Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്നേഹിക്കുന്ന ചെന്നായ്ക്ക‌ൾ; വേട്ടയാടുന്ന മനുഷ്യർ

wof-totem-image

ടോട്ടം എന്നാൽ ആത്മീയശക്തി ഉണ്ടെന്ന് ഒരു ജനവിഭാഗം വിശ്വസിക്കുന്ന മൃഗമോ മൃഗത്തിൻറെ പ്രതീകമോ. ആ സമൂഹം അതിനെ ആത്മീയചിഹ്‌നമായി സ്വീകരിക്കുന്നു. സിനിമയിലെ സാമൂഹികപരിസരം മംഗോളിയനാണ്. അവിടെ ടോട്ടം ചെന്നായ. സാംസ്കാരികവിപ്ലവകാലത്തെ ചൈനയിലാണു കഥ. 1967ൽ ബെയ്ജിങ്ങിൽ വിദ്യാർഥിയായ ചെൻ ഷെന്നിനെ മംഗോളിയയിലെ ഉൾപ്രദേശങ്ങളിലൊരിടത്തു നാടോടികളായ ആട്ടിടയൻമാരുടെ ഗോത്രത്തെ പഠിപ്പിക്കാനായി വിടുന്നു. എന്നാൽ പഠിക്കാനുള്ളത് ഷെന്നിനായിരുന്നു. കഠിനകാലാവസ്ഥയും പ്രതികൂലസാഹചര്യങ്ങളുള്ള വന്യമായതെങ്കിലും അപാരമനോഹരമായ ആ മലമ്പ്രദേശത്ത് എങ്ങനെ അതിജീവിക്കാനാവുമെന്നത്, അവിടെ സമുദായജീവിതമെങ്ങനെയെന്ന്, സ്വാതന്ത്ര്യവും ഉത്തരവാദിത്തവുമെന്താണെന്ന് അയാൾ പഠിക്കുന്നു.

ആ പ്രദേശത്തിന്റെ മറ്റൊരു ഭയാനകമായ ആകർഷണം ചെന്നായ്ക്കളായിരുന്നു. ചെന്നായ്ക്കളും ആട്ടിടയൻമാരും തമ്മിൽ ഭയപൂർണവും നിഗൂഢമായ ബന്ധമുണ്ടായിരുന്നു. അത് ഷെന്നിനെ ആകർഷിച്ചു. ചെന്നായ്ക്കളുടെ ഭീതിദമായ സൗന്ദര്യവും വന്യമായ കരുത്തും മൃഗീയവാസനകളും കണ്ട് ഭ്രമിച്ച ഷെൻ ഒരു ചെന്നായ്ക്കുട്ടിയെ ഇണക്കിവളർത്താൻ ശ്രമം തുടങ്ങി. പ്രദേശത്തിന്റെ നിഗൂഢമായ സൗന്ദര്യവും കൂടിയായപ്പോൾ, മനുഷ്യനും മൃഗവും തമ്മിൽ അസാധാരണമമായ ഒരു ബന്ധം ഉടലെടുത്തു. ഈ സമയമാണു കമ്യൂണിസ്റ്റ് ഭരണകൂടം മേഖലയിലെ മുഴുവൻ ചെന്നായ്ക്കളെയും കൊന്നൊടുക്കാൻ ഉത്തരവിടുന്നത്.

Wolf Totem - Official Trailer - In Theaters September

സ്വന്തം സൈനികജീവിതത്തിലെ അനുഭവങ്ങളെക്കൂടി ആധാരമാക്കിയെടുത്ത ബ്ലാക്ക് ആൻഡ് വൈറ്റ് ഇൻ കളർ (1976) എന്ന ആദ്യചിത്രത്തിലൂടെ മികച്ച വിദേശചിത്രത്തിനുള്ള ഓസ്കർ പുരസ്കാരം നേടിയ ഫ്രഞ്ച് സംവിധായകൻ ഷോൻ ഷാക് അനൗ (72)യുടെ പുതിയ സിനിമയാണിത്. സെവൻ ഇയേഴ്സ് ഇൻ ടിബറ്റ്, ദ് ബിയർ ആൻഡ് ടു ബ്രദേഴ്സ് എന്നീ സിനിമകളിലൂടെ രാജ്യാന്തര പ്രശസ്തി നേടിയ അനൗ അറുപതുകളിൽ ടിവി പരസ്യങ്ങൾ സംവിധാനം ചെയ്താണു തുടക്കം.

wolf-totem-movie

ഇറ്റാലിയൻ സാഹിത്യകാരൻ ഉമ്പർട്ടോ എക്കോയുടെ പ്രസിദ്ധമായ ദ് നെയിം ഓഫ് ദ് റോസസ് (1986) സിനിമയാക്കിയതോടെ രാജ്യാന്തര പ്രശസ്തിയായി. നാലുവർഷം യൂറോപ്പിലെമ്പടും സഞ്ചരിച്ചശേഷം നെയിം ഓഫ് റോസസിന് അനുയോജ്യമായ ലൊക്കേഷൻ കണ്ടെത്തിയത്.

12 വർഷം മുൻപ് സെവൻ ഇയേഴ്സ് ഇൻ ടിബറ്റ് എടുത്തിതന്റെ പേരിൽ അതിലെ നടനായ ബ്രാഡ് പിറ്റിന് അടക്കം ചൈനയിൽ പ്രവേശിക്കാൻ ആജീവനാന്തര വിലക്ക് ഏർപ്പെടുത്തിയിരുന്നെങ്കിലും 2012ൽ ഷാങ്‌ഹായ് ചലച്ചിത്രോൽസവത്തിൽ ജൂറിത്തലവനായി ക്ഷണിക്കപ്പെട്ടു. തുടർന്നു വൂൾഫ് ടോട്ടം നിർമിക്കാനും ചൈനീസ് ഭരണകൂടം പിന്തുണ നൽകി.വൂൾഫ് ടോട്ടം പ്രസിദ്ധമായ സമകാലീന ചൈനീസ് നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ്. 1989ൽ ടിയാനൻമെൻ സ്ക്വയർ പ്രതിഷേധത്തിൽ പങ്കെടുത്തതിനെത്തുടർന്ന് ഒരുവർഷം തടവിലായിരുന്ന ബെയ്ജിങ്ങിലെ രാഷ്ട്രതന്ത്ര വിദഗ്ധനും എഴുത്തുകാരനുമായ ലൂ ചിയാമിൻ, ചിയാൻ റോങ് എന്ന തൂലികനാമത്തിൽ എഴുതിയ നോവലാണിത്. 600 പേജുള്ള നോവൽ ചൈനയിൽ പ്രസിദ്ധീകരിക്കാൻ അനുമതി നൽകിയത് നിരീക്ഷരെ അദ്ഭുതപ്പെടുത്തിയിരുന്നു. സ്വേച്ഛാധികാരത്തോടും സംഘചിന്തയോടും കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുന്നു നോവൽ.

ഈ നോവൽ ഫ്രഞ്ചിൽ വായിച്ചശേഷം സംവിധായകൻ ഷോൻ ഷാക് അനൗ എഴുത്തുകാരനെ നേരിൽ കാണാൻ പോയി. നോവലിലെ കഥ നടക്കുന്ന ഇന്നർ മംഗോളിയയിൽ മൂന്നാഴ്ചയോളം ഇരുവരും പോയി താമസിച്ചു. സിനിമയിലെ സംഭാഷണങ്ങളിൽ 85 ശതമാനവും മൻഡാരിനിലാണ്. ബാക്കി മംഗോളീയൻ ഭാഷയിലും.

wolf

മംഗോളിയൻ ചെന്നായ്ക്കൾ അമേരിക്കൻ ചെന്നായ്ക്കളെ അപേക്ഷിച്ചു വ്യത്യസ്തരാണ്. അവയ്ക്ക് തിളങ്ങുന്ന ചാരക്കണ്ണുകളാണ്. സിംഹത്തിന്റെ നിറവും. സിനിമയ്ക്കുവേണ്ടി മൂന്നു മൃഗശാലകളിൽനിന്നും ചെന്നായ്ക്കളെ സംഘടിപ്പിച്ചു. അവർക്കു വർഷങ്ങൾ നീണ്ട പരിശീലനവും നൽകി. ഈ സിനിമ ഭാഗികമായി ചൈനയിലെ വന്യജീവിതത്തിന്റെ ഡോക്യൂമെന്ററിയും മറുപാതി സാംസ്കാരികവിപ്ലവത്തിന്റെ വിശകലനവും. ചൈനയിലെ ഭൂരിപക്ഷമായ ഹാൻ വംശജരെ പരോക്ഷമായി വിമർശിക്കുന്നതിനൊപ്പം രാജ്യത്തെ വംശീയന്യൂനപക്ഷങ്ങൾക്കൊപ്പം നിൽക്കുകയും ചെയ്യുന്നതാണു സിനിമ. വൂൾഫ് ടോട്ടം ഈ വർഷം ഓസ്കറിൽ വിദേശചിത്ര വിഭാഗത്തിൽ ചൈനയുടെ ഔദ്യോഗിക എൻട്രിയാണ്. സാംസ്കാരികവിപ്ലവകാലത്തിനറെ മുറിവുകൾ ഉണക്കാൻ ചൈനയിലെ പുതിയ ഭരണകൂടം നടത്തുന്ന ശ്രദ്ധപൂർവമായ ശ്രമമാണു സിനിമയ്ക്കു ലഭിച്ച പിന്തുണയ്ക്കു പിന്നിലെന്നും വിലയിരുത്തപ്പെടുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.