Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ അഞ്ചു സുന്ദരികൾ നേരിടേണ്ടി വന്നത്

mustang 'മുസ്താങ്' ചിത്രത്തിൽ നിന്നും

ബീച്ച് അന്നും പതിവുപോലെ. തീരാത്ത തിരകൾ. മാഞ്ഞും മറഞ്ഞും പാദമുദ്രകൾ. തണുത്ത കാറ്റിന്റെ മർമരം. സോണിയയുടെ നേതൃത്വത്തിൽ അവർ അഞ്ചുപേരും അന്ന് ആർത്തുല്ലസിച്ചു. കളിയും ചിരിയും ബഹളവും. കലപിലകൾ. പൊട്ടിച്ചിരികൾ. കൗമാരത്തിന്റെ നിഷ്കളങ്കാഹ്ലാദം. കൂടെ സ്കൂളിലെ കുറേ ആൺകുട്ടികളും. അന്ന് അവർ എത്തുന്നതിനു മുമ്പു തന്നെ വീട്ടിൽ ചർച്ച തുടങ്ങി. അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികൾ. മുത്തശ്ശിയും അമ്മാവിയും അമ്മാവനും സംരക്ഷകർ. വീട്ടിൽ തിരിച്ചുചെല്ലുമ്പോൾ അവർ അറിഞ്ഞില്ല ഇനിയൊരിക്കലും തങ്ങൾക്കു ബീച്ചിൽ ആൺകുട്ടികളോടൊത്തു കളിക്കാനാകില്ലെന്ന്. ചാരക്കണ്ണുകൾ വാർത്ത വീട്ടിലെത്തിച്ചു. മുതിർന്ന പെൺകുട്ടികളെ അഴിച്ചുവിട്ടതിനെക്കുറിച്ചു പരാതികൾ. തുർക്കിയുടെ യാഥാസ്ഥിതിക സമൂഹം തനിനിറം കാട്ടി. അനാഥകളായ പെൺകുട്ടികൾ അഞ്ചുപേരുടെയും ജീവിതം പേടിസ്വപ്നത്തിൽ കണ്ടതിനേക്കാൾ ഭീകരമായി മാറിമറിയുന്നു. തെളിഞ്ഞ ആകാശത്തെ മഴവില്ലു പോലുള്ള നിഷ്കളങ്കത സമൂഹത്തിന്റെ ദുഷിച്ചനോട്ടത്തിന്റെ ഇരുട്ടിൽ മറഞ്ഞുപോകുന്നു. അസഹിഷ്ണുതയുടെ ഇരകളാകുന്ന അഞ്ചു പെൺകുട്ടികളുടെ കഥ പറയുന്നു മുസ്താങ് – മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള മൽസരത്തിൽ ഫ്രാൻസ് അഭിമാനത്തോടെ മുന്നോട്ടുവച്ച ചിത്രം. ഫ്രഞ്ച് നിർമാണ സംരംഭത്തിൽ പുറത്തിറങ്ങിയ തുർക്കിച്ചിത്രം. സംവിധാനം ഡെനിസ് ഗേമ്‌സ് എർഗ്വിൻ. വനിതാ സംവിധായകയുടെ ആദ്യഫീച്ചർ ചിത്രം.

2015–ലെ മൽസരവേദികളിൽ ഏറ്റവുമധികം അംഗീകാരങ്ങൾ നേടിയ ചിത്രമാണു മുസ്താങ്; ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട ചിത്രവും. കാൻ ഫിലിം ഫെസ്റ്റിവലിൽ ഡയറക്ടേഴ്സ് ഫോർട്നൈറ്റ് വിഭാഗത്തിൽ പ്രദർശനം. യുറോപ്പ സിനിമാസ് ലേബൽ അവാർഡ്. ലക്സ് പ്രൈസും കരസ്ഥമാക്കിയ മുസ്താങ് ടൊറന്റോ രാജ്യാന്തര ചലച്ചിത്രോൽസവത്തിൽ പ്രത്യേക പ്രദർശനത്തിനു തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയുടെ 46–ാം രാജ്യാന്തര ചലച്ചിത്രോൽസവത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം ചിത്രത്തിലെ അസാധാരണ അഭിനയത്തിനു മുസ്താങിലെ അഞ്ചു സുന്ദരികൾ സ്വന്തമാക്കി. ഗുനസ് സെസോയി, ദോഗദുഗുസുലോ, തുക്ബ സുങ്കുരുഗുലു, എൽടിസ് കാൻ, ലിയാദ അക്ദോഗൻ എന്നിവർക്കു സംയുക്തമായി അംഗീകാരം. ഒരുപക്ഷേ ഇതാദ്യമായിട്ടായിരിക്കാം അഞ്ചുപേർ ഒരുമിച്ചു നടിയുടെ പുരസ്കാരം പങ്കിടുന്നത്.

അഞ്ചു പെൺകുട്ടികളിൽ മൂത്തവൾ സോണിയ. ബീച്ചിലെ കളിചിരികൾക്കുശേഷം വീട്ടിലെത്തിയ അന്നു വൈകിട്ടു തന്നെ വീട്ടുകാർ അവൾക്കു കല്യാണാലോചന തുടങ്ങി. വീട്ടിൽ വേറെയും മാറ്റങ്ങൾ. ജനാലകൾക്ക് ഇരുമ്പ് മറകൾ. പ്ലഗ്ഗിൽനിന്ന് ഊരിയെടുത്ത ടെലിഫോണുകൾ. തല മുതൽ പാദം വരെ മൂടുന്ന പുറംകുപ്പായങ്ങൾ. ഫുട്ബോൾ മൽസരങ്ങൾ കാണുന്നതിനുപോലും വിലക്ക്. തലേന്നുവരെ വീട്ടിൽ നിലനിന്നതു സൗഹൃദവും സമാധാനവും ശാന്തതയും. ഒറ്റദിനംകൊണ്ടു വീടൊരു ജയിലായി.

അടക്കിപ്പിടിച്ച സംസാരങ്ങൾ. നിശ്ശബ്ദത. പിറുപിറുക്കലുകൾ. വിവാഹത്തെക്കുറിച്ചു കേട്ടപ്പോൾതന്നെ സോണിയ മുന്നറിയിപ്പു കൊടുത്തു: എല്ലാവരുടെയും മുമ്പിൽ താൻ അലറിവിളിച്ചു കൂവും. കല്യാണത്തിനു കഴുത്ത് നീട്ടിക്കൊടുക്കാൻ ഇല്ല! പേടിച്ച വീട്ടുകാർ സോണിയയുടെ അനുജത്തി സെൽമയെക്കുറിച്ച് ആലോചന തുടങ്ങി. അതുകഴിഞ്ഞാൽ വേഗം അടുത്തവർ. വീട്ടിലെ നിരന്തരമായ കല്യാണച്ചർച്ചകൾ കേൾക്കുമ്പോൾ ഏറ്റവുമിളയവൾ ലേൽ പറയുന്നു: ഭാര്യമാരെ ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറിയായി നമ്മുടെ വീട് മാറിയിരിക്കുന്നു. സ്വപ്നങ്ങളുടെ ശവപ്പറമ്പിലേക്കു കുഞ്ഞാടുകളെപ്പോലെ ആനയിക്കപ്പെടുന്ന ആ പെൺകുട്ടികൾക്കായി ജീവിതം കാത്തുവച്ചതെന്തെന്നു മുഷ്താങ് ദൃശ്യവൽക്കരിക്കുന്നു.

mustang-movie 'മുസ്താങ്' ചിത്രത്തിൽ നിന്നും

ഇസ്താംബുളിൽനിന്നു ആയിരത്തോളം കിലോമീറ്റർ അകലെ വിദൂരമായ ഗ്രാമത്തിലാണു കഥ നടക്കുന്നത്. സ്ത്രീ സ്വാതന്ത്ര്യത്തിനെതിരെ കർശന നിയമങ്ങൾ നിലവിലുള്ള സമൂഹത്തിൽ വളർന്നുവരുന്ന പെൺകുട്ടികളുടെ സാമൂഹികാവസ്ഥ ചിത്രീകരിച്ച മുസ്താങ് തുർക്കിയിൽ വിവാദങ്ങൾക്കും തുടക്കമിട്ടു. ചിത്രത്തിനു സാമൂഹിക പ്രസക്തിയുണ്ടെങ്കിലും അതിലുപരി കഥയുടെയും കഥാപാത്ര ചിത്രീകരണത്തിന്റെയും അഭിനയത്തിന്റെയും സംവിധാന മികവിന്റെയും പേരിലാണു ചിത്രം പ്രകീർത്തിക്കപ്പെട്ടത്. മികച്ച വിദേശഭാഷ ചിത്രത്തിനാണ് ഓസ്കറിൽ മുസ്താങ് മത്സരക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.