Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശ്വസിച്ചേ തീരൂ സാർ, രണ്ടു രജനീകാന്തുണ്ട്

rajainikanth-old

സിനിമാതാരങ്ങൾക്കെല്ലാം രണ്ടു ജീവിതമുണ്ടെന്നാണ് പൊതുവെ പറയുക. ഒന്നു തിരശീലയിലെ ജീവിതം. മറ്റൊന്നു സാധാരണ മനുഷ്യനായി പുറത്തുള്ള ജീവിതം. ഇത് ഒരേ വ്യക്‌തിയുടെ തന്നെ രണ്ടു മുഖങ്ങളാണ്. എന്നാൽ രജനീകാന്ത് അങ്ങനെയല്ല. അദ്ഭുതപ്പെടരുത്, രണ്ടു രജനീകാന്ത് ഉണ്ട്.

ഇന്ത്യയിലെ മറ്റെല്ലാ മെഗാ താരങ്ങളും പ്രായത്തിനനുസരിച്ചു സിനിമയിൽ ചെറിയതോതിലെങ്കിലും മാറ്റങ്ങൾക്കു വിധേയരായിട്ടുണ്ട്. ഇവരിൽ ചിലരെങ്കിലും തിരശീലയിലെ യൗവനവും സൗന്ദര്യവും പുറത്തും കാത്തുസൂക്ഷിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.

രജനീകാന്തിന് ഇതിന്റെ ആവശ്യമില്ല. കാരണം രജനി ഒരാളല്ല. 1950 ഡിസംബർ 12നു മഹാരാഷ്‌ട്ര സ്വദേശിയായ പൊലീസ് കോൺസ്റ്റബിൾ രാമോജിറാവു ഗെയ്‌ക്‌വാദിന്റെയും രമാബായിയുടെയും മകനായി ബംഗളൂരുവിൽ ജനിച്ച ശിവാജി റാവു ഗെയ്‌ക്‌വാദ് എന്ന രജനീകാന്തിന് ഇപ്പോൾ 66 വയസ്സായി. അദ്ദേഹം തലയിൽ അധികം മുടിയില്ലാത്ത, ഉള്ള രോമങ്ങൾക്കു മുഴുവൻ നര ബാധിച്ച, ആത്മീയ ജീവിതം നയിക്കുന്ന സാധാരണക്കാരനാണ്. ഇതേ വേഷത്തിലും രൂപത്തിലും അദ്ദേഹത്തെ ചെന്നൈയിൽ കാണാം.

1975 ഓഗസ്‌റ്റ് 18നു കെ. ബാലചന്ദറിന്റെ അപൂർവരാഗങ്ങൾ എന്ന സിനിമയിലാണ് രണ്ടാമത്തെ രജനീകാന്തിന്റെ ജനനം. ശ്രീവിദ്യ എന്ന സുന്ദരിയായ അഭിനേത്രിയെ നിരന്തരം ശല്യം ചെയ്യുന്ന ക്രൂരനായ വില്ലനാണ് രജനി രണ്ടാം പിറവിയിൽ. തിരശീലയിൽ തന്നേക്കാൾ മുൻപു സാന്നിധ്യമറിയിച്ച കമൽഹാസനായിരുന്നു ചിത്രത്തിലെ നായകൻ.

അഭിനേതാക്കളെ മെരുക്കുന്നതിൽ കർക്കശ നിലപാടുണ്ടായിരുന്ന ബാലചന്ദറിനു രജനിയെ തന്റെ വഴിക്കു കൊണ്ടുവരാൻ കഴിഞ്ഞില്ല. രജനിയുടെ സംഭാഷണവും നോട്ടവും നടപ്പുമെല്ലാം അസ്വാഭാവികമാണെന്നു ബാലചന്ദർ പറഞ്ഞുനോക്കി. ‘ഓടക്കുഴൽ വളയും, വാലു നിവരില്ല’ എന്നു തോന്നിയപ്പോൾ രജനിയുടെ ശൈലി അതേപടി പരീക്ഷിക്കാൻ താൻ തീരുമാനിക്കുകയായിരുന്നുവെന്നു ബാലചന്ദർ പിന്നീട് പറഞ്ഞിട്ടുണ്ട്.

രജനീകാന്ത് സ്വന്തമായ ശൈലിയുമായാണ് അഭിനയിക്കാൻ വന്നത്. തുടക്കത്തിൽ തന്റെ ഒൻപതു ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചെങ്കിലും രജനിയെ രൂപപ്പെടുത്തിയതു താനാണ് എന്ന സിനിമാ നിരൂപകരുടെ നിരീക്ഷണം ബാലചന്ദർ അംഗീകരിക്കുന്നില്ല. ക്രെഡിറ്റ് മുഴുവൻ അദ്ദേഹം രജനിക്കു നൽകി.

kabali-dubai

സംഭാഷണത്തിന്റെ വേഗം, നേർവരയിൽ ചടുലമായ നടപ്പ്, പാതാളത്തിലേക്കെറിഞ്ഞാലും ചുണ്ടിലേക്കു തിരികെ വരുന്ന സിഗരറ്റ്... ഇതെല്ലാം കണ്ടപ്പോൾ രജനി തമിഴ്‌നാട്ടിലെ ആണുങ്ങളുടെ മുഴുവൻ ഹരമായി മാറി. ഇപ്പോഴും രജനീഭക്‌തരിൽ അധികവും ആണുങ്ങൾ തന്നെ.

എംജിആർ, ശിവാജി ഗണേശൻ, കമൽഹാസൻ തുടങ്ങിയവർ തമിഴ് സിനിമയിലെ മഹാനടന്മാരായി പ്രശസ്‌തി നേടിയപ്പോൾ രജനീകാന്ത് ദക്ഷിണേന്ത്യയിലെ ആദ്യ സൂപ്പർ സ്‌റ്റാർ ആയി. ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിൽ പഠിച്ചാണ് രജനി സിനിമയിലേക്കു വന്നതെന്നു പറയുന്നുണ്ടെങ്കിലും അതേ ഇൻസ്‌റ്റിറ്റ്യൂട്ടിൽ പഠിച്ച ശ്രീനിവാസൻ ഉദയനാണ് താരം എന്ന ചിത്രത്തിൽ സൂപ്പർ സ്‌റ്റാറായി വന്നപ്പോൾ പ്രേക്ഷകർ തലതല്ലി ചിരിക്കുകയാണുണ്ടായത്. എല്ലാ വർഷവും അമേരിക്കയിൽനിന്നു സൂപ്പർമാൻ രജനിയെ കണ്ടു കാൽതൊട്ടു വണങ്ങാൻ ചെന്നെയിൽ വരാറുണ്ടെന്നും അന്ന് അധ്യാപക ദിനമാണെന്നും പറയുന്നവരുണ്ട്. രജനിക്കു ഗുരുവുണ്ടെന്നു പറഞ്ഞാൽ അവരെ രജനീഭക്‌തർ വെറുതെവിടില്ല.

1980ൽ പുറത്തിറങ്ങിയ ‘നാൻ പോട്ട സവാൽ’ എന്ന ചിത്രത്തിലാണ് തുടക്കത്തിൽ രജനി ക്യാമറയെ നോക്കി പ്രേക്ഷകരിലേക്കു നടന്നുവരുന്നത്. തുടർന്നു പുഷ്‌പവൃഷ്ടിയോടൊപ്പം ഏഴുനിറങ്ങളും മിന്നിമറയുന്ന പശ്‌ചാത്തലത്തിൽ സൂപ്പർ സ്‌റ്റാർ എന്ന എഴുത്തും വായിക്കാം. ‘രാജാ ചിന്ന റോജ’ എന്ന സിനിമയിൽ ‘സൂപ്പർസ്‌റ്റാർ യാരെന്നു കേട്ടാ ചിന്ന കൊളന്തയും ശൊല്ലും...’ എന്നൊരു പാട്ടുണ്ട്. എഴുതിയതു ചില്ലറക്കാരനല്ല. സാക്ഷാൽ വൈരമുത്തു. സിനിമയിൽ പിറന്ന രണ്ടാം രജനി അമാനുഷനായി വളരുന്നത് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. തമിഴിൽനിന്നു കന്നഡയിലേക്കും തെലുങ്കിലേക്കും രജനി പ്രവേശിച്ചു. മാതൃഭാഷയായ മറാത്തിയിൽ മാത്രം സാന്നിധ്യമറിയിച്ചില്ല. അമിതാഭിനൊപ്പം അഭിനയിച്ച ‘അന്ധാ കാനൂൺ’ മറാഠികൾ കണ്ടിരിക്കുമല്ലോ. ഐ.വി.ശശിയുടെ സംവിധാനത്തിൽ കമൽഹാസനൊപ്പം അലാവുദ്ദീനും അദ്ഭുതവിളക്കും എന്ന മലയാള ചിത്രത്തിൽ അഭിനയിച്ചെങ്കിലും മലയാളികൾക്ക് ഇഷ്‌ടപ്പെട്ട രജനീ ചിത്രങ്ങളധികവും തമിഴിലാണ്. ജയന്റെ അപകടമരണത്തെ തുടർന്നു പാതിയിൽ ഷൂട്ടിങ് നിലച്ച ‘ഗർജ്ജനം’ എന്ന മലയാളചിത്രം പൂർത്തിയാക്കിയതും രജനീകാന്തിനെ വച്ചാണ്. അന്നദ്ദേഹം വളരുന്നതേയുള്ളൂ.

bangaluru-kabali-statue

സൂപ്പർ താരമായ രജനിയെ ഷങ്കർ എന്ന സംവിധായകൻ വീണ്ടും രണ്ടായി വിഭജിച്ചു. യന്ത്രമനുഷ്യനാക്കി വികാരങ്ങൾകൂടി സന്നിവേശിപ്പിച്ചു രജനിയേക്കാൾ കരുത്തർ ഈരേഴു പതിനാലു ലോകങ്ങളിലുമില്ലെന്നാണ് യെന്തിരനിലൂടെ ഷങ്കർ പ്രഖ്യാപിച്ചത്. ഇങ്ങനെ സിനിമയുടെ മായാലോകത്തു സൃഷ്‌ടിക്കപ്പെട്ട രജനിയെന്ന അമാനുഷ ബിംബം ലോകത്തിലെ തന്നെ അദ്ഭുതമായി. മുത്തു എന്ന ഒറ്റ സിനിമയിലൂടെയാണ് രജനി ജപ്പാനിൽ ഡാൻസിങ് മഹാരാജ എന്ന പദവി നേടിയത്.

പ്രകാശത്തേക്കാൾ വേഗത്തിൽ ഒരു വസ്‌തുവിനും സഞ്ചരിക്കാൻ കഴിയില്ലെന്ന് ഐൻസ്‌റ്റീൻ പറഞ്ഞതു രജനിയുടെ ഇടി കിട്ടാത്തതുകൊണ്ടാവണം! ജോയോജിത് പാൽ നിർമിച്ച് റിങ്കു കാൽവി സംവിധാനം ചെയ്‌ത ‘ഫോർ ദ് ലവ് ഓഫ് എ മാൻ’ എന്ന ഡോക്യുമെന്ററി ചിത്രം രജനീകാന്തിനെക്കുറിച്ചാണ്.

kabali-1

കഴിഞ്ഞ വർഷത്തെ വെനീസ് ചലച്ചിത്രമേളയിൽ ഇതു പ്രദർശിപ്പിച്ചിരുന്നു. കോയമ്പത്തൂരിൽ കുറച്ചുകാലം കംപ്യൂട്ടർ എൻജിനീയറായി ജോലിചെയ്‌ത കാലത്താണത്രെ ജോയോജിത്തിന് ഇങ്ങനെയൊരു ചിത്രം നിർമിക്കാൻ തോന്നിയത്. തമിഴ്നാട്ടിലെ ഗ്രാമങ്ങളിൽനിന്ന് കൂട്ടത്തോടെ യുവാക്കളും യുവതികളും കംപ്യൂട്ടർ സയൻസ് പഠിക്കാൻ തുടങ്ങിയതിന്റെ രഹസ്യത്തിൽ നിന്നാണ് ഈ ചിത്രം പിറന്നത്. കാരണം മറ്റൊന്നുമല്ല, ശിവാജി എന്ന സിനിമയിൽ രജനീകാന്ത് സോഫ്‌റ്റ്‌വെയർ എൻജിനീയറാണ്.

രജനീകാന്തിനു മാത്രം അവകാശപ്പെട്ട മങ്ങാത്ത താരപദവിയുടെ രഹസ്യം മനഃശാസ്‌ത്രജ്‌ഞനോ സാമൂഹിക ശാസ്‌ത്രജ്‌ഞനോ കൃത്യമായി അപഗ്രഥിക്കാൻ കഴിയില്ല. എത്ര ലേറ്റായി വന്നാലും ലേറ്റസ്‌റ്റായി വരും എന്നു രജനി പറയുന്നതു കേൾക്കുകയേ നിവൃത്തിയുള്ളൂ.

kabali-trend

രജനി കൂളിങ് ഗ്ലാസ് വയ്‌ക്കുന്നതു തന്റെ കണ്ണേറിൽനിന്നു സൂര്യനെ രക്ഷിക്കാനാണല്ലോ. അദ്ദേഹത്തിന്റെ പൾസ് അളക്കുന്നത് റിക്‌ടർ സ്‌കെയിലിലാണെന്നും പറയുന്നു! പിന്നെയെങ്ങനെ ജനപ്രീതിയുടെ കാരണം കണ്ടെത്തും. ഒറ്റത്തവണ മാത്രമേ രജീകാന്ത് ക്രിക്കറ്റ് കളിച്ചിട്ടുള്ളൂവത്രെ. ആദ്യപന്തിൽ സിക്‌സറടിച്ചു. ആ പന്താണ് പ്ലൂട്ടോ എന്ന പേരിൽ ഇപ്പോഴും കറങ്ങിക്കൊണ്ടിരിക്കുന്നത്!

രജനീകാന്ത് എന്ന സൂപ്പർ താരം കോടികൾ പ്രതിഫലം വാങ്ങുമെങ്കിലും ശിവാജി റാവു ഗെയ്‌ക്‌വാദ് എന്ന വന്ദ്യവയോധികൻ ആ തുകയുടെ പകുതിയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു ചെലവഴിക്കും. വിശ്വസിച്ചേ തീരൂ സാർ, രണ്ടു രജനിയുണ്ട്. രണ്ടാമത്തെ രജനി രണ്ടുമണിക്കൂർ സിനിമ പത്തുമിനിറ്റു കൊണ്ടു കണ്ടുതീർക്കും.

കബാലി 2 വരുമോ?

നവീൻ മോഹൻ


1തായ്‌വാൻ നടൻ വിൻസ്റ്റൻ ഷാവോയാണ് ‘കബാലി’യിലെ വില്ലൻ. ചിത്രത്തിലേക്ക് ക്ഷണിക്കുമ്പോൾ കക്ഷിക്ക് ഇന്ത്യയിൽ ‘ടോളിവുഡ്’ എന്നൊരു സിനിമാവിഭാഗം ഉണ്ടെന്നു തന്നെ അറിയില്ലായിരുന്നു. രജനീകാന്തിനെപ്പോലും അറിയില്ലെന്ന് പറഞ്ഞുകളഞ്ഞു വിൻസ്റ്റൻ!

Your Rating: