Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏദൻ, കോട്ടയത്തിന്റെയും മനുഷ്യരുടെയും ജീവിതകഥ: സഞ്ജു സുരേന്ദ്രൻ

aeden അഭിലാഷ്, സഞ്ജു സുരേന്ദ്രൻ, നന്ദിനി

കടലില്ലെങ്കിലും കടലോളം ആഴവും പരപ്പുമുണ്ട് കോട്ടയത്തിന്. കായലുംപുഴയും, പാടവുംകുന്നും, കോടയുംമഞ്ഞും ഇടകലരുന്ന അക്ഷരനാട്. റബറിന്റെ ഈടും ഇലാസ്തികതയുമുള്ള മനുഷ്യർ. സിനിമയുടെ ഹൈറേഞ്ചിലും കാണാം ഇനി ഈ ദിവ്യോദ്യാനം. ദേശീയ അവാർഡ് ജേതാവായ സഞ്ജു സുരേന്ദ്രൻ ആദ്യമായൊരുക്കുന്ന ഫീച്ചർ സിനിമ ‘ഏദൻ’ കോട്ടയത്തിനുള്ള സമർപ്പണമാണ്. മനുഷ്യർക്കൊപ്പം കോട്ടയത്തിന്റെ കൂടി കഥയാണ് ഏദൻ പറയുന്നത്. കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ (ഐഎഫ്എഫ്കെ) മൽസര വിഭാഗത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഏദന്റെയും തന്റെയും യാത്രകളെക്കുറിച്ച് സഞ്ജു സംസാരിക്കുന്നു.

Aedan Trailer

∙ ആദത്തിന്റെയും ഹവ്വയുടെയും ഉദ്യാനമാണല്ലോ ഏദൻ. സഞ്ജുവിന്റെ ഏദൻ ആരുടേതാണ് ?

ഏദൻ എന്ന മിത്തുമായി സിനിമയ്ക്കു നേരിട്ടൊരു ബന്ധമില്ല. എങ്കിലും ഏദൻ എന്നത് ലോകത്തെവിടെയും മനസ്സിലാകുന്ന സൂചകമാണ്. എസ്.ഹരീഷിന്റെ മൂന്ന് കഥകളാണ് ഈ സിനിമ. പ്രാദേശികമെങ്കിലും ആഗോളമായി വിനിമയം ചെയ്യാൻ ശേഷിയുള്ളതാണ് ഈ കഥകൾ. ലോകത്തിന്റെ, മനുഷ്യരുടെ പരിച്ഛേദമാണ് ഏദനിലൂടെ സൃഷ്ടിച്ചിരിക്കുന്നത്. കാലദേശഭേദമില്ലാതെ തുടരുന്ന മനുഷ്യശീലങ്ങളുടെ അകംപൊരുൾ തേടിയുള്ള യാത്രയാണിത്.

aeden-1

ഹരീഷിന്റെ ‘നിര്യാതരായി’ എന്ന കഥയാണ് ഞാനാദ്യം വായിക്കുന്നത്. കഥയുടെ ഒറിജിനാലിറ്റി, വായിക്കുന്തോറും തെളിഞ്ഞുവന്നു. സിനിമയാക്കാമെന്ന ആലോചനയുണ്ടായി. പത്രത്തിലെ ചരമവാർത്തകൾ വെട്ടി പെട്ടിയിലിട്ടു കശക്കിയെടുത്ത് ചീട്ടുകളി പോലെ കളിക്കുന്ന രണ്ടുപേർ. പീറ്ററും ഹരിയും. ജീവിതവും മരണവും മാറിമാറി വരുന്ന സന്ദർഭങ്ങൾ. വയസ്സ് കൂടുതലുള്ള കാർഡ് കിട്ടിയ ആൾ ജയിക്കും. പന്തയം വച്ച പത്തു രൂപ ജയിച്ചയാൾക്ക് കിട്ടും.

ബെംഗളുരുവിൽനിന്ന് കോട്ടയത്തേക്കു അച്ഛന്റെ ശവശരീരം കൊണ്ടുവരുന്ന നഴ്സിന്റെ കഥയാണ് ‘മാന്ത്രികവാൽ’. ബെംഗളൂരുവിൽനിന്നു കോട്ടയത്തേക്കൊരു റോഡ് മൂവി കൂടിയാകുന്നുണ്ട് ഏദൻ. നിസ്സഹായതയിലും ധൈര്യം പ്രകടിപ്പിക്കുന്ന പെൺകുട്ടികൾക്കുള്ള അഭിവാദ്യമാണ് മാന്ത്രികവാൽ. ഭീകരനായ ഗുണ്ട പെട്ടൊന്നൊരു ദിവസം മാനസാന്തരപ്പെട്ട് നല്ലയാളാകുന്നതാണ് ‘ചപ്പാത്തിലെ കൊലപാതകം’. ഹൈറേഞ്ചിലെ കുടിയേറ്റ ജീവിതങ്ങളോടുള്ള ആദരവിൽ നിന്നുയിരെടുത്ത കഥ. സൂക്ഷ്മമായി നോക്കിയപ്പോൾ മൂന്ന് കഥകളിലും ചില പൊരുത്തങ്ങളുടെ അടിയൊഴുക്ക് കാണാനായി. മൂന്നും ചേർത്ത് കോട്ടയത്തിന്റെയും അവിടത്തെ മനുഷ്യരുടെയും കഥ പറയാമെന്നു പറഞ്ഞപ്പോൾ ഹരീഷ് സമ്മതിച്ചു.

∙ കോട്ടയത്തിന്റെ ഭൂപ്രകൃതിക്കും ഭാഷയ്ക്കും പ്രത്യേകതയുണ്ടല്ലോ ?

ഏദൻ കോട്ടയത്തിനുള്ള സമർപ്പണമാണ്. കോട്ടയത്തിന്റെ മൂന്നുതരം ഭൂപ്രകൃതി ഇതിൽ കാണാം. പാടങ്ങൾ നിറഞ്ഞ അപ്പർ കുട്ടനാട്, കുന്നുകളുടെ ഹൈറേഞ്ച്, പിന്നെ സമതലങ്ങൾ. ഞാനും ഹരീഷും ചേർന്നാണ് തിരക്കഥയൊരുക്കിയത്. കോട്ടയം ഭാഷയിൽ സംഭാഷണമെഴുതാൻ എന്നോടൊപ്പം ഹരീഷും രേഖയും ചേർന്നു. നേരത്തേ കോട്ടയത്ത് ജോലി ചെയ്ത പരിചയമുണ്ട്. കൂടാതെ കഥ നടക്കുന്ന നീണ്ടൂരും പരിസരങ്ങളിലും കുറെ അലഞ്ഞു. കഥയിലേക്കു നയിച്ച മനുഷ്യരെയും സ്ഥലങ്ങളെയും മുഴുവൻ നേരിൽക്കണ്ടായിരുന്നു ഒരുക്കങ്ങൾ.

aeden-4

ഒറിജിനൽ ആയി കഥ പറയുന്ന ഒരാളാണ് ഹരീഷ്. വളരെ പ്രാദേശികമാണ് കഥാപരിസരം. കോട്ടയത്തെ ഗ്രാമങ്ങളിൽ വളരുമ്പോഴും ലോകഭാഷയാണതിന്റെ ഉറവ. ഏതൊരു നാട്ടിലെയും മനുഷ്യരുമായി താദാത്മ്യപ്പെടാനുള്ള ശേഷിയുണ്ട്. സ്നേഹവും കാമവും ഹിംസയും പകയും മാറിമാറി വരുന്ന കഥാപാത്രങ്ങൾ. മനുഷ്യരുടെ അടിത്തട്ടിലേക്കാണ് ഹരീഷ് നോക്കുന്നതെന്നു തോന്നും. എപ്പോൾ വേണമെങ്കിലും അദ്ഭുതം സംഭവിക്കുന്ന മാജിക് ആ കഥകളിലുണ്ട്. അതിനനുസരിച്ച് നീതിപൂർവമായാണ് തിരഭാഷയൊരുക്കിയത്. രണ്ട് മണിക്കൂറും 10 മിനിറ്റുമാണ് സിനിമയുടെ ദൈർഘ്യം.

∙ ഏദൻ പറയാനുദ്ദേശിക്കുന്ന പ്രമേയം എന്താണ് ?

ഡിസയർ ആൻഡ് ഡെത്ത്. മനുഷ്യനിലെ തൃഷ്ണയും മരണവും. തീർത്തും എതിർധ്രുവങ്ങളിലുള്ള രണ്ട് സംഭവങ്ങളാണിത്. ഒന്ന് മറ്റൊന്നിനെ റദ്ദാക്കുന്ന വിധത്തിലാണു പ്രവർത്തനം. ജീവിതത്തിൽ ഇതു രണ്ടും എങ്ങനെയാണു പ്രത്യക്ഷപ്പെടുന്നത് എന്നുള്ള ആലോചനയാണ്. രാത്രിയാത്ര എന്ന പേരാണ് സിനിമയ്ക്കു ആദ്യം കണ്ടുവച്ചിരുന്നത്. സിനിമ പുരോഗമിച്ചപ്പോഴാണ് ഏദൻ എന്ന പേരിലെത്തിയത്. സിനിമയുടെ പ്രമേയത്തിന് ഏറ്റവും അനുയോജ്യമായ പേരാണത്.

വളർന്നുവരുന്ന എഴുത്തുകാരൻ ഹരിയാണ് മുഖ്യകഥാപാത്രം. അമ്മയ്ക്കൊപ്പമാണ് അയാളുടെ താമസം. ഹരി പട്ടിക്കുട്ടികളെ ജീവനോടെ കുഴിച്ചിടുന്ന രംഗത്തോടെയാണ് സിനിമ തുടങ്ങുന്നത്. പറമ്പിനു പുറകിലെ കൈതക്കാട്ടിൽ തെണ്ടിപ്പട്ടി പ്രസവിച്ച കുഞ്ഞുങ്ങളെ കുഴിവെട്ടി കുഴിച്ചുമൂടാൻ അമ്മയാണ് പറഞ്ഞത്. കുഴിച്ചിട്ട് തൂമ്പ കഴുകി വരുമ്പോൾ, ‘നിങ്ങളൊരു തള്ളയാണോ തള്ളേ’ എന്നു അമ്മയോട് ഹരി ദേഷ്യപ്പെടുന്നതു കാണാം. ഹരിക്കു ചായയും കരഞ്ഞുകൊണ്ടു പിന്നാലെവന്ന തള്ളപ്പട്ടിക്ക് മീൻകറിയൊഴിച്ച പഴഞ്ചോറും നൽകുന്നത് അമ്മയാണ്.

aeden-3

എന്നാൽ വീട്ടിലെ പശുവിന്റെ കാര്യത്തിൽ അമ്മയുടെ ഇടപെടൽ മറ്റൊന്നായിരുന്നു. രാത്രിയിൽ പ്രസവലക്ഷണം കണ്ടതുമുതൽ മണ്ണെണ്ണ വിളക്കു കത്തിച്ചുവച്ച് പശുവിന്റെ നെറ്റിയിൽ അമ്മ തലോടിക്കൊണ്ടിരുന്നു. നിർഭാഗ്യത്തിന് കിടാവിന്റെ കാലാണ് ആദ്യം പുറത്തുവന്നത്. ദൈവങ്ങളെ വിളിച്ചു പ്രാർഥിച്ച അമ്മ ഹരിയെ മൃഗഡോക്ടറുടെ അടുത്തേക്ക് ഓടിച്ചു. രാത്രിയിൽ വിജനമായ പറമ്പുകളിലൂടെ നടന്ന് ഡോക്ടറുടെ വീട്ടിലെത്തി. ഡോക്ടർ മദ്യപിച്ച് ബോധമില്ലാതെ കിടക്കുകയാണ്. ചെറുപ്പക്കാരി ഭാര്യയോട് ശൃംഗരിച്ച് ഹരി മടങ്ങിപ്പോരുകയാണ്.

എത്ര സങ്കീർണവും അപ്രതീക്ഷിതവുമാണ് മനുഷ്യസ്വഭാവങ്ങൾ. പശുവും പട്ടിയും മിണ്ടാപ്രാണികളായിട്ടും അവയോടുള്ള പെരുമാറ്റത്തിൽ എന്തൊരു വൈരുധ്യമാണ്. ആന്തരികമായി നമ്മളെങ്ങനെയാണ് ക്രൂരതയെ കൊണ്ടുനടക്കുന്നത് എന്നതിനുള്ള ഉദാഹരണമാണിത്. സ്നേഹവും ഹിംസയും ബ്ലാക്ക് ആൻഡ് വൈറ്റ് അല്ല. കൃത്യമായി വേർതിരിച്ചു നിർത്താവുന്ന കറുപ്പ്, വെളുപ്പ് കള്ളികളിലല്ല അതുള്ളത്. കൂടിക്കലർന്നാണ് അവയുടെ നിൽപ്പ്. ജീവിതത്തിന്റെ ചില അനിശ്ചിതത്വങ്ങളെ, ആശയക്കുഴപ്പങ്ങളെ, സന്ദേഹങ്ങളെ ഏദനിൽ ഉടനീളം കാണാം.

വിരമിച്ച്, ഏകാന്ത ജിവിതം നയിക്കുന്ന സ്കൂൾ അധ്യാപകൻ പീറ്റർ സാറിനെ കാണുന്നതാണു ഹരിയുടെ ആശ്വാസം. ചരമ കാർഡുകളിയാണ് ഇവരുടെ ഇഷ്ടവിനോദം. മദ്യപാനവും തീറ്റയും ഇതോടൊപ്പം നടക്കും. ഒരു ദിവസത്തെ കളിക്കിടെ രണ്ടുപേരുടെ ചരമവാർത്ത പീറ്റർ സാറിന്റെ ശ്രദ്ധയാകർഷിച്ചു. ഷാജിയുടെയും കുര്യാക്കോസിന്റെയും മരണം. പ്രണയത്തിന്റെയും കൊലപാതകത്തിന്റെയും രണ്ട് കഥകളാണ് പീറ്റർ തുറന്നുവയ്ക്കുന്നത്. ആ കഥകളിലൂടെയാണ് ഏദൻ വളരുന്നത്.

∙ ആദ്യ ഫീച്ചർ സിനിമ വൈകിയോ ?

പല രൂപത്തിലുള്ള സിനിമകൾ എന്നിൽനിന്ന് പുറത്തിറങ്ങിയിരുന്നു. ഏദനു മുൻപ് കൂടിയാട്ടം കലാകാരി കപിലയെപ്പറ്റി ‘കപില’ എന്ന ഡോക്യുമെന്ററി ചെയ്തിരുന്നു. രണ്ട് പതിറ്റാണ്ടിനുശേഷം നോൺഫീച്ചർ വിഭാഗത്തിൽ കലാമൂല്യമുള്ള ചിത്രത്തിനുള്ള ദേശീയ അവാർഡ് മലയാളത്തിന് കിട്ടിയത് കപിലയിലൂടെയാണ്. കപിലയുടെ വിജയത്തിനുശേഷം ഞാനുൾപ്പെടുന്ന ക്രൂ ആത്മവിശ്വാസത്തിലായിരുന്നു.

ഫീച്ചർ ഫിലിം ചെയ്യണമെന്ന് ഉദ്ദേശിച്ചിരുന്ന സമയത്താണ് എൻഎഫ്ഡിസിയുടെ സഹായം ലഭ്യമായത്. തിരക്കഥയും അംഗീകരിച്ചു. പലവിധ കാരണങ്ങളാൽ ചിത്രം തുടങ്ങാനായില്ല. ഈ സമയത്താണ് ഹരിഷീന്റെ കഥകൾ വായിക്കുന്നത്. ഏദന് ഉൾപ്രേരകമായത് ഹരീഷിന്റെ കഥകളാണ്. മുംബൈ വ്യവസായി മുരളിയേട്ടൻ (മുരളി മാട്ടുമ്മൽ) നിർമാണം ഏറ്റെടുക്കാമെന്ന് ഉറപ്പ് തന്നതോടെ കാര്യങ്ങൾ ഉഷാറായി. സ്വതന്ത്ര സിനിമകളെടുക്കാൻ മുരളിയേട്ടനെ പോലുള്ളവർ തയാറാകുന്നത് വലിയ കാര്യമാണ്. ഒരിടപെടലും നടത്താതെ അദ്ദേഹമെനിക്ക് പൂർണ സ്വാതന്ത്ര്യമാണ് തന്നത്.

aeden-6

∙ ലൊക്കേഷനും കഥാപാത്രങ്ങളും ധാരാളമുണ്ടോ ?

മേശയ്ക്കിരുപുറവും ഇരിക്കുന്ന രണ്ടുപേരിൽനിന്നു തുടങ്ങിയ ഏദന്റെ കാൻവാസ് ക്രമേണ വളരുകയായിരുന്നു. 50 ലൊക്കേഷനും 50 കഥാപാത്രങ്ങളും 10–20 മൃഗങ്ങളും ഏദനിലുണ്ട്. ലൊക്കേഷൻ, കഥാപാത്ര തിരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതായിരുന്നു. ഇതിനായി ഒരുപാട് അലഞ്ഞിട്ടുണ്ട്. മാസങ്ങളുടെ തയാറെടുപ്പ് വേണ്ടിവന്നു. കോട്ടയത്തിന്റെ ഞരമ്പുകളെയാണ് ഞങ്ങൾ തേടിയത്. ഗ്രാമവും നഗരവും ഇടകലരുന്നുണ്ട്. നീണ്ടൂർ, കുട്ടിക്കാനം, പള്ളിക്കത്തോട് തുടങ്ങിയ സ്ഥലങ്ങളിലും ബെംഗളുരുവിലുമായിരുന്നു ചിത്രീകരണം.

സുഹൃത്തുക്കളുടെ കൂട്ടായ്മയിലാണ് സിനിമ ഒരുങ്ങിയത്. സ്വന്തമെന്നു കരുതി സുഹൃത്തുക്കൾ ഒപ്പം നിന്നു. പുതുമുഖങ്ങളാണ് അഭിനയിച്ചത്. കോട്ടയം കെ.ആർ.നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ അധ്യാപകൻ അഭിലാഷ് നായർ ആണ് ഹരി ആവുന്നത്. ഇവിടെ അസിസ്റ്റന്റ് പ്രഫസറായി ജോലിയെടുത്തിരുന്ന കാലം മുതലേ എന്റെ സുഹൃത്താണ്. അവിടത്തെതന്നെ വിദ്യാർഥി പ്രശാന്ത്, അവതാരക നന്ദിനി ശ്രീ, ജോർജ് കുര്യൻ, ദിലീപ്, സണ്ണി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ. കാസ്റ്റിങ് കോൾ നടത്തിയായിരുന്നു തിരഞ്ഞെടുപ്പ്. ഒറ്റയ്ക്കും കൂട്ടായും ഇവർക്കു പരിശീലനങ്ങൾ നൽകി. 99 ശതമാനവും കോട്ടയംകാർ തന്നെ അഭിനയിച്ചതിനാൽ ഭാഷ പ്രശ്നമായില്ല.

മഴയ്ക്കും ഇരുട്ടിനും ചിത്രത്തിൽ വളരെ പ്രധാന്യമുണ്ട്. മഴ ചിത്രീകരിക്കാൻ മഴക്കാലം വരെ കാത്തിരുന്നു. മഴക്കാലത്തിനു പ്രത്യേക വെളിച്ചമാണ്. പ്രകൃതി മൃദുവായിരിക്കും. അത് ഞങ്ങൾക്കു പകർത്തണമായിരുന്നു. രാത്രി ദൃശ്യങ്ങളും ഒട്ടേറെയുണ്ട്. മനേഷ് മാധവൻ ഗംഭീരമായാണ് ദൃശ്യങ്ങളെ ക്യാമറയിലാക്കിയത്. ഛായാഗ്രഹണത്തിനു പുറമേ ശബ്ദചിത്രീകരണത്തിനും ശ്രദ്ധ കൊടുത്തിട്ടുണ്ട്.

ഗോഡ്‌ലി ടിമോ കോശിയാണ് സൗണ്ട് ഡിസൈൻ. കപിലയും അദ്ദേഹമാണു ചെയ്തത്. പ്രമോദ് തോമസ് സൗണ്ട് മിക്സിങ്ങും അജയൻ അടാട്ട് സൗണ്ട് റെക്കോഡിങും നിർ‌വഹിച്ചു. ശബ്ദങ്ങൾ ദൃശ്യങ്ങളായി മാറണം എന്ന ചിന്തയിലാണു ഞങ്ങൾ പ്രവർത്തിച്ചത്. സാമ്പ്രദായിക സംഗീതം ചിത്രത്തിൽ പാടെ ഒഴിവാക്കി. പകരം സ്വാഭാവിക ശബ്ദവും നിശബ്ദതയുമാണ് ജീവനേകുന്നത്. സിങ്ക് സൗണ്ടാണ് ഉപയോഗിച്ചിട്ടുള്ളത്.

∙ ഗുരുവിനുള്ള അർപ്പണമായിരുന്നു കപില. മണി കൗളിനെപ്പറ്റിയുള്ള ഓർമകൾ ?

ഇന്ത്യയിൽ നവസിനിമയുടെ വഴികാട്ടിയാണു സംവിധായകൻ മണികൗൾ. പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സംവിധായക വിദ്യാർഥിയായിരിക്കെ ക്ലാസെടുക്കാനെത്തിയ മണി കൗളിന്റെ വാക്കുകളാണു എന്റെ സ്വപ്നങ്ങൾക്കു തെളിച്ചമേകിയത്. കൂടിയാട്ടം, നങ്ങ്യാർകൂത്ത് കലകൾ പോലെ സംഭാഷണം കുറഞ്ഞ സൂക്ഷ്മാഭിനയമാണു സിനിമയ്ക്കു വേണ്ടതെന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെയാണു കൂടിയാട്ടത്തെ കുറിച്ച് ഗവേഷണം ആരംഭിച്ചത്. നാലു വർഷത്തെ അന്വേഷണത്തിന്റെയും അലച്ചിലിന്റെയും ഫലമായിരുന്നു കപില ഡോക്യുമെന്ററി.

ഇരിങ്ങാലക്കുട നടനകൈരളി ഡയറക്ടറും കൂടിയാട്ട കലാകാരനുമായ വേണുജിയുടെയും നിർമല പണിക്കരുടെയും ഏകമകളാണ് കപില. അമ്മന്നൂർ മാധവചാക്യാരുടെ ശിഷ്യയായ കപിലയുടെ കലാ–ജീവിതത്തെ തരിമ്പും കാമ്പു ചോരാതെ അവതരിപ്പിക്കാനാണു ശ്രമിച്ചത്. സാധാരണ ഡോക്യുമെന്ററികളിലെ പോലെ അഭിമുഖമില്ല. ദൃശ്യങ്ങളിലൂടെയാണു എല്ലാം പറയുന്നത്. വളരെയധികം പ്രോൽസാഹനമാണ് കപിലയിലൂടെ എനിക്കും ക്രൂവിനും ലഭിച്ചത്.

∙ സഞ്ജു സിനിമയിൽ എത്തിയതെങ്ങനെയാണ് ? 

തൃശൂരിലെ മുണ്ടൂരാണ് സ്വദേശം. അച്ഛൻ ഡോ. എം.എൻ.സുരേന്ദ്രനും അമ്മ ഗിരിജ സുരേന്ദ്രനും സഹോദരൻ ഡോ.സജിത് സുരേന്ദ്രനുമാണ് വീട്ടിലുള്ളത്. അവർ നന്നായി പിന്തുണച്ചു. തൃശൂരിലെ 'സെൻസ്’ കൂട്ടായ്മയിലൂടെയാണു സിനിമയെന്ന സ്വപ്നം തളിരിട്ടത്. കെ.സി.സന്തോഷ് കുമാർ, എ.ഷീന ജോസ് എന്നിവരുൾപ്പെട്ട സൗഹൃദവലയം, ജനകീയ സിനിമാ ആക്ടിവിസ്റ്റ് സി.ശരത്ചന്ദ്രനെ പരിചയപ്പെടുത്തി. ഫിലിം സൊസൈറ്റികളിലൂടെ ലോകസിനിമ കൂടുതലറിഞ്ഞു. പരിസ്ഥിതി പ്രവർത്തകൻ കണ്ടൽ പൊക്കുടനെ കുറിച്ച്, ശരത്തിന്റെ സഹായത്തോടെ എടുത്ത 'കണ്ടൽ പൊക്കുടൻ’ (2003) ഡോക്യുമെന്ററിയാണ് തുടക്കം. ആ വേളയിലാണ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അപേക്ഷിച്ചതും പ്രവേശനം കിട്ടിയതും.

2007ൽ എഫ്ടിഐഐ പഠനം കഴിഞ്ഞിറങ്ങി. എക്‌സ്‌പ്രസ് വേ (2004), സ്ക്രിബിൾസ് ഓൺ ദ് സിറ്റി (2005), പ്രതിബിംബ് (2005), നിഷ (2005), റെഡ്യൂസ് റീയൂസ് റീസൈക്കിൾ (2006), തീരം (2007), ഗുണ്ടർട്ട്– ദ് മാൻ, ദ് ലാംഗ്വേജ് (2012), ഗരാസ് (2015) തുടങ്ങിയ ഡോക്യുമെന്ററികളും ഷോർട്ട്–ഫിക്ഷനുകളും സംവിധാനം ചെയ്തു. 2008ൽ വിബ്‍ജിയോർ ചലച്ചിത്ര മേളയ്ക്കും 2009ൽ ഐഎഫ്എഫ്കെയ്ക്കും സിഗ്നേച്ചർ ഫിലിം തയാറാക്കി. മുംബൈ, ജോർദാൻ, കറാച്ചി, സ്വിറ്റ്സർലൻഡ്, ഫ്രാൻസ് തുടങ്ങി ഒട്ടേറെ ദേശീയ–രാജ്യാന്തര മേളകളിൽ സിനിമകൾ പ്രദർശിപ്പിച്ചു. പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ശ്രീ കേരളവർമ കോളജ് കാലം മുതൽ ഐഎഫ്എഫ്കെയിൽ പങ്കെടുക്കുന്നു. അവിടെ നമ്മുടെ ആദ്യ ഫീച്ചർ സിനിമ മൽസര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നതിൽ സന്തോഷമുണ്ട്. ഏദന്റെ ലോകപ്രീമിയറാണിത്. ഹരീഷ് പറഞ്ഞതുപോലെ, ലാറ്റിനമേരിക്കക്കാരുടെയും കൊറിയക്കാരുടെയും ആഫ്രിക്കക്കാരുടെയും ജീവിതത്തിനൊപ്പം നീണ്ടൂരുകാരുടെ കഥകളും കാണികൾ കാണട്ടെ. അതിനുശേഷം തിയറ്റർ റിലീസ് ഉണ്ടാകും. സി.അയ്യപ്പന്റെ ‘കാവൽഭൂതം’ കഥയെ അടിസ്ഥാനമാക്കിയാണ് അടുത്ത സിനിമ.

∙ എസ് ദുർഗ, പത്മാവതി സിനിമകൾക്കെതിരെയുള്ള നടപടികൾ എങ്ങനെ കാണുന്നു ?

തീർത്തും നിർഭാഗ്യകരമാണിത്. വളരെ അപകടകരമായ സാഹചര്യത്തിലൂടെയാണു കടന്നുപോകുന്നത്. ഭരണകൂടവും സംഘടനകളും സിനിമയ്ക്കെതിരെ നിലപാടെടുക്കുന്നതു കൊളോണിയൽ ചിന്താഗതിയാണ.് സെൻസർഷിപ്പ് എന്ന ആശയംതന്നെ കൊളോണിയലിസത്തിന്റെ ഭാഗമാണ്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ കൂടുതൽ പക്വത കാണിക്കണം. ഇത്തരം ആക്രോശങ്ങൾ ബാലിശവും വിഡ്ഢിത്തവുമാണ്.

പത്മാവതി ഒരു മിത്തോളജിയാണ്. അതിനെ സിനിമയാക്കാൻ പാടില്ലെന്നു പറയുന്നതിൽ എന്ത് യുക്തിയാണുള്ളത്. ഈ അസഹിഷ്ണുത വലിയ പ്രശ്നമാണ്. സെക്സി ദുർഗയ്ക്കു നേരെയുണ്ടായ നീക്കങ്ങൾ അപലപനീയമാണ്. ജൂറി തിരഞ്ഞെടുത്ത സിനിമ സർക്കാർ ഇടപെട്ട് ഒഴിവാക്കുന്നത് വിരോധാഭാസമാണ്. സിനിമാക്കാർ മാത്രമല്ല ഇതിനെതിരെ രംഗത്തുവരേണ്ടത്. സിനിമാക്കാർക്കു മാത്രമായി ഒന്നും ചെയ്യാനാവില്ല. എല്ലാവരും പ്രതികരിക്കണം. സിനിമാക്കാരുടെ മാത്രം പ്രശ്നമാണെന്നു വിചാരിക്കാതെ നമ്മുടെ പ്രശ്നമാണെന്നു ജനം തിരിച്ചറിയേണ്ട സമയമായി.

∙ ലോകസിനിമകളുടെ മാറ്റം നിരീക്ഷിക്കാറുണ്ടോ ?

ചലച്ചിത്ര മേളകൾ തുടർച്ചയായി കണ്ടപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. എല്ലാ സിനിമകളും ഏറിയും കുറഞ്ഞും ഒരു പോലെയാണ്. യൂറോപ്യൻ സിനിമകളുടെ പകർപ്പുകളാണ് ഇവയെല്ലാം. ഒരേ ചേരുവകൾ. ഇതൊക്കെ മാസ്റ്റേഴ്സ് ചെയ്തുപോയ കാര്യങ്ങളാണ്. അതുതന്നെ ഇപ്പോൾ വീണ്ടും പറയുകയാണ്. വ്യത്യസ്തതയോ പുതുമയോ ചുരുക്കമായേ കാണുന്നുള്ളൂ. സ്കൂളിൽ പോയ പോലെ തോന്നും. സിനിമകൾ യൂണിഫോമിട്ടു വന്നിരിക്കുകയാണ്. മേളകൾ കൂടുതലും യൂറോപ്യൻ ഫെസ്റ്റിവലുകളാണ് എന്നതാണ് അടിസ്ഥാന കാരണം.

മൂന്നാം ലോകരാജ്യങ്ങളിലെ സിനിമകൾ ഇത്തരം മേളകളിൽ കാണിക്കുന്നത് കുറവാണ്. നമുക്ക് പരീക്ഷണ സിനിമ ചെയ്യാൻ പറ്റുമെന്നൊന്നും അവർ അംഗീകരിക്കുന്നില്ല. ഇവിടെ ഒരുപാട് പ്രശ്നങ്ങളുണ്ട് എന്നാണു ധാരണ. രാഷ്ട്രീയ ഉള്ളടക്കമുള്ള ചില ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടേക്കാം. കലാമൂല്യമുള്ള സിനിമകൾ ഇവിടെ ഉണ്ടാക്കാനാവില്ലെന്നാണു അവർ വിശ്വസിക്കുന്നു. പുതിയ ശബ്ദങ്ങളെ പ്രോൽസാഹിപ്പിക്കുന്നില്ല. ഇതെല്ലാം മാറേണ്ടതുണ്ട്. സിനിമ ഡീകൊളനൈസ് ചെയ്യണം. നവസിനിമകൾ വരണം. യൂറോപ്പിലെ സിനിമകൾ ഒട്ടും വൈബ്രന്റ് അല്ല. അത് മറികടക്കാൻ മൂന്നാം ലോകരാജ്യങ്ങളിലെ പ്രാദേശിക ഭാഷകളിൽ ഉശിരുള്ള സിനിമകളുണ്ടാകണം.

∙ മലയാളത്തിലെ ന്യൂജനറേഷൻ ഈ വഴിക്കാണോ ?

എന്തു തോന്നുന്നു, അങ്ങനെയുണ്ടാവുന്നുണ്ടോ? മലയാള സിനിമ ഇപ്പോഴാണ് നിയോ റിയലിസം കണ്ടെത്തിയിരിക്കുന്നത്. അതൊരു പ്രത്യേക ചിന്താരീതിയായിരുന്നു. ഓരോ കാലത്തും അത്തരം ചിന്തകളും പരീക്ഷണങ്ങളും സിനിമയിൽ ഉണ്ടാകാറുണ്ട്. മലയാളത്തിനു വലിയ സാധ്യതയുണ്ട്. പുതിയ ഫിലിം മേക്കേഴ്സ് വരുന്നുണ്ട്. പുതിയ ചിന്തകളും ചർച്ചകളുമുണ്ട്.

മലയാള സിനിമ മാറ്റത്തിന്റെ പാതയിലാണ്. ഫ്യൂഡൽ മൂല്യങ്ങളെ വലിച്ചെറിഞ്ഞ് അതു വളരും. തുടക്കകാലത്ത് ആവേശകരമായിരുന്നു മാറിയ സിനിമകൾ. നമ്മുടെ കയ്യിലുള്ള പല ലോക സിനിമകളുടെ കസെറ്റും സിഡിയും കണ്ടുള്ള അനുകരണമായിരുന്നു നടന്നിരുന്നത്. തന്മയത്വം ഇല്ലെന്നതായിരുന്നു അതിന്റെ പ്രശ്നം. സ്വതന്ത്രമായ തദ്ദേശീയ സിനിമകളാണു നമുക്കാവശ്യം. അങ്ങനെയുള്ള പുതുസിനിമകൾ പിറവിയെടുക്കുമെന്നു തന്നെയാണു വിശ്വസിക്കുന്നത്.