Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കബാലിയെ കിടിലനാക്കുന്ന പെൺകരുത്ത്

anu-kabali

എന്താ ലുക്ക്...ഇങ്ങനല്ലെ നിങ്ങൾ കബലീശ്വരൻ എന്ന കബാലിയെ ആദ്യം കണ്ട മാത്രയിൽ തന്നെ പറഞ്ഞു പോയത്. ഇത്രയ്ക്കു പ്രൗഢോജ്വലമായി ആരാണു കബാലിയെ അണിയിച്ചൊരുക്കിയത്. ചിന്തിച്ചിട്ടില്ലേ. പാ.രഞ്ജിതിനും കാമറയ്ക്കും മുൻപേ കബാലിയെ കണ്ടത് മറ്റൊരാളാണ്. ഒരു പെൺമനസ്. അറിയാമോ അതെങ്ങനെയാണെന്ന്...അതിനു പിന്നിലൊരു പെൺകരുത്താണ്. കബാലിയെ കിടിലനാക്കിയതിനു പിന്നിൽ പ്രവർത്തിച്ചതൊരു പെൺ ക്രിയാത്മകതയാണ്. അനു വർധൻ എന്ന വസ്ത്രാലങ്കാര വിദഗ്ധയാണു കബാലിയ്ക്കു കുപ്പായം തുന്നിക്കൊടുത്തത്. കഥാപാത്രത്തിനു നൂലിഴകളിലൂടെ യാഥാര്‍ഥ്യം പകർന്നത്.

radhika-rajini

ഒരു സുപ്രഭാതത്തിലാണു അനുവിനെ കബാലി സംഘം വിളിക്കുന്നത്. "ഒന്നും ആലോചിച്ചു നിൽക്കുവാൻ പിന്നെ സമയമുണ്ടായിരുന്നില്ല. അന്നേ കബാലി ഒപ്പം കൂടി. ലുക്ക് ടെസ്റ്റിനായി രജനീകാ ഫോട്ടോ ഷൂട്ട് എടുത്തിരുന്നു. താടിയൊക്കെ വളർത്തി കബാലിയായി അന്നേ രജനീകാന്ത് മാറിക്കഴിഞ്ഞിരുന്നുവെന്നു വേണം കരുതുവാൻ. ഒമ്പതു മാസത്തോളം നീണ്ട പ്രവർത്തനങ്ങളാണു കബാലിയെ കബാലിയാക്കുന്നതിനായി നടത്തിയത്. വെള്ളയും നീലയും പിന്നെ ചാര കളറിലുള്ള വസ്ത്രങ്ങളുമാണ് അധികവും ഉപയോഗിച്ചത്. അത് അദ്ദേഹത്തിനു നന്നായി ചേരുന്നെന്നു എനിക്കു തോന്നി. പ്രത്യേകിച്ചു വെള്ള നിറം. പ്രായം ചെന്നയാളിന്റെ വസ്ത്രധാരണ രീതി കണക്കിലെടുത്ത് പരുത്തി. ചണം, കമ്പിളി തുണികളാണു അധികവും ഉപയോഗിച്ചത്.

rajini-anu

എന്താണു ചെയ്യേണ്ടതെന്നും എന്താണു വേണ്ടതെന്നും എന്നതിനെ കുറിച്ച് വ്യക്തമായ ബോധ്യമുണ്ട് രജനീകാന്തിന്. നിര്‍ദ്ദേശങ്ങൾ കൊണ്ടു നമ്മെ ബുദ്ധിമുട്ടിക്കില്ല, അവസാന നിമിഷം എന്തെങ്കിലും മാറ്റണമെന്നു പറയുകയുമില്ല. ചെറുപ്പക്കാരനായ കബാലിയ്ക്കും പ്രായം ചെന്ന കബാലിയ്ക്കുമുള്ള വസ്ത്രങ്ങളാണല്ലോ വേണ്ടിയിരുന്നത്. പഴയ ലുക്ക് തോന്നിക്കുവാൻ വേണ്ടി അന്നത്തെ കാലത്തെ പാൻറ്സും ചിത്രപ്പണികളുള്ള ഷർട്ടുമാണ് തയ്യാറാക്കിയത്. പ്രായം ചെന്ന കബാലിയ്ക്കായി ജാക്കറ്റടക്കമുള്ളവും. ഇവ രണ്ടിലും അദ്ദേഹത്തിന്റെ രൂപം അസാധ്യ സുന്ദരമായി ചേരുന്നത് കണ്ടപ്പോൾ ഞാൻ പോലും അത്ഭുതപ്പെട്ടു പോയി. കാമറയ്ക്കു മുന്നിലെ സ്വതസിദ്ധമായ ഭാവപ്പകർച്ച അമ്പരപ്പിക്കുന്നതായിരുന്നു.

rajini-kabali

താനെന്താണു അണിയാൻ പോകുന്നതെന്നതിനെ കുറിച്ച് അത് സ്റ്റൈലിഷ് ആകുമോ എന്നതോർത്ത് യുവതാരങ്ങൾക്കൊക്കെ ഭയങ്കര പേടിയാണ്. പക്ഷേ രജനീകാന്തിന് അങ്ങനയേയില്ല. നമ്മൾ കൊടുക്കുന്നതു ധരിക്കും. അതും ഒരു സ്റ്റൈൽ ആയി കാണും. ഒരു ഡിസൈനർക്കു കിട്ടാവുന്ന ഏറ്റവും വലിയ പിന്തുണയും അതുതന്നെയാണല്ലോ. അനു പറഞ്ഞു.

rajini

ഏകദേശം 110 കോടി രൂപ ചെലവഴിച്ച സിനിമയിലെ 1.4 കോടി രൂപയാണു വസ്ത്രങ്ങൾക്കു മാത്രമായി ഉപയോഗിച്ചത്. രജനീകാന്തിനൊപ്പം ജോലി ചെയ്യാനായാതും വസ്ത്രങ്ങൾ അദ്ദേഹത്തിനു നന്നായി ഇണങ്ങുന്നുവെന്നറിയുന്നതും ഒരുപാടു സന്തോഷം. ജോലിയെ എത്രമാത്രം അർപ്പണ ബോധത്തോടെ സമീപിക്കണമെന്ന പാഠം കൂടി അദ്ദേഹം പകർന്നു തന്നു. അനു പറയുന്നു
മറ്റാരുടേയും കൂടെ ജോലി ചെയ്യുന്ന പോലെയല്ല രജനീകാന്തിനൊപ്പം. കാരണം അതൊരു ജോലിയായി നമുക്കു തോന്നുകയേയില്ല. നമുക്കൊപ്പം അദ്ദേഹം കൂടിക്കൊള്ളും.

vintage-rajini

ഇത്രയും വർഷത്തെ പരിചയ സമ്പന്നതയൊന്നും തലക്കനമുണ്ടാക്കുന്നില്ല അദ്ദേഹത്തിൽ. സംവിധായകന്‍ പറയുന്നതിനനുസരിച്ചു മുന്നോട്ടു നീങ്ങുന്നയാൾ. ഒപ്പം നിൽക്കുന്നവരെ വാക്കുകൾ കൊണ്ടു പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരിക്കും. ആ ഒരു നിലപാടിന്റെ ഫലമാണു ഈ ലുക്ക് ശ്രദ്ധിക്കപ്പെടുന്നതിനും കാരണമായത്.

ഒരുപക്ഷേ കഴിഞ്ഞ ഒരു ദശകത്തിനിടെ ഇത്രയേറെ ആകാംഷയോടെയും കൗതുകത്തോടെയും നമ്മൾ മറ്റൊരു ചിത്രത്തേയും കാത്തിരുന്നിരിക്കില്ല. എന്തായാലും കബാലിയെ നെരുപ്പ്ഡാ...എന്നു പറയിപ്പിച്ചതിനു പിന്നില്‍ ഒരുപാടു മനസുകളുടെ ക്രിയാത്മകതയുണ്ട്. കബാലിയ്ക്കു ഇത്രയ്ക്കു തകര്‍പ്പൻ ലുക്ക് വന്നതിനു പിന്നിൽ അദ്ദേഹമണിഞ്ഞ വസ്ത്രങ്ങൾക്കുള്ള പങ്കു ചെറുതല്ല.

rajini

ഇതിനു മുൻപും അനു വെള്ളിത്തിരയിൽ വെള്ളിത്തിളക്കം സൃഷ്ടിച്ച കഥാപാത്രങ്ങൾക്കായി കുപ്പായങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. വേതാളത്തിലും ബില്ലയിലും അജിത് അണിഞ്ഞതും ശ്രീരാമ രാജ്യം, പഞ്ചാ എന്നീ ചിത്രങ്ങളിലും കണ്ട വസ്ത്രപ്പെരുമയെല്ലാം അനുവിന്റെ മനസിലെ ക്രിയാത്മകയാണു. സംവിധായകൻ വിഷ്ണുവർധന്റെ ഭാര്യയാണ് അനു.
 

Your Rating: