Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത്തവണ മേളയുടെ കുട്ടിത്താരം ഈ മസ്റ്റാന്‍ഗ് സുന്ദരി...

mustang-heroine

എല്ലാ വര്‍ഷവുമുണ്ടാകും കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയിലൊരു കുട്ടിത്താരം. 2013ല്‍ ആ താരമെത്തിയത് റോക്കറ്റ് എന്ന ചിത്രത്തിലൂടെയായിരുന്നു. കഴിഞ്ഞ വര്‍ഷം അത് ഷിവാസിലൂടെയെത്തി. ഇത്തവണ മേള തുടങ്ങി മൂന്നാം നാള്‍ തന്നെ ആ കുഞ്ഞുപ്രതിഭ എത്തിക്കഴിഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളകളില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ മസ്റ്റാന്‍ഗ് എന്ന തുര്‍ക്കി ചിത്രത്തിലൂടെ. കാട്ടുപ്രദേശങ്ങളില്‍ ജീവിക്കുന്ന ഒരുതരം കൊച്ചുകുതിരയ്ക്കുള്ള വിളിപ്പേരാണ് മസ്റ്റാന്‍ഗ്്. തുര്‍ക്കിയിലെ യാഥാസ്ഥിതിക ജീവിതരീതിയോട് പടവെട്ടുന്ന അഞ്ചു സഹോദരിമാരുടെ കഥയാണ് മസ്റ്റാന്‍ഗ് എന്ന ചിത്രം പറഞ്ഞത്. ആ അഞ്ചുപേരിലും തിളങ്ങി നിന്നതാകട്ടെ ലാലി എന്ന ഇളയ കുട്ടിയും.

വന്യമായ വീറോടെ എല്ലാറ്റിനോടും പോരാടുന്ന കാട്ടുകുതിരയുടെ തനിസ്വഭാവമാണ് ലാലിക്കും. ചേച്ചിമാര്‍ക്ക് സഹായം വേണ്ടപ്പോഴെല്ലാം ലാലിയുടെ ബുദ്ധിയാണ് അവരെ രക്ഷിച്ചു കൊണ്ടിരുന്നത്. ചെറുക്കന്മാരുടെ കൂടെ കടലില്‍ കുളിക്കാനിറങ്ങിയ കാര്യം വീട്ടില്‍ കൊളുത്തിക്കൊടുത്ത അയല്‍വാസിയെ കണ്ണുപൊട്ടുന്ന ചീത്തവിളിക്കുന്നതും അവളാണ്. പിന്നീടങ്ങോട്ട് പലപ്പോഴും വീട്ടുതടങ്കലിന്റെ വേലിക്കെട്ടുകള്‍ പൊളിച്ചെടുക്കാനുള്ള ഐഡിയകളുമായി വരുന്നതും ഈ അനിയത്തിക്കുട്ടി തന്നെ. തുര്‍ക്കി ടിവി താരം ഗുനെഷ് നെസിഹെ ഷെന്‍സോയ് ആണ് മസ്റ്റാന്‍ഗിലെ ലാലിയായെത്തി മേളയുടെ മനം കവര്‍ന്നത്.

mustng

തുര്‍ക്കിയിലെ പ്രശസ്ത ചാനലിലെ സീരിയലിലെ അഭിനയമാണ് ഗുനെഷിന് മസ്റ്റാന്‍ഗിലേക്കുള്ള വഴിയൊരുക്കിയത്. ദ് മാഗ്നിഫിസെന്റ് സെഞ്ച്വറി-കൊസെം എന്ന സീരിയല്‍ ഈ വര്‍ഷമാണ് പുറത്തിറങ്ങിയത്. അടിമപ്പെണ്ണായി ജീവിച്ച് പിന്നീട് ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ റാണിയായി മാറിയ കൊസെം സുല്‍ത്താന്റെ കഥയാണ് ഈ സീരിയല്‍ പറഞ്ഞത്. ഇതില്‍ കൊസെമിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് ഗുനെഷ് ആയിരുന്നു. ആയിടെയാണ് തന്റെ ആദ്യചിത്രത്തിലെ പ്രധാന കുട്ടിക്കഥാപാത്രത്തെത്തേടി ഡെനിസ് ഗാംസെ എത്തുന്നത്. ഗുനെഷ് അപ്പോഴേക്കും തുര്‍ക്കിയിലെ ഒരു കൊച്ചുസെലിബ്രിറ്റിയായും മാറിയിരുന്നു. 2001 നവംബര്‍ 22ന് ജനിച്ച ഗുനെഷ് നാലു വര്‍ഷമായി നൃത്തം അഭ്യസിക്കുന്നു.

മാത്രവുമല്ല ഇത്രയും കാലത്തോളം ഈസ്താംബുളില്‍ അഭിനയവും പഠിച്ചിരുന്നു കക്ഷി. അതിപ്പോഴും തുടരുന്നുമുണ്ട്്. യഥാര്‍ഥ ക്ലാസ് കഴിഞ്ഞിട്ടാണ് ഈ പതിനാലുകാരി പെണ്‍കുട്ടി അഭിനയവും നൃത്തവുമൊക്കെ പഠിക്കാന്‍ സമയം കണ്ടെത്തുന്നത്. അതെന്തായാലും വെറുതെയായില്ല. രാജ്യാന്തരതലത്തില്‍ത്തന്നെ സൂപ്പര്‍ഹിറ്റാണ് മസ്റ്റാന്‍ഗ്. മാത്രവുമല്ല ഇത്തവണ ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേളയില്‍ ചിത്രത്തിലെ മറ്റു നാലു പേര്‍ക്കൊപ്പം മികച്ച നടിക്കുള്ള പുരസ്‌കാരവും പങ്കിട്ടു ഈ കൊച്ചുമിടുക്കി. ഐഎഫ്എഫ്‌കെയില്‍ മസ്റ്റാന്‍ഗ് പ്രദര്‍ശിപ്പിച്ചപ്പോഴാകട്ടെ ലാലിയുടെ പല ഡയലോഗുകള്‍ക്കും നിറഞ്ഞ കയ്യടിയായിരുന്നു. ചേച്ചിയെ രക്ഷിക്കാന്‍ വേണ്ടി വണ്ടി വരെ ഓടിക്കാന്‍ പഠിക്കുന്ന പതിമൂന്നുകാരി അതുകൊണ്ടുതന്നെ ഇത്തവണ മേള കഴിഞ്ഞു പോകുന്ന ഡെലിഗേറ്റുകളുടെ ഹൃദയത്തില്‍ നിറഞ്ഞിരിപ്പുണ്ടാകുമെന്നത് ഉറപ്പ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.