Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാമാഗ്നിയിലും കത്തുന്ന വംശീയ വിദ്വേഷം

the-high-sun

ഒരു നിമിഷംമതി എല്ലാം ചാമ്പലാകുവാൻ. ഒരു വാക്കുമതി ശിരസ്സുകൾ ശരീരത്തിൽ നിന്നുവേർപെടാൻ. ഒരു ആഗ്യം മതി എല്ലാ ശബ്ദങ്ങളെയും അടിച്ചമർത്താൻ. വംശീയ വിദ്വേഷവും യുദ്ധവെറിയും കൊടികുത്തി വാഴുന്ന രാജ്യാതിർത്തിയിലേക്കു ക്യാമറ തിരിക്കുന്നു ക്രൊയേഷ്യൻ സംവിധായകൻ ദാലിബോർ മറ്റാനിക്. ചിത്രം ദ് ഹൈ സൺ. കാൻ ഫിലിം ഫെസ്റ്റിവലിൽ ഉൾപ്പെടെ സംവിധാനത്തിനും അഭിനയത്തിനും അവാർഡുകൾ വാരിക്കൂട്ടിയ ചൂടൻ ചിത്രം. ലോക സിനിമാ വിഭാഗത്തിൽ പ്രേക്ഷകരുടെ പ്രതീക്ഷകളിലൊന്ന്.

നിസ്സഹായവും നിരാധാരവുമായ ജീവിതത്തിന്റെ ദുരന്തമാണു ചിത്രത്തിന്റെ പ്രമേയം. സഫലമാവാത്ത പ്രതീക്ഷകളും അടിച്ചമർത്തപ്പെട്ട ശാരീരിക ചോദനകളുമായി ജീവിക്കുന്നവരാണു കഥാപാത്രങ്ങൾ. സഘർഷങ്ങൾ നശിപ്പിച്ച ജീവിതങ്ങൾ. യുദ്ധക്കൊതിയൻമാർ കൊള്ളയടിച്ച വീടുകൾ. അപ്രതീക്ഷിതമായി, അകാലത്തിൽ പൊലിഞ്ഞുപോകുന്ന പ്രിയപ്പെട്ടവർ. രണ്ടു ബാൾക്കൻ ഗ്രാമങ്ങളിൽ മൂന്നു ദശകങ്ങളിലായി നടക്കുന്ന മൂന്നു കഥകളുടെ സമാഹാരമാണു ചിത്രം. കഥകളും കഥാപാത്രങ്ങളും മാറുന്നുണ്ടെങ്കിലും അഭിനേതാക്കൾ മാറുന്നില്ല. വ്യത്യസ്തമായ ദശകങ്ങളിലെ വ്യത്യസ്തമായ പശ്ഛാത്തലത്തിൽ നടക്കുന്ന കഥകളിൽ ഒരേ അഭിനേതാക്കൾ രംഗത്തുവരുന്നു. പ്രത്യേകിച്ചും പ്രധാന വേഷത്തിൽ അബിനയിക്കുന്ന തിഹാന ലോസോവിക്കും ഗോരാൻ മർകോവിക്കും.

high-sun

ആദ്യ കഥ നടക്കുന്നത് 1991 ൽ. വേനൽക്കാലത്തിന്റെ അവസാനം. സെർബിയൻ വംശജയായ യെലേനയും ക്രൊയേഷ്യൻ വംശജനായ ഇവാനും കമിതാക്കൾ. രണ്ടു സമുദായങ്ങളിൽപ്പെട്ടവർ. രണ്ടു പ്രദേശത്തുനിന്നുള്ളവർ. ശത്രുതയുടെ വാൾമുനയിലാണവരുടെ ജീവിതം. പക്ഷേ, പ്രണയത്തിനു കണ്ണും കാതുമില്ലല്ലോ. യുദ്ധം പോലെതന്നെ പ്രണയവും. അവിടെ എല്ലാം നീതികരിക്കപ്പെടുന്നു. നിയമങ്ങൾ മറക്കുന്നു. നിയന്ത്രണങ്ങൾ വലിച്ചെറിയുന്നു. യെലേനയും ഇവാനും ശരീരത്തിന്റെ ആഘോഷനിമിഷങ്ങളിൽ ലയിച്ചുചേരുന്നു. തൊട്ടടുത്ത ദിവസം ഒളിച്ചോടാൻ പദ്ധതി തയ്യാറാക്കുന്നു. ഒരുക്കങ്ങളെല്ലാം പൂർത്തിയായി. അവസാന നിമിഷം ഒരു പ്രതിസന്ധി. യെലേനയുടെ സഹോദരൻ സാഷ അതിർത്തികളെ കൂസാത്ത സഹോദരിയുടെ പ്രണയത്തെക്കുറിച്ചറിയുന്നു. അയാൾ എല്ലാ ശക്തിയുമപയോഗിച്ചു സഹോദരിയുടെ ബന്ധത്തെ എതിർക്കുന്നു. മൂന്നു ചിത്രങ്ങളുടെ കൂട്ടമായ ഹൈ സണ്ണിൽ ഏറ്റവുമധികം അംഗീകാരം നേടിയ, നിരൂപക പ്രശംസ നേടിയ കഥയാണ് ആദ്യത്തേത്.

The High Sun - trailer

രണ്ടാം ഭാഗം 2001ൽ. പ്രദേശവും പശ്ഛാത്തലവും പഴയതുതന്നെ. ബോംബുകൾ വർഷിക്കപ്പെട്ടതിനെത്തുടർന്നു തകർന്ന വീടുകൾ. ശൂന്യമായ മുറികൾ. വിലപ്പെട്ടതെല്ലാം അപഹരിക്കപ്പെട്ടിരിക്കുന്നു. പ്രിയ ബന്ധുജനങ്ങൾ നഷ്ടപ്പെട്ടവരുടെ വിലാപങ്ങൾ. യുദ്ധത്തിന്റെ ഉണങ്ങാത്ത മുറിവുകളാണെങ്ങും. തിഹാന ലോസോവിക്ക് രണ്ടാം കഥയിൽ നടാഷ എന്ന യുവതിയായി രംഗത്തുവരുന്നു. അമ്മയുമുണ്ട് അവളുടെ വീട്ടിൽ. യുദ്ധത്തിന്റെ കെടുതികളിൽ അവരുടെ വീടും നശിച്ചു. അതു താമസിക്കാൻ അനുയോജ്യമായ രീതിയിൽ നന്നാക്കിയെടുക്കണം. അതിനായി അമ്മ ഒരു പുരുഷന്റെ സേവനം പ്രയോജനപ്പെടുത്തുന്നു. അവർ കൂലിക്കെടുക്കുന്ന ആളാണ് ആന്റേ (അഭിനയിക്കുന്നത് ഇവാന്റെ വേഷം അതിഗംഭീരമാക്കിയ മർക്കോവിക്). അമ്മയുടെ നീക്കങ്ങളെ നടാഷ പരസ്യമായി എതിർക്കുന്നുണ്ടെങ്കിലും അടിച്ചമർത്തപ്പെട്ട അവളുടെ ശാരീരിക ചോദനകൾ സട കുടഞ്ഞെഴുന്നേൽക്കുന്നു. ശരീരം ആവശ്യപ്പെട്ടുന്ന ആഹ്ലാദങ്ങളോടു മുഖം തിരിക്കാൻ നടാഷയ്ക്കു കഴിയുന്നില്ല. ചിത്രത്തിലെ ചൂടൻ രംഗങ്ങൾ രണ്ടാം ഭാഗത്തിന്റെ പ്രധാന ആകർഷണമാണ്.

മൂന്നാം ഭാഗം 2011 ൽ. യുദ്ധത്തിന്റെ ഓർമകൾ ഒഴിഞ്ഞുപോയിട്ടില്ലാത്ത ഹൃദയങ്ങളുമായി ജീവിക്കുന്നവർതന്നെ കഥാപാത്രങ്ങൾ. മർക്കോവിക് ഒരു യുവാവായി ഈ കഥയിൽ എത്തുന്നു. ലൂക്കാ. തന്റെ കാമുകിയുമൊത്തു സഞ്ചരിക്കുകയാണ് ലൂക്കാ. ഗ്രാമത്തിലെ ഒരു ആഘോഷച്ചടങ്ങിലേക്കാണവരുടെ യാത്ര. ഓടുന്ന വാഹനത്തിലിരിക്കുമ്പോൾ ലൂക്കായുടെ മനസ്സു പിന്നോട്ടു സഞ്ചരിക്കുന്നു. ഉപേക്ഷിച്ച ഭര്യയിലേക്ക്. അയാൾ ഭാര്യയെ ഉപേക്ഷിക്കുമ്പോൾ അവൾ അവരുടെ മകനെ ഗർഭത്തിൽ വഹിച്ചിരുന്നു. ആഗ്രഹങ്ങളുടെ അഗ്നിയിൽ ദഹിച്ചുപോയ മുൻകാല ബന്ധം ലൂക്കായെ അസാധരണമായി പീഡിപ്പിക്കുന്നു.ആഘോഷരാവിലെ ആഹ്ലാദത്തിൽ പൂർണ്ണമായും മുഴുകാൻ ആയാൾക്കാകുമോ ?

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.