Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രജനീകാന്തിനെ സൂപ്പർസ്റ്റാറാക്കിയ ‘പുലി’

kalaipuli-thanu-rajini താണു, രജനീകാന്ത്

കത്തിക്കുത്ത്, കൊലപാതകം എന്നു വേണ്ട ബലാത്സംഗം വരെയുള്ള സകല വില്ലത്തരങ്ങളുമുള്ള കഥാപാത്രങ്ങളെ മാത്രം കൈമുതലായുള്ള ഒരു കാലമുണ്ടായിരുന്നു സൂപ്പർ സ്റ്റാർ രജനീകാന്തിന്. അതിനൊരു മാറ്റം വരുന്നത് 38 വർഷം മുൻപാണ്. 1978ൽ. എം.ഭാസ്കറിന്റെ ‘ഭൈരവി’ എന്ന ചിത്രത്തിലൂടെ ആദ്യമായി രജനീകാന്ത് നായകനിരയിലേക്കുയർന്നു വന്ന വർഷം . അതേ കൊല്ലം, അതേ സിനിമയിലൂടെ തന്നെയാണ് കലൈപ്പുലി എസ്.താണു എന്ന ചെറുപ്പക്കാരൻ ചലച്ചിത്ര വിതരണ മേഖലയിൽ ഹരിശ്രീ കുറിക്കുന്നതും. ചെന്നൈ നഗരത്തിലെ തിയേറ്ററുകളിൽ ഭൈരവിയുടെ വിതരണക്കാരൻ താണുവായിരുന്നു.

bhairavi-rajini

ഇതുവരെ വില്ലനായി നടന്ന ഒരു നടൻ നായകനാകുന്ന ആദ്യ ചിത്രം. തിയേറ്ററിൽ സിനിമ എന്തായിത്തീരുമെന്നു പോലും പ്രതീക്ഷയില്ല. ആളെക്കയറ്റണമെങ്കിലും ഏറെ പരിശ്രമം അത്യാവശ്യം. ചിത്രത്തിന്റെ പ്രചാരണത്തിനായി ലഭിച്ച ഫോട്ടോകൾ പരിശോധിക്കുകയാണ് താണു ആദ്യം ചെയ്തത്. കണ്ടപ്പോൾ സംഗതി കൊള്ളാം: കൈയ്യിൽ തോക്കും ചാട്ടവാറും പാമ്പിനെയുമൊക്കെ പിടിച്ചു കൊണ്ടുള്ള ചിത്രങ്ങൾ. ഒറ്റനോട്ടത്തിൽത്തന്നെ താണുവിന് ഒരുകാര്യം പിടികിട്ടി. തമിഴിൽ ഇന്നേവരെ ഒരു തമിഴ്നായക നടനെയും ഇത്തരമൊരു ലുക്കിൽ കണ്ടിട്ടില്ല. ഈ ഫോട്ടോ സാധാരണ പോലെ പോസ്റ്ററടിച്ച് നശിപ്പിക്കേണ്ടതുമല്ല.

bhairavi-rajini1

അതുവരെയുണ്ടായിരുന്ന 4 ഷീറ്റ് 60x80 ഫോർമാറ്റിലെ പോസ്റ്ററടി ആദ്യമേ താണു മാറ്റിക്കുറിച്ചു. പകരം അതിനെക്കാളും വലിപ്പമുള്ള 6 ഷീറ്റ് 60x120 ഫോർമാറ്റിലേക്കു മാറ്റി. ചെന്നൈ നഗരത്തിലെങ്ങും ആ പുത്തന്‍ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ജനത്തിന്റെ കൗതുകം കൂട്ടാനായി ഒരുകാര്യം കൂടി ചെയ്തു. പിൽക്കാലത്ത് രജനീകാന്തിന്റെ പേരിനൊപ്പം ലോകം കൂട്ടിവായിച്ച ഒരു വാക്ക്. ചെന്നൈ പ്ലാസ തിയേറ്ററിനു മുന്നിലായിരുന്നു താണുവിന്റെ ആ സാഹസം ‘നെഞ്ചുംവിരിച്ച്’ നിന്നത്.- 38 അടി പൊക്കത്തിൽ രജനീകാന്തിന്റെ കൂറ്റനൊരു കട്ടൗട്ട്. അതിനു താഴെ ‘സൂപ്പർ സ്റ്റാർ രജനി ഇൻ ഭൈരവി’ എന്ന വാക്കുകളും.

രജനീകാന്തിനെ സൂപ്പർസ്റ്റാറാക്കുന്നതിനൊപ്പം താണുവിനുമുണ്ടായിരുന്നു ലക്ഷ്യം. നാലാളറിയുന്ന വിതരണക്കാരനാകണം, താണുവെന്ന ഒരു ‘പുതിയ പയ്യൻ’ ഇവിടെയെത്തിയിട്ടുണ്ടെന്ന് ചലച്ചിത്രമേഖലയാകെ മനസ്സിലാക്കണം. അങ്ങനെയിരിക്കെ ചെന്നൈ ടി.നഗറിൽ ‘ഭൈരവി’യുടെ പ്രദർശനം കാണാൻ രജനീകാന്ത് വരുന്നുണ്ടെന്നറിഞ്ഞ് താണുവും പോയി. പടം പാതിയായപ്പോൾ താണുവിനെ രജനീകാന്ത് ബാൽക്കണിയിലേക്കു വിളിപ്പിച്ചു. കെട്ടിപ്പിടിച്ചുകൊണ്ടാണ് പറഞ്ഞത്- ‘ഉഗ്രൻ പോസ്റ്റർ, അതിലും മികച്ച പബ്ലിസിറ്റി’ എന്ന്.

Katta Pulla Kutta Pulla - Rajinikanth, Sripriya - Bhairavi Tamil Song

പക്ഷേ രണ്ടു ദിവസം കഴിഞ്ഞപ്പോൾ എം.ഭാസ്കർ താണുവിനെ കാണാൻ വന്നു. രജനീകാന്തിന്റെ ഒരു ആശങ്ക അദ്ദേഹത്തോടു പങ്കുവയ്ക്കാനായിരുന്നു വരവ്. പ്രായമായെങ്കിലും എംജിആറും ശിവാജി ഗണേശനും അപ്പോഴും തമിഴ്നാടിന്റെ സൂപ്പർതാരങ്ങളായി വിലസുന്ന സമയമാണ്. എംജിആറിന്റെ ‘ഉലകം സുട്രും വാലിഭൻ’ (1973)ബ്ലോക്ബസ്റ്റർ ഹിറ്റുമായിരുന്നു. നാൽപത്തിനാലാം വയസ്സിലും വസന്ത മാളികൈ(1972) എന്ന സൂപ്പർഹിറ്റുമായി മീശപിരിച്ചു നിൽക്കുന്നു ശിവാജി ഗണേശൻ. ഇതിനിടയിലാണ് 28 വയസ്സുള്ള, അതും ആദ്യമായി നായകനാകുന്ന ഒരു ‘സൂപ്പർസ്റ്റാർ’! ആ ആശങ്കയാണ് രജനി പങ്കുവച്ചത്. എന്തായാലും പോസ്റ്ററുകളും കട്ടൗട്ടും മാറ്റാമെന്ന് താണു പറഞ്ഞു. അതുപോലെത്തന്നെ ചെയ്തു.

bhairavi-rajini2

പക്ഷേ പുതിയ പോസ്റ്ററുകളിൽ അച്ചടിച്ചു വന്നതിങ്ങനെ: ‘ദ് ഗ്രേറ്റസ്റ്റ് സൂപ്പര്‍സ്റ്റാർ രജനീകാന്ത് ഇൻ ഭൈരവി’. അതോടെ രജനീകാന്തിന്റെ ഉൾപ്പെടെ പരാതിയും തീർന്നു-താണുവിനെ തിരുത്താനാകില്ലെന്നുറപ്പായി. അവിടെക്കൊണ്ടും നിർത്തിയില്ല. പടം സൂപ്പർഹിറ്റായിരിക്കുകയാണ്. വൻതോതിൽ ഭൈരവിയുടെ നോട്ടിസടിച്ച് നേരെ ബാംഗ്ലൂരിലേക്ക് കയറ്റിവിട്ടു. തമിഴ്നാടിന്റെ പുതുസൂപ്പർതാരോദയം ഒരിക്കൽ ബാംഗ്ലൂർ ട്രാൻസ്പോർട്ട് സർവീസിലെ ബസ് കണ്ടക്ടറായിരുന്നു. എല്ലാവരും അറിയട്ടെ ആ കണ്ടക്ടര്‍ , തമിഴ് മണ്ണിലെ പടയോട്ടം തുടങ്ങിയെന്ന്!

രജനീകാന്തിന്റെ സിനിമാഭാവിയുടെ കാര്യത്തിൽ ഇതിനു മാത്രം ഉറപ്പ് എങ്ങനെ ലഭിച്ചുവെന്ന് പലരും ചോദിച്ചിട്ടുണ്ട് താണുവിനോട്-‘ ഇത്രയും സ്റ്റൈലിഷ് ആയ ഒരാളെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല’ എന്നാണ് രജനിയുമായുള്ള ആദ്യ കൂടിക്കാഴ്ചയെപ്പറ്റി താണു പറഞ്ഞിട്ടുള്ളത്. അതിൽത്തന്നെയുണ്ട് എല്ലാ ഉത്തരവും.

എന്തായാലും താണുവിന്റെ പ്രവചനം തെറ്റിയില്ല. തമിഴിന്റെ സൂപ്പർ സ്റ്റൈൽമന്നനായി രജനീകാന്ത്. ഒപ്പം താണുവിന്റെ ‘തലൈവരും’. ഭൈരവിയിറങ്ങി ഏഴു വർഷം കഴിഞ്ഞു. താണു പേരെടുത്ത വിതരണക്കാരനായി. ആദ്യമായി നിർമിക്കുന്ന ‘യാര്?’ എന്ന ഹൊറർ ചിത്രത്തിൽ അർജുനായിരുന്നു നായകൻ. അതിൽ ഒരു അതിഥിതാരമായി രജനിയെ കൊണ്ടുവരണമെന്നുണ്ടായിരുന്നു താണുവിന്. ആഗ്രഹം പറഞ്ഞു. രജനീകാന്ത് പൂജാമുറിയിൽ പ്രാർഥിച്ചു നിൽക്കുന്ന രംഗം അങ്ങനെയാണ് ‘യാരി’ൽ വരുന്നത്. അത് ഷൂട്ട് ചെയ്തതാകട്ടെ രജനീകാന്തിന്റെ സ്വന്തം വീട്ടിലെ പൂജാമുറിയിലും!

thanu-rajini

ഒരു ലക്ഷ്വറി കാർ പോലും വാങ്ങിയിട്ടില്ലത്രേ താണു, രജനീകാന്താണ് അവിടെയും മാതൃകയായത്. തന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാന്‍ ‘പടയപ്പ’ സിനിമയുടെ ഷൂട്ടിനിടെ മൈസൂരിൽ നിന്ന് ബാംഗ്ലൂരിലേക്ക് കാറോടിച്ചു വന്ന് അവിടെ നിന്ന് ചെന്നൈയിലേക്ക് വിമാനം കയറിയ കഥയും പങ്കുവയ്ക്കും താണു. പേരുപോലും വിളിക്കില്ല, താണുവിന് സ്വന്തം ‘തലൈവരാ’ണ് രജനീകാന്ത്.

rajini-kabali

വിതരണക്കാരനിൽ നിന്നിപ്പോൾ നിർമാതാവിന്റെ റോളിൽ തിളങ്ങുകയാണ് താണു. വർഷങ്ങൾക്കു ശേഷം ഇപ്പോഴിതാ തലൈവരുമൊത്തൊരു ചിത്രവും-കബാലി. അതും പടുകൂറ്റൻ പ്രതീക്ഷകളിൽ പടുത്തുയർത്തിയ ബ്രഹ്മാണ്ഡചിത്രം. കബാലീശ്വരൻ എന്നാണ് ചിത്രത്തിൽ രജനീകാന്തിന്റെ കഥാപാത്രത്തിന്റെ പേര്. താണു മാത്രമല്ല ആരാധകലോകമാകെത്തന്നെ ദൈവത്തെപ്പോലെ കാണുന്ന രജനിയ്ക്ക് ഈശ്വരൻ ചേർത്തല്ലാതെ വേറെന്തു പേരിടും!!! 

Your Rating: