Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എങ്ങിനെ ‘സ്റ്റോപ്’ പറയും കിം കി ഡുക്കിനോട്...

kim-ki-duk-stop

ഇരിക്കാൻ നിലത്തെങ്കിലും ഇത്തിരി സ്ഥലം കിട്ടിയാൽ ഭാഗ്യം...2013 വരെ കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ദക്ഷിണ കൊറിയൻ സംവിധായകൻ കിം കി ഡുക്കിന്റെ സിനിമകൾ പ്രദർശിപ്പിക്കുമ്പോൾ ഇതായിരുന്നു സ്ഥിതി. തിയേറ്ററുകളിൽ സിനിമാപ്രേമികളുടെ വാഗൺ ട്രാജഡി തീർക്കുകയായിരുന്നു കിം കി ഡുക്ക്.

അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ അസ്സഹനീയമായ ക്രൂരതയും രക്തച്ചൊരിച്ചിലും ലൈംഗിക അതിപ്രസരവും താങ്ങാനാകാതെ പലരും തലകറങ്ങി വീണു, ചിലർ അലറിക്കരഞ്ഞു, പിന്നെയും ഏറെപ്പേർ തിയേറ്റർ വിട്ടോടി. മന:സ്സാന്നിധ്യമുള്ളവർ പിടിച്ചിരുന്നു, അവർ കിം കി ഡുക്കിനെ നെഞ്ചോടു ചേർത്തു വച്ചു. പതിനെട്ടാം രാജ്യാന്തര ചലച്ചിത്രമേളയിൽ വിശിഷ്ടാതിഥിയായെത്തിയ കിമ്മിനെ ഒന്നു കാണാൻ വേണ്ടി തിക്കിത്തിരക്കിയവരെക്കണ്ട് അദ്ഭുതസ്തബ്ധനായി നിന്നു പോയിട്ടുണ്ട് ആ സംവിധായകൻ. ലോകത്തിന്റെ ഒരു മൂലയ്ക്ക് കിടക്കുന്ന ഒരു സംസ്ഥാനത്ത് തനിക്ക് ഇത്രയേറെ ആരാധകരോ?

തിരുവനന്തപുരത്ത് അതിരാവിലെ നടക്കാനിറങ്ങിയപ്പോൾ വഴിയോരത്തു വച്ചുപോലും പലരും പറയുന്നു–ദേ നോക്ക്യേ കിം കി ഡുക്ക്! ഏതൊരു വിദേശ സംവിധായകനും ഞെട്ടിപ്പോകും, സ്വാഭാവികം. ഇംഗ്ലിഷ് പോലും ദ്വിഭാഷിയുടെ സൗകര്യത്തോടെ കൈകാര്യം ചെയ്യുന്ന കിം പക്ഷേ മലയാളി മേളപ്രേമികളുടെ സ്നേഹത്തിന്റെ ഭാഷയ്ക്കു മുന്നിൽ വിനീതനായിപ്പോയതും അതുകൊണ്ടാണ്.

kim-ki-duk

പക്ഷേ സ്പ്രിങ് സമ്മർ ഫോൾ വിന്റർ സ്പ്രിങ് പോലൊരു മനോഹര ചിത്രമൊരുക്കിയ കിമ്മിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാനാകാത്ത വിധമായിരുന്നു 2013ൽ ‘മൊബിയസി’ന്റെ വരവ്. തിരുവനന്തപുരം മേളയിൽ തിയേറ്റർ നിറച്ച അവസാന കിം ചിത്രവും അതായിരുന്നു. കഴിഞ്ഞ വർഷം വൺ ഓൺ വൺ എന്ന ചിത്രം കൂടി കിമ്മിന്റെ സംവിധാനത്തിലെത്തിയതോടെ പലരുടെയും മനസ്സു തകർന്നു. തിരുവനന്തപുരത്ത് വൺ ഓൺ വണ്ണിന്റെ അവസാനത്തെ ഷോ കാണാനുണ്ടായിരുന്നത് വിരലിലെണ്ണാവുന്നവർ മാത്രമായിരുന്നു. എന്നിട്ടും കിം കി ഡുക്ക് തിരിച്ചുവരുമെന്ന് കരുതുന്നവരേറെ. ആ പ്രതീക്ഷയുമായിട്ടാണ് കിമ്മിന്റെ ഏറ്റവും പുതിയ ചിത്രം ‘സ്റ്റോപ്പി’നു വേണ്ടി ഐഎഫ്എഫ്കെ കാണികൾ കാത്തിരിക്കുന്നതും. സർക്കാർ ആവശ്യത്തിന് ഫണ്ട് അനുവദിക്കാഞ്ഞതിനാൽ ഇത്തവണ കിം കി ഡുക്കിന്റെ ചിത്രം എത്തില്ലെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. പക്ഷേ വേറേതൊരു ചിത്രം ഒഴിവാക്കിയാലും കിമ്മിനെ മാറ്റി നിർത്തിയാൽ മേളയ്ക്കുണ്ടാകുന്ന തിരിച്ചടി സംഘാടകർക്കും അറിയാം.

അതുകൊണ്ടു തന്നെ അവർ ഉറപ്പുവരുത്തിക്കഴിഞ്ഞു കൊറിയൻ പനോരമയിലൂടെ സ്റ്റോപ്പും ഇത്തവണ പ്രേക്ഷകനു മുന്നിലെത്തും. ഫുക്കുഷിമ ആണവറിയാക്ടർ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ‘സ്റ്റോപ്’ ഒരുക്കിയിരിക്കുന്നത്. ചിത്രം രാജ്യാന്തരതലത്തിൽ പല മേളകളിലും പ്രദർശിപ്പിച്ചു കഴിഞ്ഞു. എന്നാൽ വെറൈറ്റി, ഹോളിവുഡ് റിപ്പോർട്ടർ തുടങ്ങിയ ചലച്ചിത്ര വെബ്സൈറ്റുകളിലെ നിരൂപകർ ‘സ്റ്റോപ്പിനെ’തിരെ നിശിത വിമർശനങ്ങളാണുന്നയിച്ചത്. എക്കോ–ത്രില്ലർ എന്ന വിഭാഗത്തിൽപ്പെടുത്തി പ്രകൃതിസംരക്ഷണ സന്ദേശം പകരാനാണ് കിം ഇത്തവണ ശ്രമിച്ചിരിക്കുന്നത്.

ഫുക്കുഷിമ റിയാക്ടറിനു സമീപം താമസിക്കുന്ന സബു–മിക്കി ദമ്പതികൾ. ഭാര്യ ഗർഭിണിയായിരിക്കെയാണ് ആണവദുരന്തമുണ്ടാകുന്നത്. അതോടെ അവർ ടോക്ക്യോവിലേക്ക് നിർബന്ധപൂർവം മാറ്റപ്പെടുന്നു. അവിടെ അവരെ കാണാനായി ഒരു ഉദ്യോഗസ്ഥൻ എത്തുന്നു. വയറ്റിൽ കിടക്കുന്ന കുഞ്ഞിന് റേഡിയേഷൻ ഏറ്റിട്ടുണ്ടെന്നും ഗർഭഛിദ്രമല്ലാതെ വേറെ വഴിയുമില്ലെന്നുമായിരുന്നു അയാൾ പറഞ്ഞത്. മിക്കി പക്ഷേ അത് കേട്ടതായി പോലും ഭാവിച്ചില്ല. പക്ഷേ പിന്നീട് ചില ദുരനുഭവങ്ങളുണ്ടായതോടെ അവളും ഗർഭഛിദ്രത്തിന് വാശിപിടിയ്ക്കുന്നു. പക്ഷേ ആണവറിയാക്ടറിന് തങ്ങളെ ഒരു ചുക്കും ചെയ്യാനാകില്ലെന്ന് വെല്ലുവിളിച്ച് സബു ഫുക്കുഷിമയിലേക്കു പോവുന്നു. ഫുക്കുഷിമയിൽ ഒരു പ്രശ്നമില്ലെന്നും എല്ലാറ്റിനെയും മറികടക്കാൻ തക്ക കരുത്തരാണ് മനുഷ്യരെന്ന് തെളിയിക്കുകയുമാണ് ആ യാത്രയുടെ ലക്ഷ്യം. പക്ഷേ അയാളെ കാത്തിരുന്നത് അത്ര സുഖകരമല്ലാത്ത സത്യങ്ങളായിരുന്നു.

stop-kim-ki-duk

വൺ ഓൺ വണ്ണിലെപ്പോലെത്തന്നെ വയലൻസിനൊപ്പം ബ്ലാക്ക് കോമഡിക്കും ശ്രമിച്ചിരിക്കുകയാണ് കിം ‘സ്റ്റോപ്പി’ൽ. അതേസമയം തിരശീലയിൽ രക്തമൊഴുകിപ്പരക്കുന്ന ഒരു പ്രസവസീൻ കിം കി ഡുക്കിന്റെ കയ്യൊപ്പുപതിയ്ക്കുന്നുണ്ട്. സ്റ്റോപ്പിന്റെ സംവിധാനം മാത്രമല്ല തിരക്കഥയും ഛായാഗ്രഹണവും എഡിറ്റിങ്ങും നിർമാണവും കിം കി ഡുക്ക് ആണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.