Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാലക്കുടിയിലൊഴുകി, കണ്ണീർപ്പുഴ

flowers.jpg.image.784.410 കലാഭവൻ മണിയുടെ മൃതദേഹം ചാലക്കുടിയിലെ വസതിയിൽ എത്തിച്ചപ്പോൾ ഒരുനോക്കുകാണാനും പുഷ്പചക്രം അർപ്പിക്കാനുമെത്തിയവർ അടുത്തെത്താനാകാത്തതിനെ തുടർന്നു ഓർമപ്പൂക്കൾ അടച്ചിട്ട ഗേറ്റിൽ വയ്ച്ചപ്പോൾ....

ഒരു തേങ്ങൽ. അത്ര മാത്രമായിരുന്നു ചാലക്കുടിക്കാരൻ ചങ്ങാതിക്ക് നൽകാൻ ജന്മനാടിനു ബാക്കിയുണ്ടായിരുന്നത്. നിലച്ച ഹൃദയത്തിൽ ആ തേങ്ങലുകൾ നിറച്ചു കലാഭവൻ മണി യാത്രയ‍ായി. ജന്മനാടിനായി മണി പാടിയ പാട്ടുകൾ ഇനിയും തേങ്ങലുകൾ സൃഷ്ടിക്കും.

പൊതുദർശനം നിശ്ചയിച്ച മുനിസിപ്പൽ ഓഫിസിനു മുന്നിൽ രാവിലെ ഒൻപതുമുതൽ തന്നെ ജനം എത്തിത്തുടങ്ങിയിരുന്നു. നഗരസഭയുടെ ഒന്നാംനിലയിലും തൊട്ടടുത്ത ജൂബിലി മന്ദിരത്തിന്റെ മുകൾനിലയിലും മുനിസിപ്പൽ ജംക്‌ഷനിലും റോഡിലും ഓഫിസ് അങ്കണത്തിലുമായി ഉച്ചയോടെ ജനം തിങ്ങിനിറഞ്ഞു. 2.20നാണ് കോടതി ജംക്‌ഷനിൽ മണിയുടെ ഭൗതികശരീരം വഹിച്ചുള്ള ആംബുലൻസ് എത്തിയത്. ഇവിടെ നിന്ന് പൊതുദർശന ഹാളിലേക്കുള്ള 50 മീറ്റർ ദൂരം പിന്നിടാൻ വേണ്ടിവന്നത് 20 മിനിറ്റ്. പൊലീസ് ഒരുക്കിയ താൽക്കാലിക നിയന്ത്രണ സംവിധാനങ്ങളെല്ലാം തകർന്നു. പൊതുദർശനത്തിനായി ഒരുക്കിയ ഗേറ്റിനു പുറമെ പൊലീസ് പൂട്ടിയിട്ട നാലു ഗേറ്റുകളിൽ കൂടിയും ആരാധകർ തിക്കിത്തിരക്കി ഉള്ളിൽ കയറി.

ബഹളത്തിനിടെ സ്ത്രീകളും കുട്ടികളും നിലത്തുവീണു. മാധ്യമപ്രവർത്തകർക്കായി തയാറാക്കിയ ഇടത്തിലേക്കും ജനം തള്ളിക്കയറിയപ്പോൾ ക്യാമറകൾ മറിഞ്ഞുവീണു. 3.40ന് മൃതദേഹം മണിക്കൂടാരത്തിലേക്കു കൊണ്ടുപോയപ്പോഴും ആയിരങ്ങൾ പ്രവേശനം കാത്തുപുറത്തുനിൽക്കുകയായിരുന്നു. പുഷ്പചക്രം അർപ്പിക്കാൻ കഴിയാതെ മടങ്ങുന്നവരെയും കാണാമായിരുന്നു. ദേശീയപാതയിൽ ഒന്നരമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു.

ഇന്നസെന്റിനു മണിയെ കാണാനായില്ല

തൃശൂർ∙ കലാഭവൻ മണിയെ അവസാനമായി ഒരുനോക്കു കാണാൻ ഡൽഹിയിൽ നിന്നെത്തിയ ‘അമ്മ’ പ്രസിഡന്റ് ഇന്നസെന്റ് എംപിക്ക് തിരക്കുമൂലം കാണാനായില്ല. പൊലീസുകാർ അദ്ദേഹത്തെ മണിയുടെ അടുത്തേക്കു കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ജോഷി, സിബി മലയിൽ, കമൽ, റാഫി, ഷാഫി, തിരക്കഥാകൃത്ത് കെ. ഗിരീഷ്കുമാർ തുടങ്ങി ഒട്ടേറെ പ്രമുഖരും മണിയെ ഒരുനോക്കു കാണാനാവാതെ മടങ്ങി.

റീജനൽ തിയറ്ററിലേക്ക് വൻ ജനപ്രവാഹം

തൃശൂർ∙ അന്തരിച്ച നടൻ കലാഭവൻ മണിയുടെ മൃതദേഹം റീജനൽ തിയറ്ററിൽ പൊതു ദർശനത്തിനു വച്ചപ്പോൾ കണ്ടത് അത്യപൂർവ ജനപ്രവാഹം. ആയിരക്കണക്കിനുപേർ ഒരുനോക്കു കാണാൻ തിക്കിത്തിരക്കിയപ്പോൾ അതിൽ മൂന്നിലൊന്നും സ്ത്രീകൾ ആയിരുന്നു. കുട്ടികളും കുറവായിരുന്നില്ല. തിരക്കുനിയന്ത്രിക്കാൻ പൊലീസ് പാടുപെട്ടു. രാഷ്ട്രീയ പാർട്ടി വൊളന്റിയർമാർ തിരക്കുനിയന്ത്രിക്കാൻ ഇറങ്ങിയെങ്കിലും വിജയിച്ചില്ല. തിരക്കിൽപെട്ട് റീജനൽ തിയറ്ററിന്റെ കൈവരിയും ജനൽച്ചില്ലും തകർന്നു. തളർന്നുവീണ സ്ത്രീയെ ആശുപത്രിയിലെത്തിച്ചു.

തിരക്കു നിയന്ത്രിക്കാൻ പൊലീസിന്റെ ഭാഗത്തുനിന്നു കാര്യമായ ക്രമീകരണങ്ങൾ ഉണ്ടാകാതിരുന്നതു വലിയ വീഴ്ചയായി പലരും ചൂണ്ടിക്കാട്ടി. ഇത്രയേറെ പേർ എത്തുമെന്ന പ്രതീക്ഷ സംഗീത നാടക അക്കാദമിക്കും ഉണ്ടായില്ല.

അക്കാദമിയിൽ ആദരാഞ്ജലി അർപ്പിക്കാൻ രാഷ്ട്രീയസാമൂഹികസാംസ്‌കാരിക രംഗത്തെ പ്രമുഖരും എത്തി. മുക്കാൽ മണിക്കൂർ നേരത്തെ പൊതുദർശനത്തിന് ശേഷം മണിയുടെ മൃതദേഹം സ്വദേശമായ ചാലക്കുടിയിലേക്കു കൊണ്ടുപോയി. കാത്തിരുന്ന പകുതിയിലേറെ പേർക്കും പ്രിയതാരത്തെ ഒരുനോക്കു കാണാൻ പോലും സാധിച്ചില്ല.

Your Rating: