക്കാർ വിലക്കേർപ്പെടുത്തിയ ഒരു അഭിഭാഷകയുമൊത്താണ് ഇക്കാര്യം പനാഹി ചർച്ച ചെയ്യുന്നത്. ഹന സയീദി എന്ന പനാഹിയുടെ ആ പേരക്കുട്ടിയുമുണ്ട് ‘ടാക്‌സി’യിൽ. അവളെ സ്‌കൂളിൽനിന്നു കൊണ്ടുപോകാൻ വരുന്നതു പനാഹിയാണ്. യാത്രയ്‌ക്കിടെ അവൾ പറയുന്നു: സ്‌കൂൾ പ്രോജക്‌ടിന്റെ ഭാഗമായി ഒരു ഷോർട്ട് ഫിലിം ചെയ്യണം. പക്ഷേ, ടീച്ചർ പ്രത്യേകം പറഞ്ഞിട്ടുണ്ട് അത് ഇറാനിൽ പ്രദർശിപ്പിക്കാൻ പറ്റുന്നതാകണം എന്ന്. മാത്രവുമല്ല കടുത്ത റിയലിസം ഒട്ടും വേണ്ടെന്ന നിർദേശവും. പനാഹി അതെല്ലാം ചിരിയോടെയാണ് കേട്ടത്. ഇത്തരം കാഴ്‌ചകളിലൂടെ സിനിമയും യാഥാർഥ്യവും തമ്മിലുള്ള അതിർവരമ്പുകളും നേർത്തതാക്കുന്നു പനാഹി. അഭിനയിച്ച ഒരാളുടെ വിവരംപോലും അദ്ദേഹം പുറത്തുവിട്ടിട്ടില്ല. ക്രെഡിറ്റിൽപോലും പൂർണമായും പഹാനിയുടെ പേരു മാത്രം. 82 മിനിറ്റുള്ള ഈ പേർഷ്യൻ ഭാഷാചിത്രം നിർമിച്ചതാകട്ടെ ജാഫർ പനാഹി ഫിലിം പ്രൊഡക്‌ഷൻസ് എന്ന പേരിലും.

tax-02

അതേസമയം ടാക്സിയെ മറ്റുരാജ്യക്കാർ രാഷ്‌ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണെന്നാണു സിനിമയുടെ ചുമതലയുള്ള ഇറാൻ സിനിമ ഓർഗനൈസേഷൻ തലവൻ പറഞ്ഞത്. പനാഹിയുടെ വിലക്കു മാറ്റാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ലെന്നും വ്യക്‌തമാക്കി. ഒപ്പം പനാഹിക്കു വിധിച്ച ആറുവർഷത്തെ തടവുശിക്ഷ ഇതുവരെ നടപ്പാക്കിയിട്ടില്ല എന്നകാര്യം ഓർക്കണമെന്ന വിധത്തിലൊരു ഭീഷണിയും. അതിനിടെ വിലക്കുകളെ മറികടന്ന് ഇറാനിലെ ഒരു മാഗസിൻ പനാഹിയുടെ ഇന്റർവ്യൂ പ്രസിദ്ധീകരിച്ചു. അതിൽ അദ്ദേഹം പറയുന്നു:‘‘ഞാനൊരു ചലച്ചിത്രകാരനാണ്. സിനിമ നിർമിക്കാനല്ലാതെ മറ്റൊന്നും എനിക്കറിയില്ല. ജീവിതത്തെക്കുറിച്ചുള്ള എന്റെ വിശദീകരണമാണ് സിനിമ. എന്റെ ജീവിതത്തിന്റെ അർഥം തന്നെയാണത്. എന്റെ മനസ്സും ചിന്തകളും സിനിമയുമായി മാത്രം ബന്ധപ്പെട്ടു കിടക്കുകയാണ്. അതുകൊണ്ടാണ് ആരൊക്കെ തടഞ്ഞാലും ഞാൻ സിനിമയെടുക്കുന്നത്. ജീവിച്ചിരിക്കണമെങ്കിൽ എനിക്കു സിനിമയെടുത്തേ മതിയാകൂ...’’

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.