Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണിയുടെ മറക്കാത്ത ഭാവപ്പകർച്ചകൾ

mani-saikumaer

പ്രേക്ഷക മനസിനു അംഗീകരിക്കനാകാത്ത മരണം. കലാഭവൻ മണിയുടെ കടന്നുപോക്ക് അത്രയേറെ അഴമുളള താണ്. കഥാപാത്രങ്ങളിലൂടെയും വർത്തമാനങ്ങളിലൂടെയും മണി അവരിൽ സൃഷ്ടിച്ച അടുപ്പത്തിന്റെ ആഴം കാലമെത്ര കടന്നാലും അകലുകയില്ല. മണിയുടെ അഭിനയത്തിന്റെ മൂർച്ച മലയാളി അറിഞ്ഞ ചില കഥാപാത്രങ്ങളിലൂടെ.

ലൂയി പാപ്പൻ

mani-fahad

എസ്തപ്പനാശാനെയോർത്തു സങ്കടപ്പെടുന്ന ലൂയി പാപ്പൻ കലാഭവൻ മണി ചെയ്ത ഏറ്റവും ജീവിതഗന്ധിയായ കഥാപാത്രമയിരുന്നുവെന്നു പറയാം. ആമേൻ എന്ന ചിത്രത്തിലെ ലൂയി പപ്പാൻ കൊട്ടകങ്ങളിൽ നിന്നിറങ്ങി ഓരോ പ്രേക്ഷകന്റെയും കൈപിടിച്ചു പോന്നു. നൊമ്പരങ്ങൾ മാത്രമുള്ള ലൂയി പാപ്പന്റെ സ്വരത്തിൽ ഒളിഞ്ഞിരിപ്പുണ്ട് അയാളുടെ ജീവിതത്തിലെ നൊമ്പരങ്ങൾ. ജീവിതാനുഭവങ്ങൾ നേർത്തതും ആഴത്തിലുള്ളതുമാക്കി തീർത്ത ആ ശബ്ദത്തെ മണി നാടകീയത ഒട്ടും ചോരാതെ അവതരിപ്പിച്ചപ്പോൾ കണ്ടത് തികവാർന്ന അഭിനയ മുഹൂർത്തമാണ്.

രാമു

ramu-mani

മിമിക്രിക്കാരന്റെ അഭിനയമെന്ന ഓരം ചേർക്കലുകൾക്കുള്ള മറുപടിയായിരുന്നു ആ കഥാപാത്രം. മണിയെന്ന കലാകാരനെ കുറിച്ചോർക്കുമ്പോൾ ആദ്യം ഓർമയിലേക്കോടിയെത്തുന്നതും രാമു തന്നെ. ഇരുൾ മൂടിയ കണ്ണുമായി ജീവിക്കുന്ന രാമു. ഹാർമോണിയ പെട്ടിയും തൂക്കി ജീവിതത്തെ നേരിടുന്ന രാമുവിനെ മണി ആത്മാവ് നല്കിയാണ് വെള്ളിത്തിരയിലവതരിപ്പിച്ചത്. ആ അഭിനയത്തിന് അനവധി പുരസ്കാരങ്ങൾ കിട്ടുമെന്ന് ഏറെ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. മണിക്കും അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന ജനതക്കും ഏറെ വേദാനയുണ്ടാക്കി ആ തിരസ്കാരം. എങ്കിലും ആലിലക്കണ്ണായെന്ന പാട്ടും ചിത്രത്തിലെ അവസാന രംഗവും ഇന്നും മനുഷ്യ മനസിൽ മായാതെ നിൽപ്പുണ്ട്. ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മണിക്ക് പ്രത്യേക ജൂറി പരമർശമുണ്ടായിരുന്നു ഈ ചിത്രത്തിലെ അഭിനയത്തിന്.

ചെമ്പൻ

biju-mani

മണിയുടെ കലാജീവിതത്തിലെ മറ്റൊരു ശ്രേഷ്ടമായ വേഷമായിരുന്നു ആനന്ദഭദ്രത്തിലെ ചെമ്പൻ. നാഗമാണിക്യം തേടിയുള്ള ദിഗംബരന്റെ യാത്രയിൽ വഴിമുടക്കിയായി നിന്ന് കണ്ണിലേക്കു ഇരുൾ ഏറ്റുവാങ്ങിയ ചെമ്പൻ. ചിത്രത്തിലെ നായക വേഷം അലങ്കരിച്ചില്ലെങ്കിലും പ്രേക്ഷകന്റെ മനസ്സിൽ ആഴത്തിലുള്ളോരിടം നേടിയെടുക്കാൻ ചില കഥാപാത്രങ്ങൾക്കു സാധിക്കും. മണിയുടെ അഭിനയ ജീവിതത്തിലെ അത്തരത്തിലൊരു കഥാപാത്രമായിരുന്നു ചെമ്പൻ.

സി ഐ നടേശൻ

അഭിനയ മൂർച്ചയുള്ള സഹനടനായി നർമങ്ങളിലെ ശക്തമായ സാന്നിധ്യമായ് നാം കണ്ട മണിയുടെ മറ്റൊരു മുഖമായിരുന്നു വില്ലൻ വേഷങ്ങൾ. മണിയെന്ന നടനുള്ളിലെ അപരതയെ അടുത്തറിഞ്ഞത് ഈ വേഷങ്ങളിലൂടെ തന്നെ. അതിൽ എടുത്തു പറയേണ്ടത് ഛോട്ടാ മുംബൈ എന്ന ചിത്രത്തിലെ സി ഐ നടേശൻ തന്നെ. ആ മുഖത്തും വാക്കിലും തെളിഞ്ഞ ക്രൌര്യം പ്രേക്ഷകനെ അതിശയിപ്പിച്ചു. മലയാളത്തിലെ ഏററവും മികച്ച വില്ലൻ കഥാപാത്രങ്ങളിൽ ഒന്നുകൂടിയാണിത്.

Chotta Mumbai - Best Scene

കരുമാടിക്കുട്ടൻ

ഒരു പിടി ചോറിനായി പലയിടത്തും അലയുന്ന കുട്ടൻ. കരുമാടിക്കുട്ടൻ എന്ന വിനയൻ ചിത്രം കണ്ണു നനയാതെ കണ്ടു തീർക്കാൻ നമുക്കാകില്ല. രാജൻ പി ദേവും കലാഭവൻ മണിയും മത്സരിച്ചഭിനയച്ച ചിത്രം. ഭിന്നശേഷിയുള്ള കുട്ടനെയോർത്ത് നമ്മളിന്നും നൊമ്പരപ്പെടുന്നുവെങ്കിൽ അതിനു കാരണം ഭാവാഭിനയത്തിന്റെ അതിപ്രസരമില്ലാതെ ആ കഥാപാത്രത്തെ അവതരിപ്പിച്ച മണിയെന്ന നടനിലെ പ്രതിഭയാണ്. ഭക്ഷണ പ്രിയനായ കുട്ടനിൽ നിന്ന് നന്ദിനിക്കുട്ടിയുടെ നല്ലപാതിയിലേക്കുള്ള യാത്രയെ അവതരിപ്പിക്കുവാൻ മണിക്കല്ലാതെ മറ്റൊരു നടനുമാകുമായിരുന്നില്ല. അത്രയേറെ യഥാർഥ്യത്തോടെയാണ് മണി ആ വേഷം ചെയ്തത്. അത് മാത്രമല്ല കഥാപാത്രത്തിന് മണി നല്കിയ ശബ്ദവും അനുകരണങ്ങൾക്ക് അപ്പുറമാണ്.

karumadikuttan

കഥാപാത്രം എതുമായിക്കോട്ടേ മണി പ്രാണൻ പറിച്ചു നല്കിയാണ് അഭിനയിക്കുക. ആ നടൻ ഏറ്റവും വേറിട്ട്‌ നിൽക്കുന്നതും മറ്റൊന്നും കൊണ്ടല്ല. ജീവിതത്തിലെ കയ്പ്പറിഞ്ഞു വളർന്നത്‌ കൊണ്ട് തന്നെ. വലിയ ശൂന്യത അവശേഷിപ്പിച്ചു കൊണ്ടുള്ള ഈ വിടവാങ്ങലിനുള്ളിൽ കാണാൻ കൊതിച്ച ഒരുപാടൊരുപാട് വേഷങ്ങളുണ്ട്. ഒന്നുമില്ലായ്മയിൽ നിന്ന് പ്രതിഭ കൊണ്ട് മാത്രം ഉയർന്നു വന്ന നടൻ ജീവിതത്തിലേക്കും അഭിനയത്തിലേക്കുമുള്ള ഒരു വലിയ പാഠപുസ്തകമാണ്‌. മറക്കാനാവില്ല മലയാളിക്ക് മണിയെ.

Your Rating: