Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വളയിടാൻ മോഹിച്ച ഒാട്ടോക്കാരൻ

mani-ben

ചെത്തുകാരൻ മുതൽ ഐഎഎസ് വരെ. ഒരു ഒാട്ടോക്കാരനായി എത്തി ചെയ്യാവുന്ന വേഷങ്ങളെല്ലാം കൈപ്പിടിയിലൊതുക്കി മണി തന്റെ വേഷം ഗംഭീരമായി ആടി മടങ്ങി. സിബിമലയിലിന്റെ ആദ്യസിനിമയിൽ ഒാട്ടോക്കാരനായിരുന്നെങ്കിൽ സല്ലാപത്തിൽ ചെത്തുതുകാരനായി, ചിലതിൽ പൊലീസായി, ചിലതിൽ കള്ളനും. ലോക്നാഥൻ ഐഎഎസ് എന്ന സിനിമയിൽ ഒാട്ടോക്കാരൻ കലക്ടറുടെ വേഷത്തിലെത്തി. ജീവിതത്തിൽ എന്റെ വിദ്യാഭ്യാസം കൊണ്ട് എത്താൻ പറ്റാത്ത വേഷങ്ങളൊക്കെ സിനിമയിൽ താൻ ചെയ്തിട്ടുണ്ടെന്ന് മണി പറഞ്ഞിട്ടുണ്ട്.

ആളുകൾക്ക് മണി ഒരു നടൻ മാത്രമായിരുന്നില്ല, അവരുടെ കൂട്ടുകാരനും കൂടപ്പിറപ്പുമെല്ലാമായിരുന്നു. സാധാരണ താരങ്ങളോട് ‍‍അടുക്കാൻ ജനങ്ങൾക്ക് ബുദ്ധിമുട്ടായിരുന്നു. എന്നാൽ ഇൗ നടനെ മണിയേട്ടാ എന്നു നീട്ടുവിളിക്കാനും പാട്ടുപാടാൻ ആവശ്യപ്പെടാനുമെല്ലാം ജനങ്ങൾക്ക് മടിയായിരുന്നു. എന്നാൽ പാട്ടുപാടൻ ചോദിച്ചവരുടെ തോളിൽ കയ്യിട്ട് മണി പാടി. അവയിൽ ചില പാട്ടുകൾ നമ്മെ കരിയിച്ചു. ചിലത് ചിന്തിപ്പിച്ചു.

ങ്യാ...ഹ് എന്ന ചിരിയായിരുന്നു അദ്ദേഹത്തിന്റെ ട്രേഡ്മാർക്ക്. പെണ്ണുകാണാൻ പോയപ്പോൾ മണിയുടെ ചിരി ഒരു പെൺകുട്ടി അതേപോലെ അനുകരിച്ചിട്ടുണ്ടെന്ന് മണി തന്നെ പറ‍ഞ്ഞിട്ടുണ്ട്. ഒരു നായർ പെൺകുട്ടിയെ വിവാഹം കഴിക്കണമെന്നത് തന്റെ ജീവിതാഭിലാഷമായിരുന്നു. അങ്ങനെയാണ് നിമ്മിയെ വിവാഹം കഴിക്കുന്നതും.

കലാഭവൻ മണിയോടൊപ്പം അഭിനയിക്കാൻ ഒരു നടി വിമുഖതകാട്ടിയെന്ന് ഒരു സംവിധായകൻ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. നിറം കറുത്തുപോയതിൽ ഞാൻ അഭിമാനിക്കുന്നു. മണ്ടേല കറുത്തിട്ടല്ലേ എന്ന് മണി അന്ന് മറുചോദ്യം ചോദിച്ചത്.

ഞാൻ മണലുവാരാൻ പോയിട്ടുണ്ട്, വഞ്ചികുത്താൻ പോയിട്ടുണ്ട്, തുണി വിൽക്കാൻ പോയിട്ടുണ്ട്, ഒാട്ടോ ഒാടിക്കാൻ പോയിട്ടുണ്ട് മണിതാൻ ചെയ്ത തോഴിലുകളെക്കുറിച്ച് അഭിമാനത്തോടെ പറ‍ഞ്ഞിട്ടുണ്ട്.

വിവാദങ്ങളോട് മണി എന്നും കൂട്ടുകൂടിയിരുന്നു. അതിപ്പള്ളിയിൽ പൊലീസുകാരെ മർദ്ദിച്ചുവെന്ന പരാതി മുതൽ കയ്യിൽ സ്വർണവളയിട്ട് വിദേശത്ത് പോയത് പൊലീസിൽ അറിയിച്ചില്ല എന്നുവരെ വിവാദങ്ങളുണ്ടായിരുന്നു. നാലുപവനാണ് തന്റെ വളയെന്ന്മണി പിന്നീട് തെളിയിച്ചു. ഇരുമ്പു വളയിൽ സ്വർണം പൊതിഞ്ഞതായിരുന്നു മണി സ്ഥിരം അണിഞ്ഞിരുന്ന വള. ഇൗ വള സന്തതസഹചാരിയാണെന്ന് തെളിയിക്കാൻ കോടതിയെലത്തിയത് വളയണിഞ്ഞ് പലപരിപാടികളിൽ പങ്കെടുത്തിട്ടുള്ള ചിത്രങ്ങളുമായിട്ടായിരുന്നു.

മോഹൻലാലിന്റെ ആറാം തമ്പുരാനും മമ്മൂട്ടിയുടെ വല്ല്യേട്ടനുമൊക്കെയാണ് വളയിടാൻ തന്നെ പ്രേരിപ്പിച്ചതെന്ന് മണി പറ‍ഞ്ഞിട്ടുണ്ട്. സ്വർണവള പുരുഷത്വത്തിന്റെ ലക്ഷണമായി കരുതിയിരുന്നു. ആദ്യമായി മാലയിട്ടത് 25 വർഷങ്ങൾക്ക് മുമ്പ് പ്രവാസികൾ മുക്കാപ്പവന്റെ മാല സമ്മാനമായി നൽകിയപ്പോഴാണെന്നും മണി പറയുമായിരുന്നു. മുക്കാപ്പവന്റെ മാലകാണിക്കാൻ ഷർട്ടില്ലാതെ പുഴയിൽ കുളിക്കാൻ‌ പോയതും വരുന്നവഴിക്ക് ഇടിമിന്നലേറ്റതും ആദ്യത്തെ മാല കരിഞ്ഞുപോയതുമൊല്ലാം മണി പറ‍ഞ്ഞിട്ടുണ്ട്. മിമിക്രിക്കാരായ സുഹൃത്തുക്കളെല്ലാം ജുബയിട്ട് സ്വർണമാലയമിഞ്ഞ് പരിപാടി അവതിരപ്പിക്കുമ്പോൾ താനും കൊതിച്ചിട്ടുണ്ട് അങ്ങനെയൊന്നണിയാൻ. വാസന്തിയിലും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിൽ പുരസ്കാരം ലഭിക്കാത്തതിൽ വിഷമിച്ച് ബോധം കെട്ടുവീണതും വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

സ്വന്തം സിനിമയുടെ പോസ്റ്റർ ഒട്ടിക്കാൻ വരെ പോകുമായിരുന്നു മണി. മാധ്യമങ്ങൾക്ക് ഒന്നരമാസത്തെ പ്രോഗ്രാമായിരിക്കും താൻ മരിച്ചാലെന്ന് കലാഭവൻ മണി ഒരിക്കൽ പറഞ്ഞിരുന്നു. മാധ്യമങ്ങൾ സത്യാവസ്ഥ അന്വേഷിക്കാതെ വാർത്തകൾ നൽകുന്നതിനെ വിമർശിച്ചായിരുന്നു ഇതു പറഞ്ഞത്. ഇപ്പോഴിതാ എല്ലാമാധ്യമങ്ങളിലും മണി നിറഞ്ഞു നിൽക്കുകയാണ്. ഇതെല്ലാം കണ്ട് അങ്ങ് സ്വർഗത്തിലിരുന്നു മണി കുലുങ്ങിച്ചിരിക്കുന്നുണ്ടാവും ങ്യാ.ഹ്ഹ്ഹ്.....

Your Rating: