Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവന്‍ എന്റെ കാലില്‍ സിഗരറ്റ് കുറ്റികള്‍ കൊണ്ട് പൊള്ളിച്ചു; പാർവതി

Parvathy IFFK

ഇന്നത്തെ മലയാളസിനിമകൾ യുവതലമുറയെ വഴിതെറ്റിക്കുകയാണെന്ന് നടി പാർവതി. പുരുഷാധിപത്യമാണ് സിനിമയിൽ നിലനിൽക്കുന്നതെന്നും പ്രണയത്തെപ്പോലും ഇതിലൂടെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പാര്‍വതി പറഞ്ഞു. ഇങ്ങനെയുള്ള സിനിമകൾ കണ്ട് വളർന്ന താൻ തെറ്റായ രീതിയിലാണ് പ്രണയബന്ധങ്ങളെ കണ്ടിരുന്നതെന്നും പാർവതി തുറന്നു പറഞ്ഞു. ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഓപ്പണ്‍ ഫോറത്തിൽ സിനിമയിൽ സ്ത്രീകളെ ലൈംഗിക ഉപകരണങ്ങളാക്കി മാറ്റുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായായിരുന്നു പാർവതി. 

‘സിനിമയിൽ സ്ത്രീകളെക്കുറിച്ചുള്ള ലൈംഗിക കാഴ്ചപ്പാട് എന്താണ് ? എന്നെ സംബന്ധിച്ചടത്തോളം കൗമാരകാലത്ത് ഞാൻ കണ്ടുവളർന്ന സിനിമകളിൽ സ്ത്രീകളെക്കുറിച്ചുള്ള പുരുഷന്മാരുടെ കാഴ്ചപ്പാട് ഇങ്ങനെയായിരുന്നു. അതുകൊണ്ട് തന്നെ എന്റെ സ്വന്തം ബന്ധത്തിലും അങ്ങനെയാവാനാണ് ഞാൻ ശ്രമിച്ചിരുന്നത്. അങ്ങനെ ചെയ്താൽ ആണ് ഞാൻ കണ്ടെത്തുന്ന പുരുഷനും എന്നെ സ്നേഹിക്കും എന്ന് വിചാരിച്ചു. പിന്നീട് പുസ്തകങ്ങളിലൂടെയാണ് സ്ത്രീയുടെ പ്രണയമെന്തെന്ന് തിരിച്ചറിഞ്ഞത്. അവളുടെ കാൽപനികബോധം, അതൊക്കെ തിരിച്ചറിഞ്ഞു.’ പാർവതി പറഞ്ഞു.

സിനിമയിൽ നേർവിപരീതമാണ് ഇത്. കൗമാരക്കാരായ പെണ്‍കുട്ടികളുടെ ആരോഗ്യത്തിന് ഇത്തരം കാര്യങ്ങള്‍ ആവശ്യമാണ്. കാരണം ഇതിന്റെ കുറവാണ് എന്നെ ചൂഷണം ചെയ്യുന്ന ഒരു ബന്ധത്തില്‍ തുടരാന്‍ എന്നെ നിർബന്ധിച്ചത്. അവന്‍ എന്റെ കാലില്‍ സിഗരറ്റ് കുറ്റികള്‍ കൊണ്ട് പൊള്ളിച്ചപ്പോള്‍ ഞാന്‍ കരുതിയത് അത് സ്‌നേഹം കൊണ്ടാണെന്നാണ്. കാരണം നമ്മുടെ സിനിമകള്‍ നമ്മളെ പഠിപ്പിച്ചിരിക്കുന്നത് അതാണ്. 

സ്‌നേഹമുണ്ടെങ്കില്‍ അവളെ നന്നാക്കാന്‍ നേര്‍വഴിക്ക് നടത്താന്‍ പുരുഷന്‍ അടിച്ചിരിക്കും. അത് നമ്മളെ കൂടുതല്‍ സ്‌നേഹിക്കാൻ പ്രേരിപ്പിക്കും. എന്റെ ചിത്രങ്ങള്‍ കണ്ടു വളരുന്ന ഒരു പെണ്‍കുട്ടിക്കും ഈ ഒരു അവസ്ഥ ഉണ്ടാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അത്തരം കാര്യങ്ങള്‍ എന്റെ സിനിമയില്‍ ഉണ്ടാകില്ലെന്ന് ഞാന്‍ ഉറപ്പുവരുത്തേണ്ടതാണ്. നമ്മുടെ കാഴ്ചപ്പാട് മാറ്റണം. ആഖ്യാനത്തിന് തുല്യത വേണം. പാർവതി കൂട്ടിച്ചേർത്തു.