Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‌പ്രായം പ്രശ്നമേയല്ല, കബാലി നെര്പ്പ് ഡാ..

mullum-malarum

കബാലി ഇഷ്ടപ്പെടാത്തവർ യഥാർഥ രജനി ആരാധകരല്ല. കാരണം അവർക്ക് രജനികാന്ത് എന്ന നടനെ അറിയില്ല, രജനി എന്ന താരത്തെ മാത്രമേ അറിയൂ. കൊമേഴ്‍സ്യൽ ചേരുവകൾ മാത്രമുള്ള ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടാക്കുന്ന രജനികാന്ത് എന്ന താരത്തിനു മുമ്പ് നല്ല നടനായിരുന്ന ഒരു രജനികാന്തുണ്ട്. ആ നടനെ പരിപോഷിപ്പിച്ചെടുത്ത കുറേ നല്ല കഥാപാത്രങ്ങളുണ്ട്. 1978ൽ ജെ. മഹേന്ദ്രന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മുള്ളും മലരും രജനി എന്ന നല്ല നടന്റെ പ്രതിഭയെ വെള്ളിത്തിരയിൽ എത്തിച്ച ഒന്നായിരുന്നു. നാൽപതിരണ്ടുവർഷത്തെ സിനിമാജീവിതത്തിൽ രജനിയ്ക്ക് ഏറെ ഇഷ്ടമുള്ള സിനിമ എന്ന പ്രത്യേകതയും മുള്ളും മലരിനുമുണ്ട്.

rajini-new

ഈ സിനിമയിലെ കാളി എന്ന കഥാപാത്രത്തെ വീണ്ടും ഓർമിപ്പിക്കുന്നതായിരുന്നു കബാലി. മുപ്പത്തി എട്ടു വർഷം മുമ്പ് താരമാകുന്നതിനു മുമ്പ് രജനികാന്ത് എന്ന നല്ല നടൻ എന്താണോ പ്രേക്ഷകർക്ക് തന്നുകൊണ്ടിരുന്നത് അത് വീണ്ടും അനുഭവേവേദ്യമാക്കുകയാണ് കബാലിയിലൂടെ. ഒരു അർഥത്തിൽ പറഞ്ഞാൽ രജനികാന്ത് തന്റെ സത്വം തിരിച്ചുപിടിച്ച സിനിമ കൂടിയാണ് കബാലി. മുപ്പത്തി എട്ടു വർഷങ്ങൾക്കു മുമ്പ് ഇറങ്ങിയ മുള്ളും മലരിലെ രജനികാന്തിനെ കാണുമ്പോൾ തോന്നുന്ന അതേ ആവേശമാണ് കബാലി കണ്ടപ്പോൾ തോന്നിയത്.

Mullum Malarum Rajini intro scene

രജനികാന്തിനെ സൂപ്പർസ്റ്റാർ രജനികാന്ത് ആക്കിയത് അത്തരം മണ്ണിന്റെ മണമുള്ള കഥാപാത്രങ്ങളായിരുന്നു. പിന്നീട് ബോക്സ് ഓഫീസ് വിജയങ്ങൾക്കു പിന്നാലെയുള്ള ഓട്ടപാച്ചിലിനിടയിൽ ഈ നടന് ഓടിയെത്താനാകാതെ തളർന്നിരുന്നു. ആരാധകരെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രം കെട്ടിപ്പൊക്കിയ ചിത്രങ്ങളായി മാറി മിക്കതും. രജനികാന്ത് എന്ന താരം ആകാശങ്ങൾ കീഴടക്കിയപ്പോൾ ആ മനസ്സിന്റെ അടിതട്ടിലെവിടെയോ തൃപ്തനാകാതെയിരുന്ന ഒരു നടനുണ്ടായിരുന്നു. ആ നടന്റെ മാസ്മരികമായ തിരിച്ചുവരവെന്നു തന്നെ വിശേഷിപ്പിക്കാം കബാലിയെ.

kabali-dress

മുത്തു, ബാഷ, ബാബ, പടയപ്പ തുടങ്ങിയ ചിത്രങ്ങളിലെ കത്തികയറുന്ന ഘഡാഘഡിയൻ വാചകകസർത്തുകളൊന്നും കബാലിയിൽ ഇല്ല. എന്നാൽ ഉള്ളത് ഉള്ളിൽ തട്ടുന്നതുമായിരുന്നു. ഒരുപരിധി വരെ കബലീശ്വരന് ഡയലോഗുകളെയില്ല എന്നു പറയാം. രജനികാന്ത് എന്ന താരത്തിനെ കാണാമെന്ന പ്രതീക്ഷയോടെ കബാലി കാണരുത്. രജനികാന്ത് എന്ന നടനെ ആവോളം ആസ്വദിക്കാം കബാലിയിൽ. സാധാരണ മനുഷ്യന്റെ വികാരവിക്ഷോഭങ്ങളുള്ള രജനികാന്തിനെ തീർച്ചയായും കാണാം. കുടുംബ ബന്ധങ്ങളുടെ ഊഷ്മളത അനുഭവിക്കാം. അറുപത്തിയഞ്ചു വയസ്സുള്ള വാർദ്ധക്യം ബാധിച്ച ഒരു നടന്റെ സിനിമയാണ് കാണുന്നതെന്ന ചിന്ത ഒരുതരിമ്പു പോലും സിനിമയുെട ഒരു ഭാഗത്തു പോലും തോന്നില്ല. അതിന്റെ തെളിവായിരുന്നു, ഇരുപതിൽ താഴെ പ്രായമുള്ളവർ പോലും കയ്യടിക്കുകയും ആർപ്പുവിളിക്കുകയും ചെയ്തത്.

സിനിമയിലുടനീളം വാർദ്ധക്യത്തിന്റെ മാമൂലുകളില്ലാത്ത ഊർജസ്വലനായ രജനികാന്തിനെ തന്നെയാണ് കാണാൻ സാധിക്കുക. അമ്പതു വയസ്സുകാരനായ സൽമാൻഖാന്റെ സുൽത്താൻ സിനിമ കണ്ടപ്പോൾ തോന്നിയ കോരിത്തരിപ്പു തന്നെയാണ് കബാലിയിലെ അറുപത്തിയഞ്ചുകാരനായ രജനിയെ കണ്ടപ്പോഴും തോന്നിയത്. പ്രായം സിനിമയ്ക്ക് ഒരു തടസ്സമേയല്ല എന്നുള്ളതും തെളിയിച്ചു തരുന്നു കബാലി. സിനിയിൽ ജനറേഷനുകളുടെ വേർതിരിവിന്റെ ആവശ്യമേയില്ല, കാരണം ചില സിനിമകൾ ചിലർക്കു മാത്രമേ ചെയ്യാൻ സാധിക്കൂ. കബാലി രജനികാന്തിനു മാത്രം സാധിക്കുന്ന സിനിമയാണ്.

kabali-1

സിനിമ തിരഞ്ഞെടുക്കുന്നതിൽ രജനി സ്വീകരിക്കുന്ന നയം മലയാളത്തിലെ താരങ്ങൾക്കും സ്വീകരിക്കാവുന്നത്. സ്വയം ഇഷ്ടമാകുന്ന സിനിമകൾ മാത്രം ചെയ്യുക. അഭിനേതാവിന് സ്വയം മോഹം തോന്നി ചെയ്യുന്ന സിനിമകൾ പ്രേക്ഷനെയും മോഹിപ്പിക്കും. മോഹൻലാൽ അതരത്തിൽ ഇഷ്ടം തോന്നി ചെയ്ത സിനിമയായിരുന്നു ദൃശ്യം. ദൃശ്യത്തിന്റെ ഭാവി എന്തായിരുന്നുവെന്ന് പറയാതെ തന്നെ അറിയാമല്ലോ, അതുപോലെ മമ്മൂട്ടി എന്ന മഹാനടന്റെ അഭിനയപ്രതിഭയ്ക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല എന്നു തെളിയിച്ചു തന്ന സിനികളായിരുന്നു പത്തേമാരിയും മുന്നറിയിപ്പും. താരങ്ങൾക്ക് ഈ കഥാപാത്രങ്ങൾ എത്രമാത്രം പ്രിയപ്പെട്ടതായിരുന്നുവെന്ന് വെള്ളിതിര കാട്ടിത്തരുകയും ചെയ്തു. മോഹൻലാലിനെ പ്രിയങ്കരനാക്കിയ ദശരഥത്തിന്റെയും പക്ഷെയുടെയും, കളിപാട്ടത്തിന്റെയുമൊക്കെ മിന്നലാട്ടങ്ങൾ ദൃശ്യത്തിലും ദൃശ്യമായിരുന്നു.

അതുപോലെ മമ്മൂട്ടിയ്ക്ക് താരപദവി ഉറപ്പാക്കിയ തനിയാവർത്തനം, മഴയെത്തും മുമ്പെ , വാത്സല്യം എന്നീ സിനിമകളിൽ കാട്ടിയ അതേ അഭിനയപാടവം തന്നെയായിരുന്നു കാലമേറെ കഴിഞ്ഞിട്ടും പത്തേമാരിയിലും മുന്നറിയിപ്പിലും കാണാൻ സാധിച്ചത്. അതുപോലെ കബാലിയും ഒരു മുന്നറിയിപ്പാണ്. വയസ് സിനിമയ്ക്ക് വിഷയമേയല്ല, അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശമുണ്ടെങ്കിൽ വെള്ളിവെളിച്ചത്തിന്റെ മായികലോകത്ത് ഇനിയും കലയുടെ നെരുപ്പുകൾ തീർക്കാൻ സൂപ്പർതാരങ്ങൾക്ക് ഉറപ്പായും സാധിക്കുമെന്ന വ്യക്തമായ മുന്നറിയിപ്പ്. ഒരുനാൾ തിരുമ്പി വരുമെന്ന കൃത്യമായ മുന്നറിയിപ്പ്.  

Your Rating: