Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പടം പരാജയപ്പെടുകയോ? ഇതു ‘കബാലി ഡാ...’

rajini-3

സ്റ്റൈൽ മന്നന്റെ 159-ാമത് ചിത്രം, ലോകമെമ്പാടും റിലീസ് ചെയ്യുന്നത് അയ്യായിരത്തിലേറെ തിയേറ്ററുകളിൽ, യൂട്യൂബിനെത്തന്നെ ഞെട്ടിച്ച ട്രെയിലര്‍, ടീസറും പോസ്റ്ററും പാട്ടുകളും പ്രതീക്ഷകളെ വാനോളമെത്തിച്ചിരിക്കുന്ന സിനിമ, റിലീസാകും മുൻപേ പലവിധ മാർക്കറ്റിങ് തന്ത്രങ്ങളിലൂടെയും മൊഴിമാറ്റ അവകാശ വിൽപനയിലൂടെയുമെല്ലാമായി മുടക്കുമുതൽ തന്നെ തിരിച്ചുപിടിച്ച ചിത്രം -ഒരുപക്ഷേ വിശേഷണങ്ങളിലും റെക്കോർഡിടും ‘കബാലി’. അതിനാൽത്തന്നെ രജനീകാന്തിന്റെ സിനിമാജീവിതത്തിലെ നിർണായകദിനമായിരിക്കും ചിത്രം റിലീസ് ചെയ്യുന്ന ജൂലൈ 22. ‘ലിംഗാ’യും, ‘കൊച്ചടയാനും’ സമ്മാനിച്ച പരാജയ ഓർമകളെ ഒരു ബ്രഹ്മാണ്ഡ വിജയം കൊണ്ടു നേരിടാനുള്ള അവസരം. ഈ സൂപ്പർ മെഗാസ്റ്റാറിന്റെ പ്രതാപകാലത്തേക്കുള്ള തിരിച്ചുപോക്കു കൂടിയാകും കബാലി. അതുകൊണ്ടു തന്നെ ‘പരാജയം’ എന്ന വാക്കിനെപ്പറ്റി ആലോചിക്കുന്നതു പോലുമില്ല ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. പക്ഷേ ചിലരെങ്കിലും ചിത്രത്തെയോർത്ത് ടെൻഷനിലാണെന്നതും സത്യം.

kabali-trend

വരുന്നത് ‘റിയൽ’ രജനീകാന്ത്?

സംവിധായകൻ പാ. രഞ്ജിത് പറയുന്നു: ‘ഈ സിനിമയിൽ രജനീകാന്ത് എന്ന സാധാരണക്കാരനായ മനുഷ്യനുമുണ്ട്, ഒരു സൂപ്പർസ്റ്റാറുമുണ്ട്. രണ്ടും ചേരുമ്പോൾ ഉണ്ടാകുന്ന മാജിക് എന്തോ, അതായിരിക്കും സ്ക്രീനിൽ കാണാനാവുക. രജനിയുടെ ഇതുവരെയുള്ള ‘അമാനുഷിക’ വേഷങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായതിനാൽ പ്രേക്ഷകർ ഇതെങ്ങനെ സ്വീകരിക്കുമെന്ന ടെൻഷനും നല്ല പോലെയുണ്ട്’.

പ്രായം തിരിച്ചറിഞ്ഞ് അതിനനുസരിച്ചുള്ള വേഷങ്ങളിലേക്ക് മാറി, എന്നാൽപ്പോലും സൂപ്പർ താര പരിവേഷം ഒട്ടും പോകാതെ ഇപ്പോഴും ബോളിവുഡിൽ നിറഞ്ഞുനിൽക്കുന്ന അമിതാഭ് ബച്ചനുമായാണ് കോളിവുഡ് രജനീകാന്തിനെ താരതമ്യപ്പെടുത്തുന്നത്. ‘അതിമാനുഷികത’ തന്റെ ചലച്ചിത്രഭാവിക്കു തന്നെ ഭീഷണിയാണെന്നു തിരിച്ചറിഞ്ഞിട്ടു കൂടിയാണ് അദ്ദേഹത്തിന്റെ ഈ നീക്കം. മാത്രവുമല്ല, പ്രേക്ഷകമനസ്സിനോടു ചേർന്നു നിൽക്കുന്ന, അവരിലൊരാളുടെ കഥയെന്നു തോന്നിപ്പിക്കുന്ന വിധത്തിലുള്ള സിനിമകളൊരുക്കി പല യുവ സംവിധായകരും ഇതിനോടകം തമിഴ് സിനിമാക്കാഴ്ചയുടെ രീതി തന്നെ മാറ്റിയിട്ടുണ്ട്. ആ മാറ്റവും രജനീകാന്ത് തിരിച്ചറിഞ്ഞിരിക്കുന്നുവെന്നതിന്റെ സൂചനയാണ് ‘കബാലി’. ആട്ടക്കത്തി, മദ്രാസ് ഇങ്ങനെ ‘റിയാലിറ്റി’യോട് ഏറെ അടുത്തുനിൽക്കുന്ന സിനിമകളൊരുക്കിയ പാ രഞ്ജിത്തിനെ തന്റെ പുതിയ ചിത്രത്തിനായി തിരഞ്ഞെടുത്തത് തന്നെ ഇതിനു മറ്റൊരു തെളിവ്.

rajini-2

കഥ പറയാൻ ചെന്നപ്പോൾ ഒരു മണിക്കൂറിലേറെ നേരം തന്റെ ‘മദ്രാസ്’ എന്ന ചിത്രത്തിനെപ്പറ്റിയാണ് രജനി സംസാരിച്ചതെന്നും പാ രഞ്ജിത് ഓർക്കുന്നു. വേഗത്തില്‍ നടക്കുന്ന, വേഗത്തിൽ ഡയലോഗ് പറയുന്ന സ്ഥിരം ‘രജനീസ്റ്റൈൽ’ തന്ത്രങ്ങളെല്ലാം കബാലിയിൽ ‘വേഗം കുറച്ചാണ്’ എത്തുന്നതെന്നും സംവിധായകൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. അതിനാൽത്തന്നെ ‘കബാലി’യുടെ കാര്യത്തിൽ സെൻസർ ബോർഡ് പോലും നല്ലതു പറയുമ്പോഴും ഈ പുതുപരീക്ഷണം വിജയിക്കുമോയെന്ന കാര്യത്തിൽ സംവിധായകനുൾപ്പെടെ ടെൻഷനിലാണ്.

kabali-poster

ആരെയും വിഷമിപ്പിക്കാത്ത സൂപ്പർസ്റ്റാർ

മോശം ഭക്ഷണം വിൽക്കുകയും അത് വാങ്ങിയയാളിൽ നിന്ന് ഹോട്ടലുടമ നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്താൽ എങ്ങനെയുണ്ടാകും? രജനീകാന്തിന്റെ കാര്യത്തിൽ അങ്ങനെയും സംഭവിച്ചു. മോശം ചിത്രമാണെന്നറിഞ്ഞിട്ടും അത് വിതരണത്തിനെടുത്തവർ ഒടുവിൽ സിനിമ പരാജയപ്പെട്ടപ്പോൾ നഷ്ടപരിഹാരം ചോദിച്ചത് രജനീകാന്തിനോട്. ‘ലിംഗാ’ സിനിമ വഴി കോടികളുടെ നഷ്ടം വന്നപ്പോഴാണ് വിതരണക്കാർ കോടതി വഴി ഇത്തരമൊരു ആവശ്യമുന്നയിച്ചത്. പക്ഷേ മാന്യതയുടെ കാര്യത്തിലും തമിഴിലെ മുടിചൂടാമന്നനായ രജനീകാന്ത് നേരത്തേ പലപ്പോഴും നിർമാതാക്കൾക്ക് പ്രതിഫലത്തിന്റെ ഒരു ഭാഗം മടക്കിനൽകുകയും ചിലപ്പോഴൊക്കെ അവരുടെ തന്നെ മറ്റു സിനിമകളിൽ കുറഞ്ഞ പ്രതിഫലത്തിന് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

radhika-rajini

ഇന്ത്യയിലാദ്യമായി അത്തരത്തിൽ സിനിമ പരാജയപ്പെട്ടതിന്റെ പേരിൽ നിർമാതാക്കള്‍ക്കും വിതരണക്കാർക്കും പ്രതിഫലം മടക്കി നൽകിയ അഭിനേതാവും രജനീകാന്തായിരിക്കും-‘ബാബ’ എന്ന ചിത്രം പരാജയപ്പെട്ടപ്പോഴായിരുന്നു അത്. രജനീകാന്ത് തന്നെ പ്രോൽസാഹിപ്പിച്ച ഈ ‘ട്രെൻഡ്’ ഒടുവിൽ അദ്ദേഹത്തിനു നേരെ തന്നെ തിരിയുകയായിരുന്നു. ‘ലിംഗാ’യുടെ വിതരണക്കാർക്ക് ഒടുവിൽ മാനുഷിക പരിഗണനയുടെ പേരിൽ നഷ്ടം നികത്താനുള്ള തുകയുടെ ഒരു ഭാഗം രജനീകാന്ത് നല്‍കിയതായാണ് റിപ്പോര്‍ട്ട്. ‘മാസ് ഓഡിയൻസി’നെ ആകർഷിക്കുന്ന രജനിയുഗത്തിന് അന്ത്യമായെന്നും ലിംഗായ്ക്കു ശേഷം വിതരണക്കാർ ആരോപിച്ചിരുന്നു. അടുത്ത ചിത്രം ഏറ്റെടുക്കാൻ ആരും വരില്ലെന്നു ഭയന്നാണ് രജനി പണം തിരികെ നൽകിയതെന്നും ചിലർ വാദിച്ചു. രജനിയുടെ ഫാൻസ് അസോസിയേഷനുകൾ പിരിച്ചുവിട്ടെന്ന വാർത്തകൾ വന്നു. ആ താരരാജാവിന്റെ കാലം കഴിഞ്ഞെന്നും ചിലർ വിധിയെഴുതി. പക്ഷേ യൂട്യൂബിൽ കബാലിയുടെ ട്രെയിലറിനു കിട്ടിയ രണ്ടരക്കോടിയിലേറെ കാഴ്ചക്കാരുടെ കണക്കു മാത്രം മതി ഇവരുടെയെല്ലാം വായടപ്പിക്കാൻ.

kabali-dubai

രജനിയുടെ വിന്റേജ് ലുക്കും പുത്തൻ ലുക്കും ട്രെയിലറിൽ കണ്ടവർ തലമുറ ഭേദമില്ലാതെയാണ് കബാലിയുടെ റിലീസിനു വേണ്ടി കാത്തിരിക്കുന്നത്. ട്രെയിലറായാലും പാട്ടായാലും റിങ് ടോണായാലും പരസ്യമായാലും ‘കബാലി’ എന്ന് ഒപ്പമുണ്ടെങ്കിൽ സംഗതി ഹിറ്റാണെന്ന സ്ഥിതിയാണിപ്പോൾ. കബാലിയുടെ അന്യഭാഷ മൊഴിമാറ്റ അവകാശത്തിനു തന്നെ വൻ പിടിവലിയാണ്. വിദേശ ഭാഷകളിലേക്കുൾപ്പെടെയാണിതെന്നും ഓർക്കണം. തെലുങ്കിൽ ഇതാദ്യമായി റെക്കോർഡ് തുകയ്ക്ക്, 30 കോടി രൂപയ്ക്ക്, ഒരു തമിഴ് ചിത്രം മൊഴിമാറ്റത്തിനായി വാങ്ങിയിരിക്കുന്നതും കബാലിയാണ്.

thanu-rajini

110 കോടി രൂപയോളം മുടക്കി നിർമിച്ച ചിത്രത്തിന് 500 കോടിയിലേറെയാണ് നിർമാതാവ് തലൈപ്പുലി എസ്.താണു കലക്‌ഷൻ പ്രതീക്ഷിക്കുന്നത്. ജനങ്ങളുടെ കാര്യത്തിലാണെങ്കിൽ അവരുടെ പ്രതീക്ഷയാണ് മുടക്കുമുതൽ. കബാലിയെ കണ്ട് തിരിച്ചിറങ്ങുമ്പോൾ ഇത്തവണയെങ്കിലും അവർക്ക് പറയണം: ‘നെരുപ്പ് ഡാ...’  

Your Rating: